പി.സി. മഹലനോബിസ്

പ്രശാന്തചന്ദ്ര മഹലനോബിസ് ജീവചരിത്രം (Prasanta Chandra Mahalanobis)

ജനനം: 1893 ജൂൺ 29

മരണം: 1972 ജൂൺ 28

ലോകപ്രശസ്ത സാംഖ്യിക (സ്റ്റാറ്റിസ്റ്റിക്സ്) വിദഗ്ധനും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനുമായ പ്രശാന്തചന്ദ്ര മഹലനോബിസ് ബംഗാളിലെ കൊൽക്കത്തയിൽ ജനിച്ചു. 'സംഖ്യ'യുടെ സ്ഥാപക പത്രാധിപരായ അദ്ദേഹം കൽക്കത്ത പ്രസിഡൻസി കോളേജിലും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും ഉപരിവിദ്യാഭ്യാസം നേടി. 1922-45 കാലയളവിൽ കൽക്കത്ത പ്രസിഡൻസി കോളേജിൽ ഫിസിക്സ് പ്രൊഫസറായും പിന്നീട് കോളേജിന്റെ പ്രിൻസിപ്പലായും പ്രവർത്തിച്ചു. പ്രസിഡൻസി ലബോറട്ടറിയോട് ചേർന്നുള്ള ഒറ്റമുറിയിലാണ് അദ്ദേഹം ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. 'സംഖ്യ' എന്ന പേരിൽ ഒരു പ്രസിദ്ധീകരണവും തുടങ്ങി. സ്ഥിതിവിവര കണക്കുകൾ ശേഖരിച്ച് വിശകലനം ചെയ്ത സൂക്ഷിക്കുന്നതിന് 'നാഷണൽ സാമ്പിൾ സർവ്വേ' എന്നൊരു പ്രത്യേക സംവിധാനവും തുടങ്ങി. സാമ്പത്തിക വിവരങ്ങൾ ശേഖരിക്കുവാൻ സർവ്വേകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് കാണിച്ചുതന്നത് അദ്ദേഹമാണ്. 

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനെ ലോകത്തിലെ പ്രമുഖഗവേഷണ സ്ഥാപനങ്ങളിലൊന്നാക്കി വളർത്തിയെടുത്തതാണ് മഹലനോബിസിന്റെ പ്രധാന സംഭാവന. 1945-ൽ ലണ്ടനിലെ റോയൽ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റി അദ്ദേഹത്തിന് വിശിഷ്ട അംഗത്വം നൽകി. പ്ലാനിംഗ് കമ്മീഷൻ അംഗം എന്ന നിലയിൽ അദ്ദേഹം 1955ൽ രണ്ടാം പഞ്ചവത്സര പദ്ധിതി രൂപകൽപന ചെയ്തു; സാമ്പിൾ സർവ്വേ ആരംഭിച്ചു; ഫാക്ടറികളിൽ സാംഖ്യിക ഗുണനിയന്ത്രണം ഏർപ്പെടുത്തി. യുണൈറ്റഡ് നേഷൻസ് സബ് കമ്മീഷൻ ഓൺ സാംപ്ലിങ്ങിന്റെയും ഇന്ത്യൻ നാഷണൽ ഇൻകം കമ്മിറ്റിയുടേയും ചെയർമാനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1957-58ൽ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ പ്രസിഡന്റായിരുന്നു. 1956ൽ ആരംഭിച്ച ഇന്ത്യയുടെ രണ്ടാം പഞ്ചവത്സര പദ്ധിതിക്ക് മഹലനോബിസ് നൽകിയ സംഭാവന വിലമതിക്കാനാകാത്തതാണ്. ഈ പദ്ധിതിയുടെ പിതാവായി അദ്ദേഹത്തെ കണക്കാക്കാം. 

ദേശീയവരുമാനം അതിവേഗം വർധിപ്പിക്കുവാനുള്ള പഠനങ്ങൾ ഏറ്റെടുക്കുവാൻ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്‌റു മഹലനോബിസിനോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പഠനങ്ങൾ രാജ്യത്തിന് വളരെ വിലപ്പെട്ടവയായിരുന്നു. നെഹ്രുവിന്റെ സോഷ്യലിസ്റ്റ് ചിന്താഗതിക്കും പ്ലാനിങിനും അദ്ദേഹം ആക്കം കൂട്ടി. ഇരുപതോളം ശാസ്ത്രപ്രബന്ധങ്ങൾ കൂടാതെ നൂറുകണക്കിന് ലേഖനങ്ങൾ വിവിധ മേഖലകളിൽ അദ്ദേഹം പ്രസിദ്ധീകരിക്കുകയും ചെയ്തു. രവീന്ദ്രനാഥ് ടാഗോറിന്റെ വിശ്വഭാരതി സർവകലാശാലയുടെ സെക്രട്ടറിയായും പ്രവർത്തിച്ചു. 1972 ജൂൺ 28-ന് അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഇന്ത്യൻ യൂണിയന്റെ ബഡ്ജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് - പി.സി.മഹലനോബിസ്

2. എത്രമത്തെ പഞ്ചവത്സര പദ്ധിതിയാണ് മഹലനോബിസ് മാതൃക എന്നറിയപ്പെട്ടത് - രണ്ടാമത്തെ

3. ഇന്ത്യൻ സ്ഥിതിവിവര ശാസ്ത്രവിഭാഗത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് - പി.സി.മഹലനോബിസ്

4. പി.സി.മഹലനോബിസിന്റെ ജന്മദിനമായ ജൂൺ 29 ഏത് ദിനമായി ആചരിക്കുന്നു - സ്റ്റാറ്റിറ്റിക്‌സ് ദിനം

5. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ - പി.സി.മഹലനോബിസ്

6. രണ്ടാം പഞ്ചവത്സര പദ്ധിതിയുടെ ശില്പി - പ്രശാന്തചന്ദ്ര മഹലനോബിസ്

Post a Comment

Previous Post Next Post