ബോയിൽ നിയമം

ബോയിൽ നിയമം എന്നാൽ എന്ത്? (Boyle's Law)

ലോകം കണ്ട എക്കാലത്തെയും മികച്ച ശാസ്ത്രജ്ഞന്മാരിലൊരാളാണ് ബോയിൽ. ശാസ്ത്രഗവേഷണത്തിൽ പരീക്ഷണങ്ങൾക്കുള്ള പ്രാധാന്യം ആദ്യം മനസിലാക്കിയവരിൽ പ്രധാനസ്ഥാനം ബോയിലിനുണ്ട്. വാതകത്തിന്റെ വ്യാപ്തവും മർദ്ദവും തമ്മിലുള്ള ബന്ധം പഠിക്കുന്ന ഏതു വിദ്യാർഥിക്കും അദ്ദേഹത്തിന്റെ പേര് പരിചിതമായിരിക്കും. ബോയിലിന്റെ ഏറ്റവും പ്രധാന കണ്ടുപിടിത്തമാണ് 'ബോയിൽ നിയമം'. 

'ഊഷ്മാവ് സ്ഥിരമായിരിക്കുന്ന ഒരു വാതകത്തിന്റെ വ്യാപ്തവും മർദ്ദവും വിപരീത അനുപാതത്തിലായിരിക്കും'.

ബോയിൽ നിയമം, 

V ∝ 1/P (T, n സ്ഥിരം),

P1V1 = P2V2 

ഇതാണ് ബോയിൽ നിയമം. ഊതിവീർപ്പിച്ച ഒരു ബലൂൺ നന്നായമർത്തിയാൽ അതിന്റെ വലുപ്പം കുറയുന്നു. അതായത്, മർദ്ദം കൂടുമ്പോൾ വ്യാപ്തം കുറയുന്നു. ഇതാണ് ബോയിൽ തന്റെ നിയമത്തിലൂടെ വ്യക്തമാക്കിയത്. സംഗതി ഇത്രയേയുള്ളൂ. മർദ്ദം ഇരട്ടിയാകുമ്പോൾ വ്യാപ്തം പകുതിയായിരിക്കും. വ്യത്യസ്ത മർദ്ദങ്ങളിൽ വായുവിന്റെ വ്യാപ്തം കൃത്യമായി അളന്നുനോക്കിയിട്ടാണ് ബോയിൽ ഇക്കാര്യം കണ്ടെത്തിയത്. വായു എന്നാൽ അകന്നുകഴിയുന്ന അനേകം കണങ്ങളുടെ കൂട്ടമാണെന്ന് ബോയിൽ കണ്ടെത്തി. മർദ്ദം കൂടുമ്പോൾ വായുകണങ്ങൾ അടുത്തു വരുന്നതുകൊണ്ടാണ് വ്യാപ്തം കുറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക രസതന്ത്രത്തെ വളർത്തിയ മഹാന്മാരിലൊരാളാണ് അയർലൻഡുകാരനായ റോബർട്ട് ബോയിൽ. തന്റെ മുൻഗാമികളുടെ നിഗമനങ്ങൾ അപ്പാടെ വിശ്വസിക്കാതെ സ്വന്തം നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും അദ്ദേഹം പുതിയ കണ്ടെത്തലുകൾ നടത്തി. 1662 ലാണ് അദ്ദേഹം തന്റെ പ്രശസ്തമായ ബോയിൽ നിയമം അവതരിപ്പിച്ചത്. വ്യാപ്തം കുറയുമ്പോൾ വാതക തന്മാത്രകൾ തമ്മിലുള്ള കൂട്ടിയിടി കൂടുന്നതാണ് മർദ്ദം കൂടാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. വ്യാപ്തം കൂടുമ്പോൾ മർദ്ദം കുറയുകയും ചെയ്യും. എല്ലാ വാതകങ്ങളും ചെറുകണികകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നതിന് തെളിവുകൂടിയായി ഈ നിയമം.

Post a Comment

Previous Post Next Post