കല്ലുമാല സമരം (പെരിനാട് ലഹള)

കല്ലുമാല സമരം (Kallumala Agitation in Malayalam)

വേഷഭൂഷാദികളിലൂടെ ജാതി തിരിച്ചറിയാൻ കഴിയുമായിരുന്ന കാലം. ചുവന്ന കണ്ണാടിച്ചില്ലുകൾകൊണ്ടുള്ള കല്ലുമാലകൾ കഴുത്തിൽ നിറയെ അണിഞ്ഞായിരുന്നു പുലയസ്ത്രീകൾ നടന്നിരുന്നത്. ഈ അപരിഷ്‌കൃതരീതികൾ ഉപേക്ഷിക്കണമെന്ന് അയ്യങ്കാളി തുടങ്ങിയ പരിഷ്‌കരണ വാദികൾ ആഹ്വാനം ചെയ്തു. യോഗങ്ങൾ വിളിച്ചുചേർത്ത് അവർ കല്ലുമാലയ്‌ക്കെതിരെ പ്രചാരണം നടത്തി. ഇതനുസരിച്ച് സ്ത്രീകൾ കല്ലുമാല ഉപേക്ഷിക്കാൻ തുടങ്ങി. ജാത്യാചാരപരമായ കല്ലുമാല ഉപേക്ഷിക്കൽ ചില സവർണരെ കോപാകുലരാക്കി. പുലയസ്ത്രീകൾ കല്ലുമാല അണിയാനായി അവർ എതിർപ്രക്ഷോഭം നടത്തി. ഒരു പുലയ മഹാസമ്മേളനത്തെ ചില സവർണ പ്രമാണിമാർ കടന്നാക്രമിച്ചതോടെ പ്രശ്നം വഷളായി. ഇത് പുലയന്മാരെ പ്രകോപിപ്പിച്ചു. നാട്ടിലെങ്ങും സവർണരും പുലയന്മാരും തമ്മിലുള്ള സംഘർഷം വ്യാപകമായി. പ്രശ്നം പരിഹരിക്കാനായി ഇരുസമുദായങ്ങളിലുമുള്ള നേതാക്കന്മാർ ശ്രമമാരംഭിച്ചു. ഇതിന്റെ ഭാഗമായി കൊല്ലം റെയിൽവേസ്റ്റേഷനു സമീപം ഒരു സംയുക്ത സമ്മേളനം വിളിച്ചുചേർത്തു. ഉപേക്ഷിച്ച കല്ലുമാലകളെല്ലാം തേടിപ്പിടിച്ച് അത് അണിഞ്ഞാണ് സ്ത്രീകൾ എത്തിയത്. അന്ന് ഗവൺമെന്റ് ചീഫ് സെക്രട്ടറിയായിരുന്ന വിയറ സായ്പും യോഗ വേദിയിൽ ഉണ്ടായിരുന്നു. യോഗം തുടങ്ങിയപ്പോൾ കല്ലുമാല അണിയുക എന്ന അപരിഷ്‌കൃത സമ്പ്രദായത്തിനെതിരെ പുലയ നേതാക്കൾ സംസാരിച്ചു. കല്ലുമാല കഴുത്തിൽ നിന്ന് പറിച്ചെടുത്ത് ദൂരെ കളയാൻ അവർ സ്ത്രീകളോട് ആവശ്യപ്പെട്ടു. പുലയ സ്ത്രീകൾ ഓരോരുത്തരായി വേദിക്കുമുന്നിലെത്തി കല്ലുമാലകൾ ഉപേക്ഷിച്ചു. അല്പസമയത്തിനുള്ളിൽ നാലഞ്ചടി പൊക്കമുള്ള ഒരു കുന്നുപോലെ കല്ലുമാലകൾ അധ്യക്ഷപീഠത്തിനു സമീപം കുന്നു കൂടി. കല്ലുമാല സമരം അങ്ങനെ പര്യവസാനിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കല്ലുമാല സമരം നടന്ന സ്ഥലം - പെരിനാട് (കൊല്ലം)

2. കല്ലുമാല സമരം നടന്ന വർഷം - 1915 

3. കല്ലുമാല സമരത്തിന്റെ മറ്റൊരു പേര് - പെരിനാട് ലഹള

4. പിന്നാക്ക ജാതിയിൽ പെട്ട സ്ത്രീകൾ ജാതി ചിഹ്നത്തിന്റെ അടയാളമായി കല്ലുകൊണ്ടുള്ള ആഭരണങ്ങൾ അണിയണമെന്നുള്ള സാമൂഹിക തിന്മയ്‌ക്കെതിരെ അയ്യങ്കാളി നടത്തിയ സമരം അറിയപ്പെടുന്നത് - പെരിനാട്ടു ലഹള

5. തിരുവിതാംകൂറിലെ പുലയരുടെ ആദ്യത്തെ വിപുലമായ സമ്മേളനം - കൊല്ലം സമ്മേളനം (1915)

6. കല്ലുമാല പ്രക്ഷോഭത്തിന്റെ നേതാവ് - അയ്യങ്കാളി

Post a Comment

Previous Post Next Post