കുചേലവൃത്തം വഞ്ചിപ്പാട്ട്

കുചേലവ്യത്തം വഞ്ചിപ്പാട്ട്‌

വഞ്ചിപ്പാട്ട് എന്നു കേട്ടാല്‍ രാമപുരത്തുവാര്യരുടെ പേരാണ്‌ ഓര്‍മയിലെത്തുക. അദ്ദേഹം രചിച്ച 'കുചേലവ്യത്തം വഞ്ചിപ്പാട്ട്‌" അത്രയേറെ പ്രശസ്തമാണ്‌. മലയാളത്തിലെ ആദ്യവഞ്ചിപ്പാട്ടും ഇതുതന്നെ. വഞ്ചിപ്പാട്ടിന്‌ ഇന്നുള്ള പ്രശസ്തിക്ക്‌ കാരണം അദ്ദേഹത്തിന്റെ ഈ കൃതിയാണ്‌. കൊല്ലവര്‍ഷം 878-928 (1703-1782) കാലഘട്ടത്തിലാണ്‌ രാമപുരത്തുവാര്യര്‍ ജീവിച്ചിരുന്നത്‌ എന്ന്‌ ഉള്ളൂര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. പുരാണകഥ ഇതിവൃത്തമാക്കിഭക്തിരസത്തിന്‌ പ്രാധാന്യം നല്‍കിയാണ്‌ വാര്യര്‍ സൃഷ്ടിനടത്തിയത്‌. പുരാണത്തിലെ കുചേലന്റെ കഥയായതുകൊണ്ട്‌ ഈ വഞ്ചിപ്പാട്ടിന്‌ കുചേലവൃത്തം എന്നു പേരുവന്നു. ദരിദ്രനായ കുചേലന്റെയും സുഹൃത്തായ ശ്രീകൃഷ്ണന്റെയും കഥ പറയുന്ന ഈ കൃതിയില്‍ ശ്രീകൃഷ്ണന്‍ കുചേലനോട്‌ കാണിക്കുന്ന സ്നേഹവും സൗഹൃദവുമെല്ലാം ഭംഗിയായി വിവരിച്ചിട്ടുണ്ട്‌.

'നതോന്നത' എന്ന വൃത്തത്തിലാണ്‌ രാമപുരത്തു വാര്യര്‍ ഈ കൃതി രചിച്ചത്‌. ഈ കൃതിയ്ക്കു ശേഷം ഈ വൃത്തത്തെ വഞ്ചിപ്പാട്ട്‌ വൃത്തം എന്നു പോലും വിശേഷിപ്പിക്കാറുണ്ട്‌. വള്ളംകളിയുടെ താളത്തില്‍ രൂപപ്പെടുത്തിയതിനാല്‍ വഞ്ചിപ്പാട്ടിനെ “വള്ളപ്പാട്ടെ"ന്നും പറയുന്നു. പുരാണകഥയെ നമ്മുടെ ജീവിതാവസ്ഥകളോട് ചേര്‍ത്തുവായിക്കാന്‍ തക്കവണ്ണം അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ്‌ ഈ കൃതിയുടെ മഹത്വം. പുരാണമാണെങ്കിലും മനുഷ്യന്റെ ദാരിദ്ര്യത്തെ മനസ്സില്‍ത്തട്ടുന്ന രീതിയില്‍ അദ്ദേഹം ഈ കൃതിയില്‍ വിവരിച്ചിരിക്കുന്നു

പ്രഥമ വഞ്ചിപ്പാട്ട്‌ കൃതിയാണെങ്കിലും ഇത്‌ വേറിട്ടു നില്‍ക്കുന്നത്‌ ഈ പ്രത്യേകതകള്‍ കൊണ്ടാണ്‌. ഗീതാഗോവിന്ദത്തിന്റെ തര്‍ജ്ജമയായ 'ഭാഷാഷ്ടപദി'യാണ്‌ രാമപുരത്തു വാര്യരുടെ മറ്റൊരു കൃതി, വ്യാസോല്‍പ്പത്തി, നളചരിതം, കിരാതം എന്നിങ്ങനെ വേറെയും വഞ്ചിപ്പാട്ടുകള്‍ ഉണ്ടെങ്കിലും കുചേലവൃത്തത്തോളം മികച്ചൊരു വഞ്ചിപ്പാട്ട്‌ പിന്നീട്‌ മലയാളത്തില്‍ ഉണ്ടായിട്ടില്ല.

കുചേലവൃത്തത്തിൽ നിന്ന് 

"മാറത്തെ വിയർപ്പുവെള്ളം കൊണ്ടു നാറും സതീർഥ്യനെ 

മാറത്തുൺമയോടു ചേർത്തു ഗാഢം പുണർന്നു:

കൂറു മൂലം തൃകൈകൊണ്ടു കൈ പിടിച്ചുകൊണ്ടു പരി 

കേറിക്കൊണ്ടു ലക്ഷ്‌മീതല്പത്തിൻമേലിരുത്തി."

ശ്രീകൃഷ്ണൻ കുചേലനെ സ്വീകരിക്കുന്ന രംഗമാണിത്.

കുചേലവൃത്തവും രാമപുരത്തു വാര്യരും 

കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കിലെ രാമപുരമാണ്‌ വാര്യരുടെ സ്വദേശം. അധ്യാപകനായിരുന്നു എങ്കിലും കഷ്ടപ്പാടിലായിരുന്നു വാര്യരുടെ ജീവിതം. ഒരിക്കല്‍ മഹാരാജാവിനെ മുഖം കാണിച്ച വാര്യര്‍ ചില ശ്ലോകങ്ങള്‍ ചൊല്ലിക്കേൾപ്പിച്ചു. തൃപ്തനായ രാജാവ്‌ അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ചു. വഴിമധ്യേ യാത്രയില്‍ രാജാവിന്റെ ആവശ്യപ്രകാരം എഴുതിയതാണത്രേ കുചേലവൃത്തം. രാജാവിന് വാര്യർ നല്‍കിയ ശ്ലോകത്തില്‍, തന്നെ കുചേലനും മഹാരാജാവിനെ ശ്രീകൃഷ്ണനുമായി അവതരിപ്പിച്ചതുകൊണ്ടാണ് ഇതിവൃത്തം ഇങ്ങനെ ആയതെന്നും പറയുന്നു.

കുചേലവൃത്തം വഞ്ചിപ്പാട്ട് ആസ്വാദനം കുറിപ്പ്

കുചേലവൃത്തത്തിന്റെ കഥ മനോഹരമാണ്. ശ്രീകൃഷ്ണന്റെ ചെറുപ്പത്തിലെ കൂട്ടുകാരനാണ് കുചേലൻ. പക്ഷേ, കുചേലനിപ്പോൾ വലിയ ദാരിദ്ര്യത്തിലാണ്. ഒരുദിവസം കുചേലന്റെ പത്നി അദ്ദേഹത്തോട്‌ പറഞ്ഞു: “ശ്രീകൃഷ്ണഭഗവാനോട്‌ നമ്മുടെ ദുഃഖങ്ങളെപ്പറ്റി പറഞ്ഞാല്‍ അദ്ദേഹം സഹായിക്കില്ലേ?” കുചേലന്‍ കാര്യം ശരിയാണെന്ന്‌ തോന്നി. പക്ഷേ, എങ്ങനെ വെറുംകയ്യോടെ പോകും. ഭഗവാന്‌ സമ്മാനംകൊടുക്കാന്‍ ഒന്നും കൈയിലില്ല. അവസാനം കുറച്ച്‌ അവില്‍ പൊതിഞ്ഞെടുത്ത്‌ കുചേലന്‍ യാത്രയായി.

തന്റെ പ്രിയകൂട്ടുകാരന്‍ നടന്നുവരുന്നത്‌ ശ്രീകൃഷ്ണന്‍ ദൂരെനിന്നേ കണ്ടു. അദ്ദേഹം ഓടിവന്ന്‌ കുചേലനെ ആലിംഗനംചെയ്തു കൊട്ടാരത്തിലേക്ക്‌ കൊണ്ടുപോയി. വിശേഷങ്ങള്‍ ചോദിച്ചു. പക്ഷേ, ദാരിദ്ര്യത്തെക്കുറിച്ച്‌ പറയാന്‍ കുചേലന്‍ മറന്നു. ശ്രീകൃഷ്ണന്‍ കുചേലനോട്‌ അവിലുവാങ്ങി അതില്‍ നിന്ന്‌ ഒരു പിടി കഴിച്ചു. വൈകാതെ, വന്ന കാര്യം പറയാന്‍ മറന്ന്‌ പാവം കുചേലന്‍ തിരിച്ചു യാത്രയായി. വീട്ടില്‍ചെന്നപ്പോഴല്ലേ രസം. വീടിരുന്നിടത്ത്‌ ഒരു വലിയ മാളിക. കുചേലന്‍ അത്ഭുതപ്പെട്ടുപോയി. കുചേലന്റെ ഭാര്യ എത്തി കഥകളെല്ലാം പറഞ്ഞു. ശ്രീകൃഷ്ണൻ ഒരു പിടി അവില് കഴിച്ചപ്പോൾ തന്നെ കുചേലന് അളവറ്റ സമ്പാദ്യങ്ങളും കൊട്ടാരവുമൊക്കെ ലഭിച്ചിരുന്നു. 

ഈ കാവ്യത്തിലെ കുചേലൻ മഹാദാരിദ്ര്യത്തിലായിരുന്ന രാമപുരത്തുവാര്യർ തന്നെ ആയിരുന്നത്രെ. ശ്രീകൃഷ്ണന്‍ മഹാരാജാവ്‌ മാര്‍ത്താണ്ഡവര്‍മ്മയും അവിലോ? കുചേലവൃത്തം വഞ്ചിപ്പാട്ടും. രാമപുരത്തുവാര്യര്‍ സ്വന്തം ദാരിദ്ര്യമാണത്രെ കാവ്യത്തിലൂടെ പറഞ്ഞത്‌. രാജാവിന്‌ വാര്യരുടെ അവസ്ഥ മനസ്സിലായി. വാര്യര്‍ തിരിച്ച്‌ നാട്ടിലെത്തിയപ്പോൾ കുചേലകഥയിലെപ്പോലെ മഹാരാജാവ് അവിടെ ഒരു മാളിക പണിതുകഴിഞ്ഞിരുന്നു എന്നാണു കഥ. മലയാളസാഹിത്യത്തില്‍ കുചേലവൃത്തം വഞ്ചിപ്പാട്ടിന്‌ അതുല്യമായ സ്ഥാനമാണുള്ളത്‌. ആര്‍ക്കും മനസിലാകുന്ന ശുദ്ധമലയാളത്തിലാണ്‌ കുചേലവ്യത്തം വഞ്ചിപ്പാട്ട്‌ എഴുതിയത്. ഈ ഒറ്റക്കാവ്യം കൊണ്ടുതന്നെ രാമപുരത്തുവാര്യര്‍ മലയാളസാഹിത്യത്തിന് ഒരിക്കലും മറക്കാനാവാത്ത വ്യക്തിയായി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ കർത്താവ് -  രാമപുരത്തുവാര്യർ 

2. ഏതു രാജാവിനോട്‌ നടത്തുന്ന പ്രാര്‍ഥനയാണ്‌ രാമപുരത്തുവാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട്‌ - മാർത്താണ്ഡ വർമ

3. മഹീപതേ, ഭാഗവതോപമാനം ........ എന്ന് തുടങ്ങുന്ന പ്രസിദ്ധമായ മുക്തകം എഴുതിയതാര് - രാമപുരത്തുവാര്യർ 

4. രാമപുരത്തു വാര്യരുടെ പുരസ്കര്‍ത്താവായിരുന്ന തിരുവിതാംകൂര്‍ രാജാവ്‌ - മാർത്താണ്ഡ വർമ്മ

5. "ഇല്ല ദാരിദ്ര്യാർത്തിയോളം വലുതായിട്ടൊരാർത്തിയും / ഇല്ലംവീണു കുത്തുമാറായതുകണ്ടാലും" ആരുടെ വരികൾ - രാമപുരത്ത് വാര്യർ

6. വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് - രാമപുരത്ത് വാര്യർ

Post a Comment

Previous Post Next Post