മഹാത്മാ ഗാന്ധി ജീവചരിത്രം

മഹാത്മാ ഗാന്ധി ജീവചരിത്രം (Mahatma Gandhi Biography in Malayalam)

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു വലിയ ഭാഗം മോഹൻ ദാസ് കരംചന്ദ് ഗാന്ധി എന്ന മനുഷ്യന്റെ പ്രഭാവലയത്തിലായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവും യുഗസ്രഷ്ടാവുമായ മോഹൻദാസ് കരംചന്ദ് ഗാന്ധി ഗുജറാത്തിലെ പോർബന്ദറിൽ ഒരു ബനിയ(വൈശ്യ) കുടുംബത്തിൽ ജനിച്ചു. ഇംഗ്ലണ്ടിൽ നിയമം പഠിച്ച് ദക്ഷിണാഫ്രിക്കയിലെ ഒരു ഇന്ത്യൻ സ്ഥാപനത്തിൽ ജോലി സ്വീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്കാരുടെ അവകാശങ്ങൾക്കായി വാദിച്ച ഗാന്ധി 1906ൽ ആദ്യമായി, തന്റെ അക്രമരഹിത പ്രതിരോധമായ സത്യാഗ്രഹം പ്രയോഗിച്ചു. വർണവിവേചനം കൊടികുത്തി വാണിരുന്ന ദക്ഷിണാഫ്രിക്കയിൽ അതിനെതിരെ പ്രതികരിക്കാൻ ഫീനിക്‌സ് ഫാം, ടോൾസ്റ്റോയ് ഫാം തുടങ്ങിയ സംഘടനകൾ അദ്ദേഹം സ്ഥാപിച്ചു. 1914ൽ ഇന്ത്യയിൽ തിരിച്ചെത്തിയ ഗാന്ധിജി സ്വയം ഭരണത്തിനായുള്ള ഒരു ദേശവ്യാപകസമരത്തിന്റെ നേതാവായി. ബ്രിട്ടീഷുകാർക്കെതിരെ സമാധാനപരമായി സമരം ചെയ്യുന്നതിൽ മുഴുകി. 'സത്യാഗ്രഹം' എന്നാണ് ഈ സമരമുറ അറിയപ്പെട്ടത്. 

ഗാന്ധിജി 1916ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ സബർമതി എന്ന ആശ്രമം സ്ഥാപിച്ചു. ഗാന്ധിയൻ സത്യാഗ്രഹങ്ങളുടെ കേന്ദ്രമായി ഇത് പ്രവർത്തിച്ചു. 1917ൽ ബിഹാറിലെ ചമ്പാരൻ ജില്ലയിലെ നീലം കർഷകരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ടുകൊണ്ടാണ് ഗാന്ധിജി ഇന്ത്യൻ ദേശീയ സമരരംഗത്ത് പ്രവേശിച്ചത്. തോട്ടം ഉടമകളുടെ ചൂഷണത്തിനെതിരെ ഗാന്ധിജി നടത്തിയ സത്യാഗ്രഹസമരം വിജയിച്ചു. 1918ൽ അഹമ്മദാബാദിലെ മിൽ തൊഴിലാളികൾ കൂലി വർദ്ധനവ്‌ ആവശ്യപ്പെട്ട് നടത്തിയ സമരം, അതേ വർഷം ഗുജറാത്തിലെ കർഷകർ നികുതിയിളവിന് വേണ്ടി നടത്തിയ ഖേദാ സമരം തുടങ്ങിയവയിലെല്ലാം ഗാന്ധിജി ഇടപ്പെട്ട് വിജയിച്ചു. ഇതോടെ ജനങ്ങൾ ഗാന്ധിജിയെ തങ്ങളുടെ നേതാവായി കണ്ടുതുടങ്ങി. ഭാരതത്തിൽ നിരവധി പേർ ഗാന്ധിയൻ ആദർശങ്ങൾ പിന്തുടരാനാരംഭിച്ചു. 

ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇന്ത്യൻ ദേശീയതയുടെ ഫലപ്രദമായ ഒരു രാഷ്ട്രീയ ആയുധമാക്കിമാറ്റിയ ഗാന്ധി 1920ൽ നിസഹകരണ പ്രസ്ഥാനവും, 1930ൽ നിയമലംഘന പ്രഖ്യാപനവും നടത്തി പ്രമുഖ അക്രമരഹിത പ്രക്ഷോഭങ്ങൾ ഏറ്റെടുത്തു.  ഗവൺമെന്റ് കുത്തകക്കെതിരെ ഉപ്പു ശേഖരിക്കാൻ സമുദ്രതീരത്തേക്കു നടത്തിയ ഐതിഹാസികമായ യാത്രയും (ദണ്ഡി മാർച്ച്) ഇതിലുൾപ്പെടും. 1931ൽ രണ്ടാം വട്ടമേശസമ്മേളനത്തിന് ഇംഗ്ലണ്ടിൽ പോയെങ്കിലും പരാജയമായി.1930-കളിൽ ഇദ്ദേഹം ഇന്ത്യയിലെ തൊട്ടുകൂടാത്തവർക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കുന്നതിനും പ്രക്ഷോഭം നടത്തി. ഗ്രാമീണ ഇന്ത്യയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിനും കുടിൽ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും ഗാന്ധി ശ്രമിച്ചു. 1942ൽ മുംബൈയിൽ ചേർന്ന കോൺഗ്രസ് സമ്മേളനം ക്വിറ്റ് ഇന്ത്യാ പ്രമേയം അംഗീകരിച്ച് സമരം ചെയ്തു. 1947ൽ ഇന്ത്യ സ്വാതന്ത്രമായെങ്കിലും ഇന്ത്യാവിഭജനം അദ്ദേഹത്തെ നിരാശനാക്കി. 1948ല്‍ ബിര്‍ളാ മന്ദിരത്തില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ വച്ച്‌ ഒരു മതഭ്രാന്തന്‍ ഗാന്ധിജിയെ വെടിവെച്ചു കൊന്നു. 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' എന്ന കൃതി അദ്ദേഹത്തിന്റെ ആത്മകഥയാണ്‌.

ആവർത്തിക്കുന്ന ചോദ്യങ്ങൾ (ഉത്തരം - ഗാന്ധിജി)

1. ഇന്ത്യയുടെ രാഷ്ട്രപിതാവ് 

2. മനുഷ്യന്റെ ആഗ്രഹം നിറവേറ്റാന്‍ ഭൂമിക്കു കഴിയും. എന്നാല്‍ അത്യാഗ്രഹം നിറവേറ്റാന്‍ കഴിയില്ല - ഈ വാക്കുകള്‍ ആരുടേതാണ്‌

3. പ്രവാസി ഭാരതീയ ദിനവുമായി ബന്ധപ്പെട്ട നേതാവ്‌

4. ആരുടെ ചരമദിനമാണ്‌ രക്തസാക്ഷി ദിനമായി ആചരിക്കുന്നത്‌

5. ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ഭാരതീയന്‍

6. ദാരിദ്ര്യമാണ്‌ കുറ്റങ്ങളുടെ അമ്മയെങ്കില്‍ വിവേക ശൂന്യതയാണ്‌ അവയുടെ അച്ഛന്‍-ആരാണിത്‌ പറഞ്ഞത്‌

7. ഇന്ത്യാ ഗവണ്‍മെന്റ്‌ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള പുരസ്കാരം ആരുടെ പേരില്‍ അറിയപ്പെടുന്നു

8. സുഭാഷ്ചന്ദ്രബോസിനെ രാജ്യസ്നേഹികളില്‍ രാജകുമാരന്‍ എന്നു വിശേഷിപ്പിച്ചത്‌

9. ടാഗോറിനെ ഗുരുദേവ്‌ എന്നു സംബോധന ചെയ്തിരുന്നത്‌

10. ജാലിയന്‍വാലാ ബാഗ്‌ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച്‌ കൈസര്‍ ഇ ഹിന്ദ്‌ ബഹുമതി ബ്രിട്ടീഷ്‌ സര്‍ക്കാരിന്‌ മടക്കി നല്‍കിയത്‌

11. ഇന്ത്യയില്‍ സത്യാഗ്രഹം സമരമാര്‍ഗമായി ആവിഷ്കരിച്ച നേതാവ്‌

12. സത്യാഗ്രഹം എന്ന വാക്കിന്റെ ഉപജ്ഞാതാവ്‌

13. രണ്ടാം വട്ടമേശസമ്മേളനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്തത്‌

14. 1937നും 1948നും മധ്യേ അഞ്ചുപ്രാവശ്യം സമാധാന നൊബേലിന്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഭാരതീയന്‍

15. സേവാഗ്രാം പദ്ധതി ആവിഷ്‌കരിച്ചത്‌

16. ഭഗവത്ഗീതയ്ക്ക്‌ അനാസക്തിയോഗം എന്ന വ്യാഖ്യാനം രചിച്ചത്‌

17. നയി താലിം എന്ന വിദ്യാഭ്യാസ പദ്ധതി വിഭാവനം ചെയ്തത്‌

18. ഹിന്ദ്‌ സ്വരാജ്‌ രചിച്ചത്‌

19. ഓരോ ഗ്രാമവും പൂര്‍ണ അധികാരമുള്ള ഒരു റിപ്പബ്ലിക്കോ പഞ്ചായത്തോ ആയിരിക്കണം - ഈ വാക്കുകള്‍ ആരുടേതാണ്‌

20. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ മാസ്‌ മൂവ്മെന്റ്‌ ആക്കിമാറ്റിയ നേതാവ്‌

21. ആരുടെ ആത്മകഥയാണ്‌ മൈ എക്‌സ്പെരിമെന്റ്‌സ്‌ വിത്ത്‌ ട്രൂത്ത്‌

22. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പില്‍ അച്ചടിക്കപ്പെട്ട ആദ്യ ഭാരതീയന്‍

23. ആരുടെ നിര്യാണത്തില്‍ അനുശോചിക്കാനാണ്‌ ഐക്യരാഷ്ട്രസഭ അതിന്റെ ചരിത്രത്തിലാദ്യയമായി പതാക പകുതി താഴ്ത്തിക്കെട്ടിയത്‌

24. ആരുടെ ജന്മദിനമാണ്‌ രാജ്യാന്തര അഹിംസാദിനമായി ആചരിക്കുന്നത്‌

25. ദുര്‍ബലര്‍ക്ക്‌ ഒരിക്കലും മാപ്പു നല്‍കാന്‍ കഴിയില്ല. ക്ഷമ കരുത്തരുടെ ലക്ഷണമാണ്‌ - ആരുടെ വാക്കുകളാണിത്‌

26. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന്‌ ക്വിറ്റിന്ത്യാ സമരകാലത്ത്‌ ആഹ്വാനം ചെയ്തത്‌

27. തനിക്കത്‌ അമ്മയെപ്പോലെയാണ്‌ എന്ന്‌ ഭഗവത്ഗീതയെ വിശേഷിപ്പിച്ചതാര്‌

28. തന്റെ ഏകാംഗ സേന എന്ന്‌ മൗണ്ട്‌ ബാറ്റണ്‍ പ്രഭു ആരെയാണ്‌ വിശേഷിപ്പിച്ചത്‌

29. സത്യവും അഹിംസയുമാണ്‌ എന്റെ ദൈവങ്ങള്‍ എന്നു പറഞ്ഞത്‌

30. ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ പ്രസിഡന്റായി 1947 വരെ പ്രവര്‍ത്തിച്ചത്‌

31. പ്രശസ്തനായ ഒരു സ്വാതന്ത്ര്യ സമരസേനാനിയുടെ ആത്മകഥയില്‍ മലയാളിയായ ബാരിസ്റ്റര്‍ ജി.പി.പിള്ളയെക്കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌. ആരാണാ സ്വാതന്ത്ര്യസമര സേനാനി?

32. ജോണ്‍ റസ്കിന്റെ അണ്ടു ദിസ്‌ ലാസ്റ്റ്‌ എന്ന ഗ്രന്ഥം വായിച്ചത്‌ ഈ വ്യക്തിയുടെ ജീവിതത്തിലെ വഴിത്തിരിവായി. ആരാണിദ്ദേഹം?

33. ഏത്‌ മഹത്‌ വ്യക്തിയെ വധിച്ച കേസിലാണ്‌ ജസ്റ്റിസ്‌ ആത്മാചരണ്‍ അഗര്‍വാള്‍ വിധി പ്രസ്താവിച്ചത്‌

34. ടൈം മാഗസിനിന്റെ കവര്‍ പേജില്‍ മൂന്നുപ്രാവശ്യം ചിത്രം അച്ചടിക്കപ്പെട്ട ഭാരതീയന്‍ (1930, 1931, 1947)

35. ഒന്നുകില്‍ ഞാന്‍ ലക്ഷ്യം നേടി തിരിച്ചുവരും. പരാജയപ്പെട്ടാല്‍ ഞാനെന്റെ ജഡം സമുദ്രത്തിന്‌ സംഭാവന നല്‍കും. 1930-ല്‍ ദണ്ഡിയാത്ര ആരംഭിക്കുംമുമ്പ്‌ ഇപ്രകാരം പറഞ്ഞതാര്‌.

36. ടൈം മാഗസിന്‍ മാന്‍ ഓഫ്‌ ദ ഇയര്‍ (1930) ആയി തിരഞ്ഞെടുക്കപ്പെട്ട ഏക ഭാരതീയന്‍

37. ആര്‍ക്ക്‌ ജയ്‌ വിളിച്ചുകൊണ്ടാണ്‌ ഭരണഘടനാ നിര്‍മാണസഭ അയിത്തോച്ചാടനം സംബന്ധിച്ച, പതിനേഴാം വകുപ്പ്‌ പാസാക്കിയത്‌

38. ഉപഭോക്താവ്‌ നമുക്ക്‌ ഏറ്റവും പ്രാധാന്യമുള്ള വ്യക്തിയാണ്‌ - ആരാണിത്‌ പറഞ്ഞത്‌

39. 1924-ല്‍ ബല്‍ഗാം കോണ്‍ഗ്രസ്‌ സമ്മേളനത്തിന്റെ അധ്യക്ഷന്‍

40. അനുകരണമാണ്‌ ഏറ്റവും ആത്മാര്‍ത്ഥമായ മുഖസ്തുതി - എന്നു പറഞ്ഞത്‌

41. കോടതികളില്‍ ഗര്‍ജിക്കുന്ന സിംഹം എന്ന്‌ ഫിറോസ്‌ ഷാ മേത്തയെ വിശേഷിപ്പിച്ചതാര്‌

42. അധഃസ്ഥിതരെ ഹരിജന്‍ എന്ന പേരിട്ട്‌ വിളിച്ചതാര്‌

43. എന്റെ ജീവിതമാണ്‌ എന്റെ സന്ദേശം എന്നു പറഞ്ഞത്‌

44. ദക്ഷിണാഫ്രിക്കയില്‍ നാറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസിന്റെ സ്ഥാപക സെക്രട്ടറി

45. ഞാന്‍ അപ്പം ചോദിച്ചു, കിട്ടിയത്‌ കല്ലാണ്‌ - എന്നു പറഞ്ഞത്‌

46. 1999-ല്‍ ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ്‌ ദ സെഞ്ച്വറിയെ തിരഞ്ഞെടുത്തപ്പോള്‍ റണ്ണര്‍ അപ്‌ ആയത്‌

47. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ പ്രവാചകന്‍ എന്നു വിശേഷിപ്പിക്കപ്പെട്ടത്‌

48. ഇന്ത്യാവിഭജനം ഒഴിവാക്കുന്നതിന്‌ ജിന്നയ്ക്ക്‌ പ്രധാനമന്ത്രിപദം നല്‍കാന്‍ മൗണ്ട്‌ ബാറ്റണ്‍ പ്രഭുവിനോട്‌ നിര്‍ദ്ദേശിച്ചതാര്‌

49. അസ്പൃശ്യത നിലനിന്നാല്‍ ഹിന്ദുമതം മരിക്കും - എന്നു പറഞ്ഞത്‌

50. പ്ലാസി ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്‌ അടിത്തറയിട്ടു, അമൃത്സര്‍ അത്‌ ഇളക്കിയിരിക്കുന്നു എന്ന്‌ ജാലിയന്‍ വാലാബാഗ്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞതാര്‌

51. 1930 ജനുവരിയില്‍ പൂര്‍ണ സ്വരാജ്‌ പ്രതിജ്ഞ തയ്യാറാക്കിയതാര്‌

52. അതിനാല്‍, എനിക്ക്‌ സ്വാതന്ത്ര്യം വേണം. ഈ രാത്രിയില്‍ത്തന്നെ. പ്രഭാതത്തിനുമുമ്പ്‌ - ഈ വാക്കുകള്‍ ആരുടേതാണ്‌

53. ടൈം മാഗസിന്റെ കവര്‍പേജിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ നേതാവ്‌ (1930)

Post a Comment

Previous Post Next Post