പാകിസ്ഥാൻ പ്രമേയം

പാകിസ്ഥാൻ പ്രമേയം (Pakistan Resolution)

പാകിസ്ഥാൻ വാദത്തിന് ക്രമേണ ഔപചാരികമായ അംഗീകാരം കൈവന്നു. 1940 മാർച്ച് 23 ന് ലാഹോറിൽ ചേർന്ന ലീഗ് സമ്മേളനം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾക്ക് സ്വയംഭരണം ആവശ്യപ്പെട്ടുകൊണ്ട് ഒരു പ്രമേയം പാസ്സാക്കി. വിഭജനമോ, പാകിസ്ഥാൻ എന്ന പദമോ ഈ പ്രമേയത്തിൽ സൂചിപ്പിച്ചിരുന്നില്ല. ഈ പ്രമേയം തയ്യാറാക്കിയത് സിക്കന്തർ ഹയത് ഖാനാണ്. അദ്ദേഹം പഞ്ചാബിലെ പ്രധാനമന്ത്രിയും യൂണിയണിസ്റ്റ് പാർട്ടിയുടെ നേതാവുമായിരുന്നു. 1941 മാർച്ച് 1 ന് നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം "ഒരു മുസ്ലിം രാജ് ഇവിടേയും ഒരു ഹിന്ദു രാജ് അവിടെയുമായുള്ള" ഒരു പാകിസ്ഥാന് താൻ എതിരാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. പഞ്ചാബിൽ കലർപ്പില്ലാത്ത ഒരു മുസ്ലിം രാജ്യമാണ് പാക്കിസ്ഥാൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നതെങ്കിൽ അതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. ഘടകങ്ങൾക്ക് സ്വയം ഭരണാധികാരമുള്ള ഏകികൃതമായൊരു കോൺഫെഡറേഷനാണ് താൻ ആഗ്രഹിക്കുന്നതെന്നും സിക്കന്തർ ഹയത്‌ഖാൻ ആവർത്തിച്ചു പ്രഖ്യാപിച്ചു. എങ്കിലും അദ്ദേഹം അവതരിപ്പിച്ച പ്രമേയം പാക്കിസ്ഥാൻ പ്രമേയം എന്ന പേരിൽ അറിയപ്പെട്ടു.

പാക്കിസ്ഥാൻ വാദത്തിന്റെ ഉത്ഭവം ഉറുദുകവിയായ മുഹമ്മദ് ഇക്‌ബാലിൽ നമുക്ക് കാണാൻ കഴിയും (സാരെ ജഹാം സെ അച്ഛാ, ഹിന്ദുസ്ഥാൻ ഹമാര എന്ന വരികളുടെ കർത്താവ്). 1930 ൽ അദ്ദേഹം മുസ്ലിം ലീഗിന്റെ പ്രസിഡന്റായിരുന്നു. അലഹബാദിൽ കൂടിയ മുസ്ലിം ലീഗ് സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തവെ മുസ്ലിങ്ങൾക്ക് ഒരു പ്രത്യേക രാഷ്ട്രം വേണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. ഒരു 'വടക്കു പടിഞ്ഞാറൻ ഇന്ത്യൻ മുസ്ലിം രാഷ്ട്രം' വേണമെന്ന ആവശ്യമാണ് അദ്ദേഹം ഉന്നയിച്ചത്. എന്നാൽ ഇക്‌ബാൽ തന്റെ പ്രസംഗത്തിൽ പുതിയൊരു രാഷ്ട്രത്തിന്റെ രൂപീകരണത്തെ വിഭാവനം ചെയ്തിരുന്നില്ല. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളുടെ പുനഃസംഘടനയാണ് അദ്ദേഹം മനസ്സിൽ കണ്ടിരുന്നത്. ഒരു ഏകീകൃത ഇന്ത്യൻ ഫെഡറേഷനു കീഴിലുള്ള ഒരു സ്വയം ഭരണാധികാര യൂണിറ്റാണ് അദ്ദേഹം ആഗ്രഹിച്ചത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. പാകിസ്ഥാൻ എന്ന വാക്കിന്റെ ഉപജ്ഞാതാവ് - ചൗധരി റഹ്മത്ത് അലി (Now or Never; Are We to Live or Perish Forever? എന്ന ലഖു ലേഖനത്തിലാണ് പരാമർശം)

2. ദ്വിരാഷ്ട്ര സിദ്ധാന്തനത്തിന്റെ ഉപജ്ഞാതാവ് - മുഹമ്മദലി ജിന്ന 

3. മുസ്ലിം ലീഗ് പാക്കിസ്ഥാൻ പ്രമേയം പാസ്സാക്കിയത് - 1940 മാർച്ച് 23 (ലാഹോറിൽ)

4. പാകിസ്താന്റെ റിപ്പബ്ലിക് ദിനം - മാർച്ച് 23 (ലാഹോർ പ്രഖ്യാപനത്തിന്റെ സ്മരണാർത്ഥം)

5. ഏതിന്റെ സ്മാരകമാണ് ലാഹോറിലെ മിനാർ - ഇ - ഷെരിഫ് - പാക്കിസ്ഥാൻ പ്രമേയം

6. 60 മീ ഉയരമുള്ള മിനാർ - ഇ - ഷെരിഫ് എന്ന സ്തൂപം സ്ഥിതിചെയ്യുന്നതെവിടെ - ഇക്ബാൽ പാർക്ക് (ലാഹോർ)

7. മുസ്ലിങ്ങൾക്ക് പ്രത്യേക പ്രവിശ്യ എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് - മുഹമ്മദ് ഇക്‌ബാൽ 

8. സാരെ ജഹാം സെ അച്ഛാ, ഹിന്ദുസ്ഥാൻ ഹമാര എന്ന ദേശഭക്തിഗാനം രചിച്ചത് - മുഹമ്മദ് ഇക്‌ബാൽ

Post a Comment

Previous Post Next Post