ഏലം

■ കേരളത്തിലെ ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല - പാമ്പാടുംപാറ (ഇടുക്കി)

■ കേന്ദ്ര  ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല - മയിലാടുംപാറ (ഇടുക്കി)

സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നു വിശേഷിപ്പിക്കാറുള്ള സുഗന്ധവ്യഞ്ജനമാണ്‌ ഏലം. നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ ഏലത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നു. ബി.സി 720-ല്‍ ബാബിലോണിയയിലെ രാജാവ്‌ ഏലം തന്റെ ഉദ്യാനത്തില്‍ വളര്‍ത്തിയിരുന്നത്രെ. ശാസ്ത്രനാമം: എലേറ്റേറിയ കാര്‍ഡമമം. തെക്കേ ഇന്ത്യയോ ശ്രീലങ്കയോ ആണ്‌ ഏലത്തിന്റെ ജന്മദേശമെന്ന്‌ കരുതുന്നു. ഇന്ന്‌ ഇന്ത്യ കൂടാതെ ഗ്വാട്ടിമാല, മെക്സിക്കോ, തായ്‌ലൻഡ്, നേപ്പാള്‍, മധ്യ അമേരിക്ക എന്നിവിടങ്ങളില്‍ ഇത്‌ കൃഷി ചെയുന്നുണ്ട്‌. ഏലം കയറ്റുമതി ചെയ്യുന്ന പ്രമുഖ രാജ്യമാണ്‌ ഇന്ത്യ.

ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഏലം വളരുന്നുണ്ട്‌. എന്നാല്‍, മുഖ്യമായി കൃഷി ചെയ്യുന്നത്‌ തെക്കേ ഇന്ത്യയിലാണ്‌. തമിഴ്‌നാട്‌, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങള്‍ ഏലംകൃഷിയില്‍ മുന്നിലാണ്‌. കേരളത്തില്‍ ഇടുക്കിയിലും വയനാട്ടിലുമാണ്‌ ഏറ്റവുമധികം ഏലംകൃഷി നടക്കുന്നത്‌. ഈര്‍പ്പമുള്ള മണ്ണാണ് ഏലംകൃഷിക്കു പറ്റിയത്‌. 700 മീറ്ററിന്‌ മുകളിലുള്ള പ്രദേശത്ത്‌ നന്നായി വളരുന്നുണ്ട്‌. ഏലം മികച്ചൊരു ഔഷധച്ചെടി കൂടിയാണ്‌. ഭൂനിരപ്പില്‍ നിന്ന്‌ 2-4 മീറ്റര്‍ ഉയരത്തില്‍ വരെ ഏലച്ചെടി വളരുന്നു. ഇലകള്‍ക്ക്‌ 30 സെന്‍റിമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെ നീളവും 7-17 സെന്‍റിമീറ്റര്‍ വീതിയും ഉണ്ടാവും.

ഏപ്രില്‍ മുതല്‍ ഓഗസ്റ്റ്‌ വരെയാണ്‌ ഏലം പൂവിടുന്നത്‌. പൂങ്കുല ചെടിയുടെ ചുവട്ടില്‍ നിന്നാണ്‌ ഉണ്ടാകുന്നത്‌. ഇത്‌ തറയില്‍ പടരുന്ന രീതിയിലാണ്‌ കാണപ്പെടുന്നത്‌. പുഷ്പങ്ങള്‍ക്ക്‌ ഏതാണ്ട്‌ നാല് സെന്‍റിമീറ്റര്‍ നീളമുണ്ടായിരിക്കും. ഇതിന്‌ വിളറിയ പച്ചനിറമാണ്‌. ഇതിന്റെ അറ്റം നേര്‍ത്ത മൂന്നു പാളികളായി വിരിഞ്ഞിരിക്കും. 3-4 മാസംകൊണ്ട്‌ കായ്‌ വിളയും. ഫലത്തിന്‌ ഏതാണ്ട്‌ 1.5 സെന്‍റിമീറ്റര്‍ നീളമുണ്ടാവും. കായുടെ അഗ്രം ചൂണ്ടപോലെ വളഞ്ഞിരിക്കും. കായില്‍ കറുപ്പുകലര്‍ന്ന വിത്തുകള്‍ നിറഞ്ഞിരിക്കും. വിത്തിന്‌ സുഗന്ധമുണ്ടായിരിക്കും. ഒരു വര്‍ഷം അഞ്ചോ ആറോ തവണ വിളവെടുക്കാന്‍ സാധിക്കുന്ന ഏലം ഓരോ മാസവും ഇടവിട്ട്‌ പറിച്ചെടുക്കാറുണ്ട്‌. പൂര്‍ണമായും വിളയാത്ത കായാണ് പറിച്ചെടുക്കുന്നത്. ഇവയ്ക്ക് പച്ച നിറമായിരിക്കും. ഇത് തിരിച്ചറിയാൻ മികച്ച പരിശീലനം ലഭിച്ചിരിക്കണം. വിളഞ്ഞ കായ്‌ പറിച്ച്‌ നാലഞ്ചു ദിവസം വെയിലത്തുണക്കി പ്രത്യേക രീതിയില്‍ സംസ്കരിച്ചെടുക്കുന്നു. ഒരു ഹെക്ടറില്‍ നിന്നും 100-150 കിലോഗ്രാം ഉണങ്ങിയ ഏലക്കായ്‌ ലഭിക്കുന്നതാണ്‌.

ഏലത്തിന്‌ പലതരം ഉപയോഗങ്ങളുണ്ട്‌. പല ഔഷധങ്ങള്‍ക്കും ചേരുവയാണിത്‌. രക്ത, വാത, കഫ പിത്തരോഗങ്ങളെ ശമിപ്പിക്കാനും വായ്നാറ്റം അകറ്റാനും ഏലം ഉപയോഗിക്കുന്നുണ്ട്‌. ഒപ്പം, അരുചി, ഛര്‍ദി, ദഹനം എന്നിവ നിയന്ത്രിക്കുന്നതിനു വേണ്ടിയും ഏലം ഉപയോഗിക്കുന്നു. ഭക്ഷണപാനിയങ്ങള്‍ക്കും മധുരപലഹാരങ്ങള്‍ക്കും സ്വാദും ഗന്ധവും നല്‍കാന്‍ ഏലക്കായ പ്രയോജനപ്പെടുത്തുന്നുണ്ട്‌. ജൂസിലും ചായയിലുമൊക്കെ ഏലം ചേര്‍ക്കാറുണ്ട്‌. ച്യൂയിംഗം നിര്‍മാണത്തിനും ഏലം ഉപയോഗിക്കുന്നു. ഏലത്തിന്റെ വിത്തിലും തോടിലുമുള്ള എണ്ണയും ഉപകാരപ്രദമാണ്.

കായുടെ വലുപ്പമനുസരിച്ച്‌ ഏലത്തെ ഏലറ്റേറിയ കാര്‍ഡമമം മേജര്‍, എലറ്റേറിയ കാര്‍ഡമമം മൈനര്‍ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. ഹിന്ദിയില്‍ ഏലൈച്ചി എന്നു പേരുള്ള ഏലത്തിന്‌ സംസ്കൃതത്തില്‍ ഏല എന്നു പറയാറുണ്ട്‌. ഇഞ്ചിയുടെ കുടുംബത്തില്‍പെട്ട ഒരു ചെടിയാണിത്‌. വിത്ത്‌ മുളപ്പിച്ചും കിഴങ്ങു നട്ടും തൈ എടുക്കാറുണ്ട്‌. മലബാര്‍, മൈസൂര്‍ ഇനങ്ങളാണ്‌ സാധാരണയായി കൃഷി ചെയുന്നത്‌. കള പറിക്കല്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക പരിചരണം വിളകൂട്ടാന്‍ നല്ലതാണ്. ഇന്ത്യയ്ക്ക്‌ വന്‍തോതിൽ വിദേശനാണ്യം നേടിത്തരുന്ന വിളകളിലൊന്നാണിത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. കേരളത്തിൽ ഏറ്റവും കൂടുതൽ ഏലം കൃഷി ചെയ്യുന്ന ജില്ല ഏത് - ഇടുക്കി

2. ഏറ്റവും കൂടുതൽ ഏലം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം - കേരളം

3. ഏറ്റവും കൂടുതൽ ഏലം ഉൽപാദിപ്പിക്കുന്ന രാജ്യം - ഗോട്ടിമാല

4. സുഗന്ധ വിളകളുടെ റാണി എന്നറിയപ്പെടുന്നത് - ഏലം 

5. ഇന്ത്യയിലെ ഏറ്റവും വലിയ ഏലത്തോട്ടം - വണ്ടൻമേട്

6. ഏലത്തിന്റെ ശാസ്ത്രീയ നാമം - എലേറ്റേറിയ കാര്‍ഡമമം

7. ഏലത്തിന്റെ ജന്മദേശം - ഇന്ത്യ

8. ഇന്ത്യയിലെ ഏറ്റവും വലിയ ഏലം ലേല കേന്ദ്രം - വണ്ടൻമേട്

9. അത്യുൽപാദനശേഷിയുള്ള ഏലം വിത്തുകൾ - പി.വി-1, ഞെള്ളാനി

Post a Comment

Previous Post Next Post