വള്ളത്തോൾ കവിതകള്‍

വള്ളത്തോൾ നാരായണമേനോൻ കൃതികൾ (Vallathol Narayana Menon Famous Poems and other works)

വള്ളത്തോളിന്റെ ശ്രദ്ധേയമായ കൃതിയാണ്‌ ബധിരവിലാപം. ഈ കഥയിലെ ബധിരന്‍ മറ്റാരുമല്ല സാക്ഷാല്‍ വള്ളത്തോള്‍ തന്നെ! വര്‍ഷം 1909. ഒരു ദിവസം രാവിലെ വള്ളത്തോള്‍ ഉറക്കമുണര്‍ന്നു. അടുത്തിരുന്ന വാച്ച്‌ ചെവിയില്‍ വച്ചു നോക്കിയപ്പോള്‍ അതിന്‌ ശബ്ദമില്ല. എന്തോ സംഭവിച്ചുവെന്ന്‌ ബോധ്യമായി. കാരണം വാച്ചിന്‌ കേടൊന്നുമില്ല. വള്ളത്തോള്‍ ശബ്ദത്തിന്റെ ലോകത്തു നിന്ന്‌ പുറത്താക്കപ്പെടുകയായിരുന്നു. കവിയുടെ കേള്‍വിശക്തി നഷ്ടപ്പെട്ടു. ആ സംഭവം വള്ളത്തോളിനെ തളര്‍ത്തിക്കളഞ്ഞു. കേള്‍വിശക്തി തിരിച്ചു കിട്ടാന്‍ പല ചികിത്സകളും ചെയ്‌തു ഫലമുണ്ടായില്ല. .

തന്റെ ബാധിര്യത്തെക്കുറിച്ച്‌ വള്ളത്തോള്‍ എഴുതിയ കാവ്യമാണ്‌ ബധിരവിലാപം. വള്ളത്തോളിന്റെ കാവ്യജീവിതത്തിലെ ഒരു നാഴികക്കല്ലാണ് ഈ രചന. ബധിരവിലാപത്തിനുശേഷം വള്ളത്തോള്‍ രചിച്ച ഖണ്ഡകാവ്യങ്ങളില്‍ പ്രധാനപ്പെട്ടവ ബന്ധനസ്ഥനായ അനിരുദ്ധന്‍, ശിഷ്യനും മകനും, അച്ഛനും മകളും, മഗ്ദലനമറിയം, കൊച്ചുസീത തുടങ്ങിയവയാണ്‌. ഒരു പുരാണകഥയാണ്‌ ബന്ധനസ്‌ഥനായ അനിരുദ്ധനില്‍ പരാമര്‍ശിക്കുന്നത്‌. ഉഷയും അനിരുദ്ധനുമാണ്‌ നായികാനായകന്മാര്‍.

മലയാളത്തിലെ തന്നെ ഏറ്റവും മികച്ച ഖണ്ഡകാവ്യങ്ങളിലൊന്നായി പല നിരൂപകരും പുകഴ്‌ത്തിയ കൃതിയാണ്‌ “ശിഷ്യനും മകനും.” അതിലെ ഇതിവൃത്തം ഇങ്ങനെയാണ്‌: ശിവനെ കാണാന്‍ ശിഷ്യനായ പരശുരാമന്‍ കൈലാസത്തിലെത്തി. എന്നാല്‍ പരശുരാമനെ ശിവപുത്രനായ ഗണപതി വഴിയില്‍ തടഞ്ഞു. ഇപ്പോള്‍ അകത്തേക്ക്‌ കയറ്റി വിടുകയില്ലെന്ന്‌ ഗണപതി. ഇപ്പോള്‍ത്തന്നെ അകത്ത് കയറണമെന്ന്‌ പരശുരാമനും. വാക്കേറ്റമായി. പരശുരാമന് കലികയറി. കൈയിലിരുന്ന മഴുവെടുത്ത്‌ ഒറ്റവെട്ട്‌. ഗണപതിയുടെ കൊമ്പ്‌ രണ്ട്‌ കഷണമായി! പാര്‍വതി നോക്കിയപ്പോള്‍ പൊന്നോമന പുത്രൻ രക്തത്തില്‍ കുളിച്ച്‌ നില്‍ക്കുകയാണ്‌. ഒരു അമ്മയ്ക്കിത്‌ സഹിക്കുമോ? പാര്‍വതി പരശുരാമനെ ശിഷ്യനാക്കിയ ശിവനെ പരിഹസിച്ചു തുടങ്ങി. ഒടുവില്‍ ശിവന്‍ എല്ലാവരെയും സമാശ്വസിപ്പിക്കുന്നു.

'അച്ഛനും മകളും' എന്ന കാവ്യത്തിലെ നായിക ശകുന്തളയാണ്‌. ദുഷ്യന്തന്‍ ഉപേക്ഷിച്ചപ്പോള്‍ കശ്യപാശ്രമത്തില്‍ കഴിഞ്ഞുകൂടുകയാണ്‌ ശകുന്തള. അപ്പോള്‍ ആ ആശ്രമത്തില്‍ ഒരു അതിഥിയെത്തി. വിശ്വാമിത്രന്‍. ശകുന്തളയുടെ പിതാവ്‌. പുത്രിയുടെ ദുഃഖകഥ കേട്ട വിശ്വാമിത്രന്‍ അതിനു കാരണക്കാരനായ ദുഷ്യന്തനെ ശപിക്കാനൊരുങ്ങുകയാണ്‌. പക്ഷേ, ആശ്രമത്തില്‍ നിന്ന്‌ പിതാവിനെ ശകുന്തള പിന്തിരിപ്പിക്കുന്നു. “പണ്ട്‌ അച്ഛന്‍ ഉപേക്ഷിച്ച ഈ ഭാഗൃഹീനയെ ഭര്‍ത്താവും ഉപേക്ഷിച്ചു. അത്രയേയുള്ളൂ"- അതായിരുന്നു ശകുന്തളയുടെ മറുപടി.“വള്ളത്തോള്‍ കവിതയുടെ വെന്നിക്കൊടി” എന്നാണ്‌ പ്രൊഫസര്‍ മുണ്ടശ്ശേരി ഈ കാവ്യത്തെ വിശേഷിപ്പിച്ചിരിക്കുന്നത്‌.

പുരാണകഥയെ മാത്രം അവതരിപ്പിക്കുകയായിരുന്നില്ല വള്ളത്തോളിന്റെ ലക്ഷ്യം. ബൈബിളും സമകാലിക സംഭവങ്ങളും വള്ളത്തോള്‍ കവി വിഷയമായിത്തീര്‍ന്നു. “മഗ്ദലന മറിയം” എന്ന ഖണ്ഡകാവ്യത്തിന്‌ ഇതിവൃത്തം സ്വീകരിച്ചിരിക്കുന്നത്‌ ബൈബിളില്‍ നിന്നാണ്‌. മഗ്ദലനമറിയവും യേശുവുമാണ്‌ പ്രധാന കഥാപാത്രങ്ങള്‍. യേശുദേവന്റെ മുമ്പില്‍ വച്ച്‌ തന്റെ തെറ്റുകളോര്‍ത്ത്‌ പശ്ചാത്തപിക്കുന്ന മഗ്ദലനമറിയത്തെ അസാധാരണ ഭംഗിയോടെ കവി ആവിഷ്‌ക്കരിച്ചിരിക്കുന്നു.

ഒരു പത്രവാര്‍ത്തയാണ്‌ കൊച്ചുസീതയുടെ രചനയ്ക്ക്‌ കാരണമായത്‌. കുട്ടിക്കാലത്തേ സീതാദേവിയെ ആദര്‍ശകഥാപാത്രമായി ആരാധിക്കുന്നവളാണ്‌ നായിക. എന്നാല്‍ സാമുഹ്യാനാചാരങ്ങളുടെ കുരുക്കില്‍ പെട്ട്  അവളുടെ ജീവിതം തകര്‍ന്നു പോകുന്നു.

വള്ളത്തോളിന്റെ മഹാകാവ്യമാണ്‌ ചിത്രയോഗം. കഥാസരിത്‌ സാഗരത്തിലെ ഒരു കഥയെ അല്പമൊന്ന്‌ പരിഷ്കരിച്ചുണ്ടാക്കിയതാണ്‌ ഇതിവൃത്തം. ചന്ദ്രസേനന്‍ എന്ന രാജാവാണ്‌ കഥാനായകന്‍. മനോഹരമായ അനേകം വര്‍ണനകള്‍ചിത്രയോഗത്തില്‍ കാണാം. എങ്കിലും വള്ളത്തോളിന്റെ മികച്ച കൃതികളുടെ കൂട്ടത്തില്‍ ഇത്‌ പല പണ്ഡിതരും ഉള്‍പ്പെടുത്തുന്നില്ല.

സാഹിത്യമഞ്ജരി കവിതകള്‍

മഹാകവിയുടെ ചെറിയ കവിതകള്‍ ഉള്‍പ്പെടുത്തിയ സമാഹാരമാണ്‌ സാഹിതൃമജ്ഞരി. പതിനൊന്നു ഭാഗങ്ങളുണ്ട്‌ സാഹിത്യമഞ്ജരിക്ക്‌.

മഹാകവിയുടെ ദേശീയബോധവും, സ്വാതന്ത്ര്യസമരത്തോടുള്ള ആഭിമുഖ്യവും പട്ടിണിപ്പാവങ്ങളോടും കര്‍ഷകത്തൊഴിലാളികളോടുള്ള സഹാനുഭൂതിയും സാഹിത്യമഞ്ജരിയിലെ കവിതകളില്‍ വ്യക്തമാകുന്നുണ്ട്‌. സാഹിത്യമഞ്ജരി നാലാം ഭാഗത്തിലുള്ള “എന്റെ ഗുരുനാഥന്‍” ഏറെ പ്രശസ്തമായ കവിതയാണ്‌. ഈ കവിതയില്‍ കവിയുടെ ഗുരുനാഥനായി പ്രത്യക്ഷപ്പെടുന്നതാരാണെന്നോ സാക്ഷാല്‍ ഗാന്ധിജി. ക്രിസ്തുദേവന്റെ പരിത്യാഗശീലവും കര്‍ണ്ണന്റെ ധര്‍മ്മരക്ഷോപായവും, മുഹമ്മദിന്‍ സ്ഥൈര്യവും ചേര്‍ന്നു കാണുന്ന ഒരു ഗുരു!

“ലോകമേ തറവാടു

തനിക്കീച്ചെടികളും

പൂല്‍കളും പുഴുക്കളും

കൂടിത്തന്‍ കുടുംബക്കാര്‍

ത്യാഗമെന്നതേ നേട്ടം

താഴ്മതാനഭ്യുന്നതി

യോഗവിത്തേവം ജയി-

ക്കുന്നതെന്‍ഗുരുനാഥന്‍.എന്ന്‌ വള്ളത്തോൾ ഗാന്ധിജിയെക്കുറിച്ചു പറയുന്നു. 

'കർമ്മഭൂമിയുടെ പിഞ്ചുകാൽ' എന്ന കവിതയിൽ പഴയ കാളിയമർദ്ദനകഥയാണ് പ്രതിപാദിക്കുന്നത്. പക്ഷെ, പുതിയ കാളിയനും കൃഷ്ണനുമാണ് കവിതയിൽ. ബ്രിട്ടീഷ് സാമ്രാജ്യമാണ് കാളിയൻ. ആ കാളിയന്റെ ശിരസിൽ നൃത്തമാടുകയാണ് ഭാരതമെന്ന കർമ്മഭൂമിയുടെ പിഞ്ചുകാലുകൾ.

വള്ളത്തോളിന്റെ പ്രധാന കൃതികള്‍

■ വാല്മീകിരാമായണം(വിവര്‍ത്തനം)(1909)

■ ബധിരവിലാപം (1910)

■ ഗണപതി (1913)

■ വിലാസലതിക (1913)

■ അനിരുദ്ധന്‍(1914)

■ ഒരു കത്ത്‌ (1914)

■ ചിത്രയോഗം (1914)

■ സാഹിത്യമഞ്ജരി(ഒന്നാം ഭാഗം)(1917)

■ ശിഷ്യനും മകനും(1918)

■ സാഹിത്യമഞ്ജരി (രണ്ടാം ഭാഗം) (1919)

■ മഗ്ദലനമറിയം(1921)

■ സാഹിത്യമഞ്ജരി(മൂന്നാം ഭാഗം)(1922)

■ സാഹിത്യമഞ്ജരി(നാലാം ഭാഗം)(1924)

■ സാഹിത്യമഞ്ജരി(അഞ്ചാം ഭാഗം)(1925)

■ സാഹിത്യമഞ്ജരി(ആറാം ഭാഗം)(1926)

■ കൊച്ചുസീത(1927)

■ സാഹിത്യമഞ്ജരി(ഏഴാം ഭാഗം)(1930)

■ അച്ഛനും മകളും(1936)

■ എന്റെ ഗുരുനാഥന്‍ (1945)

■ സാഹിത്യമഞ്ജരി(എട്ടാം ഭാഗം)(1951)

■ സാഹിത്യമഞ്ജരി(ഒമ്പതാം ഭാഗം)(1959)

■ സാഹിത്യമഞ്ജരി(പത്താം ഭാഗം)(1964)

■ സാഹിത്യമഞ്ജരി(പതിനൊന്നാം ഭാഗം)(1970)

Post a Comment

Previous Post Next Post