സന്ധി (മലയാളം)

സന്ധി

"പദങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടാം

വികാരം സന്ധിയായത്‌"

രണ്ടു പദങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ പൂര്‍വ്വ പദത്തിന്റെ അന്ത്യവര്‍ണ്ണത്തിനോ ഉത്തരപദത്തിന്റെ ആദ്യവര്‍ണ്ണത്തിനോ അവയ്ക്കിടയിലോ ഉണ്ടാകുന്ന രൂപഭേദത്തെയാണ്‌ ഭാഷയില്‍ സന്ധി എന്ന പദംകൊണ്ട്‌ കുറിക്കുന്നത്‌. അതായത്‌

സന്ധി എന്നാല്‍ “ചേര്‍ച്ച” എന്നര്‍ത്ഥം. ഉച്ചാരണ സൗകര്യമാണ്‌ പ്രധാനം.

ചേരുന്ന വര്‍ണ്ണങ്ങളുടെ സ്ഥാനഭേദമനുസരിച്ച്‌ സന്ധിക്ക്‌ പല വിഭാഗങ്ങളുണ്ട്‌.

1. പദമധ്യസന്ധി

പ്രകൃതിയും പ്രത്യയവും ചേരുന്നതാണ്‌ പദം. പ്രകൃതിയുടെയും പ്രത്യയത്തിന്റെയും ചേര്‍ച്ചയാണ്‌ പദമധ്യസന്ധി.

ഉദാ:തേര്‍ + തടം = തേര്‍ത്തടം

മരം + ഇല്‍ = മരത്തില്‍

2. പദാന്തസന്ധി

ഒരു പദത്തിന്റെ അന്ത്യത്തിലുണ്ടാകുന്നത്‌ പദാന്തസന്ധി.

ഉദാ: ധനം + എ = ധനത്തെ

 പൊല്‍ + പൂ = പൊല്‍പ്പൂ

3. ഉഭയസന്ധി

പദമധ്യത്തിലും പദാന്തത്തിലും സന്ധി വരുന്നത്‌ ഉഭയസന്ധി.

ഉദാ: ഇട + ഇല്‍ + വീണു = ഇടയില്‍ വീണു

ഓല + കുട + ഉടെ = ഓലക്കുടയുടെ

സന്ധിക്കുന്ന വര്‍ണ്ണങ്ങളുടെ സ്വരവ്യഞ്ജനഭേദമനുസരിച്ച്‌ സന്ധി നാലുവിധമുണ്ട്‌.

1. സ്വരസന്ധി

സ്വരവും സ്വരവും തമ്മില്‍ ചേരുന്നത്‌ സ്വരസന്ധി

ഉദാ: തിരു + ഓണം = തിരുവോണം

ഓടി + ഇല്ല = ഓടിയില്ല

2. സ്വരവ്യഞ്ജനസന്ധി

സ്വരവും വ്യഞ്ജനവും തമ്മില്‍ ചേരുന്നത്‌ സ്വരവ്യഞ്ജന സന്ധി.

ഉദാ: കുട + വടികള്‍ = കുടവടികള്‍

മടി + ശീല = മടിശ്ശീല

3. വ്യഞ്ജനസ്വരസന്ധി

വ്യഞ്ജനവും സ്വരവും തമ്മില്‍ ചേരുന്നത്‌ വ്യഞ്ജന സ്വരസന്ധി.

ഉദാ: പെണ്‍ + ഇല്ല = പെണ്ണില്ല

മണ്‍ + ഉണ്ട്‌ = മണ്ണുണ്ട്‌

4. വ്യഞ്ജന സന്ധി

വ്യഞ്ജനവും വ്യഞ്ജനവും തമ്മില്‍ ചേരുമ്പോഴാണ്‌ വ്യഞ്ജന സന്ധി ഉണ്ടാവുന്നത്‌.

ഉദാ: നെന്‍ + മണി = നെന്‍മണി

കല് + മദം = കന്‍മദം

സന്ധിക്കുന്ന വര്‍ണ്ണത്തിനുണ്ടാകുന്ന മാറ്റത്തെ അടിസ്ഥാനമാക്കി സന്ധികള്‍ നാലുവിധമുണ്ട്‌.

1. ലോപസന്ധി

രണ്ടു വര്‍ണ്ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ അതിലൊരു വര്‍ണ്ണം ഇല്ലാതാകുന്നത്‌ ലോപസന്ധി. അതായത്‌, ഒരു സ്വരം പദമായാല്‍ പൂര്‍വ്വ പദാന്ത്യമായ സംവൃതോകാരം, പൂർണ്ണക്രിയയുടെ ഒടുവിലുള്ള 'ഉ' കാരം, അല്ല, ഇല്ല, ആയി, പോയി എന്നിവയുടെ അന്ത്യസ്വരം. നടുവിനയെച്ചത്തിന്റെ അന്ത്യത്തിലുള്ള അകാരം, ചില വിശേഷണങ്ങളുടെയും മറ്റു ചില പദങ്ങളുടെയും അന്ത്യമായ അകാരം, അട്ടെ, അതെ, ഉടെ, ഊടെ ഇവയുടെ അന്ത്യസ്വരം എന്നിവ ലോപിക്കും.

ഉദാ:

രണ്ട്‌ + അടി = രണ്ടടി

കണ്ടു + ഇല്ല = കണ്ടില്ല

അല്ല + എങ്കില്‍ = അല്ലെങ്കില്‍

പോകുന്നു + ഇല്ല = പോകുന്നില്ല

കറുത്ത + അമ്മ = കറുത്തമ്മ

തണുപ്പ്‌ + ഉണ്ട്‌ = തണുപ്പുണ്ട്‌

കാണുന്നു + ഇല്ല = കാണുന്നില്ല

ചൂട്‌ + ഉണ്ട്‌ = ചൂടുണ്ട്‌

ചെയ്യുന്നു + ഇല്ല = ചെയ്യുന്നില്ല

പറഞ്ഞു + ഇല്ല = പറഞ്ഞില്ല

കയ്പ്‌ + ഉണ്ട്‌ = കയ്പ്പുണ്ട്‌

ഒരു + ഇടി = ഒരിടി

അല്ല + എന്ന്‌ = അല്ലെന്ന്‌

ആയി + എന്ന്‌ = ആയെന്ന്‌

വരാതെ + ഇരുന്നു = വരാതിരുന്നു

ഇല്ല + എങ്കില്‍ = ഇല്ലെങ്കില്‍

പോയി + എന്ന്‌ = പോയെന്ന്‌

കണ്ടു + ഇല്ല = കണ്ടില്ല

കണ്ട + ഇടം = കണ്ടിടം

അറിക + എടോ = അറികെടോ

തെല്ല്‌ + ഇട = തെല്ലിട

ഒരു + ഒറ്റ = ഒരൊറ്റ

ഇരുമ്പ്‌ + അഴി = ഇരുമ്പഴി

അടിക്ക്‌ + അടി = അടിക്കടി

അവിടെ + അവിടെ = അവിടവിടെ

അത്‌ + അല്ല = അതല്ല

ഇത്‌ + അല്ല = ഇതല്ല

എഴുത്ത്‌ + അച്ഛന്‍ = എഴുത്തച്ഛന്‍

എഴുത്ത്‌ + ആണി = എഴുത്താണി

ഇരുമ്പ്‌ + ഉലക്ക = ഇരുമ്പുലക്ക

ഇളയ + അമ്മ = ഇളയമ്മ

ഈശ്വര + ഇച്ഛ = ഈശ്വരേച്ഛ

ലോക + ഇതിഹാസം = ലോകേതിഹാസം

കണ്ടു + ഓ = കണ്ടോ, കണ്ടുവോ

അറിക + അമരേശ്വര = അറികമരേശ്വര

വരിക + എടോ = വരികെടോ 

പല + എടങ്ങളില്‍ = പലെടങ്ങളില്‍

ചില + എടങ്ങളില്‍ = ചിലെടങ്ങളില്‍

പോട്ടെ + അവൻ = പോട്ടവൻ, പോട്ടെയവൻ

2. ആഗമസന്ധി

രണ്ടു വര്‍ണ്ണങ്ങള്‍ ചേരുമ്പോള്‍ അവയിക്കിടയില്‍ ഒരു വര്‍ണ്ണം കൂടുതലായി വരുന്നത്‌ ആഗമസന്ധി. താലവ്യ സ്വരങ്ങളായ അ, ആ, ഇ, ഈ, ഉ, ഈ, എ, ഏ, ഐ ഇവയ്ക്കു ശേഷം സ്വരം വന്നാല്‍ 'യ' കാരം ആഗമിക്കും. പദാവസാനത്തില്‍ ഓഷ്ഠ്യസ്വരങ്ങള്‍ വന്നാല്‍ 'വ'കാരം ആഗമിക്കും. താലവൃസ്വരത്തിനുശേഷം പ്രത്യയാദിയില്‍ 'ക്ക' വന്നാല്‍ ഇടയില്‍ 'യ'കാരാഗമം. അ, ഇ, എ എന്നിവയ്ക്കുശേഷം സ്വരം വന്നാല്‍ 'വ'കാരം ആഗമിക്കും. പദാന്ത ഓഷ്ഠ്യത്തിനുശേഷം സ്വരം വന്നാല്‍ 'ക'കാരമോ, 'വ'കാരമോ ആഗമിക്കും. ദീർഘങ്ങളിലവസാനിക്കുന്ന പദങ്ങളോട് അന്ത്യസ്വരം താലവ്യമെങ്കില്‍ 'യ' കാരവും ഓഷ്ഠ്യമെങ്കില്‍ 'വ'കാരവും ആഗമിക്കും.

ഉദാ:

വഴി + അമ്പലം = വഴിയമ്പലം

തിരു + ആഭരണം = തിരുവാഭരണം

അ + അള്‍ = അവള്‍

പോ + ഉന്നു = പോകുന്നു, പോവുന്നു

രാ = രാവ്

തീ = തീയ്

ഒരു + അന്‍ = ഒരുവന്‍

ഇനി + ഒരിക്കലും = ഇനിയൊരിക്കലും

കരി + ഇല = കരിയില

ചാ + ഉന്നു = ചാവുന്നു

തിരു + ആതിര = തിരുവാതിര

വഴി + ഇല്‍ = വഴിയില്‍

അമ്മ + ഉടെ = അമ്മയുടെ (യ് ആഗമിച്ചു)

കുട്ടി + ഓട് = കുട്ടിയോട്‌ (യ് ആഗമിച്ചു)

ചന്ത + ല്‍ = ചന്തയില്‍ (യ് ആഗമിച്ചു)

മണി + അറ = മണിയറ

പലക + ഇല്‍ = പലകയില്‍

തല + ക്ക്‌ = തലയ്ക്ക്‌

കര + ഉള്ള = കരയുള്ള

പൂ + അമ്പ് = പൂവമ്പ്

ഉട + ആട = ഉടയാട

എത്ര + എത്ര = എത്രയെത്ര

കല + ഇല്‍ = കലയില്‍

വെടി + ഉണ്ട = വെടിയുണ്ട

3. ദ്വിത്വസന്ധി

രണ്ടു വര്‍ണ്ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഉത്തരപദാദിയിലെ വ്യഞ്ജനം ഇരട്ടിക്കുന്നത്‌ ദ്വിത്വ സന്ധി.

ഉദാ:

താമര + കുളം = താമരക്കുളം

നീല + തഴ = നീലത്തഴ

പരിധിയില്‍ + പെടുന്നു = പരിധിയില്‍പ്പെടുന്നു

വഴിയില്‍ + കൂടി = വഴിയില്‍ക്കൂടി

ചവിട്ടി + കൊന്നു = ചവിട്ടിക്കൊന്നു

കരിമ്പന + പട്ട = കരിമ്പനപ്പട്ട

മൊട്ട + തല = മൊട്ടത്തല

പച്ച + പുല്ല്‌ = പച്ചപ്പുല്ല്

മുല്ല + പൂവ്‌ = മുല്ലപ്പൂവ്‌

കവിള്‍ + തടം = കവിള്‍ത്തടം

കരിമ്പന + പട്ട = കരിമ്പനപ്പട്ട

അമ്മ + തൊട്ടില്‍ = അമ്മത്തൊട്ടില്‍

കിളി + കൊഞ്ചല്‍ = കിളിക്കൊഞ്ചല്‍

മഞ്ഞ + പട്ട്‌ = മഞ്ഞപ്പട്ട്‌

വെള്ളി + കരണ്ടി = വെള്ളിക്കരണ്ടി

മുട്ട + തോട്‌ = മുട്ടത്തോട്‌

കുട്ടി + പട്ടാളം = കുട്ടിപ്പട്ടാളം

അ + നേരം = അന്നേരം

അ + ദേഹം = അദ്ദേഹം

വെള്ള + പാണ്ട്‌ = വെള്ളപ്പാണ്ട്‌

തുമ്പി + കൈ = തുമ്പിക്കൈ

ആന + ചന്തം = ആനച്ചന്തം

മഴ + കാറ്‌ = മഴക്കാറ്‌

വാഴ + കുല = വാഴക്കുല

സ്വര്‍ണ്ണ + പല്ല് = സ്വര്‍ണ്ണപ്പല്ല്

കപ്പ + കിഴങ്ങ്‌ = കപ്പക്കിഴങ്ങ്‌

പടി + കെട്ട്‌ = പടിക്കെട്ട്‌

കോഴി + കുഞ്ഞ്‌ = കോഴിക്കുഞ്ഞ്‌

ഉണ്ണി + കുട്ടന്‍ = ഉണ്ണിക്കുട്ടന്‍

തല + ചോറ്‌ = തലച്ചോറ്‌

കിളി + കൂട് = കിളിക്കൂട്

വാഴ + തോപ്പ് = വാഴത്തോപ്പ്

അമ്മിഞ്ഞ + പാൽ = അമ്മിഞ്ഞപ്പാൽ

ശീല + കുട = ശീലക്കുട .

മൂല + പൂ = മുല്ലപ്പൂ

ചിത്തിര + തോണി = ചിത്തിരത്തോണി

നീല + കണ്ണ്‌ = നീലക്കണ്ണ്‌

പാവ + കുട്ടി = പാവക്കുട്ടി

1. വിശേഷ്യങ്ങള്‍ തമ്മില്‍ ചേര്‍ത്തെഴുതുമ്പോള്‍ ഇരട്ടിക്കില്ല.

ഉദാ: കൈ + കാല്‍ = കൈകാല്‍

മാതാ + പിതാക്കള്‍ = മാതാപിതാക്കള്‍

2. ലിംഗവചനപ്രത്യയങ്ങള്‍ ലോപിക്കാത്ത സമാസത്തിലും കേവലധാതു പൂര്‍വ്വപദമായുള്ള സമാസത്തിലും ഉത്തരപദാദിയിലെ ദൃഢവര്‍ണ്ണം ഇരട്ടിക്കുകയില്ല.

ഉദാ: അര + കല്ല്‌ = അരകല്ല്‌

മലമകള്‍ + ചരണം = മലമകള്‍ചരണം

3. മുന്‍വിനയെച്ചം, തന്‍വിനയെച്ചം, പാക്ഷികവിനയെച്ചം ഇവയുടെയും ആധികാരികാഭാസമായ 'എ' എന്നതിന്റെയും ആ, ഇല്‍, കല്‍, എ എന്നീ വിഭക്തി പ്രത്യയങ്ങളുടെയും പിമ്പ്‌ വരുന്ന ദൃഢവര്‍ണ്ണങ്ങള്‍ സമാസമില്ലാത്തിടത്തും ഇരട്ടിക്കും.

ഉദാ: ചാടി + പുറപ്പെട്ടു = ചാടിപ്പുറപ്പെട്ടു (മുന്‍വി)

കൂടെ + ചെന്നു = കൂടെച്ചെന്നു (തന്‍വി)

കാട്ടിലെ + കല്ല്‌ = കാട്ടിലെക്കല്ല് (ആധാരികാഭാസം)

മനസ്സാല്‍ + കണ്ടു = മനസ്സാല്‍ക്കണ്ടു (പ്രയോജിക)

തലയില്‍ + കയറി = തലയില്‍ക്കയറി (ആധാരിക)

കീചകനെ + കൊന്നു = കീചകനെക്കൊന്നു (പ്രതിഗ്രാഹിക)

4. ചൂട്ടെഴുത്തുകള്‍ക്കു (അ, ഇ, എ) പിന്നില്‍ വരുന്ന ഏതു വൃഞ്ജനവും ഇരട്ടിക്കും.

ഉദാ: അ + കാലം = അക്കാലം

എ + മട്ട് = എമ്മട്ട്

5. ഉത്തരപദാദിയിലെ വർണ്ണം ശിഥിലമാണെങ്കിൽ അത്‌ ഇരട്ടിക്കാതെ ചുട്ടെഴുത്തുകള്‍ നീട്ടിയാലും മതി.

ഉദാ: അ + മരം = ആമരം (അമ്മരം)

ഇ + വണ്ണം = ഈവണ്ണം (ഇവ്വണ്ണം)

6. ഏകമാത്ര ശബ്ദത്തിന്റെ അവസാനത്തില്‍ വരുന്ന അനുനാസികകളും യ, ള, ല എന്നീ അക്ഷരങ്ങളും ഇരട്ടിച്ചേ നില്‍ക്കുകയുള്ളൂ.

ഉദാ: എണ്‍ + ആയിരം = എണ്ണായിരം

എന്‍ + എ = എന്നെ

4. ആദേശസന്ധി

രണ്ട്‌ വര്‍ണ്ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഒരു വര്‍ണ്ണം മാറി തല്‍സ്ഥാനത്ത്‌ മറ്റൊരു വര്‍ണ്ണം വന്നുചേരുന്നതാണ്‌ ആദേശസന്ധി.

ഉദാ: വേള്‍ + തു = വേട്ടു

കണ്‍ + നീര്‍ = കണ്ണീര്‍

വ്രതം + അനുഷ്ഠിച്ച്‌ = വ്രതമനുഷ്ഠിച്ച്‌

തന്‍ + ഇല്ലം = തന്നില്ലം

1. “ത” വര്‍ഗം “ട" വര്‍ഗ്ഗത്തോട്‌ ചേരുമ്പോള്‍ “ട" വര്‍ഗ്ഗമായും “ത” വര്‍ഗം 'ച'വര്‍ഗത്തോട് ചേരുമ്പോള്‍ 'ച'വര്‍ഗമായും 'ത' വര്‍ഗം “റ്റ്"‌ വര്‍ഗത്തോടു ചേരുമ്പോള്‍ “റ്റ" വര്‍ഗ്ഗമായും മാറും.

2. പിന്‍പ്രതൃയാദിയായ 'ത'കാരം വന്നാല്‍ “ല"കാരം "റ്റ" കാരമായും “ള'കാരം 'ട'കാരമായും മാറും. പിന്നില്‍ വരുന്നത്‌ അനുനാസികമാണെങ്കില്‍ “ല" "റ്റ"യായും “ള”യായും മാറും.

ഉദാ: വില്‌ + തു = വിറ്റ്‌ + തു = വിറ്റു

കേള് + തു = കേട്‌ + തു = കേട്ടു

ഉള്‍ + മ = ഉണ്‍മ

3. മുന്‍, പിന്‍, പൊന്‍ ഇവയിലെ “ന"കാരം ഖരം പരമായാല്‍ 'ല'കാരമായി മാറും.

ഉദാ: തിരുമുന്‍ + കാഴ്ച = തിരുമുല്‍ക്കാഴ്ച

പൊന്‍ + കതിര്‍ = പൊല്‍കതിര്‍

4. അനുനാസികത്തോട്‌ ചേര്‍ന്നുവരുന്ന ഖരം കൂടി അനുനാസികമായി മാറും.

ഉദാ: പറഞ്ചു = പറഞ്ഞു

തന്‍ + കല്‍ = തങ്ങള്‍

5. അനുസ്വാരത്തിന്‌ പിന്നില്‍ വര്‍ഗ്ഗാക്ഷരം വന്നാൽ ആ വര്‍ഗ്ത്തിലെ അനുനാസികം ആദേശം വരും.

ഉദാ: വരും + കാലം = വരുങ്കാലം

പോകും + തോറും = പോകുന്തോറും

6. സമുച്ചയനിപാതമായ 'ഉം' പിന്നില്‍ വന്നാല്‍ അനുസ്വാരം “വ'കാരമായി മാറും.

ഉദാ : മണം + ഉം = മണവും

7. അനുസ്വാരത്തിനുശേഷം വിഭക്തിപ്രത്യയമായ "സ്വരം" വന്നാല്‍ 'ത്ത' ആദേശിക്കും.

ഉദാ: രാജ്യം + എ = രാജ്യത്തെ

മരം + ഇല്‍ = മരത്തില്‍

8. അനുസ്വാരത്തിന്‌ പരമായി 'ഓട്‌' എന്ന വിഭക്തിപ്രതൃയം വരുമ്പോള്‍ 'ത്ത' എന്ന ആദേശം വികല്‍പ്പമായിട്ടേ വരൂ.

ഉദാ: ധനം + ഓട്‌ = ധനമോട്‌, ധനത്തോട്‌

മാനം + ഓട്‌ = മാനമോട്‌, മാനത്തോട്‌

9. ഭാവികാലത്തെ കുറിക്കുന്ന പ്രത്യയത്തിലെ അനുസ്വാരത്തിനും “പ്രത്യയ' സ്വരം പരമായാല്‍ “വ"കാരാദേശം.

ഉദാ: വരും + ഏന്‍ = വരുവേന്‍

തരും + ആന്‍ = തരുവാന്‍

വരും + ഇന്‍ = വരുവിന്‍

10. ചില്ലായ “ന്‍" അനുസ്വാരം എന്നിവയ്ക്ക്‌ “കള്‍" പ്രത്യയം പരമായാല്‍ സവര്‍ണ്ണനം സംഭവിക്കും.

ഉദാ:

നിന്‍ + കള്‍ = നിങ്‌ + കള്‍ = നിങ്ങള്‍

താന്‍ + കള്‍ = താങ്‌ + കള്‍ = താങ്കള്‍

വിണ്‍ + തലം = വിണ്ടലം

കല്‍ + മതില്‍ = കന്മതില്‍

നല്‍ + മ = നന്മ

വെള്‍ + മ = വെണ്മ

കണ്‍ + നീര് = കണ്ണീര്

കേള്‍ + തു = കേട്ടു

മരം + ഇല്‍ = മരത്തില്‍

വേള്‍ + തു = വേട്ടു

ഏണ്‍ + നൂറ്‌ = എണ്ണൂറ്‌

നെല്‍ + മണി = നെന്മണി

തൊൺ + നൂറ്‌ = തൊണ്ണൂറ്‌

പട് + തു = പട്ടു

നട് + തു = നട്ടു

കട് + തു = കട്ടു

പെട് + തു = പെട്ടു

കരം + ഉം = കരവും 

മറ്റു സന്ധികൾ 

വൃദ്ധിസന്ധി

അ, ആ ഇവയ്ക്കുശേഷം ഏ, ഓ, ഐ, ഔ എന്നീ അക്ഷരങ്ങള്‍ വന്നാല്‍ രണ്ടിനുംകൂടി ആ, ഐ, ഔ ഇവ യഥാക്രമം ആദേശം വരും.

ഉദാ: ലോക+ഏകവീരന്‍ = ലോകൈകവീരന്‍

വന + ഔഷധി = വനൗഷധി

പരമ + ഔഷധം = പരമൗഷധം

യണ്‍സസന്ധി

ഹ്രസ്വങ്ങളോ ദീര്‍ഘങ്ങളോ ആയ ഇ, ഉ, ഋ ഇവയ്ക്ക്‌ പകരമായി സ്വരങ്ങള്‍ വന്നാല്‍ യഥാക്രമം യ്‌, വ്‌, ര് എന്നിവ വരും.

ഉദാ: അതി + അധികം = അത്യധികം

നദീ + ഓഘം = നദ്യോഘം

ഗുരു + ആജ്ഞ = ഗുര്‍വ്വാജ്ഞ

വധു + ഈപ്സിതം = വധ്വീപ്സിതം

പിതൃ + അര്‍ഥം = പിത്രര്‍ഥം

വ്യഞ്ജനസന്ധി

1. ക്‌, ട്‌, ത്‌ എന്നീ വ്യഞ്ജനങ്ങള്‍ക്കുശേഷം സ്വരമോ മൃദുവോ മധ്യമമോ വന്നാല്‍ ആദ്യ വ്യഞ്ജനം മൃദുവായി മാറും.

ഉദാ: വാക്‌ + ഈശ്വരന്‍ = വാഗീശ്വരന്‍

വാക്‌ + ദേവി = വാഗ്ദേവി

സ്വരാട്‌ + ജയം = സ്വരാഡ്ജയം

ചിത്‌ + രൂപം = ചിദ്രൂപം

2. വര്‍ഗ്ഗാക്ഷരങ്ങള്‍ക്ക്‌ പരമായി അനുനാസികം വന്നാല്‍ വര്‍ഗ്ഗാക്ഷരത്തിന്റെ അനുനാസികം ആദേശം.

(ക-ങ, ട-ണ, ത-ന, പ-മ)

ഉദാ: ദിക്‌ + നാഗം = ദിങ്നാഗം

വാക്‌ + മാധുര്യം = വാങ്മാധുര്യം

സാമ്രാട് + നഗരം = സമ്രാണ്ണഗരം

മധുലിട് + നാദം = മധുലിണ്ണാദം

ചിത് + മയം = ചിന്മയം

സത്‌ + മയം = സന്മയം

അപ്‌ + മയം = അമ്മയം

3. സ, ത വര്‍ഗ്ഗങ്ങളോട്‌ ശ, ച വര്‍ഗ്ഗങ്ങള്‍ ചേര്‍ന്നാല്‍ ശ, ച വര്‍ഗ്ഗമായും ഷ, ട വര്‍ഗ്ഗങ്ങള്‍ ചേര്‍ന്നാല്‍ ഷ,ട വര്‍ഗ്ഗമായും മാറും.

ഉദാ: 1. മനസ്‌ + ശക്തി = മനശ്ശക്തി

മനസ്‌ + ശല്യം = മനശ്ശല്യം ('സ'കാരം 'ശ'കാരമായി)

2. മഹത്‌ + ചരിതം = മഹച്ചരിതം

സത്‌ + ചിത്‌ = സച്ചിത്‌ ('ത'കാരം 'ച'കാരമായി)

4. 'ത'കാരത്തിനു പകരമായി വരുന്ന “ശ'കാരം 'ഛ'കാരമാകും.

ഉദാ: വിദ്യുത്‌ + ശക്തി = വിദ്യുച്ഛക്തി

സത്‌ + ശാസ്ത്രം = സച്ഛാസ്ത്രം

5. 'ത'കാരത്തിനു പരമായി 'ല'കാരം വന്നാല്‍ 'ത'കാരം 'ല'കാരമാകും.

ഉദാ: ഉത്‌ + ലംഘനം = ഉല്ലംഘനം

മരുത്‌ + ലോളിതം = മരുല്ലോളിതം

സത്‌ + ലീലം = സല്ലീലം

സുഹൃത്‌ + ലാഭം = സുഹൃല്ലാഭം

6. പദാന്തത്തിലെ മൃദുവിന്‌ പരമായി 'ഹ'കാരം വന്നാല്‍ അത്‌ ആ മൃദുവിന്റെ ഘോഷമായി മാറും.

ഉദാ: ഉദ്‌ + ഹരണം = ഉദ്ധരണം

തദ്‌ + ഹിതം = തദ്ധിതം

ദിഗ്‌ + ഹസ്തി = ദിഗ്ഘസ്തി

സമ്രാഡ്‌ + ഹര്‍മ്യം = സമ്രാഡ്ഢര്‍മ്യം

7. പദാന്തത്തിലുള്ള ദൃഢങ്ങള്‍ക്ക്‌ മൃദു ആദേശമായി വരും.

ഉദാ: വാക്‌ + ഈശ = വാഗീശ

ചിത്‌ + ആനന്ദ = ചിദാനന്ദ

അപ്‌ + ജം = അബ്ജം

വിസര്‍ഗ്ഗസന്ധി

1. അസ്‌ - ല്‍ അവസാനിക്കുന്ന ശബ്ദങ്ങള്‍ക്കുശേഷം മൃദു, ഘോഷം. അനുനാസികം, മധ്യമം, 'ഹ'കാരം ഇവയിലൊന്നോ, 'അ'കാരമോ വന്നാൽ അസ്-ന്റെ 'സ'കാരത്തിന്‌ 'ഉ'കാരം ആദേശം.

ഉദാ: മനസ്‌ + ദാർഢ്യം = മന + ഉ + ദാർഢ്യം (മനോദാർഢ്യം)

തപസ്‌ + ഭയം = തപോഭയം

വചസ്‌ + നിയന്ത്രണം = വചോനിയന്ത്രണം

ചേതസ്‌ + ഹരം = ചേതോഹരം

വയസ്‌ + അധിക = വയോധിക

യശസ്‌ + ലാഭം = യശോലാഭം

(ഗുണാദേശത്തിലാണ്‌ 'ഉ'കാരം “ഓ” ആയി മാറുന്നത്‌)

2. അസ്‌-നു ശേഷം ക, ഖ. പ, ഫ എന്നീ അക്ഷരങ്ങള്‍ വന്നാല്‍ 'സ'‌കാരം വിസര്‍ഗ്ഗമാകും.

ഉദാ : മനസ്‌ + കാഠിന്യം = മനഃകാഠിന്യം

മനസ്‌ + ഖേദം = മനഃഖേദം

തപസ്‌ + ഫലം = തപഃഫലം

അധസ്‌ + പതനം = അധഃപതനം

(നമസ്‌കാരം, തിരസ്കാരം, പുരസ്കാരം, അഹസ്ക്കരന്‍, യശസ്ക്കാമം, അയസ്പാത്രം എന്നിവയിലെ 'സ'‌കാരം വിസര്‍ഗ്ഗമാവുകയില്ല).

3. ക, ഖ, പ, ഫ ങ്ങള്‍ക്ക്‌ മുന്‍പ ഇസ്, ഉസ്‌ എന്നവസാനിക്കുന്ന പദങ്ങളിലെ 'സ'‌കാരത്തിന്‌ 'ഷ' കാരമാകുന്നു ആദേശം.

ഉദാ: ആയുസ്‌ + കാലഃ = ആയുഷ്കാലഃ

അര്‍ച്ചിസ്‌ + ഖണ്ഡഃ = അര്‍ച്ചിഷ്ഖണ്ഡഃ

ധനുസ് + പാണിഃ = നധുഷ്പാണിഃ

4. രേഫത്തിനുശേഷം രേഫം വന്നാല്‍ ആദ്യ രേഫം ലോപിക്കുകയും ആദ്യരേഫത്തിന്റെ മുന്നിലിരിക്കുന്ന സ്വരം ഫ്രസ്വമായാല്‍ അത്‌ ദീര്‍ഘിക്കുകയും ചെയ്യും.

ഉദാ: സ്വര് + രാജ്യം = സ്വാരാജ്യം

നിര് + രന്ധ്രം = നീരന്ധ്രം

നിര് + രസം = നീരസം

5. ശ, ഷ, സ ഇവയ്ക്കു മുന്നിലിരിക്കുന്ന വിസര്‍ഗം ചിലപ്പോള്‍ വിസര്‍ഗ്ഗമായിത്തന്നെ ഇരിക്കും. അല്ലെങ്കില്‍ യഥാക്രമം ശ്‌, ഷ്‌, സ്‌ എന്നിങ്ങനെ മാറും.

ഉദാ: മനഃ + ശക്തി = മനഃശക്തി (മനശ്ശക്തി)

അന്തഃ + സത്താ = അന്തഃസത്ത (അന്തസ്സത്ത)

മഹസ്‌ + ഷണ്ഡം = മഹഃഷണ്ഡം (മഹഷ്ഷണ്ഡം)

6. നിഃ, ദുഃ, ബഹിഃ, ആവിഃ, ചതുഃ ഇവയ്ക്കുശേഷം ക, ഖ, പ, ഫ എന്നീ അക്ഷരങ്ങള്‍ വന്നാല്‍ വിസര്‍ഗ്ഗം 'ഷ'കാരമാകും.

ഉദാ: നിഃ + ഫലം = നിഷ്ഫലം

ദുഃ + കൃതം = ദുഷ്കൃതം

ബഹിഃ + കൃത്യം = ബഹിഷ്കൃതം

ചതുഃ + കോണം = ചതുഷ്കോണം

ആവിഃ + കാരം = ആവിഷ്കാരം

Post a Comment

Previous Post Next Post