മൂക്ക്

മൂക്ക് (Nose)

മനുഷ്യനെ ശ്വസിക്കാൻ സഹായിക്കുന്ന അവയവം എന്നാണ് മൂക്കിനെ കുറിച്ച് പറയുക. എന്നാൽ, ഇത് മാത്രമല്ല മൂക്കിന്റെ ജോലി. മുഖത്തിന്റെ ഒത്ത നടുവിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഈ അവയവം ഉണ്ടെങ്കിലേ നമുക്ക് മണമറിയാനും രുചിയറിയാനും സാധിക്കൂ. ശ്വസിക്കുമ്പോൾ മൂക്കിലെ രണ്ട് തുറന്ന കുഴലുകളിലൂടെയാണ് വായു ശ്വാസകോശത്തിലേക്കും പുറത്തേക്കും പോകുന്നതും. ഈ കുഴലുകളെ തമ്മിൽ വേർതിരിക്കുന്ന ഭിത്തിയാണ് സെപ്റ്റം. മൂക്കിനുള്ളിൽ ധാരാളം കൊച്ചുകൊച്ചു രോമങ്ങളുണ്ട്. ഇത് മൂക്കിലേക്കു കടക്കുന്ന വായുവിലെ മാലിന്യങ്ങളെയും പൊടിപലങ്ങളെയും തടഞ്ഞുനിർത്തുന്നു. ഉള്ളിൽ കടക്കുന്ന തണുത്ത വായുവിന് ഇളം ചൂടുനൽകിയ ശേഷമാണ് ശ്വാസകോശത്തിലേക്കു കടത്തിവിടുന്നത്. മൂക്കിനുള്ളിലെ രക്തക്കുഴലുകളാണ് ഇതിന് സഹായിക്കുക. മൂക്കിനുള്ളിലെ ലൈസോസൈം എന്ന രാസവസ്തു രോഗാണുക്കൾ ഉള്ളിലേക്ക് കയറാതെ ചെറുക്കുന്നു.

മൂക്കിനുള്ളിലെ ചർമത്തിൽ ചില പ്രത്യേകതരം നാഡീകോശങ്ങളുണ്ട്. ഇവയാണ് മണമറിയാൻ സഹായിക്കുന്നത്. വിവിധ ഗന്ധങ്ങൾ ഈ കോശങ്ങളിൽ ചെന്നു തട്ടുമ്പോൾ അവിടെ നിന്നുള്ള സന്ദേശങ്ങൾ തലച്ചോറിലെ മണമറിയുന്ന കേന്ദ്രത്തിലെത്തും. ഇവിടെ നിന്നാണ് ഗന്ധങ്ങൾ തിരിച്ചറിയുന്നത്. രുചിയും മണവുമായി ബന്ധമുണ്ട്. ഭക്ഷണത്തിന്റെ ഗന്ധം മൂക്കിലെത്തുമ്പോഴാണ് രുചിമുകുളങ്ങൾക്ക് ശരിയായി പ്രവർത്തിക്കാൻ കഴിയുക. രുചിയുള്ള ഭക്ഷണം മൂക്ക് അടച്ചുപിടിച്ചും മൂക്ക് തുറന്നും കഴിച്ചുനോക്കിയാൽ ഈ വ്യത്യാസം മനസ്സിലാകും. ജലദോഷം കാരണം മൂക്കടപ്പുണ്ടായാൽ നമുക്ക് ആഹാരത്തിനു രുചി കുറഞ്ഞതായി തോന്നുന്നതും ഇക്കാരണം കൊണ്ടുതന്നെ.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. മൂക്കിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം - റിനോളജി

2. ഗന്ധം തിരിച്ചറിയാനുള്ള ഇന്ദ്രിയം - മൂക്ക്

3. ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്നത് - മൂക്കിലെ ഗന്ധഗ്രാഹികൾ

4. ഗന്ധങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ - അനോസ്മിയ 

5. വളരെ നേരിയ ഗന്ധം പോലും തിരിച്ചറിയുന്ന രീതിയിൽ ശക്തമായി മണം പിടിക്കാനുള്ള കഴിവിനെ പറയുന്ന പേര് - ഹൈപ്പറോസ്മിയ 

6. മൂക്കിൽ നിന്നുള്ള രക്തസ്രാവത്തിന് പറയുന്ന പേര് - എപ്പിസ്റ്റാക്സിസ്

7. മൂക്കിൽ അസ്വസ്ഥതകളോ അണുബാധയോ ഒക്കെ ഉണ്ടായാൽ നമ്മൾ തുമ്മാറുണ്ട്. തുമ്മലിന്റെ ശരാശരി വേഗമെത്രയാണ് - മണിക്കൂറിൽ 160 കിലോമീറ്റർ 

8. ഗന്ധഗ്രഹണവുമായി ബന്ധപ്പെട്ട മനുഷ്യനാഡി - ഓൾഫാക്ടറി നാഡി 

9. പതിനായിരത്തിലധികം മണങ്ങൾ തിരിച്ചറിയാൻ മനുഷ്യന് കഴിയും.

Post a Comment

Previous Post Next Post