റോസാ പൂവ്

റോസാ പൂവ് (Rose Flower Essay in Malayalam)

മലയാളിയുടെ മാത്രമല്ല, ലോകത്തിന്റെ ഏതു കോണിലുമുള്ള മനുഷ്യന്റെയും മനം മയക്കുന്ന ഒരു ഉദ്യാനസസ്യമാണ്‌ റോസ്‌. സുഗന്ധവും സൗന്ദര്യവും ഒത്തിണങ്ങിയ റോസിന്‌ പനിനീര്‍ പൂഷ്പം എന്നും പേരുണ്ട്‌. റോസിന്റെ വാസനയും രൂപ ഭംഗിയും കൊണ്ടാകാം ലോകത്തിലെ ഉദ്യാനസസ്യങ്ങളില്‍ വച്ച്‌ ഏറ്റവും അഴകാര്‍ന്ന വിശേഷണം അതിനു കിട്ടിയത്‌, പൂക്കളുടെ റാണി. റോമന്‍ പുരാണങ്ങളിലെ പ്രണയത്തിന്റെ ദേവതയായ വീനസിന്റെ പുഷ്പമായും റോസാ അറിയപ്പെടുന്നു.

പലയിനം റോസാച്ചെടികളുടെയും ജന്മദേശം ഏഷ്യയാണ്‌. എന്നാല്‍, ചിലയിനങ്ങള്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലും വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കയിലും രൂപം കൊണ്ടവയാണ്‌. ഇന്ന്‌ നമ്മുടെ നാട്ടിലും വിവിധയിനം റോസാച്ചെടികള്‍ ധാരാളമായി വളരുന്നു. ഏറെക്കുറെ തണുത്ത കാലാവസ്ഥ ഇഷ്ടപ്പെടുന്ന റോസ്‌ ഒരു കുറ്റിച്ചെടിയാണ്‌. നേര്‍ത്ത തണ്ടില്‍ മുള്ളുകളുണ്ടാകും. ഇലകളും മുള്ളുകളും കൊണ്ട്‌ റോസിനെ തിരിച്ചറിയാവുന്നതാണ്‌. മിക്കവാറും വര്‍ഷം മുഴുവനും പൂക്കും എന്നതാണ്‌ റോസാപ്പൂവിന്റെ ഒരു പ്രത്യേകത. നമ്മുടെ നാട്ടിലെ കാലാവസ്ഥ ഇവയുടെ വളര്‍ച്ചയെ ഏറെ സഹായിക്കുന്നുണ്ട്‌.

കവികളുടെ ഹൃദയം കവര്‍ന്ന റോസാപ്പൂക്കളെക്കുറിച്ച്‌ ഒട്ടേറെ സാഹിത്യസൃഷ്ടികള്‍ ഉണ്ടായിട്ടുണ്ട്‌. മഹാകവിയായ ടഗോറും റോസാപ്പൂവിനെക്കുറിച്ച്‌ എഴുതിയിട്ടുണ്ട്‌. പച്ചയും കറുപ്പും പോലുള്ള നിറങ്ങളൊഴികെ വിവിധതരം നിറങ്ങള്‍ ഇന്ന്‌ റോസിലുണ്ട്‌. കൂടുതലായി കാണപ്പെടുന്നത്‌ റോസ്‌, ചുവപ്പ്‌, വെള്ള, മഞ്ഞ നിറങ്ങളാണ്. അടുത്ത കാലത്ത്‌ ജപ്പാന്‍കാര്‍ നീണ്ട പരീക്ഷണങ്ങളിലൂടെ നീല റോസ്‌ വികസിപ്പിച്ചെടുത്തു. പരീക്ഷണഫലമായി മുള്ളുകള്‍ ഇല്ലാത്ത റോസാച്ചെടിയും വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. റോസിന്‌ വിത്തുകളില്ലാത്തതിനാല്‍ തണ്ടുകള്‍ മുറിച്ചുനട്ടാണ്‌ ഇതിന്റെ പുനരുത്ഭവം നടത്തുന്നത്‌.

വിവിധതരം വിറ്റാമിനുകളും ധാതുലവണങ്ങളും റോസില്‍ അടങ്ങിയിട്ടുണ്ട്‌. ഇതൊരു ഔഷധസസ്യം കൂടിയാണ്‌. റോസാപ്പൂവിന്റെ ഇതളുകളിട്ട വെള്ളത്തില്‍ കുളിക്കുന്നത്‌ സൗന്ദരൃസംരക്ഷണത്തിന്‌ വിശേഷപ്പെട്ടതാണെന്നും കരുതുന്നു. പനീനീര്‍ തൈലമുണ്ടാക്കാനും വിവിധതരം പെര്‍ഫ്യൂമുകളുണ്ടാക്കാനും റോസ്‌ ഉപയോഗിക്കുന്നു. ആദ്യകാലത്ത്‌ വിശിഷ്ട വ്യക്തികള്‍ കൈ കഴുകാനായി പനിനീര്‍ ഉപയോഗിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധം വിജയിച്ച അമേരിക്ക, വിജയത്തിന്റെ പ്രതീകമായി റോസ്പൂക്കളുടെ ഒരു തോട്ടം തന്നെ നിർമിച്ചു.

Post a Comment

Previous Post Next Post