തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ (Thunchath Ramanujan Ezhuthachan)

ജനനം: 1495

മരണം: 1575

ആധുനിക മലയാളഭാഷയുടെ പിതാവാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍. 15-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 16-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ജീവിച്ച ഈ മഹാകവി മലയാളഭാഷയിൽ പുതിയൊരു വഴിത്തിരിവു തന്നെ സൃഷ്ടിച്ചു. പൊന്നാനി താലൂക്കിൽ തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനു പടിഞ്ഞാറുള്ള തുഞ്ചത്ത് തറവാട്ടിലാണ് ജനിച്ചതെന്നു വിശ്വസിക്കുന്നു. സംസ്കൃതം, വേദാന്തം, തമിഴ് തുടങ്ങിയവ അഭ്യസിച്ചിരുന്നു. അന്നോളം തമിഴും സംസ്കൃതവും കൂടിക്കലർന്ന ഭാഷയായിരുന്ന മലയാളത്തിന് സ്വന്തമായ ഒരു ശൈലി എഴുത്തച്ഛൻ രൂപപ്പെടുത്തി. മലയാളഭാഷയെ തമിഴിന്റെ സ്വാധീനവലയത്തിൽ നിന്ന് മോചിപ്പിച്ച് സാധാരണക്കാർക്കുപോലും മനസ്സിലാകുന്ന രീതിയിൽ പരിഷ്‌കരിച്ചതിനാലാണ് അദ്ദേഹം ആധുനിക മലയാള ഭാഷയുടെ പിതാവായി അറിയപ്പെടുന്നത്. 

കേരള ചരിത്രത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ ഒരു കാലത്താണ് എഴുത്തച്ഛൻ ജീവിച്ചത്. നാട്ടുരാജാക്കന്മാർ തമ്മിൽ യുദ്ധങ്ങൾ, പോർച്ചുഗീസുകാരുടെ ദ്രോഹങ്ങൾ, കൂടാതെ ഈശ്വരചിന്ത ഇല്ലാത്ത ജനങ്ങളും. ഈ സമയത്ത് ജനങ്ങളെ ഈശ്വരനിലേക്ക് നയിക്കുക എന്ന ദൗത്യം എഴുത്തച്ഛൻ ഏറ്റെടുത്തു. തന്റെ കൃതികളിലൂടെയാണ് അദ്ദേഹം ആ കടമ നിർവഹിച്ചത്. മഹാഭാരതവും രാമായണവും കിളിപ്പാട്ടുരൂപത്തിൽ എഴുത്തച്ഛൻ രചിച്ചു. ആധ്യത്മരാമായണം സംസ്കൃതകൃതി മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുകയാണ് എഴുത്തച്ഛൻ ചെയ്തതെങ്കിലും എഴുതിക്കഴിഞ്ഞപ്പോൾ അതു സംസ്കൃതകൃതിയെക്കാൾ നന്നായി.

പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ലിപി സമ്പ്രദായമായിരുന്നു വട്ടെഴുത്ത്. അതിൽ നിന്ന് രൂപപ്പെട്ട മറ്റൊരു ലിപിരീതിയാണ് കോലെഴുത്ത്. താളിയോലയിൽ നാരായം അഥവാ കോലുകൊണ്ട് എഴുതിയതിനാലാണ് കോലെഴുത്ത് എന്ന പേരുവന്നത്. പതിനാറാം നൂറ്റാണ്ടിൽ എഴുത്തച്ഛന്റെ ശ്രമഫലമായാണ് ആ പഴയ ലിപികളെല്ലാം പരിഷ്‌കരിച്ച് ഇന്നു പ്രചാരത്തിലുള്ള മലയാള അക്ഷരങ്ങൾക്ക് രൂപം നൽകുന്നത്. 

സംസ്കൃതപദങ്ങൾ ഇടകലർന്നതെങ്കിലും ലളിതഭാഷയിലൂടെ, നാടൻ വൃത്തങ്ങളിലൂടെ മലയാളസാഹിത്യത്തിനും ഭാഷയ്ക്കും ഒരു സ്ഥായിത്വം നൽകിയത് ഇദ്ദേഹമാണ്. ഉത്തരരാമായണം, ഭാഗവതം കിളിപ്പാട്ട്, ഹരിനാമകീർത്തനം, ബ്രഹ്മാണ്ഡപുരാണം, ദേവീമാഹാത്മ്യം, ഇരുപത്തിനാലുവൃത്തം എന്നീ കൃതികളും എഴുത്തച്ഛന്റേതാണെന്ന് വിശ്വസിക്കപ്പെടുന്നു. മലയാള ഭാഷയ്ക്ക് എഴുത്തച്ഛൻ സമൃദ്ധമായ പദസമ്പത്ത് പ്രദാനം ചെയ്തിട്ടുമുണ്ട്.

എഴുത്തച്ഛനെപ്പറ്റി പല കഥകളുമുണ്ട്. ചക്കിൽ എണ്ണയാട്ടുന്ന ജോലിയായിരുന്നത്രെ എഴുത്തച്ഛന്റെ കുടുംബക്കാർക്ക്. ഒരിക്കൽ ഒരു പണ്ഡിതൻ കളിയാക്കാനായി ചോദിച്ചു: "തുഞ്ചന്റെ ചക്കിൽ എത്രയാടും?". "അടിയന്റെ ചക്കിൽ നാലും ആറും ആടും." നാല് വേദങ്ങളും ആറു ശാസ്ത്രങ്ങളും താൻ പഠിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം മറുപടിയിൽ ഉദ്ദേശിച്ചത്. കിളിപ്പാട്ടു പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും എഴുത്തച്ഛൻ തന്നെയാണ്.

പ്രധാന കൃതികൾ 

■ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് 

■ ഭാഗവതം കിളിപ്പാട്ട് 

■ മഹാഭാരതം കിളിപ്പാട്ട് 

■ ഉത്തരരാമായണം 

■ ചിന്താരത്നം 

■ ദേവീമാഹാത്മ്യം 

■ കൈവല്യനവനീതം

■ ഹരിനാമകീർത്തനം

■ ബ്രഹ്മാണ്ഡപുരാണം

■ ഇരുപത്തിനാലുവൃത്തം

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. തിരൂർ ആരുടെ ജനനം കൊണ്ട് പ്രസിദ്ധം - എഴുത്തച്ചന്‍

2. ഹരിനാമകീര്‍ത്തനം രചിച്ചത്‌ - എഴുത്തച്ചന്‍

3. മലയാളഭാഷയുടെ പിതാവ്‌ - എഴുത്തച്ചന്‍

4. കിളിപ്പാട്ടുപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്‌

5. കേരള സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന സാഹിത്യ പുരസ്‌കാരം ആരുടെ ബഹുമാനാര്‍ഥം നാമകരണം ചെയ്തിരിക്കുന്നു,

6. മലയാളം സര്‍വ്വകലാശാല ആരുടെ ബഹുമാനാര്‍ഥം നാമകരണം ചെയ്തിരിക്കുന്നു,

7. അധ്യാത്മരാമായണം രചിച്ചതാര്‌

8. തീക്കടല്‍കടഞ്ഞ്‌ തിരുമധുരം എന്ന കൃതിയുടെ പ്രമേയം ആരുടെ ജീവിതമാണ്‌

9. തുഞ്ചന്‍ദിനമായി (ഡിസംബര്‍ 31) കേരള സര്‍ക്കാര്‍ ആചരിക്കുന്നത്‌ ആരുടെ ജന്മദിനമാണ്‌

10. പാലക്കാട്‌ ജില്ലയിലെ ചിറ്റൂരില്‍ അവസാനകാലം കഴിച്ചുകൂട്ടിയ മലയാള കവി

11. ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം/വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ - എന്നു പാടിയത്‌

12. ശോകനാശിനിപ്പുഴയുടെ തീരത്ത്‌ മഠം സ്ഥാപിച്ച കവി

13. തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന് ദിനമായി ആചരിക്കുന്നത് എന്ന് - ഡിസംബർ 31

14. അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ പ്രകടമായിരിക്കുന്ന മുഖ്യരസം - ഭക്തി 

Post a Comment

Previous Post Next Post