അമര പയർ

അമര പയർ (Snow Peas in English)

ഭാരതത്തിലും കേരളത്തിലും കണ്ടുവരുന്ന ഒരു വള്ളിച്ചെടിയാണ് അമര. പോഷകങ്ങൾ നിറഞ്ഞ മികച്ച ഒരു ഭക്ഷ്യവസ്തു കൂടിയാണിത്. പയറുവർഗത്തിലുള്ള ഈ ചെടിയുടെ ജന്മനാട് ഇന്ത്യയാണെന്നും, അതല്ല, ആഫ്രിക്കയാണെന്നും അഭിപ്രായമുണ്ട്. എല്ലാത്തരം മണ്ണിലും വളരുന്ന അമര വാർഷിക വിളയായിട്ടാണ് കരുതുന്നത്. വള്ളിയായി പടരുന്ന അമരയുടെ തണ്ട് ഉരുണ്ടതും ഇലകൾ മൂന്നെണ്ണം വീതമുള്ളതുമാണ്. 


അമരയുടെ പൂക്കളുടെ നിറം വെള്ളയോ, ഇളം മഞ്ഞയോ ആണ്. ഇവയിൽ സ്വയംപരാഗണമാണ് നടക്കുന്നത്. പരന്ന കായ്കൾക്ക് ആറു മുതൽ പത്തു സെന്റിമീറ്റർ വരെ നീളമുണ്ടാകും. കായ്ക്കകത്ത് നാലു മുതൽ ആറു വരെ വിത്തുകളുമുണ്ടാകും. കായുടെ പാർശ്വഭാഗങ്ങളിലുള്ള നിരവധി ഗ്രന്ഥികളിൽ നിന്നും ഒരുതരം എണ്ണ ഊറിവരാറുണ്ട്.


നല്ല വളക്കൂറുള്ള മണ്ണിൽ നന്നായി കൃഷി ചെയ്യാൻ കഴിയുന്ന ഒരു വിളസസ്യമാണ് അമര. ഇതിന്റെ ഇലയും മറ്റും നല്ല കാലിത്തീറ്റയായി ഉപയോഗിക്കാം. ഔഷധഗുണമുള്ള അമരയുടെ ഫലം മരുന്നുകളുണ്ടാക്കാനായി ഉപയോഗിക്കാറുണ്ട്. ആയുർവേദത്തിലും ഇത് ഉപയോഗിക്കുന്നു. അമരയിൽ ധാരാളം മാംസ്യം അടങ്ങിയിട്ടുണ്ട്. അമരപ്പരിപ്പിൽ അന്നജം, കൊഴുപ്പ്, ധാതുക്കൾ, നാരുകൾ, ജലം, അൽബുമിനോയ്ഡുകൾ എന്നിവയുമുണ്ട്. അമരയുടെ വേരുകളിലും ധാരാളം അന്നജം അടങ്ങിയിരിക്കുന്നു.

0 Comments