എള്ള്

എള്ള് (Sesame Seeds in Malayalam)

അതിപുരാതന കാലം മുതല്‍ കൃഷി ചെയ്തു വരുന്ന എണ്ണക്കുരു ആണ്‌ എള്ള്. വിവിധ സംസ്കാരങ്ങള്‍ എള്ളിന്‌ പവിത്രമായ ഒരു സ്ഥാനമാണ്‌ നല്കിയിരിക്കുന്നത്‌. കീര്‍ത്തികേട്ട ഔഷധം കൂടിയാണ്‌ എള്ള്‌. ആയൂര്‍വേദാചാര്യന്മാരുടെ അഭിപ്രായത്തില്‍ എണ്ണകളില്‍ വച്ച്‌ ശ്രേഷ്ഠമായ എണ്ണയാണ്‌ എള്ളെണ്ണ. എള്ള് ചെടിയുടെ ജന്മദേശം ആഫ്രിക്കയാണെന്നാണ്‌ നിഗമനം. പുരാതനകാലത്തുതന്നെ പേര്‍ഷ്യ വഴി ഈ സസ്യം ഭാരതത്തിലെത്തിയെന്ന്‌ പറയപ്പെടുന്നു. അതിനു ശേഷമാണെത്രെ എള്ള്‌ മറ്റു രാജ്യങ്ങളില്‍ എത്തിയത്‌. എന്നാല്‍ ഇന്ത്യയാണ്‌ എള്ളിന്റെ ജന്മനാട്‌ എന്ന വാദവുമുണ്ട്‌. ബി സി 2250-നും 1750-നും ഇടയ്ക്കു ഹാരപ്പയില്‍ എള്ള്‌ കൃഷി ചെയ്തിരുന്നതായി തെളിവുണ്ട്‌. ഇക്കാലത്തുതന്നെ ഇന്നത്തെ പാക്കിസ്ഥാനിലെ മിറി ഖലാത്‌, സാഹിതുംപ്‌ എന്നിവിടങ്ങളിലും എള്ള് കൃഷി ചെയ്തിരുന്നു. 

ലോകത്ത്‌ ഇന്ത്യയും ചൈനയുമാണ്‌ മികച്ച എള്ള്‌ കൃഷിക്കാര്‍. ബര്‍മ, ജപ്പാന്‍, റഷ്യ, മെക്സിക്കോ, ഈജിപ്ത്‌, തായ്‌ലൻഡ്, ബ്രസീല്‍, അര്‍ജന്‍റീന, സുഡാന്‍, നൈജീരീയ, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലും എള്ള്‌ കൃഷി ചെയ്യുന്നുണ്ട്‌. കേരളത്തില്‍ എള്ള്‌ കൃഷി ചെയ്യുന്നുണ്ട്‌. പാലക്കാട്‌, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ്‌ മികച്ച കൃഷി നടക്കുന്നത്‌. വെള്ളക്കെട്ടില്ലാത്ത നെല്‍പ്പാടങ്ങളിൽ എള്ള്‌ നന്നായി കൃഷി ചെയ്യാവുന്നതാണ്‌. 1-2 മീറ്റര്‍ വരെ ഉയരത്തില്‍ വളരും. എള്ളുചെടിയില്‍ രോമങ്ങള്‍ നിറഞ്ഞിരിക്കും. നരച്ച പച്ച നിറമാണ്‌ ഇലകള്‍ക്ക്‌. അടിഭാഗത്തുള്ള ഇലകള്‍ നേരത്തേ പൊഴിഞ്ഞുപോകും. പൂക്കള്‍ക്ക്‌ നരച്ച വെള്ള നിറമാണ്‌. കായയ്ക്ക്‌ ഏകദേശം രണ്ടര സെ മീ നീളമുണ്ടാകും. കായ്ക്കുള്ളില്‍ ധാരാളം വിത്തുകളുണ്ടാവും. ഇനമനുസരിച്ച്‌ വിത്തിന്‌ വെളുപ്പ്‌, ചുവപ്പ്‌, തവിട്ട്‌, കറുപ്പ്‌ എന്നീ നിറങ്ങളുണ്ട്‌.

വെളുത്ത വിത്തില്‍ നിന്നാണ്‌ ഏറ്റവും മികച്ച എണ്ണ ലഭിക്കുന്നത്‌. എള്ളിന്റെ വിത്തില്‍ ഏതാണ്ട്‌ 46-60 ശതമാനം എണ്ണയും 22 ശതമാനം പ്രോട്ടീനും അടങ്ങിയിരിക്കുന്നു. എള്ളില്‍ പലതരം വിറ്റാമിനുകള്‍, മാംഗനീസ്‌, കോപ്പര്‍, കാല്‍സ്യം, ഇരുമ്പ്‌ എന്നിവയുമുണ്ട്‌. എണ്ണ ഗാർഹികാവശ്യത്തിനും വ്യാവസായിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്‌. ഭക്ഷ്യാവശ്യങ്ങള്‍ക്കുവേണ്ടിയാണ്‌ എള്ള്‌ കൂടുതലായി ഉപയോഗിക്കുന്നത്‌. എള്ളും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന ഭക്ഷണം സ്വാദിഷ്ഠമാണ്‌. എള്ള്‌ മികച്ചൊരു ഔഷധസസ്യംകൂടിയാണ്‌. ഇതിന്റെ വിത്ത്‌, എണ്ണ, ഇല, തണ്ട്‌ എന്നിവ ഔഷധമായി ആയുര്‍വേദം ഉപയോഗിക്കുന്നുണ്ട്‌. വാതം, കഫം, പിത്തം എന്നിവ ശമിപ്പിക്കാനും, ബുദ്ധിയുടെ ഉണര്‍വിനും ഇത്‌ പ്രയോജനപ്പെടുത്തുന്നു. പ്രോട്ടീന്‍ സമൃദ്ധമായ എള്ളിന്‍പിണ്ണാക്ക്‌ മികച്ച കാലിത്തീറ്റ കൂടിയാണ്‌. “എള്ളു തിന്നാല്‍ എള്ളോളം പശി തീരും", “എള്ളു ചോരുന്നതേ കാണൂ, എണ്ണ ചോരുന്നത്‌ കാണില്ല" എന്നീ പഴഞ്ചൊല്ലുകള്‍ നമ്മുടെ ഭാഷയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്‌.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. എള്ള് ശാസ്ത്രീയ നാമം - സെസാമം ഇന്‍ഡിക്കം

2. അത്യുൽപാദനശേഷിയുള്ള എള്ള് വിത്തിനങ്ങൾ - തിലോത്തമ, സോമ, തിലക്, സൂര്യ, കായംകുളം - 1, തിലതാര

Post a Comment

Previous Post Next Post