കരിമ്പ് ഗവേഷണ കേന്ദ്രം

കേരളത്തിലെ കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ - തിരുവല്ല  (പത്തനംതിട്ട) & മേനോൻപാറ (പാലക്കാട്)

പുല്ലു വർഗത്തിൽ പെടുന്ന ഒരു വിള സസ്യമാണ് കരിമ്പ്. ശാസ്ത്രനാമം: സക്കാരം ഓഫിസിനാരം. പഞ്ചസാരയുടെ പ്രധാന ഉറവിടമാണ് കരിമ്പ്. മധുരമുള്ള പ്രസിദ്ധ നാണ്യവിള. വേദങ്ങളിൽ കരിമ്പിനെക്കുറിച്ച് പറയുന്നുണ്ട്. രാമായണത്തിലും കരിമ്പിനെക്കുറിച്ച് പരാമർശമുണ്ട്. കാമദേവന്റെ വില്ല് നീലക്കരിമ്പിന്റെ തണ്ടുകൊണ്ടായിരുന്നു എന്നാണ് പുരാണസങ്കല്പം. 


അലക്സാണ്ടര്‍ ബി സി 325-ല്‍ ഇന്ത്യയില്‍നിന്നും പശ്ചിമേഷ്യയിലേക്കു കരിമ്പ്‌ കൊണ്ടുപോയിരുന്നു. ഗംഗാനദീതട നിവാസികളാണ്‌ കരിമ്പിന്‍നീര് കുറുക്കി ഒരിനം പഞ്ചസാരയുണ്ടാക്കുന്ന രീതി കണ്ടെത്തിയത്. അത്‌ ചൈനക്കാര്‍ മനസ്സിലാക്കുകയും അവരത്‌ പരിഷ്കരിച്ച്‌ വിപുലീകരിക്കുകയും ചെയ്തു. ഒന്‍പത്‌, പത്ത്‌ നൂറ്റാണ്ടുകളില്‍ ഈജിപ്റ്റില്‍ വാണിജ്യാടിസ്ഥാനത്തില്‍ പഞ്ചസാര നിര്‍മാണം ആരംഭിച്ചെങ്കിലും അത്‌ തുച്ഛമായിരുന്നു. ഷുഗര്‍ എന്ന ഇംഗ്ലീഷ് പദം ശര്‍ക്കര എന്ന സംസ്കൃതപദത്തിൽ നിന്നും രൂപപ്പെട്ടതാണെന്ന്‌ അഭിപ്രായമുണ്ട്‌.


ഇന്ത്യ, ബര്‍മ, ബ്രസീല്‍, അര്‍ജന്‍റീന, ക്യൂബ, മെക്‌സിക്കോ, പാക്കിസ്ഥാന്‍, ചൈന, യു എസ്‌, ഫിലിപ്പീന്‍സ്‌, ഫിജി, ഓസ്‌ട്രേലിയ തുടങ്ങിയവയാണ്‌ കരിമ്പുകൃഷി നടക്കുന്ന പ്രധാനരാജ്യങ്ങള്‍. ഇന്ത്യയില്‍ കരിമ്പുകൃഷി ചെയ്യുന്ന സംസ്ഥാനളില്‍ ഒന്നാം സ്ഥാനം ഉത്തര്‍പ്രദേശിനാണ്‌. എന്നാല്‍, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, പഞ്ചാബ്‌, തമിഴ്നാട്‌, കര്‍ണാടക, ഒറീസ എന്നിവിടങ്ങളിലും മികച്ച രീതിയില്‍ കരിമ്പു കൃഷിനടക്കുന്നുണ്ട്‌ കരിമ്പുഗവേഷണത്തിനു തുടക്കം കുറിച്ച്‌ 1902-ല്‍ ആന്ധ്രയിലെ സമല്‍കോട്ടയില്‍ കരിമ്പുഗവേഷണ കേന്ദ്രം സ്ഥാപിച്ചു. രോഗപ്രതിരോധശക്തിയുള്ള ഇനങ്ങള്‍ കണ്ടുപിടിക്കുകയെന്നതാണ്‌ ഇതിന്റെ ലക്ഷ്യം.


കേരളത്തിലും കരിമ്പു കൃഷി ചെയ്യുന്നുണ്ട്. സങ്കരയിനമാണ്‌ ഇന്ന്‌ മുഖ്യമായും കൃഷിക്കുവേണ്ടി ഉപയോഗിക്കുന്നത്‌. കരിമ്പിന്റെ വിത്ത്‌ മൂപ്പെത്താത്ത കരിമ്പിന്‍തണ്ടിന്റെ കഷ്ണങ്ങളാണ്‌. 10-15 മാസം വേണം കരിമ്പ്‌ വിളഞ്ഞ്‌ പാകമാകാന്‍. ചുവടറ്റത്തെ ഇലകള്‍ ഉണങ്ങുമ്പോള്‍ കരിമ്പ്‌ പാകമായി എന്ന്‌ കരുതാം. കരിമ്പിന്‍ തണ്ടുകള്‍ക്ക്‌ ഇളംപച്ച, കടുംപച്ച, ചുവപ്പ്‌, വയലറ്റ്‌, തവിട്ടു കലര്‍ന്ന ചുവപ്പ്‌ എന്നീ നിറങ്ങളുണ്ട്‌. പൂക്കള്‍ക്കു വെള്ളനിറമാണ്‌. വളരെ അപൂര്‍വമായി മാത്രമേ കരിമ്പില്‍ വിത്തുകളുണ്ടാകുകയുള്ളൂ. മൂപ്പെത്തിയ വിത്തുകള്‍ക്കു മഞ്ഞ നിറമാണ്‌. കരിമ്പില്‍ പഞ്ചസാര, കാല്‍സ്യം ഓക്സലേറ്റ്‌, സ്റ്റാര്‍ച്ച്‌, സെല്ലുലോസ്‌ എന്നിവ അടങ്ങിയിരിക്കുന്നു. ഒപ്പം, അമ്ല ഘടകങ്ങളുമുണ്ട്‌. കരിമ്പിന്‍നീരില്‍ നിന്നും പഞ്ചസാര, ശര്‍ക്കര എന്നിവ ഉല്‍പാദിപ്പിക്കാം. ഇന്ത്യയില്‍ പഞ്ചസാര ഉല്‍പാദിപ്പിക്കാന്‍ വേണ്ടതിനെക്കാള്‍ കൂടുതലായി ശര്‍ക്കരയുണ്ടാക്കാന്‍ വേണ്ടി കരിമ്പ്‌ പ്രയോജനപ്പെടുത്തുന്നുണ്ട്‌.


കരിമ്പിന്‌ ഔഷധഗുണമുണ്ട്‌. ചരക സൂക്തത്തിലും സുശ്രുതസൂത്രത്തിലും കരിമ്പിന്റെ ഔഷധമൂല്യത്തെക്കുറിച്ച്‌ പറയുന്നുണ്ട്‌. അഷ്ടാംഗഹൃദയത്തിലും കരിമ്പിനെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌. ലോകത്തിലെ ഏറ്റവും പ്രയോജനപ്രദമായ വിളസസ്യങ്ങളിലൊന്നായി കരിമ്പിനെ കണക്കാക്കുന്നു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം ഏത് - കരിമ്പ്


2. കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉല്പാദിപ്പിക്കുന്ന ജില്ല - പാലക്കാട്


3. ഏറ്റവും കൂടുതൽ കരിമ്പ് ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ  സംസ്ഥാനം - ഉത്തർ പ്രദേശ്


4. ഏറ്റവും കൂടുതൽ കരിമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം - ബ്രസീൽ 


5. കരിമ്പിന് ജ്യൂസ് ദേശിയ പാനീയമായ രാജ്യം - പാകിസ്താൻ


6. കരിമ്പിന്റെ ജന്മനാട്/ജന്മദേശം - ഇന്ത്യ


7. കരിമ്പിന്റെ ശാസ്ത്രീയ നാമം - സക്കാരം ഓഫിസിനാരം


8. അത്യുൽപാദനശേഷിയുള്ള കരിമ്പിൻ വിത്തിനങ്ങൾ - മാധുരി, തിരുമധുരം, മധുരിമ, മധുമതി


9. പൊയ്കാൽ വേരുകളുള്ള സസ്യങ്ങൾക്കുദാഹരണം - കരിമ്പ്, കൈത


10. തായ്‌ത്തടിയിൽ ആഹാരം സംഭരിച്ചു വയ്ക്കുന്ന ഒരു സസ്യം - കരിമ്പ്


11. ഫലങ്ങളോ വിത്തുകളോ ഉത്പാദിപ്പിക്കാത്ത കാർഷിക വിള - കരിമ്പ്

0 Comments