ഇബ്നു ബത്തൂത്ത

ഇബ്നു ബത്തൂത്ത (Ibn Battuta in Malayalam)

ജനനം: 24 ഫെബ്രുവരി 1304

മരണം: 1369


മുഹമ്മദ്-ബിൻ-തുഗ്ലക്കിന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച ഒരു അറബ് സഞ്ചാരിയായിരുന്നു ഇബ്നു ബത്തൂത്ത. 1304 ൽ വടക്കേ ആഫ്രിക്കയിലെ ടാൻജിയറിലാണ് അദ്ദേഹം ജനിച്ചത്. തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ സഞ്ചാരമാരംഭിച്ച ബത്തൂത്ത 1333ൽ ഇന്ത്യയിലെത്തിച്ചേർന്നു. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കൊട്ടാരം സന്ദർശിച്ച അദ്ദേഹം ഡൽഹിയിലെ ഖാസിയായി നിയമിക്കപ്പെട്ടു. എട്ടുവർഷത്തോളം അദ്ദേഹം ആ പദവിയിൽ സേവനമർപ്പിച്ചു. പിന്നീട് ചൈനയിലെ സ്ഥാനപതിയായി അദ്ദേഹം നിയോഗിക്കപ്പെട്ടു. കിത്താബ്-അൽ-റെഹ്‌ല യാണ് അദ്ദേഹത്തിന്റെ പ്രധാന കൃതി. പതിനാലാം നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ചറിയാൻ ഈ യാത്രാവിവരണ ഗ്രന്ഥം ഏറെ സഹായകമാണ്. അക്കാലത്തെ ഭൂമിശാസ്ത്രം, ജനങ്ങളുടെ സാമൂഹിക-സാമ്പത്തികസ്ഥിതി എന്നിവയെപ്പറ്റി ഈ ഗ്രന്ഥം പ്രത്യക്ഷ വിവരങ്ങൾ നൽകുന്നുണ്ട്. 


ഇബ്നു ബത്തൂത്ത ജീവചരിത്രം


മുപ്പത് വർഷത്തോളം മൂന്ന് വൻകരകളിലായി ഒന്നരലക്ഷത്തിലധികം കിലോമീറ്റർ ലോകം ചുറ്റിയ ഒരു സഞ്ചാരിയാണ് ഇബ്നു ബത്തൂത്ത. ഇന്നത്തെപ്പോലെ നല്ല യാത്രാകപ്പലോ വിമാനങ്ങളോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത കാലമായിരുന്നു. യാത്രയ്ക്കിടയിൽ അദ്ദേഹം കണ്ട സിന്ധുതടത്തിലെയും അരാക്കൻ പ്രദേശത്തെയും അത്ഭുതജീവികളെപ്പറ്റിയും പ്രതിപാദിച്ചു. ഇന്ത്യയിൽ 'സതി' സമ്പ്രദായം കണ്ട അദ്ദേഹം മോഹാലസ്യപ്പെട്ട് വീണു. കൊള്ളക്കാരുടെ പിടിയിൽപ്പെട്ട് ആഴ്ചകളോളം ആഹാരം ഇല്ലാതെ അലഞ്ഞു. 1304-ൽ മൊറോക്കോവിലെ ടാൻജീയർ എന്ന നഗരത്തിൽ ഒരു സാധാരണ കുടുംബത്തിലാണ് ഇബ്നു ബത്തൂത്ത ജനിച്ചത്. ഭൂമിശാസ്ത്രം, ചരിത്രം തുടങ്ങിയ വിഷയങ്ങൾ കുട്ടിക്കാലം മുതൽ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. തത്വചിന്തയും നിയമവും പഠിച്ചു. പുറം നാടുകളെക്കുറിച്ച് കേട്ട പല കഥകളും അദ്ദേഹത്തെ ആവേശം കൊള്ളിച്ചു.


20 വയസ്സ് കഴിഞ്ഞപ്പോൾ ഹജ്ജ് തീർത്ഥാടനത്തിനും പുണ്യ സ്ഥലങ്ങൾ സഞ്ചരിക്കുവാനുമായി അദ്ദേഹം ഇറങ്ങിത്തിരിച്ചു. കോൺസ്റ്റാന്റനോപ്പിൾ, ടുണീഷ്യ, അലക്‌സാൻഡ്രിയ, ട്രിപ്പോളി, പാലസ്തീൻ, സിറിയ, ഡമാസ്കസ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. അറേബ്യയിലെ മണലാരണ്യങ്ങളിലും, ഇറാക്ക്, മോസൻ, സിഞ്ചാർ തുടങ്ങിയ രാജ്യങ്ങളിലുമാണ് പര്യടനത്തിന്റെ അടുത്ത ഘട്ടത്തിൽ സഞ്ചരിച്ചത്. ചെന്നെത്തിയ സ്ഥലങ്ങളിലെല്ലാം പണ്ഡിതൻകൂടിയായ അദ്ദേഹത്തിന് രാജകീയമായ സ്വീകരണമാണ് ലഭിച്ചിരുന്നത്. രാജാക്കന്മാർ അദ്ദേഹത്തിന്റെ സഞ്ചാരകഥകൾ ശ്വാസമടക്കി കേട്ടിരുന്നു. മടങ്ങുമ്പോൾ കൈനിറയെ വിലപിടിപ്പുള്ള സമ്മാനങ്ങളും കൊടുക്കുമായിരുന്നു. മാലിദ്വീപിലെത്തിയപ്പോൾ ബത്തൂത്തയുടെ പാണ്ഡിത്യം കണ്ട് അവിടെ അദ്ദേഹത്തെ ജഡ്ജിയായി നിയമിച്ചു. ദില്ലിയിലെ സുൽത്താൻ അദ്ദേഹത്തെ ചൈനയിലെ അംബാസഡർ ആയി നിയമിച്ചു. അന്നത്തെ ഭാരതത്തെക്കുറിച്ച് പഠിക്കുവാൻ ബത്തൂത്തയുടെ സഞ്ചാര വിവരങ്ങൾ ഉപകാരപ്പെടും. കേരളത്തിലും അദ്ദേഹം പല പ്രാവശ്യം വന്നിട്ടുണ്ട്. കേരളത്തിലെ ജീവിതരീതി, പ്രകൃതി, കൃഷി, ദാനശീലം തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം ധാരാളം എഴുതിയിട്ടുണ്ട്.


ഇരുപത് വയസ്സ് കഴിഞ്ഞപ്പോൾ ലോകം കാണുവാൻ ഇറങ്ങിത്തിരിച്ച ബത്തൂത്ത സ്വന്തം നാട്ടിൽ തിരിച്ചെത്തിയപ്പോൾ പ്രായം 50 വയസ്സായിരുന്നു. മൊറോക്കോയിലെ സുൽത്താൻ ബത്തൂത്തയുടെ സഞ്ചാരകഥകൾ എഴുതുവാൻ ഒരു ആളിനെ നിയമിച്ചു. ബത്തൂത്തയ്ക്ക് വലിയ ബഹുമതികളും സമ്മാനങ്ങളും നൽകി. മിക്കവാറും എല്ലാ മുസ്ലിം രാജ്യങ്ങളും സന്ദർശിച്ച ബത്തൂത്തയുടെ വിവരങ്ങൾ ഓരോ രാജ്യത്തെയും സാംസ്കാരികവും സാമൂഹ്യവുമായ ജീവിതത്തെപ്പറ്റി വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട്. ഇബ്നു ബത്തൂത്ത രചിച്ച ഗ്രന്ഥം - കിത്താബ്-അൽ-റെഹ്‌ല

0 Comments