കുമാരനാശാൻ കൃതികൾ

കുമാരനാശാൻ കൃതികൾ (Kumaranasan Famous Poems in Malayalam)

നായിക ഒരു പൂവ്‌. അതും കൊഴിഞ്ഞപൂവ്‌! അതുവരെ ഇല്ലാതിരുന്ന ഒരു കാവ്യാനുഭവമായിരുന്നു അത്‌. പുരാണകഥാപാത്രങ്ങള്‍ നായികാനായകന്മാരാകുന്ന പാരമ്പര്യത്തില്‍ നിന്ന്‌ തികച്ചും വ്യത്യസ്തം. പക്ഷേ അത്‌ ഒരു പൂവിന്റെ മാത്രം കഥയല്ല. കൊഴിഞ്ഞു വീണ പൂവിന്റെ കഥയിലൂടെ ഐശ്വര്യം ഭൂമിയില്‍ സ്ഥിരമല്ല എന്ന്‌ സ്ഥാപിക്കുകയായിരുന്നു കവി- 1907 ല്‍ പ്രസിദ്ധീകരിച്ച, കുമാരനാശാന്റെ വീണപൂവ്‌ എന്ന ഖണ്ഡകാവ്യമാണത്‌. തീരെ ചെറിയ ഖണ്ഡകാവ്യമായിരുന്നു “വീണ പൂവ്‌.” വെറും 41 ശ്ളോകങ്ങള്‍. എന്നാല്‍ മനുഷ്യജീവിത സങ്കീര്‍ണതകള്‍ അതില്‍ നിഴലിക്കുന്നു. താഴെ വീണു കിടക്കുന്ന ഒരു പൂവ്‌ കണ്ട്‌ അതിനെക്കുറിച്ച്‌ കവി എഴുതുകയാണ്‌. പൂവിന്റെ ശൈശവം, ബാല്യം, കൗമാരം, യൗവനം എന്നിങ്ങനെ എല്ലാം ജീവിതാവസ്ഥകളും ആശാന്‍ ഭംഗിയായി വര്‍ണ്ണിക്കുന്നുണ്ട്‌. ആശാന്റെ ജീവിതദര്‍ശനം 'വിണപൂവ്‌' എന്ന ഖണ്ഡകാവ്യത്തില്‍ തെളിഞ്ഞു കാണാം.

അസുഖം ബാധിച്ച ശ്രീനാരായണഗുരുവിനെ ശുശ്രൂഷിച്ചു കൊണ്ട്‌ പാലക്കാട്ടെ ഒരു ആശുപത്രിയില്‍ കഴിയുമ്പോഴാണ്‌ ആശാന്‍ 'വിണപൂവ്‌' എഴുതിയത്‌. ഗുരുവിന്‌ അസുഖം ബാധിച്ചതിന്റെ വിഷമത്തില്‍ നിന്നാണ്‌ “വീണപൂവി"ന്റെ ആദ്യാനുഭവം ഉണ്ടായതെന്ന്‌ ആശാന്‍ പറഞ്ഞിട്ടുണ്ട്‌. എന്തായാലും മലയാള കവിതയിലെ ഒരു നാഴികക്കല്ലായിരുന്നു ആ കവിത. “വീണപൂവ്‌ കൈരളീ സാഹിത്യ ക്ഷേത്രത്തില്‍ വെട്ടിത്തെളിച്ച മാര്‍ഗ്ഗം ഒന്നു വേറെ തന്നെയായിരുന്നു” മഹാകവി ഉള്ളൂര്‍ കേരളസാഹിത്യ ചരിത്രത്തില്‍ വീണപൂവിനെപ്പറ്റി പറഞ്ഞതാണ്‌ ഇത്‌. വീണപൂവിനു ലഭിച്ച അംഗീകാരം ആശാനു വലിയ പ്രോത്സാഹനമായി. അദ്ദേഹം ഉത്സാഹത്തോടെ കാവ്യ രചനയില്‍ മുഴുകി. വീണപൂവിനു ശേഷം ആശാന്‍ രചിച്ച കാവ്യമാണ്‌ “തീയ്യക്കുട്ടിയുടെ വിചാരം. ”നിന്ദിതരും പീഡിതരുമായ ഒരു ജനവിഭാഗത്തിന്റെ വിചാരവികാരങ്ങളാണ്‌ ഈ കവിതയില്‍ ആശാന്‍ എഴുതിയത്‌.

പിന്നീട്‌ ആശാന്‍ എഴുതിയ ശ്രദ്ധേയമായ ഖണ്ഡകാവ്യം“നളിനി”യാണ്‌. നളിനിയും ദിവാകരനും ബാല്യത്തില്‍ സുഹൃത്തുക്കളായിരുന്നു. മുതിര്‍ന്നുപ്പോള്‍ നളിനിക്ക്‌ ദിവാകരനെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം. എന്നാല്‍ ദിവാകരന്‍ സന്യാസം സ്വീകരിക്കാനാണ്‌ തീരുമാനിച്ചത്‌. അതോടെ നളിനിയുടെ ജീവിതം ദുഷ്കരമാകുന്നു. ദിവാകരനെ അന്വേഷിച്ചു പുറപ്പെടുന്ന നളിനിക്ക്‌ ദിവാകരനെ കാണാനാവുന്നില്ല. നിരാശയായ നളിനി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നു. പക്ഷേ, ഒരു സന്യാസിനി അവളെ അതില്‍ നിന്ന്‌ പിന്തിരിപ്പിക്കുന്നു. അങ്ങനെ ആ സന്യാസിനിക്കൊപ്പം നളിനിയും താമസിക്കുകയാണ്‌. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ദിവസം നളിനി ദിവാകരനെ കണ്ടുമുട്ടുന്നു. ദിവാകരയോഗിയുടെ മുമ്പില്‍ വച്ച്‌ നളിനി മരിക്കുന്നതോടെ കാവ്യം അവസാനിക്കുന്നു. നളിനി ഏതോ ബംഗാളി കൃതിയുടെ അനുകരണമാണെന്ന്‌ ചിലര്‍ പ്രചരിപ്പിച്ചു. ആശാനെ ഒരു മോഷ്ടാവായി ചിത്രീകരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. നളിനി മോഷണമാണെന്ന്‌ തെളിയിക്കുവാന്‍ ആശാന്‍ വിമര്‍ശകരെ വെല്ലുവിളിച്ചു. അതോടെ ശത്രുക്കൾ തല്‍ക്കാലം മുട്ടുമടക്കി.

“കരുതുവതിഹ ചെയ്യവയ്യ ചെയ്യാന്‍

വരുതി ലഭിച്ചതില്‍ നിന്നിടാ വിചാരം

പരമഹിതമറിഞ്ഞുകൂടാ, യായു-

സ്ഥിരതയുമില്ലതിനിന്ദ്യമീ നരത്വം"

ഇതാണ്‌ “ലീല” എന്ന ഖണ്ഡകാവ്യത്തില്‍ ആശാന്‍ പറയുന്നത്‌. അതായത്‌ മനസുവയ്ക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ല. ചെയ്യാന്‍ സൗകര്യം കിട്ടുന്ന കാര്യത്തില്‍ മനസ്സ്‌ ഉറയ്ക്കുന്നില്ല. ദൈവഹിതം എന്താണന്ന്‌ മനുഷ്യന്‌ അറിഞ്ഞു കൂടാ. ആയുസ്സിന്‌ യാതൊരു സ്ഥിരതയുമില്ല. ഇങ്ങനെ അതിനിന്ദ്യമാണ്‌ മനുഷ്യജീവിതം. ലീല എന്ന നായികയുടെയും മദനന്‍ എന്ന നായകനിലൂടെയും ആശാന്‍ ഈ തത്ത്വം അവതരിപ്പിക്കുന്നു.

ബുദ്ധമതതത്ത്വങ്ങള്‍ കുമാരനാശാനെ ആകര്‍ഷിച്ചിരുന്നു. ഹിന്ദുമതത്തിലെ അനാചാരങ്ങളെ - പ്രത്യേകിച്ച്‌ ജാതി വ്യവസ്ഥയെ, എതിര്‍ക്കാന്‍ ആശാന്റെ ആയുധമായിരുന്നു ബുദ്ധദര്‍ശനങ്ങള്‍. ചണ്ഡാലഭിക്ഷുകി, കരുണ എന്നീ ഖണ്ഡകാവ്യങ്ങളിലെ നായകന്മാര്‍ ബുദ്ധസന്യാസികളാണ്‌.

ആനന്ദന്‍ എന്ന ബുദ്ധഭിക്ഷു ഒരു ദിവസം വിജനമായസ്ഥലത്തു കൂടി യാത്ര ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്‌ നല്ല ദാഹം തോന്നി. അപ്പോള്‍ അതാ ഒരു സ്‌ത്രീ കിണറ്റില്‍ നിന്ന്‌ വെള്ളം കോരുന്നു. ആനന്ദഭിക്ഷു സ്ത്രീയോട്‌ കുടിനീര്‍ തരണമെന്ന്‌ അപേക്ഷിക്കുന്നു. ചണ്ഡാല ജാതിയില്‍പ്പെട്ടവളായിരുന്നു ആ സ്ത്രീ. താന്‍ താഴ്ന്ന ജാതിയില്‍പ്പെട്ടതിനാല്‍ ഭിക്ഷുവിന്‌ ജലം നല്‍കാന്‍ തനിക്ക്‌ യോഗ്യതയില്ലെന്നു സ്ത്രീ പറയുന്നു. താന്‍ ജാതിയല്ല ചോദിച്ചത്‌ കുടിനീരാണെന്ന്‌ ആനന്ദഭിക്ഷു മറുപടി പറയുന്നു. തുടര്‍ന്ന്‌ ജാതിവ്യവസ്ഥയുടെ ഭീകരതയെക്കുറിച്ചും അര്‍ഥശൂന്യതയെക്കുറിച്ചും ആ സ്ത്രീയോട്‌ ആനന്ദന്‍ പറയുന്നു. യോഗിയോട്‌ ആദരവ്‌ തോന്നിയ ആ സ്ത്രീ ആനന്ദന്റെ ശിഷ്യയാകുന്നു-ഇതാണ്‌ ചണ്ഡാലഭിക്ഷുകിയുടെ ഇതിവൃത്തം. 

വഞ്ചിപ്പാട്ടുവൃത്തത്തിലാണ്‌ കരുണ രചിക്കപ്പെട്ടത്‌. വാസവദത്തയാണ്‌ നായിക. ബുദ്ധശിഷ്യനായ ഉപഗുപ്തന്‍ നായകനും. “ദുരവസ്ഥ എന്ന കവിതയിലും ജാതിവ്യവസ്ഥയെ ആശാന്‍ വിമര്‍ശിക്കുന്നു. മലബാര്‍ ലഹളക്കാലത്ത്‌ സാവിത്രി എന്ന നമ്പൂതിരി സ്ത്രീ ചാത്തന്‍ എന്ന താഴ്ന്ന ജാതിക്കാരന്റെ കുടിലില്‍ അഭയം തേടുന്നു. ഒടുവില്‍ സമൂഹത്തിന്റെ വിലക്കുകള്‍ അവഗണിച്ച്‌ ചാത്തനെ ഭര്‍ത്താവായി സ്വീകരിക്കുന്നു. ഈ കഥയാണ്‌ ദുരവസ്ഥയിലുള്ളത്‌. രൂക്ഷമായ സാമൂഹികവിമര്‍ശനം ദുരവസ്ഥയില്‍ കാണാം. ആശാന്റെ എറ്റവും ദീര്‍ഘമായ കൃതിയാണിത്‌.

വാല്മീകിയുടെ ആശ്രമത്തിലിരുന്നു സീത തന്റെ ജീവിതത്തെക്കുറിച്ച്‌ ചിന്തിക്കുന്നതാണ്‌ 'ചിന്താവിഷ്ടയായ സീത'യുടെ ഇതിവൃത്തം. സീതയുടെ ചിന്തകള്‍ ഒരുനദിയുടെ പ്രവാഹം പോലെയാണ്‌.ജീവിതത്തില്‍ സീതാദേവിക്ക്‌ അനേകം ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. കാനനവാസം രാമന്‌ വിധിച്ചപ്പോള്‍ ഒട്ടും മടിക്കാതെ കൂടെ പുറപ്പെട്ടു; രാമനൊപ്പം വനത്തിലേക്ക്‌. രാവണന്‍ തട്ടിക്കൊണ്ടുപോയി, ഒടുവില്‍ ശ്രീരാമന്‍ ഉപേക്ഷിച്ചു... ഇതെല്ലാം ഈ കവിതയില്‍ പറയുന്നു. ആശാന്റെ മനോഹരമായ ഖണ്ഡകാവ്യമാണ്‌ പ്രരോദനം. ഇത്‌ ഒരു വിലാപകാവ്യം കൂടിയാണ്‌. ആശാന്റെ ആത്മമിത്രമായ എ.ആർ.രാജരാജവർമ്മയുടെ മരണത്തെത്തുടർന്നാണ് ആശാൻ പ്രരോദനം എഴുതിയത്. 

കുമാരനാശാന്റെ പ്രധാന കൃതികൾ

പദ്യം

■ സൗന്ദര്യലഹരി(തര്‍ജമ),

■ നിജാനന്ദവിലാസം,

■ ശാങ്കരശതകം,

■ ശിവസ്തോത്രമാല,

■ സുബ്രഹ്മണൃശതകം,

■ വീണപൂവ്‌,

■ ഒരു സിംഹപ്രസവം,

■ നളിനി,

■ ലീല,

■ ശ്രീബുദ്ധചരിതം (അഞ്ചു കാണ്ഡങ്ങള്‍),

■ ബാലരാമായണം,

■ ഗ്രാമവൃക്ഷത്തിലെ കുയില്‍,

■ പ്രരോദനം ,

■ പുഷ്പവാടി,

■ ദുരവസ്ഥ,

■ ചണ്ഡാലഭിക്ഷുകി,

■ കരുണ,

■ മണിമാല (ലഘുകൃതികളുടെ സമാഹാരം),

■ വനമാല (ലഘുകൃതികളുടെ സമാഹാരം),

■ സ്തോത്രകൃതികള്‍ (ലഘുകൃതികളുടെ സമാഹാരം)

നാടകം

■ പ്രബോധചന്ദ്രോദയം (തര്‍ജമ),

■ വിചിത്രവിജയം

ഗദ്യം 

■ രാജയോഗം (തര്‍ജമ),

■ മൈത്രേയി (കഥ-തര്‍ജമ),

■ ഒരു ദൈവികമായ പ്രതികാരം (കഥ-തര്‍ജമ),

■ മനഃശ്ശക്തി,

■ മതപരിവർത്തന രസവാദം,

■ നിരൂപണങ്ങൾ

Post a Comment

Previous Post Next Post