വവ്വാൽ

വവ്വാൽ (Bats in Malayalam)

ചിറകുകൾ ഉപയോഗിച്ച് പറക്കാൻ കഴിവുള്ള ഏക സസ്തനിയാണ് വവ്വാൽ. ഇവയെ രണ്ടായി തിരിക്കാം. വാവലുകളും നരിച്ചീറുകളും. വാവലുകള്‍ താരതമ്യേന വലുതും പഴങ്ങള്‍ തിന്ന്‌ ജീവിക്കുന്നവയുമാണ്. നരിച്ചീറുകൾ ചെറുതും പ്രാണികളെയും കീടങ്ങളെയും ഭക്ഷണമാക്കുന്ന മാംസഭുക്കുകളുമാണ്‌. പകല്‍ കണ്ണുകാണാത്ത വവ്വാലുകള്‍ പറക്കുമ്പോള്‍ ഒരു പ്രത്യേകശബ്ദം പുറപ്പെടുവിക്കും. ഉയര്‍ന്ന തോതിലുള്ള ഈ ശബ്ദതരംഗങ്ങള്‍ പക്ഷേ, കേള്‍ക്കാനാവില്ല. ഈ തരംഗങ്ങള്‍ സമീപത്തുള്ള വസ്തുക്കളില്‍ തട്ടി പ്രതിഫലിച്ച്‌ വാവലി൯െറ ചെവികളില്‍ എത്തുന്നു. ശബ്ദതരംഗങ്ങളുടെ സഹായത്താല്‍ തന്റെ സഞ്ചാര മാര്‍ഗം തിരിച്ചറിയാനുള്ള വവ്വാലിന്റെ ഈ കഴിവിനെ 'എക്കോ ലൊക്കേഷൻ' എന്നു പറയുന്നു.

വവ്വാലുകളില്‍ ഏറ്റവും വലിയവന്‍ പറക്കും കുറുക്കനാണ്‌. ആലിന്‍ കൊമ്പുകളിലും ഒഴിഞ്ഞപ്രദേശങ്ങളിലെ വന്‍മരങ്ങളിലും തൂങ്ങിക്കിടക്കുന്ന പഴംതീനി വവ്വാലുകളാണ്‌ പറക്കും കുറുക്കന്‍. കുറുക്കന്റെ മുഖസാമ്യം ഉള്ളതിനാലാവാം ഇവയ്ക്ക്‌ ഈ പേരു വീണത്‌. ചിലപ്പോള്‍ നൂറുകണക്കിന്‌ വവ്വാലുകള്‍ ഒരേ മരത്തില്‍ തമ്പടിച്ചിരിക്കുന്നതു കാണാം. വലിയ ചെവികള്‍ തവിട്ടു നിറമോ കറുപ്പു നിറമോ ചേര്‍ന്ന ചര്‍മ്മ നിര്‍മ്മിതമായ ചിറകുകള്‍, തുറന്ന വലിയ വട്ടക്കണ്ണുകള്‍ എന്നിവയാണ്‌ വവ്വാലിന്റെ പ്രത്യേകതകള്‍. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന വവ്വാലുകള്‍ അവയെ ചിറകുകളുടെ സംരക്ഷണത്തില്‍ പോറ്റി വളര്‍ത്തുന്നു. അഞ്ചിനം പഴംതീനി വവ്വാലുകളില്‍ പറക്കും കുറുക്കനാണ്‌ നമ്മുടെ നാട്ടില്‍ സാധാരണ കാണുക. കൈയടിക്കുന്നതുപോലെ ചിറകടി ശബ്ദമുണ്ടാക്കുന്ന ഡോണ്‍, നീളന്‍ നാവുള്ള ഹില്‍ ലോങ് ടങ്‌, ഡോഗ്‌ ഫേസ്ഡ്‌ തുടങ്ങിയവയാണ്‌ മറ്റു പഴംതീനിവവ്വാലുകള്‍.

ബുൾ ഡോഗ്‌ ബാറ്റ്‌

ബുൾ ഡോഗ്‌ ബാറ്റ്‌ എന്ന നരിച്ചീ൪ മല്‍സ്യക്കൊതിയന്മാരാണ്‌. മീന്‍ പിടിച്ച് സന്ധ്യാനേരങ്ങളിലും രാത്രികളിലും പുഴവക്കത്തുള്ള മരക്കൂട്ടങ്ങളില്‍ വിശ്രമിക്കുന്ന ഇവര്‍ക്ക്‌ അതിനു പറ്റിയ നീണ്ടകാലുകളും കൂര്‍ത്ത നഖങ്ങമുണ്ട്‌. ശബ്ദതരംഗങ്ങളുടെ സഹായത്താലാണ് വെള്ളത്തിലെ ചെറുമീനുകളുടെ സ്ഥാനം ഇവര്‍ നിശ്ചയിക്കുന്നത്‌. മീന്‍ എവിടെയെന്ന്‌ മനസ്സിലായാല്‍ പൊന്മാനെപ്പോലെ മിന്നല്‍ വേഗത്തില്‍ പറന്നു വന്ന്‌ പൊങ്ങിയുയരുമ്പോള്‍ കാലുകളില്‍ മീന്‍ ഉടക്കിയിരിക്കും. വെള്ളത്തില്‍ നീന്താനും മിടുക്കരാണ്‌ ഈ നരിച്ചീറുകള്‍. ചിറകുകളാണ് അപ്പോൾ പങ്കായം, ഇനി ഒരു ദിവസം മത്സ്യങ്ങളെ കിട്ടിയില്ലെങ്കിലോ, പ്രശ്നമില്ല, പ്രാണികളെ തിന്നായിരിക്കും അന്ന് വിശപ്പടക്കുക.  

കുതിരലാടം വവ്വാൽ 

മൂക്കിനു ചുറ്റും കുതിരലാടത്തിന്റെ ആകൃതിയിൽ ചർമം വളർന്ന് മുന്നോട്ടു തള്ളി നിൽക്കുന്നതിനാലാണ് ഈ പേരു കിട്ടിയത്. ലോകത്തിൽ 64 വർഗം കുതിരലാടം വവ്വാലുകളുള്ളതിൽ 15 ഇനം ഇന്ത്യയിലാണ്. പ്രാണികളെയും ചെറുകീടങ്ങളെയും തിന്നു കഴിയുന്ന ഇവർ സത്യത്തിൽ നരിച്ചീറുകളാണ്‌. പഴം തീനികളേക്കാള്‍ വളരെ ചെറുതാണിവ. മറ്റു സ്വഭാവവിശേഷങ്ങള്‍ ഒന്നു തന്നെ. നരിച്ചീറുകളില്‍ വേറെയും അപൂര്‍വ രൂപികളുണ്ട്‌. ഇലമുക്കന്മാര്‍ അതിലൊന്നാണ്‌. മൂക്കിന്റെ ഭാഗത്ത്‌ രണ്ടോ മൂന്നോ ഇലകള്‍ മടക്കിച്ചുരൂട്ടി വച്ചിരിക്കുന്നതായേ തോന്നുകയുള്ളു. അപാര ഘ്രാണശക്തിയാണ്‌ ഇലമൂക്കന്മാര്‍ക്ക്‌. അതിസൂക്ഷ്മമായ ഗന്ധവും ചലനവും തിരിച്ചറിയാൻ ഇവർക്കാവും. പ്രാണിപിടിയന്മാരായ ഇവർ ഇരുണ്ട ഗുഹകളിലും മറ്റുമാണ് താമസം.

രക്തരക്ഷസുകൾ

പ്രേതകഥകളിലും അപസര്‍പ്പക കഥകളിലും ഏറെ സ്ഥാനംപിടിച്ചിട്ടുള്ള, രക്തംകുടിയന്മാരായ ചെറുംനരിച്ചീറുകളാണ്‌ വാമ്പയര്‍ വവ്വാലുകള്‍. കഥകളില്‍ പറയുന്നതു പോലെ വലിയ കറുത്തചിറകുകളോ ചുവന്ന്‌ രൂക്ഷമായ വലിയ കണ്ണുകളോ ഇവയ്‌ക്കില്ലെന്നു മാത്രം. അതൊക്കെ സാഹിത്യഭാവനയുടെ സൃഷ്ടികളാണ്‌. അതുപോലെ മനുഷ്യന്റെ രക്തം ഊറ്റിക്കുടിച്ച്‌ കൊല്ലുന്ന ഭീകരന്മാരുമല്ല ചെറുനരിച്ചീറുകള്‍. ശരീരത്തിന്റെ ആകെ നീളം ഏതാണ്ട്‌ എട്ട്‌ സെന്‍റിമീറ്റര്‍ മാത്രം! ഭാരം വെറും 42 ഗ്രാം! രക്തം കുടിച്ചാണ്‌ ഇവ ജീവിക്കുന്നതെന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. മൃഗങ്ങളുടെ രക്തമാണിവരുടെ ഇഷ്ടഭക്ഷണം. കന്നുകാലികളുടെ സമീപത്ത്‌ വന്നിരിക്കുന്ന വാമ്പയര്‍ നരിച്ചീര്‍ സാവധാനത്തില്‍ അവയുടെ ശരീരത്തിലേയ്ക്ക്‌ ഇഴഞ്ഞു കയറും പിന്നെ അവയുടെ ദേഹത്ത്‌ മൂര്‍ച്ചയുള്ള പല്ലുകള്‍കൊണ്ട്‌ ചെറിയൊരു ദ്വാരമുണ്ടാക്കി നാവിനടിയിലുള്ള വിള്ളലിലൂടെ നമ്മള്‍ ഗ്ലാസില്‍ നിന്ന്‌ സ്ട്രോ ഉപയോഗിച്ച്‌ ജ്യൂസ്‌ കൂടിക്കുന്നതു പോലെ രക്തം ഊറ്റിക്കുടിക്കുന്നു. വേണ്ടത്ര രക്തം കുടിച്ച് പോയ്കഴിഞ്ഞാലും പാവം കന്നുകാലികൾ ഇക്കാര്യം അറിഞ്ഞിട്ടുണ്ടാവില്ല. അപൂർവമായേ ഇവ മനുഷ്യരെ കടിക്കാറുള്ളു. ഇവർ രക്തത്തിലൂടെ രോഗം പരത്തുമെന്നതാണ് ഇവയെ ശത്രുക്കളായി കരുതാനുള്ള പ്രധാന കാരണം. വാമ്പയർ വവ്വാലുകൾ ഇന്ത്യയിലില്ല.

ടൂംബ്‌ ബാറ്റ്‌

ആള്‍പ്പെരുമാറ്റം കുറഞ്ഞ ശ്മശാനങ്ങളിലും ഗുഹാസദൃശമായ കബറുകളുടെ പരിസരങ്ങളിലും കഴിഞ്ഞുകൂടുന്ന ഈ വവ്വാലുകള്‍ വലിപ്പത്തില്‍ ചെറുതാണ്‌. എട്ട്‌ സെന്‍റിമീറ്ററോളമേ ഇവ വളരു. നായ്ക്കളുടെ മുഖത്തോട്‌ സാമ്യമുള്ളതാണ്‌ ഇവയുടെ മുഖവും തലയും. ചെറിയ ച്ചെവികള്‍. പാറകളിലും കല്ലുകളിലും പറ്റിപിടിച്ച്‌ ഇഴഞ്ഞു കയറാന്‍ വിരുതുള്ള ടുംബ്‌ വവ്വാലുകള്‍ ഇന്ത്യയില്‍ മിക്ക പ്രദേശത്തും കാണപ്പെടുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കാഴ്ച കൊണ്ടല്ലാതെ വഴിയറിയുന്ന സസ്തനി

2. പ്രതിധ്വനി ഉപയോഗിച്ച്‌ ഇരതേടുന്ന സസ്തനം

3. പറക്കുന്ന സസ്തനം

4. പറക്കുന്ന കുറുക്കന്‍ (Flying Fox) എന്നറിയപ്പെടുന്നത്‌

5. അള്‍ട്രാസോണിക്‌ തരംഗങ്ങള്‍ ഉപയോഗിച്ച്‌ ഇരുട്ടത്ത്‌ പറക്കുന്ന ജീവി

6. എക്കോലൊക്കേഷന്‍ ഉപയോഗിച്ച്‌ പറക്കുന്ന ജീവി

7. മരത്തില്‍ തലകീഴായി തൂങ്ങിക്കിടന്ന്‌ ഉറങ്ങുന്ന സസ്തനം

8. പരാദമായ ഏക സസ്തനം (വാമ്പയര്‍ ബാറ്റ്)

9. ഏറ്റവും ചെറിയ സസ്തനം (ബംബിള്‍ബീ ബാറ്റ്)

10. ചെവി ഉപയോഗിച്ച്‌ ഇരുട്ടില്‍ മുന്നിലെ തടസ്സങ്ങള്‍ തിരിച്ചറിയുന്ന ജീവി

11. ഏറ്റവും നീളം കൂടിയ നാക്ക്‌ ഉള്ള സസ്തനം (ട്യൂബ്‌ ലിപ്പഡ്‌ നെക്ടര്‍ബാറ്റ്)

12. 'പറക്കുന്ന എലി' എന്നു തെറ്റിദ്ധരിക്കപ്പെട്ടിരുന്ന ജീവി ഏത്?

Post a Comment

Previous Post Next Post