ഡോ. സലിം അലി

ഡോ.സാലിം അലി ജീവചരിത്രം (Dr Salim Ali Biography)

ജനനം: 12 നവംബർ  1896

മരണം: 20 ജൂൺ 1987


ആഗോള പക്ഷിസംരക്ഷണ സമിതിയുടെ (ഏഷ്യ വിഭാഗം) ഉപാദ്ധ്യക്ഷനായ ഡോ സലിം അലി മുംബൈയിലെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ പക്ഷി വിജ്ഞാന ഗവേഷണ വിഭാഗത്തിന്റെ അദ്ധ്യക്ഷനായിരുന്നു. ലോകപ്രശസ്ത പക്ഷിനിരീക്ഷകനും ഗ്രന്ഥകാരനുമായ അദ്ദേഹം ബോംബയിൽ ജനിച്ചു. വളരെ ചെറുപ്പത്തിലേ മാതാപിതാക്കളെ നക്ഷ്ടപെട്ടു. അമ്മാവനായ ആമിറുദ്ദീൻ ത്യാബ്ജിയുടെ സംരക്ഷണത്തിലാണ് വളർന്നത്. കുട്ടികളില്ലാതിരുന്നതുകൊണ്ട് വളരെ സ്നേഹിച്ചാണ് സാലിമിനെയും എട്ട് സഹോദരങ്ങളേയും അവർ വളർത്തിയത്. ബാല്യത്തിൽ തന്നെ പക്ഷിനിരീക്ഷണത്തിൽ തല്പരനായിരുന്നു. ബോംബെയിലെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയിൽ പഠിക്കാൻ ചേർന്നെങ്കിലും ഉപജീവനാർഥം ബർമ്മയിലേക്കു പോകേണ്ടിവന്നു. മടങ്ങിവന്ന് ബോംബെയിലെ പ്രിൻസ് ഓഫ് വെയ്ൽസ് മ്യൂസിയത്തിൽ ജോലി സമ്പാദിച്ചു. പിന്നീട് ബെർലിനിൽ പോയി പക്ഷിനിരീക്ഷണശാസ്ത്രം പഠിച്ചുവന്ന സാലിം ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയിൽ ശമ്പളമില്ലാതെ ജോലി ചെയ്തു. എന്നാൽ ആ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ സർവ്വേ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. സൊസൈറ്റിയുടെ ആനുകാലികങ്ങളിൽ വന്ന അദ്ദേഹത്തിന്റെ സർവ്വേ റിപ്പോർട്ടുകൾ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകൾ അദ്ദേഹത്തെ അലട്ടിയിരുന്നു. ഭാര്യയും അദ്ദേഹത്തെ സഹായിച്ചിരുന്നു. നിരീക്ഷണം സംബന്ധിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുന്നതിനും താമസ്ഥലത്തെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവർ ഉത്സാഹിച്ചു. 1939-ൽ ഒരു ഓപ്പറേഷനെ തുടർന്ന് ഭാര്യ മരിച്ചത് അദ്ദേഹത്തെ വേദനിപ്പിച്ചു.


പക്ഷി നിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സാലിം എഴുതിയ ഗ്രന്ഥങ്ങൾ വിജ്ഞാനപ്രദവും പ്രസിദ്ധങ്ങളുമാണ്. കേരളത്തിലെ പക്ഷികളെക്കുറിച്ചും അദ്ദേഹം ഒരു ഗ്രന്ഥം രചിച്ചു. സാലിം അലിയിലെ പക്ഷി ശാസ്ത്രജ്ഞനെ വളരെ വൈകിയെങ്കിലും ലോകം അംഗീകരിച്ചു. അദ്ദേഹത്തിന് വിവിധ സർവ്വകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു. സാലിമിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു. പത്മഭൂഷൺ, പത്മവിഭൂഷൺ, ബ്രിട്ടീഷ് ഓർണിത്തോളജിസ്റ്റ് യൂണിയൻ പുരസ്‌കാരം, പൾഗെറ്റി ഇന്റർനാഷണൽ പ്രൈസ്, ജോൺ ഫിലിപ്സ് മെമ്മോറിയൽ മെഡൽ, നെതർലൻഡ്‌സ്‌ രാജാവിന്റെ ദ ഓർഡർ ഓഫ് ദ ഗോൾഡൻ ആർക്ക്, സുന്ദർലാൽ ഹോറാ ഗോൾഡ് മെഡൽ (ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി), ജയഗോവിന്ദ് ലാ ഗോൾഡ് മെഡൽ (ഏഷ്യാറ്റിക് സൊസൈറ്റി) തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു. പക്ഷിനിരീക്ഷണശാസ്ത്രസംബന്ധമായ നിരവധി പ്രശസ്ത ഗ്രന്ഥങ്ങളുടെ കർത്താവായ സാലിം അലിയുടെ ആത്മകഥയാണ് 'ഒരു കുരുവിയുടെ പതനം'.


പ്രധാന കൃതികൾ 


■ ഒരു കുരുവിയുടെ പതനം 

■ ദി ബുക്ക് ഓഫ് ഇന്ത്യൻ ബേഡ്‌സ് 

■ ദി ബേഡ്‌സ് ഓഫ് കച്ച് 

■ ഇന്ത്യൻ ഹിൽ ബേഡ്‌സ് 

■ ദി ബേഡ്‌സ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ 

■ എ പിക്ച്ചർ ബുക്ക് ഓഫ് സിക്കിം ബേഡ്‌സ്


ആവർത്തിക്കുന്ന ചോദ്യങ്ങൾ 


1. സലിം അലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ - ജമ്മു-കശ്മീരിലെ ശ്രീനഗറിൽ


2. ഡോക്ടർ സലിം അലിയുടെ ആത്മകഥയുടെ പേര് - ഒരു കുരുവിയുടെ പതനം


3. ഒരു കുരുവിയുടെ പതനം എന്നത് ആരുടെ ആത്മകഥയാണ് - സലിം അലി


4. ഡോ. സാലിം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഗോവ 


5. ഇന്ത്യയുടെ പക്ഷി മനുഷ്യന്‍ എന്ന് അറിയപ്പെടുന്നത് ആര് - സാലിം അലി


6. ആരുടെ ജന്മദിനമാണ് ദേശീയ പക്ഷി നിരീക്ഷണ ദിനമായി (നവംബർ 12) ആചരിക്കുന്നത് - സാലിം അലി


7. സാലിം അലി ഏതു നിലയിലാണ് പ്രശസ്തൻ - പക്ഷിശാസ്ത്രജ്ഞൻ


8. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടിക്കാണിച്ചത് - ഡോ. സലിം അലി

0 Comments