ജിറാഫ്

ജിറാഫ് (Giraffe in Malayalam)

ഇന്ത്യയിലെ കാട്ടിലൊന്നുമില്ലെങ്കിലും നമുക്കെല്ലാം സുപരിചിതരാണ് ജിറാഫുകൾ- ഇന്ന് ഭൂമിയിലെ ഏറ്റവും ഉയരമുള്ള മൃഗം. ആഫ്രിക്കയിലെ ഉഷ്ണമേഖലാകാടുകളാണ് ഇവയുടെ താവളം. ഒരുകാലത്ത് ആഫ്രിക്കയിലാകെ ധാരാളമായി കണ്ടിരുന്ന ജിറാഫുകൾ ഇന്ന് കിഴക്കൻ ആഫ്രിക്കയിലും ചില തെക്കുപടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലും മാത്രമേ ഉള്ളൂ. നീണ്ട കാലും നീണ്ട കഴുത്തുമാണ് ജിറാഫിന്റെ പ്രത്യേകത. ആറു മീറ്റർ വരെ ഉയരം വയ്ക്കാറുണ്ട്. കൊടുങ്കാട്ടിലല്ല ജിറാഫിന്റെ വാസം. പുല്ലും സമതലവും നിറഞ്ഞ കാടുകളാണ് ഇവയുടെ താമസസ്ഥലങ്ങൾ. പകലാണ് ആഹാരം തേടി നടക്കുന്നത്. പുല്ലും ഇലകളും വേരും മരത്തൊലിയും മറ്റുമാണ് ഭക്ഷണം.

ജിറാഫിന്റെ മുൻകാലുകൾക്കു പിൻകാലുകളെക്കാൾ ഉയരവും ബലവുമുണ്ടാകും. തലയിൽ ഒരു ജോഡി ചെറു കൊമ്പുകളുണ്ട്. ചെറിയ തലയും നീണ്ടു കൂർത്ത ചെവിയും നീണ്ട നാവും വാലും ഇവയുടെ പ്രത്യേകതയാണ്. പൊതുവേ പാവത്താന്മാരാണെങ്കിലും ഉപദ്രവിച്ചാൽ തിരിച്ചാക്രമിക്കും. നീളമുള്ള കഴുത്തുകൊണ്ട് അടിക്കാറുണ്ട്. കാലുകൾകൊണ്ട് തൊഴിക്കുകയും ചെയ്യും. ആഫ്രിക്കയിൽ ഇവയുടെ മുഖ്യശത്രു സിംഹമാണ്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ ഓടും. മൃഗശാലകളിൽ 28 വർഷം വരെ ജീവിച്ചിരിക്കാറുണ്ട്. നീളം കൂടുതലുണ്ടെങ്കിലും ജിറാഫിന്റെ കഴുത്തിലും മറ്റു ജന്തുക്കളുടെ കഴുത്തിലുള്ളത്ര കശേരുക്കൾ മാത്രമേ ഉള്ളൂ: ഏഴ്!

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കഴുത്തിന്റെ നീളം ഏറ്റവും കൂടുതലുള്ള ജീവി

2. കരയിലെ ഏറ്റവും ഉയരം കൂടിയ മൃഗം

3. ഏറ്റവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള മൃഗം

4. ഏറ്റവും നീളം കൂടിയ വാലുള്ള മൃഗം

5. കരയിലെ സസ്തനങ്ങളില്‍ നീളത്തില്‍ രണ്ടാം സ്ഥാനമുള്ളത്‌

6. അയവെട്ടുന്ന ജീവികളില്‍ ഏറ്റവും വലുത്‌

7. ഏത്‌ മൃഗത്തിന്റെ പ്രിയപ്പെട്ട ഭക്ഷണമാണ്‌ അക്കേഷ്യ ഇലകള്‍

8. കരയിലെ സസ്തനങ്ങളില്‍ ഏറ്റവും നീളം കൂടിയ നട്ടേല്ലുള്ളത്‌

9. കഴുത്ത്‌ പ്രതിരോധത്തിന്‌ ഉപയോഗിക്കുന്ന സസ്തനം

10. ഇരട്ടക്കുളമ്പുള്ള മൃഗങ്ങളില്‍ വലുപ്പത്തില്‍ രണ്ടാം സ്ഥാനം

Post a Comment

Previous Post Next Post