ആര്യഭടൻ

ആര്യഭടൻ (Aryabhatta in Malayalam)

ജനനം: എ.ഡി. 476

മരണം: എ.ഡി. 550


ഭാരതീയ ഗണിതശാസ്ത്രജ്ഞരില്‍ ആദ്യം പറയേണ്ട പേരാണ്‌ ആര്യഭടന്റെത്. ലോകമാകെ അറിയപ്പെടുന്ന ഗണിതശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. 'ആര്യഭടിയം' എന്ന പേരില്‍ അദ്ദേഹം രചിച്ച പുസ്തകം ഇന്നും ഗണിത ശാസ്ത്രജ്ഞര്‍ക്ക്‌ അത്ഭുതമാണ്‌. അശ്മകം എന്ന ഗ്രാമത്തില്‍ എ.ഡി.476-ല്‍ ആര്യഭടന്‍ ജനിച്ചുവെന്നാണ്‌ കരുതപ്പെടുന്നത്‌. ഈ സ്ഥലം ഇപ്പോള്‍ ഗുജറാത്തിലാണ്‌. കേരളത്തിലെ കൊടുങ്ങല്ലൂരാണ്‌ അശ്മകം എന്നു കരുതുന്നവരും ഉണ്ട്‌.


കുട്ടിക്കാലത്ത്‌ തന്നെ കണക്കിനോട്‌ ആര്യഭടന്‍ വലിയ താല്പര്യമായിരുന്നു. നാട്ടില്‍നിന്നു കിട്ടിയ ഗണിതശാസ്ത്രസംബന്ധമായ അറിവുകളിൽ ആര്യഭടൻ തൃപ്തനായില്ല. ഗണിതശാസ്ത്രത്തില്‍ കൂടുതൽ അറിവ്‌ നേടാന്‍ പറ്റിയ വിദ്യാലയത്തില്‍ പഠിക്കണമെന്ന്‌ ആര്യഭടന്‍ തീരുമാനിച്ചു. നൂറു കണക്കിന്‌ കിലോമീറ്ററുകള്‍ അകലെയുള്ള കുസുമപുരത്ത്‌ പ്രശസ്തമായ ഒരു ഗണിതവിദ്യാലയമുണ്ടായിരുന്നു. അതിനെക്കുറിച്ചറിഞ്ഞ ആര്യഭടന്‍ ആ സ്ഥലം ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. അറിയാത്ത വഴികളും അറിയാത്ത നാടുകളും പിന്നിട്ട്‌ അദ്ദേഹം കുസുമപുരിയിലെത്തി.


ഇന്ന്‌ ബിഹാറിലുള്ള പറ്റ്നാ നഗരമായിരുന്നു അക്കാലത്ത്‌ കുസുമപുരം എന്നറിയപ്പെട്ടത്‌. ബി.സി. രണ്ടാം നൂറ്റാണ്ടില്‍ ഉമാസ്വാമി എന്നൊരു ജൈനമതപണ്ഡിതനാണ്‌ അവിടെ ഗണിതവിദ്യാലയം സ്ഥാപിച്ചത്‌. താമസിയാതെ ഉത്തരേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗണിതഗവേഷണ കേന്ദ്രമായി അത്‌ വികസിച്ചു. അതിവിദൂര ദേശങ്ങളില്‍ നിന്നുപേലും വിദ്യാര്‍ഥികള്‍ കുസുമപുരം തേടിയെത്തിയിരുന്നു. ആര്യഭടന്‍ കുസുമപുരത്ത്‌ സ്ഥിരതാമസമാക്കി. കിട്ടാവുന്നത്ര അറിവുകള്‍ സമ്പാദിച്ചു. ഗണിതശാസ്ത്രരംഗത്ത്‌ സ്വന്തമായി ചില ഗവേഷണങ്ങളും അദ്ദേഹം നടത്തി. അങ്ങനെ പെട്ടെന്നുതന്നെ ഗണിതശാസ്ത്രത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചു. ഇരുപത്തിമൂന്ന്‌ വയസ്സില്‍ അദ്ദേഹം ഒരു ഗ്രന്ഥം രചിച്ചു. അതാണ്‌ ആര്യഭടീയം, ഭാരതം ഗണിതശാസ്ത്രത്തിനു നല്‍കിയ വിലപ്പെട്ട സംഭാവനയായി മാറി ആ പുസ്തകം.


കൈയെഴുത്തുപ്രതിയായിത്തന്നെ ആര്യഭടീയം ഇന്ത്യയിലെങ്ങും പ്രചരിച്ചു. ഭാരതീയ ഗണിതശാസ്ത്രത്തിന്റെ തുടര്‍ന്നുള്ള വളര്‍ച്ച ആര്യഭടീയത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഗണിത-ജ്യോതിശാസ്ത്രമേഖലകളിലെ ആധികാരിക ഗ്രന്ഥമായി നൂറ്റാണ്ടുകളോളം അത്‌ പരിഗണിക്കപ്പെട്ടു. ആധുനിക കാലത്ത്‌ ഇന്ത്യയിലും വിദേശങ്ങളിലും ഏറെ വ്യാഖ്യാനങ്ങള്‍ ആര്യഭടീയത്തിന്‌ ഉണ്ടായിട്ടുണ്ട്‌. 1876-ല്‍ നെതര്‍ലാന്‍ഡ്സില്‍ നിന്ന്‌ ആര്യഭടീയം അച്ചടിച്ചു പ്രസിദ്ധീകരിച്ചു. അതിന്റെ ഫ്രഞ്ച്‌ പരിഭാഷ 1879-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 


നൂറ്റിയിരുപത്തൊന്ന്‌ ശ്ലോകങ്ങളുള്ള ഗ്രന്ഥമാണ്‌ ആരൃഭടീയം. ഗണിതശാസ്ത്രത്തോടൊപ്പം ജ്യോതിശാസ്‌ത്രത്തെക്കുറിച്ചും അതില്‍ പറഞ്ഞിട്ടുണ്ട്‌. ശ്ലോകങ്ങളെ നാലു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സംഖ്യകളെ അക്ഷരങ്ങള്‍ കൊണ്ട സൂചിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പുതിയ സമ്പ്രദായത്തിന്റെ വിശദീകരണവുമായാണ്‌ ഒരു ഭാഗം ആരംഭിക്കുന്നത്‌. ഗണിതവിദ്യാര്‍ഥികളില്‍ അത്ഭുതവും കൗതുകവും തോന്നിപ്പിക്കുന്നതാണ്‌ ആര്യഭടന്റെ അക്ഷരസംഖ്യകള്‍. ഭിന്നസംഖ്യകൊണ്ടുള്ള ക്രിയകള്‍, ബീജഗണിത സിദ്ധാന്തങ്ങള്‍ തുടങ്ങി ഗണിതശാസ്ത്രത്തിലെ വിവിധവിഭാഗങ്ങളെക്കുറിച്ച്‌ ആര്യഭടീയത്തിന്റെ വേറൊരു ഭാഗത്ത്‌ പറയുന്നു. ദിവസം, മാസം, വര്‍ഷം എന്നീ കാലങ്ങളെ സംബന്ധിച്ച കാര്യങ്ങളാണ്‌ മറ്റൊരു ഭാഗത്ത്‌. വേറൊരു ഭാഗത്ത്‌ സൂര്യന്‍, ഭൂമി, മറ്റ്‌ ഗ്രഹങ്ങള്‍ എന്നിവയെപ്പറ്റിയും വിശദീകരിക്കുന്നു. ഭൂമി സ്വയം ഒരു അച്ചുതണ്ടില്‍ തിരിയുകയാണെന്ന്‌ ആര്യഭടന്‍ സമര്‍ഥിച്ചിട്ടുണ്ട്‌.


ആര്യഭടന്‍ രണ്ടാമതൊരു ഗ്രന്ഥം കൂടി രചിച്ചതായി സൂചനയുണ്ട്‌. “ആര്യഭട സിദ്ധാന്തം” എന്നാണ്‌ അതിന്റെ പേര്‌. ആര്യഭടന്റെ ജീവിതത്തെപ്പറ്റിയോ മറ്റ്‌ രചനകളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. പതിനാറാം നൂറ്റാണ്ടില്‍ ആര്യഭടീയത്തെക്കുറിച്ച്‌ എഴുതിയ കേളല്ലൂര്‍ നീലകണ്ഠസോമയാജി ആര്യഭടന്റെ ജന്മസ്ഥലം കൊടുങ്ങല്ലൂര്‍ ആണെന്ന അഭിപ്രായക്കാരനാണ്‌. ആര്യഭടന്‍ കേരളീയനായിരുന്നു എന്നു കരുതാന്‍ വ്യക്തമായ ചില കാരണങ്ങളുണ്ട്‌. കേരളത്തില്‍ അംഗീകരിച്ചു വരുന്ന ദൃഗ്ഗണിതരീതി ആര്യഭടിയത്തിലെ രീതിയോട്‌ വലിയ സാമ്യമുള്ളതാണ്‌. കലിയുഗം അനുസരിച്ചുള്ള കാലനിര്‍ണയരീതി കേരളീയമാണ്‌. ആര്യഭടനും ആ രീതിയാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. കേരളത്തിലെ ജ്യോതിഷികള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പു മുതലേ ആര്യഭടനെ ആചാര്യനായി കണക്കാക്കുന്നു. കേരളത്തിലെ പണ്ഡിതന്മാ൪ ആര്യഭടന്റെ പരഹിതഗണിതം പരിഷ്കരിച്ചതിനും രേഖകളുണ്ട്‌. ഇന്ത്യ ബഹിരാകാശത്തു വിക്ഷേപിച്ച ആദ്യ ഉപഗ്രഹത്തിന്‌ ആര്യഭടന്റെ സ്മരണയ്ക്കായി 'ആര്യഭട്ട' എന്നാണ്‌ പേരിട്ടത്‌.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ഇന്ത്യൻ ന്യൂട്ടൺ എന്നു വിശേഷിപ്പിക്കപ്പെടുന്നത് - ആര്യഭട്ടൻ


2. ആര്യഭട്ടൻ ജനിച്ച ആർമകം എന്ന സ്ഥലത്തിന്റെ ഇപ്പോഴത്തെ പേര് - കൊടുങ്ങല്ലൂർ


3. സൂര്യസിദ്ധാന്തം എന്ന വാനനിരീക്ഷണ ശാസ്ത്രഗ്രന്ഥം രചിച്ച പ്രാചീന ഇന്ത്യൻ ശാസ്ത്രജ്ഞൻ - ആര്യഭട്ടൻ


4. ദശാംശസമ്പ്രദായം ആദ്യമായി ഉപയോഗിച്ചത് - ആര്യഭട്ടൻ


5. സൂര്യഗ്രഹണം ആദ്യമായി പ്രവചിച്ച ശാസ്ത്രജ്ഞൻ - ആര്യഭട്ടൻ


6. ആര്യഭട്ട ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച രാജ്യം - (മുൻ) സോവിയറ്റ് യൂണിയൻ


7. ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം - ആര്യഭട്ട


8. ഇന്ത്യ ആദ്യ കൃത്യമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച തീയതി - 1975 ഏപ്രിൽ 19


9. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം - ആര്യഭട്ട


10. ആര്യഭട്ടയെ ഭ്രമണപഥത്തിൽ എത്തിച്ച റോക്കറ്റ് - കോസ്മോ 3 എം


11. ഗുപ്തകാലഘട്ടത്തിൽ ജീവിച്ചിരുന്ന ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞൻ - ആര്യഭട്ടൻ


12. ഭൂമിക്ക് ഗോളാകൃതിയാണെന്നും അത് സ്വയം ഭ്രമണം ചെയ്യുന്നുവെന്നും ആദ്യമായി പ്രസ്താവിച്ച ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞൻ - ആര്യഭട്ടൻ

0 Comments