ഗുരുവായൂർ സത്യാഗ്രഹം

 ഗുരുവായൂർ സത്യാഗ്രഹം (Guruvayur Satyagraha in Malayalam)

കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ അയിത്തമെന്ന വലിയ കളങ്കത്തിനെതിരായി വൻസമരങ്ങൾ തന്നെ നടന്നിട്ടുണ്ട്. ഇത്തരത്തിൽ അയിത്തത്തിനെതിരായി നടന്ന ഒരു ഐതിഹാസിക സമരമായിരുന്നു വൈക്കം സത്യാഗ്രഹം. അതിനപ്പുറം 1931-32 കാലത്ത് നടന്ന മറ്റൊരു സമരമാണ് ഗുരുവായൂർ സത്യാഗ്രഹം. ഹിന്ദുക്കളുടെ വളരെ പ്രധാനപ്പെട്ട ആരാധനകേന്ദ്രങ്ങളിലൊന്നായ ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ ജാതിയിലുംപെട്ട ഹിന്ദുക്കൾക്ക് പ്രവേശനം അനുവദിച്ചുകൊടുക്കുക എന്നതായിരുന്നു ഗുരുവായൂർ സത്യാഗ്രഹത്തിലൂടെ ലക്ഷ്യംവെച്ചത്. കോഴിക്കോട് നടന്ന കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽവെച്ച് തീണ്ടലിനും മറ്റ് അനാചാരങ്ങളാക്കുമെതിരായി സമരം നടത്താൻ തീരുമാനിക്കുകയുണ്ടായി. തുടർന്ന് ഗുരുവായൂരിൽ വെച്ച് സമരം നടത്താനും കെ.കേളപ്പൻ നേതാവായും തീരുമാനിക്കപ്പെട്ടു. 


കെ.കേളപ്പൻ, മന്നത് പത്മനാഭൻ, എ.കെ.ജി, പി.കൃഷ്ണപിള്ള, സുബ്രമണ്യൻ തിരുമുമ്പ് തുടങ്ങിയവരൊക്കെയാണ് സമര കമ്മിറ്റിക്ക് നേതൃത്വം കൊടുത്തത്. സമരപ്രഖ്യാപനത്തിനുശേഷം സമരക്കാർ പലയിടത്തും സഞ്ചരിക്കുകയുണ്ടായി. ജനങ്ങൾക്കിടയിൽ കാലങ്ങളായി അടിച്ചേൽപ്പിച്ചുവെച്ചിരിക്കുന്ന മർദ്ദനങ്ങളും അനീതികളും ഇനിയെങ്കിലും അവസാനിക്കുമെന്ന് വലിയ പ്രതീക്ഷയും കണ്ടിരുന്നു. എ.കെ.ജി യും സുബ്രമണ്യൻ തിരുമുമ്പും വടക്കൻ മേഖലകളിൽ വൻ ജാഥകൾ നടത്തി. ഇപ്രകാരം പയ്യന്നൂരിൽ വെച്ച് നടത്തപ്പെട്ട ഒരു ജാഥയിലാണ് പാവങ്ങളുടെ പടത്തലവനായ എ.കെ.ജി യ്ക്ക് രാഷ്ട്രീയ ജീവിതത്തിലെ ക്രൂരമായ ആദ്യത്തെ ശാരീരിക പീഡനം ഏൽക്കേണ്ടിവന്നത്. ഇത്തരത്തിൽ നാടുനീളെ നടത്തിയ ജാഥകളിൽ നിന്നു തന്നെ ജനങ്ങൾ തീണ്ടൽ എന്ന വലിയ തെറ്റിനെ മനസിലാക്കിത്തുടങ്ങിയിരുന്നു. അങ്ങനെ ഗുരുവായൂർ സത്യാഗ്രഹത്തിനായി കമ്മിറ്റി രൂപീകരിക്കപ്പെട്ടു. എ.കെ.ജി ആയിരുന്നു സത്യാഗ്രഹ വളണ്ടിയർമാരുടെ ക്യാപ്റ്റൻ. തുടർന്ന് സത്യാഗ്രഹത്തിനായി ഗുരുവായൂർ ക്ഷേത്രത്തിനടുത്തായി ക്യാമ്പ് പണിയുകയുണ്ടായി. ഇതേസമയം മറുഭാഗത്ത് ചിലർ ശക്തമായി എതിർക്കുന്നുമുണ്ടായിരുന്നു. കാരണം ഏറ്റവും പ്രധാനപെട്ട ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനമോ എന്ന ചോദ്യമായിരുന്നു അത്. ഇത്തരത്തിൽ ക്ഷേത്രാധികാരികളും ഇതിനെ തടയിടാനായി വൻ ഒരുക്കങ്ങൾ നടത്തുകയുണ്ടായി. അമ്പലത്തിനുചുറ്റും അവർ മുള്ളുകമ്പികൊണ്ട് വേലികെട്ടി. സമരത്തിൽ പങ്കെടുക്കുന്ന എല്ലാവരെയും അടിച്ചുകൊല്ലുമെന്ന് ഭീഷിണി മുഴക്കി. ഗുരുവായൂരപ്പന്റെ അടുത്ത് ഏവരുമെത്തുന്നത് അധഃപതനമായും അത് കലിയുഗമാണെന്ന് ചിലർ പറഞ്ഞുപരത്തികൊണ്ടിരുന്നു. ഇത്തരത്തിൽ മിക്കയിടത്തും ഗുരുവായൂർ സത്യാഗ്രഹം ചർച്ചാവിഷയമായി. തുടർന്ന് ഒക്ടോബർ 18-ന് നടന്ന ഒരു ചർച്ചയിൽ നവംബർ 1-ന് സത്യാഗ്രഹം ആരംഭിക്കാൻ തീരുമാനിച്ചു.


സുബ്രമണ്യൻ തിരുമുമ്പിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വോളന്റിയർമാർ കണ്ണൂരിൽ നിന്ന് ഗുരുവായൂരിലേക്ക് ഒക്ടോബർ 21-ന് കാൽനടയായി യാത്രയാരംഭിച്ചു. ഈ ഗ്രൂപ്പിന്റെ ക്യാപ്റ്റനായിരുന്നു എ.കെ.ജി. തുടർന്ന് നവംബർ 1-ന് സത്യാഗ്രഹം തുടങ്ങി. പലസ്ഥലത്ത് നിന്നും ആളുകൾ സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തുടർന്ന് ഈ സംഭവം അഖിലേന്ത്യ പ്രശ്നമായി മാറിയതിൽ പിന്നെ അതുവരെയും സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതിരുന്ന സ്ഥലങ്ങൾ ഹരിജനങ്ങൾക്കായി തുറന്നുകൊടുത്തു. എന്നാൽ ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട അതിന്റെ ട്രസ്റ്റീ ആയിരുന്ന സാമൂതിരി രാജാവിൽ നിന്നും യാതൊരുവിധമാറ്റങ്ങളും ഉണ്ടായില്ല. തുടർന്ന് സത്യാഗ്രഹത്തിൽ പങ്കെടുത്ത മിക്കവരും അറസ്റ്റ് ചെയ്യപ്പെട്ടു. സമരം കൂടുതൽ ശക്തമായി. ശ്രീകോവിലിനു മുന്നിലുണ്ടായിരുന്ന മണി ബ്രാഹ്മണന്മാർക്കല്ലാതെ അബ്രാഹ്മണർക്ക് തൊടാൻ പാടില്ല എന്ന നിയമത്തെ തകർത്തെറിഞ്ഞുകൊണ്ട് പി കൃഷ്ണപിള്ള മണിയടിച്ചു. തുടർന്ന് കൊടിയ മർദ്ദനത്തിനും പി. കൃഷ്ണപിള്ള ഇരയായി. എന്നാൽ ക്ഷുഭിതരായ സത്യാഗ്രഹികൾ ക്ഷേത്രജീവനക്കാരെ പൊതിരെ തല്ലി. തുടർന്ന് ജീവനക്കാർ അമ്പലം പൂട്ടി അകത്ത് രക്ഷതേടി. പ്രശ്നങ്ങളുടെ ഭാഗമായി അമ്പലം ജനുവരി 28 വരെ അടച്ചിട്ടു. ജനുവരി 29-ന് തുറന്നപ്പോൾ വീണ്ടും സത്യാഗ്രഹം പുനരാരംഭിച്ചു. ഇത്തരത്തിൽ നീണ്ടു പോകുന്ന സത്യാഗ്രഹത്തിന് ലക്ഷ്യംകാണണമെന്ന ദൃഢ നിശ്ചയത്തിൽ കെ.കേളപ്പൻ മരണം വരെ നിരാഹാര സമരം ആരംഭിക്കാൻ തീരുമാനിച്ചു. 1932 സെപ്റ്റംബർ 21-ന് നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. കെ.കേളപ്പന്റെ ഉപവാസം രാജ്യം മുഴുവൻ ചർച്ചയായി. തുടർന്ന് നിരാഹാരത്തിന്റെ പത്താം നാൾ നിരാഹാരം നിർത്തിവയ്ക്കണമെന്ന ഗാന്ധിജിയുടെ അഭ്യർത്ഥനാമനിച്ച് നിരാഹാരം അവസാനിപ്പിച്ചു. ക്ഷേത്രപ്രവേശനത്തിനുള്ള പൊതുജനാഭിപ്രായമറിയാൻ നടത്തിയ വോട്ടെടുപ്പിൽ 80 ശതമാനം പേരും ക്ഷേത്രപ്രവേശനത്തിനെ അനുകൂലിച്ചു. ഇത് ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വിജയമായി കണക്കാക്കപ്പെടുന്നു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി കെ.പി.സി.സി യുടെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹം - ഗുരുവായൂർ സത്യാഗ്രഹം 


2. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചതെന്ന് - 1931 നവംബർ 1


3. ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര് - കെ.കേളപ്പൻ


4. ഗുരുവായൂർ ക്ഷേത്രപ്രവേശന പ്രചാരണ കമ്മിറ്റിയുടെ ക്യാപ്റ്റൻ ആരായിരുന്നു - ടി.സുബ്രമണ്യൻ തിരുമുമ്പ്


5. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നത് - മന്നത് പത്മനാഭൻ


6. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത് - കെ.കേളപ്പൻ


7. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ - എ.കെ.ഗോപാലൻ


8. കെ.കേളപ്പൻ നിരാഹാര സത്യാഗ്രഹം ആരംഭിച്ചതെന്ന് - 1932 സെപ്റ്റംബർ 21


9. ഗാന്ധിജിയുടെ ഉപദേശമനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹകാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ് - കെ.കേളപ്പൻ (1932 ഒക്ടോബർ 2)


10. ഗുരുവായൂർ ക്ഷേത്രമണിയടിച്ച ആദ്യത്തെ അബ്രാഹ്മണൻ - പി. കൃഷ്ണപിള്ള


11. ഗുരുവായൂർ സത്യാഗ്രഹത്തിൽ ക്രൂരമായി മർദനമേറ്റ സത്യാഗ്രഹ നേതാവ് - പി. കൃഷ്ണപിള്ള


12. ഏത് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടാണ് ജനഹിത പരിശോധന നടത്തിയത് - ഗുരുവായൂർ


13. ഗുരുവായൂർ സത്യാഗ്രഹ കാലത്ത് ഗുരുവായൂർ ക്ഷേത്രം നിലനിന്നിരുന്ന താലൂക്ക് - പൊന്നാനി

0 Comments