റാം മനോഹർ ലോഹ്യ

റാം മനോഹർ ലോഹ്യ (Ram Manohar Lohia in Malayalam)

ജനനം: 1910 മാർച്ച് 23

മരണം: 1967 ഒക്ടോബർ 12

സ്വാതന്ത്ര്യ സമരസേനാനിയും രാഷ്ട്രതന്ത്രജ്ഞനും സോഷ്യലിസ്റ്റ് സൈദ്ധാന്തികനുമായിരുന്നു റാം മഹോഹർ ലോഹ്യ. 1910 മാർച്ച് 23-ന് ഉത്തർപ്രദേശിലെ റൊസാബാദ് ജില്ലയിലാണ് ജനിച്ചത്. അച്ഛൻ ഹിരാലാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മുംബൈ, ബനാറസ്, കൊൽക്കത്ത എന്നീ സർവകലാശാലകളിൽ പഠിച്ചു. തുടർന്ന് ജർമനിയിലേക്ക് പോയി. അവിടെ ബർലിൻ സർവകലാശാലയിൽ നിന്നും ധനതത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. 1933-ൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം രാഷ്ട്രീയരംഗത്ത് സജീവമായി പ്രവർത്തിച്ചു. 

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകനായ അദ്ദേഹം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ അതിന്റെ നേതാവായി. 1940-ൽ യുദ്ധവിരുദ്ധലേഖനങ്ങൾ എഴുതിയതിന് രണ്ടുകൊല്ലം തടവുശിക്ഷ അനുഭവിച്ചു. 1942 ൽ ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഗാന്ധിജിയും മറ്റു നേതാക്കളും ജയിലിലായപ്പോൾ ലോഹ്യയും കൂട്ടരും സമരപരിപാടികൾ ഏറ്റെടുത്തു. പ്രചാരണത്തിനായി 'അണ്ടർഗ്രൗണ്ട് കോൺഗ്രസ് റേഡിയോ' സംഘടിപ്പിച്ചു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് പ്രത്യശാസ്ത്രപരമായ ഒരു രൂപംനൽകാൻ ലോഹ്യക്ക് സാധിച്ചു. ഗാന്ധിജിയുടെ അഹിംസാപരമായ ചെറുത്തുനിൽപ്പും അധികാര വികേന്ദ്രീകരണത്തെയും അദ്ദേഹം അനുകൂലിച്ചു. ചർച്ചയിലൂടെ ഇന്ത്യയ്ക്ക് സ്വന്തന്ത്ര്യം നേടാം എന്ന ഗാന്ധിജിയുടെ സങ്കല്പത്തിന് അദ്ദേഹം എതിരായിരുന്നു. പകരം ഇന്ത്യയെ രക്ഷിക്കാൻ നവീനങ്ങളായ സാങ്കേതിക വിദ്യകൾക്കേ കഴിയൂ എന്നദ്ദേഹം വിശ്വസിച്ചു. 

സ്വാതന്ത്ര്യാനന്തരം ഇദ്ദേഹം 1948-ൽ സോഷ്യലിസ്റ്റ് പാർട്ടിയും, 1950-ൽ 'ഹിന്ദ് മസ്ദൂർ കിസാൻ പഞ്ചായത്ത്'യും രൂപീകരിച്ചു. 1953-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി. ലോകസഭയിലേയ്ക്ക് രണ്ടുപ്രാവശ്യം ലോഹ്യ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കർഷക സമരങ്ങൾക്കു ഇദ്ദേഹം നേതൃത്വം നൽകി. രാഷ്ട്രീയ-സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചു. ഇന്ത്യൻ യാഥാർഥ്യങ്ങൾക്കിണങ്ങുന്ന ഒരു ഇടതുപക്ഷപ്രസ്ഥാനത്തിനു രൂപം നല്കാൻ ലോഹ്യയ്ക്കു സാധിച്ചു. 1967 ഒക്ടോബർ 12-ന് ഡൽഹിയിൽ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. പിന്നീട് ആ ആശുപത്രിക്ക് രാം മനോഹർ ലോഹ്യയുടെ പേര് നൽകി.

Post a Comment

Previous Post Next Post