ചാൾസ് നിയമം

ചാൾസ് നിയമം (Charles Law)

ചാൾസ് നിയമം,

സ്ഥിര മർദ്ദത്തിൽ സ്ഥിതി ചെയ്യുന്ന നിശ്ചിത മാസ്, വാതകത്തിന്റെ വ്യാപ്തവും കെൽ‌വിൻ സ്കെയിലിലെ ഊഷ്മാവും നേർ അനുപാതത്തിലായിരിക്കും. 

V ∝ T (P, n സ്ഥിരം), 

V1/T1 = V2/T2

ആദ്യമായി ഹൈഡ്രജൻ ബലൂൺ പരീക്ഷണപ്പറക്കൽ നടത്തിയ ഫ്രഞ്ചുകാരനാണ് ജാക്വസ് ചാൾസ്. സൾഫ്യൂറിക്ക് ആസിഡിൽ ഇരുമ്പുചീളുകളിട്ടാണ് ജാക്വസ് ചാൾസ് ബലൂൺ നിറയ്ക്കാൻ വേണ്ട ഹൈഡ്രജൻ ഉണ്ടാക്കിയത്. ചാൾസിന്റെ ബലൂൺ താഴെയിറങ്ങിയപ്പോൾ ഏതോ ഭീകരസത്വമാണെന്നു കരുതി ഒരുസംഘം കർഷകർ കത്തിയും കോടാലിയുമൊക്കെയായി അതിനെ അക്രമിച്ചത്രേ! ഗണിത - ഭൗതിക ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം ഹൈഡ്രജൻ നിറച്ച ബലൂണിൽ നടത്തിയ പറക്കൽ പരീക്ഷണം വിജയകരമായിരുന്നു. എങ്കിലും, വാതകങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് ചാൾസിനെ ലോകമറിയുന്ന ശാസ്ത്രജ്ഞനാക്കിയത്.

1787 ൽ ജാക്വസ് ചാൾസ് ഓക്സിജൻ, നൈട്രജൻ, ഹൈഡ്രജൻ, കാർബൺ ഡൈ ഓക്സൈഡ് എന്നീ വാതകങ്ങളിൽ ചില പരീക്ഷണങ്ങൾ നടത്തി. ഒടുവിൽ അദ്ദേഹമെത്തിയ നിഗമനം ഇതാണ്. മർദ്ദം സ്ഥിരമായ ഒരു വാതകത്തിന്റെ ഊഷ്മാവും വ്യാപ്തവും ഒരേ അനുപാതത്തിലായിരിക്കും. അതായത്, മർദ്ദവ്യത്യാസമില്ലാതെ ഒരു വാതകത്തെ ചൂടാക്കിയാൽ അതിന്റെ വ്യാപ്തം വർധിക്കും. ചാൾസ് തന്റെ ഈ കണ്ടെത്തൽ ആദ്യം പരസ്യപ്പെടുത്തിയില്ല. 1802 ൽ ഗേ - ലൂസാക് എന്ന ഗവേഷകൻ ഇതേ കണ്ടെത്തലുമായി വന്നപ്പോഴാണ് അദ്ദേഹത്തിന് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. എന്നാൽ, പിന്നീടിത് ചാൾസ് നിയമം എന്ന പേരിൽ പ്രസിദ്ധമായി.

Post a Comment

Previous Post Next Post