പഴഞ്ചൊല്ലുകൾ

പഴഞ്ചൊല്ലുകൾ (Proverbs in Malayalam)

പഴം വായ വെറും വായല്ല', അതായത് പഴമക്കാർ പറയുന്നതിൽ സ്വീകരിക്കേണ്ട പലതുമുണ്ടാകും എന്നർഥം. അത് പണ്ടേക്കുപണ്ടേ തിരിച്ചറിഞ്ഞവരാണ് മലയാളികൾ. അതുകൊണ്ടാണ് പഴമക്കാരുടെ ചൊല്ലുകൾ മലയാളിക്ക് പൊന്നു പോലെ പ്രിയപ്പെട്ടതാകുന്നത്. വലിയ അനുഭവങ്ങളിൽ നിന്ന് നിർമിക്കപ്പെട്ട ചെറിയ വാക്യങ്ങൾ എന്നാണ് വിഖ്യാത എഴുത്തുകാരൻ സെർവാന്റ്സ് പഴഞ്ചൊല്ലുകളെ വ്യാഖ്യാനിച്ചത്. ജീവിതത്തിന്റെ സകലമേഖലകളിലൂടെയും പഴഞ്ചൊല്ലുകൾ കടന്നുപോകുന്നു. അവയിലെ നാട്ടറിവുകൾ നമുക്ക് ചിരിയും ചിന്തയും സമ്മാനിക്കുന്നു. 'പഴഞ്ചൊല്ലിൽ പതിരുണ്ടെങ്കിൽ പശുവിൻ പാലു കയ്ക്കും' എന്നാണ് പഴമൊഴി. പഴഞ്ചൊല്ലെന്നാൽ പരമ സത്യം മാത്രമാണെന്ന് സൂചന. എന്നാൽ, അങ്ങനെയല്ലെന്ന് മറ്റൊരു പഴഞ്ചൊല്ലുതന്നെ നമ്മെ പഠിപ്പിക്കുന്നു. 'പഴഞ്ചൊല്ലിനെയും പഴങ്കയറിനെയും വിശ്വസിക്കരുത്'. (കാരണം, പഴഞ്ചൊല്ലിന് ആശയഗാംഭീര്യവും പഴങ്കയറിന് ഉറപ്പും കുറയും)

അമ്മ ചൊല്ലുകൾ

1. അകൃത്യം ചെയ്താല്‍ അമ്മയും പിണങ്ങും,

2. അങ്ങാടില്‍ തോറ്റതിന്‌ അമ്മയോട്‌.

3. അമ്മ കൊമ്പത്തെങ്കില്‍ മക്കള്‍ തുഞ്ചത്ത്‌.

4. അമ്മപെറ്റ്‌ അച്ഛന്‍ വളര്‍ത്തണം. (എങ്കിലേ നന്നാവൂ)

5. അമ്മയോളം സ്ഥായി മക്കള്‍ക്കുണ്ടെങ്കില്‍ പേരാറ്റുവെള്ളം മേലോട്ട്‌.

6. അമ്മയോടൊക്കുമോ അമ്മായിഅമ്മ.

7. അമ്മയ്ക്കു ചോറു കൊടുക്കരുത്‌. (വേണ്ടത്ര എടുക്കാന്‍ അനുവദിക്കണം)

8. തള്ള ചവിട്ടിയാല്‍ പിള്ളയ്ക്കു കേടില്ല.

9. തള്ളയെ നോക്കി പിള്ളയെ വാങ്ങണം.

10. തള്ളയ്ക്കടങ്ങാത്തോന്‍ നാട്ടിനടങ്ങില്ല.

11. പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാകില്ല.

അച്ഛൻ ചൊല്ലുകൾ

12. അച്ഛനായാലും കുറ്റം കുറ്റം.

13. അച്ഛൻ അരി കുറച്ചാൽ അമ്മ അത്താഴം കുറയ്ക്കും.

14. അച്ഛൻ വീട്ടിലുമില്ല പത്തായത്തിലുമില്ല.

15. അച്ഛൻ വരുമ്പം കൊച്ചച്ചൻ പുറത്ത്.

16. അച്ഛന്റെ കിണറു വറ്റാതിരിക്കാന്‍ ഉപ്പുവെള്ളം കുടിക്കണോ?

17. അച്ഛന്‍ ചത്തു കട്ടിലേറേണ്ട.

18. അച്ഛന്‍ ആനകേറിയാല്‍ മകന് തഴമ്പുണ്ടാകുമോ?

19. അച്ഛന്റാച്ച പൊങ്ങിയാല്‍ അമ്മ പൂച്ച.

20. അച്ഛനു പിറന്ന മകനും അടിച്ചിപ്പാരച്ചൂട്ടും (രണ്ടും ഉപകാരപ്പെടും)

21. അച്ഛനെക്കുത്തിയ കാള ചെറുക്കനേം കുത്തും.

ഓണ ചൊല്ലുകൾ

22. ഓണം വരാനൊരു മൂലം വേണം.

23. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ കഞ്ഞി.

24. ഓണം മുഴക്കോലുപോലെ. (തിരുവോണം നക്ഷത്രത്തിന്റെ ആകൃതി)

25. ഓണം പോലാണോ തിരുവാതിര?

26. കാണം വിറ്റും ഓണമുണ്ണണം.

27. ഓണമുണ്ട വയറേ ചൂളം പാടിക്കിട.

28. ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര.

29. ഓണത്തെക്കാള്‍ വലിയ മകമുണ്ടോ?

30. ഓണോട്ടന്‍ വിതച്ചാല്‍ ഓണത്തിനു പുത്തരി.

31. ഒള്ളതുകൊണ്ട് ഓണം പോലെ.

32. അത്തപ്പത്തോണം.

33. അവിട്ടക്കട്ട ചവിട്ടിപ്പൊട്ടിക്കണം.

34. ഉത്രാടത്തുന്നാൾ ഉച്ചതിരിയുമ്പം അച്ചിമാർക്കൊക്കെയും വെപ്രാളം.

35. അത്തം കറുത്താൽ ഓണം വെളുക്കും.

36. ഉള്ളപ്പോൾ ഓണം ഇല്ലാത്തപ്പോൾ ഏകാദശി.

37. ഓണംകേറാമൂല 

ആനച്ചൊല്ലുകൾ 

38. ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ?

39. ആന നിന്നാലും ചത്താലും പന്തീരായിരം.

40. ആന പോയാൽ അടുപ്പിലും തപ്പണം.

41. ആനയ്ക്കു പിമ്പേ വാലും.

42. ആനപ്പുറത്തിരുന്നാൽ പട്ടിയെ പേടിക്കണോ?

43. ആനപ്പുറത്തിരുന്നാൽ ആരാന്റെ വേലി പൊളിക്കാം.

44. ആനേ വാങ്ങാം തോട്ടിക്കു പണമില്ല.

45. ആനയ്ക്ക് കൊമ്പു കനമോ? 

46. ആനയ്ക്കു ഭ്രാന്തുവന്നാൽ ചങ്ങല. ചങ്ങലയ്ക്കു ഭ്രാന്തായാലോ?

47. ആനയ്ക്കു തടി ഭാരം എറുമ്പിന് അരി ഭാരം.

48. അടി തെറ്റിയാൽ ആനയും വീഴും.

49. ചേറ്റിൽപ്പുതഞ്ഞ ആനയെ കാക്കയ്ക്കും കൊത്താം.

50. ആനവായിലമ്പഴങ്ങ, എന്റെ വായിൽ കുമ്പളങ്ങ.

51. അണ്ണാൻ ആനയോളം വാ പൊളിക്കരുത്.

52. ആനക്കാർ കൂടിയാൽ ആനക്കാര്യം.

പുഴ, കായൽ

53. പുഴ ഒഴുകിയാല്‍ കടലിലോളം (അതിനപ്പുറമില്ല),

54. പുഴ കടപ്പാൻ തോണി തന്നെ വേണം.

55. പുഴ കഴിഞ്ഞാല്‍ തുഴ കളയാം.

56. പുഴ കടന്ന്‌ ചിറയ്ക്കു പോവുകയോ? (വലിയ ഗുണങ്ങളുപേക്ഷിച്ച് ചെറുത്‌ സ്വന്തമാക്കാന്‍ പോകുന്നത്‌)

57. കായലില്‍ മീനുണ്ട്‌, കൈയില്‍ വളയില്ല.

മോഷണം

58. കട്ടതു ചുട്ടുപോകും.

59. കട്ടതു കുട്ടന്‍ കഴുവേറാന്‍ കോമമുട്ടി. (തെറ്റു ചെയ്തത്‌ ഒരാള്‍, ശിക്ഷ മറ്റൊരുവന്‌).

60. കട്ടിട്ടും കള്ളി മുന്നോട്ട്‌,

61. കട്ടുതിനിക്കു മുട്ടുവരും.

62. കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിക്കരുത്‌.

63. കട്ടു തിന്നവനും തെണ്ടി നടന്നവനും അടങ്ങില്ല.

64. കട്ടുപുതച്ച കമ്പിളി കിടുകിടുപ്പിക്കും.

65. കട്ടെടുത്ത പൊന്നും തട്ടിപ്പറിച്ച പെണ്ണും ഒരുപോലെ

66. കട്ടേടത്തു കട്ടാല്‍ കാരാണ്മ. (ഒരിടത്തുനിന്ന്‌ സ്ഥിരം മോഷണമാകുമ്പോൾ അതിനുമാവാം അവകാശവാദം!)

67. കട്ടുതിന്നാല്‍ മൂത്തു ചാവില്ല.

68. അടയ്ക്ക കട്ടാലും ആന കട്ടാലും “കള്ളന്‍".

കഴുതചൊല്ലുകൾ 

69. കഴുത പാടിയാല്‍ കാതു പൊട്ടും.

70. കഴുത കഴുത, കുതിര കുതിര.

71. കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണം.

72. കഴുതയ്ക്കറിയുമോ കുങ്കുമം?

73. കഴുത തേഞ്ഞാല്‍ കുട്ടുറുമ്പാകില്ല.

74. കഴുതപ്പെണ്ണിന്‌ പൂഴി മരുന്ന്‌.

75. കഴുതയെക്കാണാനും കൊള്ളില്ല, കരയാനും കൊള്ളില്ല.

76. കഴുതയെ ഉപദേശിച്ചാല്‍ കാതില്‍ക്കയറില്ല.

77. കഴുതയ്ക്കു ജീനിയിട്ടാല്‍ കുതിരയാവില്ല.

78. കാശി കാണാത്തവന്‍ കഴുത.

കടല്‍

79. കടലു ചാടിയവനുണ്ടോ തോടു ചാടാന്‍ പ്രയാസം.

80. കടലില്‍ച്ചെന്നാലും നായ നക്കിയേ കുടിക്കൂ.

81. കടല്‍ കടന്ന കാലി കുളമ്പുകുഴിയില്‍ മുങ്ങി.

82. കടല്‍ കുന്നാകും കുന്നു കടലാകും.

83. കടല്‍ പെരുകിയാല്‍ കര കുറയും.

84. കടലോളമില്ല കടലാടി.

85. കടലുവറ്റി കക്കയെടുക്കാനാവുമോ?

86. കടലും നാവും അടങ്ങില്ല.

87. കടല്‍ മീനെ നീന്തു പഠിപ്പിക്കണോ?

88. കടല്‍ മീനിന്‌ മുക്കുവനിട്ട പേര്‌.

കണക്ക് 

89. കണക്ക് കള്ളം പറയില്ല.

90. കണക്ക്‌ പിണക്കില്ല

91. കണക്കപ്പിള്ള വീട്ടില്‍ കരിക്കലും പൊരിക്കലും, കണക്കു നോക്കുമ്പോള്‍ കരച്ചിലും പിഴിച്ചിലും.

92. കണക്കു മുക്കാല്‍ പണിതപ്പം അരയ്ക്കാൽ. (ആശാരിപ്പണിയെക്കുറിച്ച്)

93. കണക്കനും പിഴയ്ക്കും.

കണ്ണ് 

94. കണ്ണുള്ളപ്പഴേ കണ്ണിന്റെ വിലയറിയൂ.

95. കണ്ണടച്ചിരുട്ടാക്കരുത്.

96. കണ്ണു കണ്ടതിനു സാക്ഷി വേണോ?

97. കണ്ണിനു കണ്ണും പല്ലിനു പല്ലും.

98. കണ്ണിന്റെ കുറ്റം കണ്ണറിയില്ല

99. കണ്ണിൽ കരടാക്കരുത്.

100. കണ്ണിരിക്കെ കൃഷ്ണമണി കൊണ്ടുപോകും.

101. കണ്ണില്‍ കൊണ്ടാല്‍ കൈ മുറിക്കുമോ?

102. കണ്ണില്‍ കുരുവിന്‌ കൈവിരലൗഷധം.(കൈകൂട്ടിത്തിരുമ്മി ചൂടാക്കി കണ്‍പോളയില്‍ തൊട്ടാല്‍ വേദന കുറയും)

103. കണ്ണില്‍ച്ചോരയില്ലാത്തവര്‍.

104. കണ്ണില്ലാത്തവനെന്തിനു കണ്ണാടി?

105. കണ്ണുണ്ടായാല്‍പ്പോരാ കാണണം.

കുരങ്ങ്‌

106. കുരങ്ങുകേറാത്ത കൊമ്പില്ല.

107. കുരങ്ങിനു കൂട്ട്‌ കുരങ്ങച്ചി.

108. കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയപ്പോലെ.

109. കുരങ്ങായാലും കുലത്തില്‍ കൊള്ളണം,

110. കുരങ്ങിന്‌ ഏണി വേണോ?

111. കുരങ്ങിൻ വയറ്റില്‍ കുഞ്ജരം (ആന) പിറക്കുമോ?

112. വികൃതിക്കുരങ്ങിനു പേ പിടിച്ചപോലെ.

113. മാന്താത്ത കുരങ്ങില്ല.

114. കുരങ്ങിനു കൂട്ട്‌ കുന്നായ്മ.

115. കുരങ്ങുരോമം മരുന്നിനു ചോദിച്ചാലും മരത്തിനു മരം ചാടും

കർക്കിടകം

116. കര്‍ക്കടകച്ചേമ്പ്‌ കട്ടായാലും തിന്നണം.

117. കര്‍ക്കിടകത്തിലെ പട്ടിണി പുത്തരിയുണ്ണുമ്പം മറക്കരുത്‌.

118. കര്‍ക്കിടകത്തില്‍ ഇടിവെട്ടിയാല്‍ കരിങ്കല്ലു പിളരും.

119. കര്‍ക്കിടകത്തില്‍ കാക്കയും കൂടുകെട്ടില്ല.

120. കര്‍ക്കിടകത്തില്‍ കാതുകുത്താന്‍ ഇപ്പഴേ കൈ വളക്കണോ?

121. കര്‍ക്കിടകത്തില്‍ പത്തിലകൂട്ടണം

122. കര്‍ക്കിടകത്തില്‍ കരിമ്പോത്തും വിറയ്ക്കും.

123. കര്‍ക്കിടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു.

124. കര്‍ക്കിടകം വന്നാലേ ചിങ്ങമുള്ളു.

125. കര്‍ക്കിടകത്തില്‍ പത്തുണക്ക്‌.

കുറുക്കൻ

126. കുറുക്കന്‍ കൂവിയാല്‍ നേരംപുലരില്ല.

127. കുറുക്കന്റെ കണ്ണ്‌ കോഴിക്കൂട്ടില്‍

128. കുറുക്കൻ ചെന്നേടം കൂക്കും വിളിയും.

129. കുറുക്കന്റെ ഓലി ആനയെ വിരട്ടില്ല.

130. കുറുക്കന്റെ കല്യാണം കഴുതയുടെ കച്ചേരി.

131. വെയിലും മഴയും കുറുക്കന്റെ കല്യാണം.

കടം

132. കടം ഒരു ധനമല്ല.

133. കടം കാലനു തുല്യം.

134. കടം കൊടുത്താല്‍ ഇട കൊടുക്കണം (സാവകാശം)

135. കടം കൊണ്ടാല്‍ കുലം കെടും.

136. കടം കൊണ്ടു കടം കൊടുക്കരുത്‌.

137. കടം വാങ്ങിയുണ്ടാല്‍ മനം വാടി വീഴും.

കൂത്ത് 

138. കൂത്തുകാരന്റെ വേല പടയ്ക്കു പറ്റില്ല.

139. കൂത്തിനൊത്ത്‌ പന്തം

140. കൂത്തെങ്ങനെയെന്ന്‌ കുഴിയാനയ്ക്കറിയുമോ?

141. കൂത്തിനിടയ്ക്കോ കുറവന്‍ കളി.

142. കൂത്തു പാതി പിള്ള പാതി. (പുറം മോടി പാതി, കഴിവും സാമര്‍ത്ഥ്യവും പാതി)  

കല്ല് 

143. കല്ലാടും മുറ്റത്ത്‌ നെല്ലാടില്ല,

144. കല്ലിനുമുണ്ടോ കണ്ണും കാതും?

145. കല്ലിനെ കാറ്റു പറത്തുമ്പോൾ കരിയിലയ്‌ക്കെന്തു ഗതി?  

146. കല്ലില്‍ത്തല്ലി കൈ നോവിക്കണോ?

147. കല്ലില്‍ക്കടിച്ച്‌ പല്ലു കളയരുത്‌.

148. കല്ലില്‍ത്തട്ടിയാല്‍ കാലിനു ചേതം.

149. കല്ലില്‍ നിന്ന്‌ തൊലി ചെത്താനാവില്ല.

150. കല്ലു കിള്ളിയാല്‍ കൈനോവും

151. കല്ലില്‍ത്തട്ടിയാല്‍ കൈക്കോട്ടുമാറ്റണം.

152. കല്ലെല്ലാം മാണിക്യമല്ല!

കാക്ക

153. കാക്ക കുളിച്ചാല്‍ കൊക്കാവില്ല.

154. കാക്കയ്ക്കും തന്‍കുഞ്ഞ്‌ പൊന്‍കുഞ്ഞ്‌.

155. കാക്കയ്ക്കു ചേക്ക കൊടുത്താല്‍ കാലത്താലെ നാശം.

156. കാക്കക്കൂട്ടില്‍ ഇറച്ചിയിരിക്കില്ല.

157. കാക്ക കണ്ടറിയും കൊക്ക്‌ കൊണ്ടറിയും കണ്ടാലും കാണ്ടാലും അറിയൂല്ല മനുഷ്യന്‍.

158. കാക്ക കരഞ്ഞാല്‍ വിരുന്നു വരും.

159. കാക്ക കൂടുകെട്ടും കുയല്‍ മുട്ടയിടും

160. കാക്ക കേറിയാല്‍ മരം കെടും.

161. കാക്ക പിരാകിയാല്‍ പോത്തു ചാവില്ല.

162. കാക്ക വന്നു പനമ്പഴവും വീണു.

163. കാക്കയെ എറിഞ്ഞാല്‍ പ്രാവും പോകും,

164. കാക്കയ്ക്കായുസ്സ്‌ ആയിരമാണ്ട്‌,

165. കാക്കയ്‌ക്കെന്തിന്‌ കരിങ്കുപ്പായം?

166. കാക്കവായിലും പൊന്നിരിക്കും. (മോശപ്പെട്ടവരുടെ കയ്യിലും ധനമിരിക്കും)

167. കുയില്‍ പാടുന്നതു കേട്ടു കാക്ക പാടിയാലോ?

പണം 

168. പണമോ വലുത് പഴമയോ?

169. പണമരികെ ഞായം.

170. പണം പ്രമാണം.

171. പണമില്ലാത്തവന് പത്തായമെന്തിന്?

172. പണമില്ലാത്തവൻ പിണം.

173. പണമുണ്ടെങ്കിൽ ഗുണവുമുണ്ട്.

174. പണമുണ്ടെങ്കിൽ പടയേയും ജയിക്കാം.

175. പണത്തിനു മീതെ പരുന്തും പറക്കില്ല

176. പണമുള്ള അച്ഛന് പട്ടുതലയിണ, ഇല്ലാത്ത അച്ഛന്‍ പുട്ടിലു തലയിണ!

177. പണവും നൃത്തവും സമം.

178. പണം കൊണ്ടെറിഞ്ഞാലേ പണത്തില്‍ കൊള്ളൂ.

179. പണം പന്തലില്‍ കുലം കുപ്പയില്‍.

180. പണം പെരുത്താല്‍ ഭയം പെരുക്കും.

181. പണം വാങ്ങാന്‍ മാരാരും അടി കൊള്ളാന്‍ ചെണ്ടയും.

182. പണം പാഷാണം.

പഠനം 

183. പഠിച്ചതേ പാടൂ.

184. പഠിക്കാത്തതു പറയരുത്.

185. പഠിച്ച പണി പതിനെട്ടും 

186. പഠിക്കും മുമ്പ് ഗുരുക്കളാകരുത്.

187. പഠിച്ചതു പയറ്റണം.

188. പഠിച്ച ഭോഷൻ പടുഭോഷൻ.

189. പഠിപ്പിനേക്കാൾ വേണ്ടതു നടപ്പ്

190. പഠിപ്പു പിഴച്ചാൽ പലതും പിഴയ്ക്കും.

191. പഠിച്ചാൽ പട്ടിയും പെരുമാൾ.

192. പഠിച്ചാലേ പണിക്കരാവൂ.

അത്താഴം

193. അത്താഴമത്തിപ്പഴത്തോളം

194. അത്താഴം അരവയറ് 

195. അത്താഴമുണ്ടാൽ അരക്കാതം നടക്കണം മുത്താഴമുണ്ടാൽ മുള്ളിലും കിടക്കണം.

196. അത്താഴമുണ്ടെങ്കിൽ മുറ്റത്തും കിടക്കാം.

197. അത്താഴം കഴിഞ്ഞ് ആലോചന അരുത്.

198. അത്താഴം മുടക്കാൻ നീർക്കോലി മതി.

199. അത്താഴം മുടക്കി പത്താഴം നിറക്കരുത്.

സ്ഥലനാമ പഴഞ്ചൊല്ലുകൾ 

200. അമ്പലപ്പുഴ വേല കണ്ടവന് അമ്മയും വേണ്ട.

201. അമ്പലപ്പുഴ പാല്‍പ്പായസം അല്പമായാലും മതി.

202. ആലുവാ മണപ്പുറത്തു കണ്ട പരിചയം പോലുമില്ല.

203. ആടും കവുങ്ങിലെ ഓടും പഴുക്കാ ആറന്മുള അടയ്ക്കാ (മികച്ചത്‌)

204. വെണ്‍മണി വെറ്റില ആറന്മുള അടയ്ക്കാ മാവേലിക്കര ചുണ്ണാമ്പ്‌ ചാപ്പാണം പുകയില. (എല്ലാം മികച്ചത്‌)

205. ആറാട്ടുപുഴ പൂരത്തിനു കത്തിക്കുന്ന വെളിച്ചെണ്ണയുടെ വിലയുണ്ടെങ്കില്‍ തൃശ്ശൂര്‍ പൂരം നടത്താം. (അതിഗംഭീരം എന്നര്‍ഥം)

206. തുറവൂരെടുപ്പും ഇരിങ്ങാലക്കുടെ വയ്പും (തുറവൂരില്‍ ഉത്സവം തുടങ്ങി ഇരിങ്ങാലക്കുടയില്‍ അവസാനിക്കും എന്നര്‍ഥം)

207. കൊക്ക പൊട്ടി കൊരട്ടി മുടിഞ്ഞ്‌ എരുമേലിക്കരയുണ്ടായി. (ഉരുള്‍പൊട്ടല്‍ മൂലം സമീപഗ്രാമമായ കൊരട്ടി നശിച്ചപ്പോള്‍ ആളുകള്‍ കാട്‌ വെട്ടിത്തെളിച്ച് എരുമേലിയിൽ താമസമാക്കി എന്ന് ഐതിഹ്യം)

208. കാണിച്ചുകുളങ്ങരദേവി കുളിച്ചുവന്നു. (കണിച്ചുകുളങ്ങരയ്ക്കടുത്തു കടലിൽ തകർന്ന കപ്പലിൽ നിന്നും ഒരു നമ്പൂതിരി ദേവിയെ കരയിലെത്തിച്ചു എന്ന് ഐതിഹ്യം)

209. കാശിയിൽ പാതി കല്പാത്തി. (കല്പാത്തിയിലും വിശ്വനാഥ ക്ഷേത്രം ഉള്ളതുകൊണ്ട്)

210. കല്ലടിക്കോടന്‍ കറുത്താൽ കറുകപ്പുഴനിറഞ്ഞു. (മണ്ണാര്‍ക്കാടിനടുത്തുള്ള കല്ലടിക്കോടന്‍ മലയില്‍ മേഘങ്ങള്‍ നിരന്നാല്‍ വൈകാതെ കറുകപ്പുഴ നിറയും)

211. കായംകുളം വാളിന്റെ ശീലം നന്നല്ല. (ഇരു തലയ്ക്കും മൂര്‍ച്ചയുള്ള വാളാണിത്‌. സൂക്ഷിച്ചില്ലെങ്കില്‍ എതിരാളിക്കു മാത്രമല്ല, ഉടമയ്ക്കും അപകടം വരും)

212. ഏതപ്പാ കോതമംഗലം.

213. കൊതിയും കൊണ്ട്‌ കൊടുങ്ങല്ലൂര്‍ക്ക്‌.

214. കൊടുങ്ങല്ലുരമ്മയ്ക്കു കോഴി പറത്തിയതുപോലെ.

215. എതിരേ കൊടുങ്ങല്ലൂര്‍ ഉച്ചയ്ക്കു വാരനാട്‌ അന്തിക്കു മുത്തൂര്‍ പാതിരായ്ക്കു പനയന്നാര്‍കാവ്‌. (പരശുരാമന്‍ നടത്തിയ പ്രതിഷ്ഠകള്‍)

216. കൊടുങ്ങല്ലൂരില്‍ മുളപ്പിക്കും പഴയന്നൂരില്‍ കരിപ്പിക്കും. (വസൂരി)

217. കൊടുത്താല്‍ കൊല്ലത്തും കിട്ടും.

218. വയനാട്ടിലെ മോര് വെറുതെയുമില്ല വിലയ്‌ക്കുമില്ല. (കാട്ടുപ്രദേശമായിരുന്നതിനാല്‍ പണ്ട്‌ വയനാട്ടില്‍ മോരു കിട്ടിയിരുന്നില്ലത്രെ)

219. കൊല്ലം കണ്ടവനില്ലം വേണ്ട കൊച്ചി കണ്ടവനച്ചിവേണ്ട.

220. മാഞ്ഞൂരിനു പടിഞ്ഞാറ്‌ നീണ്ടൂര് (സ്ഥലനാമം സൂചിപ്പിക്കുന്ന പഴഞ്ചൊല്ല്‌)

221. പൂക്കൈത മുതല്‍ ചേറ്റുവാക്കടവുവരെ വന്നേരിനാട്‌.

222. അച്ചീം നായരും കൊച്ചീം കോഴിക്കോടും (പൊരുത്തമില്ല)

223. ഗുരുവായൂരപ്പനെ സേവിക്കയും വേണം കുറുന്തോട്ടി പറിക്കയും വേണം. (വാതചികിത്സയ്ക്കു ഗുരുവായൂരപ്പന്റെ അനുഗ്രഹത്തോടൊപ്പം മനുഷ്യപ്രയത്നവും വേണം)

224. കോഴിക്കോടൻ കാറ്റടിച്ചാൽ കൊണ്ട കാളയെ വില്ക്കാം. (മഴ വൈകും)

225. മൂകാംബികെ തൊഴുത്‌ മൂക്കോലെതൊഴുതാല്‍ മുക്തി. (കൊല്ലൂരും പൊന്നാനിക്കടുത്ത മുക്കോല ക്ഷേത്രത്തിലും)

226. ചിനക്കത്തൂര്‍ പൂരം തനിക്കൊത്തവണ്ണം (യഥാശക്തി)

227. ചെറുകുന്നിലമ്മേ ഒരു കുന്നു ചോറ്‌. (അന്നദാനത്തിന്‌ ഈ ക്ഷേത്രം പ്രസിദ്ധം)

228. ഒടിഞ്ഞ കുന്തമെല്ലാം തണ്ണീര്‍മുക്കം പാര്‍വ്വത്യാരുടെ പെടലിക്ക്‌ (കുറ്റംചാരാന്‍ ഒരാള്‍)

229. തിരുവല്ലയില്‍ ഉത്രാണിക്കാലും ഉണ്ണിയും ഒന്നേയുള്ളൂ. (പുല്ലാനിക്കാട്ട്‌ ഉണ്ണിയെപ്പറ്റി)

230. പടപേടിച്ചു പന്തളത്തുചെന്നപ്പം പന്തോം കൊളുത്തിപ്പട.

231. പോകുമ്പോള്‍ വയനാട്ടിലേക്ക്‌ വരുമ്പോള്‍ വവയയ നാനാടീടീന്ന്‌ (മലമ്പനിപിടിച്ചു വിറച്ച്)

Post a Comment

Previous Post Next Post
PDF Book to Crack Kerala PSC

പരീക്ഷയ്ക്ക് വരാവുന്ന ചോദ്യങ്ങൾ വിദഗ്ദ്ധരാൽ വിശകലനം ചെയ്തു തയ്യാറാക്കിയ ഇ - ബുക്കുകൾ നിങ്ങൾക്ക് Credit/Debit Card, Wallet, Google Pay ഉപയോഗിച്ച് പർച്ചേസ് ചെയ്ത് ഡൗൺലോഡ് ചെയ്യാം.