എണ്ണപ്പന

എണ്ണപ്പന (Oil Palm in Malayalam Meaning)

പുരാതനമായ വിളസസ്യങ്ങളിലൊന്നാണ് എണ്ണപ്പന. പണ്ട് ഈജിപ്തിൽ ഇതിന്റെ കായിൽ നിന്നും എണ്ണ എടുത്തിരുന്നത്രെ. തെങ്ങിനോട് സാദൃശ്യമുള്ള വൃക്ഷമാണിത്‌. ഇതിന്റെ സ്വദേശം പശ്ചിമ ആഫ്രിക്കയാണെന്ന് കരുതുന്നു. ആഫ്രിക്കയിലെ ലൈബീരിയ, സാംബിയ മുതൽ അംഗോള വരെയുള്ള പ്രദേശങ്ങളിലാണ് എണ്ണപ്പന ആദ്യം കാണപ്പെട്ടത്‌ എന്ന്‌ ശാസ്ത്രലോകം പറയുന്നു. പക്ഷേ, തെക്കേ അമേരിക്ക ആണെന്ന്‌ പറയുന്നവരുമുണ്ട്‌. അടിമ വ്യാപാരസമയത്ത്‌ പസഫിക്ക്‌ സമുദ്രത്തിലെ പല ദ്വീപുകളിലും എണ്ണപ്പന എത്തിയതായി കരുതുന്നു. അവിടെ നിന്ന്‌ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഈ വിളസസ്യം എത്തി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ എണ്ണപ്പന കൃഷി ചെയുന്നുണ്ട്‌. ഇന്ത്യയില്‍ ഈ വിളയുടെ സാധ്യതയെപ്പറ്റി പഠിക്കാന്‍ കാര്‍ഷികാടിസ്ഥാനത്തില്‍ ഒരു പരീക്ഷണം നടത്തിയത്‌ കേരളത്തിലെ തൊടുപുഴയിലാണ്‌. ഇന്ന്‌ കേരളത്തിലും ഇത്‌ മികച്ച രീതിയില്‍ കൃഷി ചെയുന്നുണ്ട്‌. കുളത്തുപ്പുഴയിലും കൊടുമണ്ണിലുമാണ്‌ എണ്ണപ്പനത്തോട്ടങ്ങള്‍ വിപുലമായുള്ളത്‌. 


എണ്ണപ്പന 15-20 മീ. ഉയരത്തില്‍ വളരാറുണ്ട്‌. തെങ്ങോല പോലെയാണ്‌ എണ്ണപ്പനയുടെ ഓലകളും കാണപ്പെടുന്നത്‌. ഇതിന്‌ രണ്ടുമുതല്‍ അഞ്ചുവരെ മീ.നീളമുണ്ട്‌. പ്രായമായ ഒരു പനയില്‍ 1000ത്തിലധികം ഫലങ്ങളുണ്ടാവും. ഇതിന്‌ അടയ്ക്കയുടെ ആകൃതിയും വലുപ്പവുമായിരിക്കും. ഓല പൊഴിഞ്ഞു പോകുന്നതിന്റെ അടയാളം പനയില്‍ ഉണ്ടാവും. കായുടെ പുറത്തെ ചകിരിയില്‍ നിന്നും പനയെണ്ണയും ഉള്ളിലെ പരിപ്പില്‍ നിന്ന്‌ എടുക്കുന്നത്‌ പരിപ്പെണ്ണയുമാണ്‌. പരിപ്പെണ്ണ ഔഷധഗുണമുളളതാണെന്ന്‌ അടുത്തകാലത്ത്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇതില്‍ വിറ്റാമിന്‍ എ , ഡി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. പനയെണ്ണയില്‍ കാന്‍സര്‍ രോഗത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ചില അംശങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. വെളിച്ചെണ്ണയോട്‌ സാമ്യമുള്ളതാണ്‌ പരിപ്പെണ്ണ. ഭക്ഷ്യപദാര്‍ഥമായി ഉപയോഗിക്കുന്നതിനു പുറമേ, ചോക്കലേറ്റ്‌, മെഴുകുതിരി, സോപ്പ്‌ എന്നിവയുടെ നിര്‍മാണത്തിനുവേണ്ടിയും മറ്റു പല വ്യാവസായിക ആവശ്യങ്ങള്‍ക്കും ഈ എണ്ണ ഉപയോഗിക്കുന്നു. 


എണ്ണപ്പനയുടെ വംശവര്‍ധനവ്‌ നടക്കുന്നത്‌ കാറ്റിലൂടെയാണ്‌. പരാഗണത്തിനുശേഷം 6-9 മാസത്തിനകം ഫലംപാകമാകുന്നു. മൂത്തഫലത്തിന്‌ കറുത്തനിറമാണ്. അടിഭാഗം ചുവന്നിരിക്കും. മൂത്ത കുലകള്‍ വെട്ടിയെടുക്കുന്നത്‌ താഴെയുള്ള ഓലമടല്‍ വെട്ടിമാറ്റിയിട്ടാണ്‌. ഒരു കുലയ്ക്ക്‌ ശരാശരി 35 കിലോ ഭാരമുണ്ടാവും. പാകമായ പനങ്കുലയുടെ തൂക്കത്തിന്‌ 20 ശതമാനം പനയെണ്ണയുണ്ടാവും. മലേഷ്യയിലാണ്‌ ഇത്‌ കൂടൂതലായി കൃഷിചെയ്യുന്നത്‌. അവിടെ 25,000 ച കി മീ പ്രദേശത്ത്‌ എണ്ണപ്പന കൃഷി നടക്കുന്നുണ്ട്‌. ലോകത്തിലെ ആകെ ഉലല്‍പാദനത്തിന്റെ 51 ശതമാനമാണിത്‌.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം ഏതാണ് - എണ്ണപ്പന


2. എണ്ണപ്പനയുടെ ശാസ്ത്രീയ നാമം - ഏലീസ്‌ ഗിനിയെന്‍സിസ്‌


3. എണ്ണപ്പനയുടെ ജന്മദേശം - പശ്ചിമ ആഫ്രിക്ക

0 Comments