കടല

കടല (Chickpea in English)

പയർ വർഗത്തിൽപ്പെട്ട കടല അഥവാ 'ബംഗാൾ ഗ്രാം' ഇന്ത്യയിലെ സുപരിചിതമായ വിളസസ്യങ്ങളിലൊന്നാണ്. ആഫ്രിക്കയാണ് ഇതിന്റെ ജന്മദേശം എന്ന് കരുതുന്നു. അതല്ല, തുർക്കിയാണെന്ന ഒരഭിപ്രായവും നിലവിലുണ്ട്. നവധാന്യങ്ങളിൽ ഒന്നായ കടല പ്രാചീനകാലം മുതൽക്കേ ഏഷ്യയിലും യൂറോപ്പിലും കൃഷി ചെയ്തിരുന്നു. ഇന്ത്യയിൽ കടല കൃഷി ആരംഭിച്ചത് ബംഗാളിലാണെന്ന് പറയപ്പെടുന്നു. അതിനാലാകാം ഇതിന് 'ബംഗാൾ ഗ്രാം' എന്ന പേര് കിട്ടിയത്. ഇന്ന് ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന കടലയുടെ ഏറിയ പങ്കും കൃഷിചെയ്യുന്നത് ഉത്തരേന്ത്യയിലാണ്. ഇതൊരു ഉഷ്ണമേഖലാ വിളയാണ്. കടുത്ത തണുപ്പ് ഇവയ്ക്ക് ഒട്ടും പിടിക്കില്ല. കുറ്റിച്ചെടിയായി വളരുന്ന കടലയ്ക്ക് ധാരാളം ശാഖകളുണ്ടാകും. ഇപ്പോൾ അത്യുത്പാദനശേഷിയുള്ള കടലവിത്തുകളും ലഭ്യമാണ്.


മഴകുറഞ്ഞ മേഖലയാണ് കടലക്കൃഷിക്ക് ഏറ്റവും ഉത്തമം. വിത്തുകൾ മുളച്ചുവരുമ്പോഴോ, പൂക്കുമ്പോഴോ, കായ്ക്കുമ്പോഴോ മഴയുണ്ടാകുന്നത് വിളയെ പ്രതികൂലമായി ബാധിക്കാറുണ്ട്. പ്രോട്ടീൻ സമൃദ്ധമായ കടല പലവിധത്തിൽ പാകം ചെയ്തു കഴിക്കാറുണ്ട്. കടലച്ചെടി നല്ലൊരു കാലിത്തീറ്റയാണ്. ഇലയിലും കായിലും ഓക്‌സാലിക്-മാലിക് അമ്ലങ്ങൾ അടങ്ങിയിട്ടുണ്ട്. കടലയിൽ പ്രോട്ടീൻ, സിങ്ക്, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, പലതരം വിറ്റാമിനുകൾ, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, സോഡിയം, തയാമിൻ, നിയാസിൻ, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇന്ത്യയിലും പാകിസ്താനിലുമാണ് കടല ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. പാകമാകാത്ത കടല പുറന്തോടോടുകൂടി ഉപയോഗിക്കാവുന്നതാണ്. ഔഷധഗുണമുള്ളതാണ് കടലച്ചെടികൾ, അഷ്ടാംഗഹൃദയത്തിൽ ഈ സസ്യത്തെക്കുറിച്ച് പരാമർശമുണ്ട്. ഛർദ്ദി, അതിസാരം എന്നിവയ്ക്കുള്ള ഔഷധമായും ഇത് ഉപയോഗിക്കാറുണ്ട്.

0 Comments