അവഗാഡ്രോ നിയമം

അവഗാഡ്രോ നിയമം (Avogadro Law)

വർഷം 1811. ഇറ്റാലിയൻ കെമിസ്റ്റായിരുന്ന അമിഡോ അവഗാഡ്രോ സുപ്രധാനമായ ഒരു കണ്ടെത്തൽ നടത്തി - 

'ഒരേ ഊഷ്മാവിലും മർദ്ദത്തിലും തുല്യ വ്യാപ്തം വാതകങ്ങൾ എടുത്താൽ അവയിലെ തന്മാത്രകളുടെ എണ്ണം തുല്യമായിരിക്കും'.

എന്നാൽ, ശാസ്ത്രലോകം ഈ നിഗമനം അംഗീകരിച്ചില്ല. അമ്പതു വർഷത്തോളം അവഗണിക്കപ്പെട്ടുകിടന്ന ഈ കണ്ടെത്തൽ സത്യമാണെന്ന് പിന്നീടാണ് ഗവേഷകർ മനസ്സിലാക്കിയത്. ഇന്നത് അവഗാഡ്രോ നിയമം എന്ന പേരിൽ ലോകപ്രശസ്തമാണ്. ഇറ്റലിയിലെ ടൂറിൻ എന്ന സ്ഥലത്ത് 1776 ലാണ് അവഗാഡ്രോ ജനിച്ചത്. ഒരു വക്കീലായി ജീവിതം ആരംഭിച്ച അദ്ദേഹം ശാസ്ത്രവിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസുകൾ എടുക്കുമായിരുന്നു. പതുക്കെ അദ്ദേഹം ഗവേഷണത്തിലേക്കു തിരിഞ്ഞു. അക്കാലത്താണ് ഗേ ലുസാക്ക് തന്റെ വ്യാപ്തസംയോജനനിയമവും ജോൺ ഡാൽട്ടൺ അറ്റം തിയറിയും പ്രസിദ്ധീകരിച്ചത്. ഇതു രണ്ടും ശ്രദ്ധാപൂർവം മനസ്സിലാക്കിയ അവഗാഡ്രോ അവ രണ്ടും കൂട്ടിയിണക്കി തന്റെ കണ്ടെത്തൽ അവതരിപ്പിച്ചു. എന്നാൽ, ഡാൽട്ടനും മറ്റും ഇത് അംഗീകരിച്ചില്ല. 

അവഗാഡ്രോയുടെ ഈ കണ്ടെത്തൽ ശാസ്ത്രലോകത്ത് പല സംശയങ്ങൾക്കും പ്രശ്നങ്ങൾക്കുമുള്ള പരിഹാരമായിരുന്നു. പിന്നീട് ദ്രവ്യത്തിന്റെ അളവിനെയും എണ്ണത്തേയും ബന്ധിപ്പിക്കുന്ന 6.022 x 1023 എന്ന പ്രസിദ്ധമായ സംഖ്യയ്ക്ക് 'അവഗാഡ്രോ നമ്പർ' എന്ന് പേരുനൽകി ശാസ്ത്രലോകം അദ്ദേഹത്തെ ആദരിച്ചു.

അവഗാഡ്രോ നിയമം, 

V ∝ n,

V = വ്യാപ്തം, n = മോളുകളുടെ എണ്ണം

Post a Comment

Previous Post Next Post