കരടി

കരടി (Bear)

ലോകത്ത്‌ പലതരം കരടികള്‍ കാണപ്പെടുന്നുണ്ട്. ഭൂമധ്യരേഖയുടെ വടക്കുള്ള പ്രദേശത്താണ്‌ കരടികള്‍ കൂടുതലായുള്ളത്‌. ഏഷ്യ, യൂറോപ്പ്‌, വടക്കേ അമേരിക്ക, ആര്‍ട്ടിക് പ്രദേശം എന്നിവിടങ്ങളില്‍ കരടികളെ കണ്ടുവരുന്നു. എന്നാല്‍, ആഫ്രിക്ക, അന്‍റാര്‍ട്ടിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ കരടികളില്ല. കരടിയുടെ ശരീരം രോമാവൃതമാണ്‌. പൊതുവെ നീളമുള്ള രോമങ്ങളാണ്‌ ഇവയ്ക്കുള്ളത്‌. ലോകത്തിലെ വിവിധ ഭാഗങ്ങളിലെ കരടികള്‍ തമ്മില്‍ നിറത്തിലും രൂപത്തിലും വൃത്യാസമുണ്ടായിരിക്കും. കറുപ്പോ ചാരനിറമോ തവിട്ടോ മഞ്ഞകലര്‍ന്ന വെള്ളനിറത്തിലോ ആണ്‌ വിവിധ പ്രദേശത്തുള്ള കരടികള്‍ കാണപ്പെടുന്നത്‌. ഏഷ്യന്‍ കരടികളിലും പല വിഭാഗങ്ങളുമുണ്ട്‌. ഹിമാലയന്‍ കരടി, ജപ്പാൻ കരടി, ടിബറ്റന്‍ കരടി, കരിങ്കരടി, സൈബീരിയന്‍ കരടി തുടങ്ങിയ പേരുകളില്‍ ഇവ അറിയപ്പെടുന്നു.

ഏഷ്യന്‍ കരടികളില്‍ നീണ്ട മുഖത്തിന്റെ അഗ്രഭാഗത്ത്‌ വെള്ള നിറവും കഴുത്തിനു താഴെ നെഞ്ചിലായി ഒരു ചന്ദ്രക്കലയും കാണാറുണ്ട്‌. കേരളത്തിലെ കരടികള്‍ മടിയന്‍ കരടി എന്നാണ്‌ അറിയപ്പെടുന്നത്‌. കരടികള്‍ മാംസാഹാരത്തോടൊപ്പം സസ്യാഹാരവും ഭക്ഷിക്കാറുണ്ട്‌. തേന്‍, ഇല, കിഴങ്ങുകൾ, മുട്ട, പഴം, പക്ഷികള്‍, ചിതലുകൾ തുടങ്ങിയവ അവയുടെ ഇഷ്ടാഹാരമാണ്. ചെറിയ ജീവികളെയാണ് കരടി മിക്കവാറും വേട്ടയാടുന്നത്. നിലം കുഴിക്കാനും മരം കയറാനും തേൻകൂട് പൊളിക്കാനും ഇവയുടെ നഖം സഹായിക്കുന്നു. മുന്‍ കാലുകളിലെ നഖം ഉപയോഗിച്ചാണ്‌ നിലം കുഴിച്ച്‌ കിഴങ്ങും മറ്റും ശേഖരിക്കുന്നത്‌. കാലാവസ്ഥയുടെയും താമസിക്കുന്ന ചുറ്റുപാടുകളുടെ പ്രത്യേകതയും നോക്കി കരടികള്‍ ഭക്ഷണക്കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്‌.

മറ്റു ജീവികളില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ്‌ ഇവയുടെ നടത്തം. പാദം പുര്‍ണമായും നിലത്തുറപ്പിച്ച്‌ ആടിയാടി സാവധാനമാണ്‌ കരടികള്‍ നടക്കുന്നത്‌. പിന്‍കാലുകളില്‍ എഴുന്നേറ്റു നില്‍ക്കാനും ഇവയ്ക്കു കഴിയും. എഴുന്നേറ്റു നില്‍ക്കുമ്പോള്‍ ഇവയ്ക്ക്‌ ഏതാണ്ട് 7-8 അടിയോളം ഉയരമുള്ളവരുണ്ട്‌. ഉള്‍വനത്തിലാണ്‌ കരടികളുടെ താമസം. രാത്രിയും ഇവ തീറ്റ തേടിയിറങ്ങാറുണ്ട്‌. കടുവ, പുലി തുടങ്ങിയ ജന്തുക്കളെ പോലെയല്ല കരടികള്‍. യാതൊരു പ്രകോപനവും കൂടാതെ ഇവ ആക്രമിക്കാറുണ്ട്‌. മരം കയറാനും നീന്താനും കരടികള്‍ക്ക്‌ കഴിയും. ശക്തമായ ഒഴുക്കു വെള്ളത്തില്‍ ഇറങ്ങിനിന്ന്‌ മീന്‍ പിടിക്കാന്‍ കരടികള്‍ക്ക്‌ അസാധാരണമായ കഴിവാണുള്ളത്‌. മണം പിടിക്കുന്നതില്‍ മുമ്പന്‍മാരാണ്‌ കരടികള്‍, കാറ്റിലൂടെ എത്തുന്ന ഗന്ധം പെട്ടെന്ന്‌ പിടിച്ചെടുക്കാന്‍ ഇവയ്ക്കു സാധിക്കും. പക്ഷേ, കാഴ്ചശക്തി കുറവാണ്‌. സാധാരണയായി കരടികള്‍ക്ക്‌ 30 അടി ദൂരെ വരെ മാത്രമേ കാഴ്ചയുള്ളൂ.

കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടമാകാൻ ഭാഗ്യം ലഭിച്ച മൃഗമാണ്‌ കരടി. “ടെഡി ബെയര്‍” എന്ന കരടി ലോകമെങ്ങുമുള്ള കുട്ടികൾക്ക് പ്രിയങ്കരമാണ്‌. അമേരിക്കൻ പ്രസിഡന്റായ റൂസ്‌വെൽറ്റിന്റെ വളർത്തുകരടിക്കുട്ടിയുടെ പേരാണ് ടെഡി. ഈ പേര് ടെഡി ബെയറിനു നൽകിയത് മോറിസ് മിച്ട്ടന്‍ എന്ന കളിപ്പാട്ട നിർമ്മാതാവാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. വന്യമൃഗങ്ങളില്‍ ഏത്‌ ജീവിയുടെ കാലടയാളമാണ്‌ മനുഷ്യന്റെ കാലടയാളവുമായി സമാനത പുലര്‍ത്തുന്നത്‌

2. ഫിന്‍ലന്‍ഡിന്റെ ദേശീയ മൃഗം

3. ഓഹരി സൂചികയിലെ ഇടിവിനെ സൂചിപ്പിക്കുന്ന മൃഗം

4. ഏത്‌ മൃഗത്തിന്റെ പ്രിയപ്പെട്ട ഭക്ഷണമാണ്‌ തേന്‍

5. റഷ്യയുടെ ദേശീയ മൃഗം

6. കരയിലെ ഏറ്റവും വലിയ മാംസഭോജി (ധ്രുവക്കരടി) ഏത്‌ വര്‍ഗത്തിലെ ജന്തുവാണ്‌

7. പാണ്ട ഏത്‌ ജീവിവര്‍ഗത്തിലെ അംഗമാണ്‌

8. ലോകത്തേറ്റവും കൂടുതല്‍ സമ്മാനിക്കപ്പെട്ടിട്ടുള്ള പാവകളിലൊന്നാണ്‌ ടെഡി. ഇത്‌ ഏത്‌ ജീവിയുടെ രൂപമാണ്‌?

9. ലാറ്റിന്‍ ഭാഷയില്‍ 'Ursa' എന്നു പേരുള്ള മൃഗം

10. റുഡ്യാര്‍ഡ്‌ കിപ്ലിംഗിന്റെ ജംഗിള്‍ ബുക്കിലെ ബാലു എന്ന കഥാപാത്രം ഏതിനം ജീവിയാണ്‌?

Post a Comment

Previous Post Next Post