ഇഞ്ചി ഗവേഷണ കേന്ദ്രം

കേരളത്തിലെ ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ - അമ്പലവയൽ (വയനാട്)

ലോകമെമ്പാടുമുള്ള ഭക്ഷണവിഭവങ്ങളിലെ മുഖ്യ ചേരുവകളിലൊന്നാണ്‌ ഇഞ്ചി. നിരവധി ഔഷധഗുണങ്ങളുള്ള ഒരു വിളസസ്യമാണിത്‌. ശാസ്ത്രനാമം - സിഞ്ചിബെര്‍ ഒഫിസിനേല്‍ (Zingiber officinale). പ്രാചീനകാലം മുതൽ നാം ഉപയോഗിക്കുന്ന ഇഞ്ചിയുടെ ജന്മദേശം ഏതാണെന്ന് വ്യക്തമല്ല. എങ്കിലും, ദക്ഷിണേന്ത്യയാണ് ഇഞ്ചിയുടെ ജന്മദേശം എന്നൊരു അഭിപ്രായം പൊതുവേയുണ്ട്.


ഏഷ്യയാണ്‌ ഇഞ്ചി ഉല്‍പാദിപ്പിക്കുന്ന മുഖ്യ ഭൂഖണ്ഡം. ഏഷ്യ കൂടാതെ അമേരിക്ക, കരീബിയന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും കണ്ടുവരുന്നുണ്ട്‌. ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന ഇഞ്ചിയുടെ പകുതിയിലേറെയും കൃഷി ചെയ്യുന്നത്‌ കേരളത്തിലാണ്. മാംസാഹാരത്തിന് രുചിയും മണവും നൽകുന്നതിന് ഇഞ്ചി മുഖ്യഘടകമായി ഉപയോഗിക്കാറുണ്ട്‌. മാംസാഹാരം എളുപ്പത്തില്‍ ദഹിക്കാനും ഇത്‌ സഹായിക്കും. ലോകമെങ്ങുമുള്ള അടുക്കളകളില്‍ ഇത്‌ സാധാരണയായി ഉപയോഗിക്കുന്നുണ്ട്‌. മണ്ണിനടിയില്‍ വളരുന്നതാണ്‌ ഇഞ്ചിയുടെ ഉപയോഗയോഗ്യമായ ഭാഗം. നീര്‍വാഴ്ച്ചയും തണലും വായു സഞ്ചാരമുള്ളതുമായ മണ്ണാണ്‌ ഇഞ്ചിക്ക്‌ നല്ലത്‌. 


ഇഞ്ചി ഉണക്കിയെടുക്കുന്നതാണ്‌ ചുക്ക്‌. ആയുര്‍വേദത്തിലെ മിക്ക ഔഷധത്തിലും ചുക്ക്‌ ഒരു പ്രധാന ചേരുവയാണ്‌. “ചുക്കില്ലാത്ത കഷായമില്ല” എന്ന ചൊല്ലു വളരെ പ്രസിദ്ധമാണ്‌. ഏതാണ്ട്‌ 30.90 സെ.മീറ്റര്‍ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ്‌ ഇഞ്ചി. കാണ്ഡം മാംസളമായിരിക്കും. മണ്ണിനു മുകളിലുള്ള സസ്യഭാഗം വര്‍ഷം തോറും നശിച്ചുപോകുമെങ്കിലും അടിയിലുള്ള കാണ്ഡം നശിക്കുന്നത് അപൂർവമാണ്. അത് ഇളം മഞ്ഞനിറത്തിലോ, ക്രീം നിറത്തിലോ ആണ്‌ കാണപ്പെടുന്നത്. പ്രത്യേകിച്ചൊരു ആകൃതി ഇതിനുണ്ടാവില്ല. വളഞ്ഞുപുളഞ്ഞ ഒരു രൂപമാണിതിനുള്ളത്‌. നേരിയ കനമാണ്‌ തൊലിക്ക്.


ഇലകൾക്കു 12 മുതൽ 30 സെന്റിമീറ്റര്‍ വരെ നീളവും, 1.8 മുതല്‍ 2.5 സെന്‍റിമീറ്റര്‍ വീതിയുമുണ്ടാവും. കൂർത്ത അഗ്രമുള്ള ഇലയുടെ മുകൾഭാഗം മൃദുലമായിരിക്കും. അപൂർവമായി മാത്രമേ ഇഞ്ചി പൂക്കാറുള്ളൂ. ഇഞ്ചിയിൽ ധാരാളമായി കാണപ്പെടുന്നത്‌ ജലമാണ്‌. ഒപ്പം, പ്രോട്ടീന്‍, കൊഴുപ്പ്‌, നാര്‌, കാര്‍ബോഹൈഡ്രേറ്റ്‌ എന്നീ രാസഘടകങ്ങളും കാത്സ്യം, ഫോസ്ഫറസ്‌ എന്നീ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. കൂടാതെ, വിറ്റാമിന്‍ എ, ബി, സി എന്നിവയും കാണപ്പെടുന്നുണ്ട്‌. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ഒരുതരം എണ്ണയാണ്‌ അതിലെ രൂക്ഷഗന്ധത്തിനു കാരണം. ഇഞ്ചിയുടെ എരിവിന്‌ ആധാരമായ “ഓലിയോറെസിന്‍' എന്ന പദാര്‍ഥം വേർതിരിച്ചെടുക്കുന്നതും ഒരു വ്യവസായമാണ്‌.


കേരളത്തിലെ സാധാരണ വിഭവങ്ങളിലൊന്നായ ഇഞ്ചിത്തൈരിനെ ആയിരം കറികള്‍ക്ക്‌ തുല്യമായാണ്‌ സങ്കല്‍പിച്ചിരിക്കുന്നത്‌. ആയുര്‍വേദത്തിലെപ്പോലെ ഇഞ്ചി അലോപ്പതിയിലും ഉപയോഗിക്കുന്നുണ്ട്‌. മനുഷ്യശരീരത്തിലെ ദഹനശക്തി വര്‍ധിപ്പിക്കാന്‍ ഇഞ്ചിക്ക്‌ അതുല്യമായ കഴിവുണ്ട്‌. ആമാശയത്തിന്റെയും കുടലിന്റെയും പ്രവര്‍ത്തനത്തെയും ഉത്തേജിപ്പിക്കാനും പിത്താശയക്കല്ലിനു പ്രതിവിധിയായും ഇഞ്ചി ഉപയോഗിക്കുന്നുണ്ട്‌. 

0 Comments