മൗണ്ട് ബാറ്റൺ പദ്ധതി

മൗണ്ട് ബാറ്റൺ പദ്ധതി (Mountbatten Plan)

1947 ഫെബ്രുവരി 20 ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി ചരിത്രപ്രസിദ്ധമായൊരു പ്രഖ്യാപനം നടത്തി. 1948 ജൂണിനുള്ളിൽ ബ്രിട്ടീഷുകാർ ഇന്ത്യ വിടുമെന്നും അധികാരം ഇന്ത്യക്കാർക്കു കൈമാറുമെന്നും ഗവൺമെന്റ് പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് മൗണ്ട്ബാറ്റൺ പ്രഭുവിനെ പുതിയ വൈസ്രോയിയായി ഇന്ത്യയിലേക്കയച്ചു. 1947 മാർച്ച് 24 മുതൽ ഏപ്രിൽ മധ്യം വരെ അദ്ദേഹം ഇന്ത്യൻ നേതാക്കന്മാരുമായി ചർച്ചകൾ നടത്തി. ഇന്ത്യൻ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഏകമാർഗം വിഭജനമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. വിഭജനം അംഗീകരിക്കാൻ അദ്ദേഹം കോൺഗ്രസിനെ പ്രേരിപ്പിച്ചു. ഇന്ത്യയെ രണ്ടു സ്വതന്ത്ര രാഷ്ട്രങ്ങളായി - ഇന്ത്യൻ യൂണിയനും പാക്കിസ്ഥാനും - വിഭജിക്കണമെന്ന് മൗണ്ട് ബാറ്റൺ പദ്ധതി നിർദേശിച്ചു. പദ്ധതിക്ക് അവസാന രൂപം നൽകിയത് മലയാളിയായ വി.പി.മേനോനാണ്. ജൂൺ മൂന്നിനാണ് മൗണ്ട് ബാറ്റൺ പദ്ധതി പ്രഖ്യാപിച്ചത്. അതിനാൽ ജൂൺ 3 പദ്ധതി എന്നും ഇത് അറിയപ്പെടുന്നു. പദ്ധതി പ്രകാരം ഇന്ത്യൻ യൂണിയനിൽ നിന്ന് വിട്ടുപോകണമെന്നുള്ളവർക്ക് അതിനും ഇന്ത്യൻ യൂണിയനിൽ ചേരണമെന്നുള്ളവർക്ക് അതിനും സ്വാതന്ത്ര്യമുണ്ടാകും. നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യൻ യൂണിയനിലോ പാകിസ്ഥാനിലോ ചേരുന്നതിനു സ്വാതന്ത്ര്യമുണ്ടായിരിക്കും. ഇന്ത്യൻ യൂണിയനും പാക്കിസ്ഥാനും ആദ്യം പുത്രികാ രാജ്യപദവി ആയിരിക്കും ഉണ്ടായിരിക്കുക. കോൺഗ്രസ്സും മുസ്ലിം ലീഗും മൗണ്ട് ബാറ്റൺ പദ്ധതി അംഗീകരിച്ചു.1947 ജൂലൈയിൽ മൗണ്ട് ബാറ്റൺ പദ്ധതിക്ക് നിയമസാധുത നൽകികൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് 'ഇന്ത്യൻ സ്വാതന്ത്ര്യ നിയമം' പാസ്സാക്കി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയിയും സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറലുമായിരുന്നത് - ലൂയിസ് മൗണ്ട് ബാറ്റൺ

2. മൗണ്ട് ബാറ്റൺ ഇന്ത്യയിലെത്തിയ വർഷം - 1947 മാർച്ച് 22 

3. ഇന്ത്യയെ വിഭജിക്കുന്നതിനായി മൗണ്ട് ബാറ്റൺ തയ്യാറാക്കിയ പദ്ധതി - മൗണ്ട് ബാറ്റൺ പദ്ധതി

4. ജൂൺ തേഡ് പ്ലാൻ, ബാൾക്കൻ പ്ലാൻ, ഡിക്കി ബേർഡ് പ്ലാൻ എന്നിങ്ങനെ അറിയപ്പെടുന്നത് - മൗണ്ട് ബാറ്റൺ പദ്ധതി

5. മുസ്ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് അവർ ആഗ്രഹിക്കുകയാണെങ്കിൽ ഒരു പ്രത്യേക രാജ്യം അനുവദിക്കണം എന്ന ആശയം മുന്നോട്ടു വച്ച പദ്ധതി - മൗണ്ട് ബാറ്റൺ പദ്ധതി

6. ഇന്ത്യ - പാക് അതിർത്തി നിർണയിക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ - സർ സിറിൾ റാഡ്ക്ലിഫ് 

7. അധികാരകൈമാറ്റത്തിനായി 1947 ഓഗസ്റ്റ് 15 എന്ന തീയതി നിശ്ചയിച്ച പദ്ധതി - മൗണ്ട് ബാറ്റൺ പദ്ധതി

8. മൗണ്ട് ബാറ്റൺ പദ്ധതി തയ്യാറാക്കാൻ അദ്ദേഹത്തെ സഹായിച്ച മലയാളി - വി.പി.മേനോൻ 

9. 1947 ജൂലൈയിൽ മൗണ്ട് ബാറ്റൺ പദ്ധതിക്ക് നിയമസാധുത നൽകികൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ നിയമം - ഇന്ത്യൻ സ്വാതന്ത്ര്യ നിയമം (ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്)

Post a Comment

Previous Post Next Post