കാണ്ടാമൃഗം

കാണ്ടാമൃഗം (Rhinoceros)

ആന കഴിഞ്ഞാൽ കരയിലെ ഏറ്റവും ശക്തിയേറിയ മൃഗമാണ് കാണ്ടാമൃഗം. കരയിലെ മൃഗങ്ങളിൽ വലുപ്പത്തിലും രണ്ടാംസ്ഥാനം കാണ്ടാമൃഗത്തിനു തന്നെ. പണ്ടു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന കാണ്ടാമൃഗം ഇപ്പോൾ ആഫ്രിക്കയിലും ഏഷ്യൻ രാജ്യങ്ങളായ ഇന്ത്യ, നേപ്പാൾ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും മാത്രമേയുള്ളൂ. രണ്ട് കൊമ്പുള്ള കാണ്ടാമൃഗവും ഒറ്റക്കൊമ്പൻ കാണ്ടാമൃഗവുമുണ്ട്. തലയുടെ അഗ്രഭാഗത്താണ് കൊമ്പ്. അസ്ഥികൊണ്ടല്ല, മറിച്ച് രോമങ്ങൾ കൂടിച്ചേർന്ന് ഉണ്ടാകുന്നതാണ് ഈ കൊമ്പുകൾ. കൊമ്പ് ജീവിതകാലം മുഴുവനും വളർന്നുകൊണ്ടേയിരിക്കും. വൃക്ഷത്തിലോ പാറയിലോ ഉരച്ച് കാണ്ടാമൃഗങ്ങൾ കൊമ്പ് വൃത്തിയാക്കാറുണ്ട്. 

വലിയ ഒറ്റക്കൊമ്പൻ കാണ്ടാമൃഗമാണ് ഇന്ത്യയിലുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ കാണ്ടാമൃഗവും ഇതുതന്നെ. ഏഷ്യയിലെ മറ്റൊരിനം കാണ്ടാമൃഗമായ 'ജാവൻ കാണ്ടാമൃഗം' ഇന്തോനേഷ്യയിലാണുള്ളത്. ഇത് ചെറിയ ഒറ്റക്കൊമ്പൻ കാണ്ടാമൃഗമെന്നും അറിയപ്പെടുന്നു. ഭാരമുള്ള ശരീരം താങ്ങിനിർത്താൻ കഴിയും വിധമാണ് കാണ്ടാമൃഗത്തിന്റെ എല്ലുകളുടെ ഘടന. ചെറിയ കണ്ണും വാലും നീണ്ട തലയും മറ്റും ഇവയുടെ സവിശേഷതയാണ്. പൂർണവളർച്ച എത്തുമ്പോൾ ഇവയ്ക്ക് 3.5 മീറ്റർ നീളവും രണ്ടുമീറ്റർ ഉയരവുമുണ്ടാവും. ഭാരം 4000 കിലോയോളം വരും. കാണ്ടാമൃഗത്തിന്റെ തൊലി കട്ടിയുള്ളതാണ്. തൊലിയിലെ ചുളുവുകളും മടക്കുകളും കണ്ടാൽ പടച്ചട്ടപോലെ തോന്നും. ദേഹത്തു രോമങ്ങളില്ല. പക്ഷെ വാലിലും ചെവിയിലും രോമമുണ്ട്. മേൽച്ചുണ്ട് നീണ്ടതാണ്. കോമ്പല്ലുകളില്ല.

കാണ്ടാമൃഗത്തിന് കാഴ്ച കുറവാണ്. ഗന്ധം തിരിച്ചറിയാൻ അപാരമായ ശേഷിയുണ്ട്. ശത്രുവിനെ തിരിച്ചറിയുന്നത് ഗന്ധത്തിലൂടെയാണ്. ദേഷ്യം പിടിച്ചാൽ വലിയ അപകടകാരിയാണ് കാണ്ടാമൃഗം. കൊമ്പും തലയും കൊണ്ടാണ് ഇവ ആക്രമിക്കുന്നത്. ചീറിപ്പാഞ്ഞു വന്ന് തല കൊണ്ട് ശക്തമായി ഇടിക്കുകയാണ് ചെയ്യുക. മണിക്കൂറിൽ 50 ലേറെ കിലോമീറ്റർ വേഗത്തിൽ പാഞ്ഞുവരാറുണ്ട്. പുല്ലും വള്ളികളും പച്ചിലകളുമാണ് കാണ്ടാമൃഗങ്ങളുടെ പ്രധാനഭക്ഷണം. ചതുപ്പുപ്രദേശമാണ് ഇഷ്ടതാവളം. പൊതുവേ രാത്രിയാണ് സഞ്ചാരം. ചിലപ്പോൾ പകലും ആഹാരം തേടാറുണ്ട്. സ്വന്തമായി സാമ്രാജ്യമുള്ള സംഘങ്ങളായിട്ടാണ് ഇവയുടെ യാത്ര. മറ്റു സംഘത്തിനെ സ്വന്തം സാമ്രാജ്യത്തിൽ കടക്കാൻ ഇവ അനുവദിക്കാറില്ല. ഇന്ത്യയിൽ കാണ്ടാമൃഗമുള്ളത് അസമിലെ കാസിരംഗ വന്യജീവിസങ്കേതത്തിൽ മാത്രമാണ്. ലോകത്തിലെ ആദ്യ കാണ്ടാമൃഗസംരക്ഷണ കേന്ദ്രം നേപ്പാളിലെ റോയൽ ചിത്വാൽ നാഷണൽ പാർക്കാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ആന കഴിഞ്ഞാൽ കരയിലെ മൃഗങ്ങളിൽ ഏറ്റവും വലുത് - കാണ്ടാമൃഗം

2. കാസിരംഗ നാഷണൽ പാർക്ക് ഏതു സംസ്ഥാനത്ത് - ആസാം 

3. ഏറ്റവും കട്ടികൂടിയ തൊലിയുള്ള കരയിലെ സസ്തനം - കാണ്ടാമൃഗം

4. അസമിലെ കാസിരംഗ ദേശീയോദ്യാനം ഏതു മൃഗത്തിനാണു പ്രസിദ്ധം - ഒറ്റക്കൊമ്പൻ കാണ്ടാമൃഗം

5. കാണ്ടാമൃഗത്തിന്റെ കൊമ്പ് എന്തിന്റെ രൂപാന്തരണമാണ് - രോമം

Post a Comment

Previous Post Next Post