കസ്തൂരി മഞ്ഞൾ

കസ്തൂരി മഞ്ഞൾ (Curcuma Aromatica in Malayalam)

മഞ്ഞക്കൂവ എന്ന പേരിലും അറിയപ്പെടുന്ന കസ്തൂരി മഞ്ഞൾ വിഖ്യാതമായ ഔഷധസസ്യമാണ്. കർപ്പൂരഹരിദ്ര എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന കസ്തൂരിമഞ്ഞൾ ത്വക്‌രോഗങ്ങൾക്കുള്ള ചികിത്സക്കായും മറ്റും ഉപയോഗിക്കുന്നു. മികച്ച ഒരു സൗന്ദര്യവർധകവസ്തു കൂടിയാണ് കസ്തൂരിമഞ്ഞൾ. ഇന്ത്യയാണ് കസ്തൂരിമഞ്ഞളിന്റെ ജന്മദേശമായി അറിയപ്പെടുന്നത്. ഇന്ത്യയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും കൃഷി ചെയ്യുന്ന കസ്തൂരിമഞ്ഞൾ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് കേരളത്തിലും ബംഗാളിലുമാണ്. ഇന്ത്യ കൂടാതെ നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും ഇത് കൃഷി ചെയ്യുന്നു. 

കസ്തൂരി മഞ്ഞൾ എങ്ങനെ തിരിച്ചറിയാം

മഞ്ഞളിനേക്കാൾ അല്പം കൂടി ഉയരത്തിൽ വളരുന്ന ഈ ചെടിക്ക് നീണ്ട, മിനുസമുള്ള ഇലകളാണ്. ഇലകൾക്ക് നേരിയ സുഗന്ധമുണ്ടാകും. പൂക്കൾക്ക് മഞ്ഞ കലർന്ന ഇളം ചുവപ്പുനിറമാണ്. ഇതിന്റെ കിഴങ്ങാണ് ഔഷധമെന്ന നിലയിൽ ഉപയോഗിക്കുന്നത്. ഇതും കസ്തൂരിമഞ്ഞൾ എന്ന പേരിൽ തന്നെ അറിയപ്പെടുന്നു. കസ്തൂരിമഞ്ഞളിൽ ഒരിനം തൈലവും അന്നജം, പഞ്ചസാര, കൊഴുപ്പ്, ആൽബുമിനോയ്ഡ് എന്നിവയും അടങ്ങിയിരിക്കും. ചർമരോഗങ്ങൾക്കു പുറമേ ചുമ, ശ്വാസകോശരോഗങ്ങൾ, അർശസ്, കരൾവീക്കം, വൃക്കരോഗങ്ങൾ എന്നിവയ്ക്കുള്ള ഔഷധമായും കസ്തൂരിമഞ്ഞൾ ഉപയോഗിക്കുന്നു. മികച്ച ഒരു വിഷഹാരി കൂടിയാണിത്. രക്തശുദ്ധിയ്ക്കായും ചർമത്തിനു നിറം നൽകാനായും ഇത് ഉപയോഗിക്കാറുണ്ട്. കസ്തൂരിമഞ്ഞൾ ചേർത്ത ആയുർവേദ സോപ്പുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ചില സാഹിത്യകൃതികളിലും കസ്തൂരിമഞ്ഞളിനെ വർണിച്ചുകാണുന്നുണ്ട്. ഉണ്ണിയച്ചീചരിതത്തിൽ 'കാച്ചെരുപ്പിട്ടു കസ്തൂരികാമഞ്ഞളും തേച്ചു' എന്ന പ്രയോഗം തന്നെയുണ്ട്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. കസ്തൂരി മഞ്ഞളിന്റെ ശാസ്ത്രീയ നാമം - കുര്‍കുമ അരോമാറ്റികാ

2. കസ്തൂരി മഞ്ഞളിന്റെ ജന്മദേശം - ഇന്ത്യ

3. ഏറ്റവും കൂടുതൽ മഞ്ഞൾ ഉല്പാദിപ്പിക്കുന്ന ജില്ല - പാലക്കാട്

4. ലോകത്തിൽ ഏറ്റവും കൂടുതൽ മഞ്ഞൾ ഉല്പാദിപ്പിക്കുന്ന രാജ്യം - ഇന്ത്യ

5. ഏറ്റവും കൂടുതല്‍ ഇരുമ്പ്‌ അടങ്ങിയ സുഗന്ധവ്യഞ്ജനം - മഞ്ഞള്‍

6. മഞ്ഞളിന് നിറം നല്കുന്ന വർണ്ണ വസ്തു - കുർക്കുമിൻ

7. അത്യുൽപാദനശേഷിയുള്ള മഞ്ഞൾ വിത്തിനങ്ങൾ - കാന്തി, ശോഭ 

Post a Comment

Previous Post Next Post