വൈക്കം മുഹമ്മദ് ബഷീർ

വൈക്കം മുഹമ്മദ് ബഷീർ ജീവചരിത്ര കുറിപ്പ് (Vaikom Muhammad Basheer)

ജനനം: 1908 ജനുവരി 21

മരണം: 1994 ജൂലൈ 5

മലയാളത്തിന്റെ മഹാകഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. ലളിതസുന്ദരമായ വാക്കുകളിലൂടെ വായനക്കാരെ ആകർഷിച്ച അദ്ദേഹത്തെ 'ബേപ്പൂർ സുൽത്താനെ'ന്നു വിളിച്ചു. മലയാള സാഹിത്യത്തിൽ തനതായ ഒരു ശൈലി വെട്ടിതെളിയിച്ച വൈക്കം മുഹമ്മദ് ബഷീർ വൈക്കത്തിനടുത്ത് കായി-അബ്ദുറഹ്മാൻ - കുഞ്ഞാച്ചുമ്മ ദമ്പതികളുടെ മകനായി തലയോലപ്പറമ്പിൽ ജനിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. ഉപ്പു സത്യഗ്രഹത്തിൽ ഭാഗമായതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്‌ത്‌ ജയിലിലാക്കി. ജയിലിൽനിന്നു പുറത്തുവന്ന അദ്ദേഹം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസവും മർദ്ദനവും വീണ്ടും ഏറ്റുവാങ്ങി. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഒരു തീവ്രവാദ സംഘടന രൂപീകരിച്ച ബഷീർ 'ഉജ്ജീവനം' എന്ന വാരികയും നടത്തി. 1942 ൽ സർ സി.പിയുടെ പൊലീസ് അദ്ദേഹത്തെ തുറങ്കിലടച്ചു. വിപ്ലവാശയങ്ങളുമായി വർഷങ്ങളോളം ഇന്ത്യയുടെ മിക്കഭാഗങ്ങളിലും അറബിരാജ്യങ്ങളിലും ആഫ്രിക്കൻതീരപ്രദേശങ്ങളിലും ബഷീർ ചുറ്റിസഞ്ചരിച്ചു; ജീവിക്കാനായി  പല തൊഴിലുകളിലും ഏർപ്പെട്ടു. ഹൈന്ദവസന്ന്യാസിമാരുടേയും സൂഫിവര്യന്മാരുടെയും കൂടെ കുറേക്കാലം കഴിച്ചുകൂട്ടി. ധാരാളം അനുഭവസമ്പത്തോടെ കേരളത്തിൽ മടങ്ങിയെത്തി സാഹിത്യരചനയിൽ ഏർപ്പെട്ടു. 

1942 ൽ ജയിലിൽ കിടന്ന് അദ്ദേഹം 'പ്രേമലേഖനം' എഴുതി. 1944 ലാണ് ബഷീറിന്റെ ഏറെ പ്രസിദ്ധമായ 'ബാല്യകാലസഖി' പുറത്തിങ്ങിയത്. ഇത് ആദ്യം എഴുതിയത് ഇംഗ്ലീഷിലായിരുന്നു. ജയിൽമോചിതനായ ബഷീർ പോയത് എറണാകുളത്തേക്കാണ്. അവിടെ സർക്കിൾ ബുക്ക് ഹൗസ് എന്ന പുസ്തകശാല തുടങ്ങി. പിന്നീട് ഇതിന്റെ പേര് ബഷീർ ബുക്ക് ഹൗസ് എന്നായി. ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ബഷീറിന്റെ 'ശബ്ദങ്ങൾ' 1947 ൽ പ്രസിദ്ധീകരിച്ചു. എതിർപ്പുകൾ അദ്ദേഹത്തെ കൂടുതൽ ശക്തനാക്കി. 1954 നുശേഷം അഞ്ചു വർഷം ബഷീർ ചില ആരോഗ്യപ്രശ്നങ്ങൾ മൂലം എഴുത്തിൽനിന്നു വിട്ടുനിന്നു. 1959 ൽ ബഷീർ തന്റെ വീടിന്റെ പശ്ചാത്തലത്തിൽ 'പാത്തുമ്മയുടെ ആട്' എഴുതി. 1962 ൽ ബഷീർ തന്റെ തട്ടകം കോഴിക്കോട്ടേക്ക് മാറ്റി. ഇതോടെ അദ്ദേഹം 'ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെടാൻ തുടങ്ങി.  'മതിലുകൾ' പുറത്തുവരുന്നത് 1965 ലാണ്. അപ്പോഴേക്കും ബഷീർ സിനിമ രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ബഷീറിന്റെ കഥയായ നീലവെളിച്ചം, ഭാർഗ്ഗവീനിലയം എന്ന സുപ്രസിദ്ധ സിനിമയായി പുറത്തുവന്നു. 1994 ജൂലൈ നാലിന് ബഷീർ അന്തരിച്ചു. 

വിവിധ ശാഖകളിലായി മുപ്പതോളം ഗ്രന്ഥങ്ങളുടെ കർത്താവാണ് ബഷീർ. ഇദ്ദേഹത്തിന്റെ പ്രധാനകൃതികൾ നിരവധി വിദേശഭാഷകളിലേക്കും വിവിധ ഇന്ത്യൻ ഭാഷകളിലേക്കും തർജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കേരളസാഹിത്യ അക്കാദമി ഫെലോഷിപ്പ്, പത്മശ്രീ (1982), ലളിതാംബിക അന്തർജനം അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, വള്ളത്തോൾ പുരസ്‌കാരം, സ്വാതന്ത്ര്യസമരഭടനുള്ള താമ്രപത്രം, കോഴിക്കോട് സർവ്വകലാശാലയുടെ ഡി ലിറ്റ് (1987), പ്രേംനസീർ പുരസ്‌കാരം (1993) തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ബഷീറിനു ലഭിച്ചിട്ടുണ്ട്. തലയോലപ്പറമ്പിൽ അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തി വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ നിലകൊള്ളുന്നു. താടിക്കു കൈയും കൊടുത്ത് ചിന്തിച്ചിരിക്കുന്ന ബഷീർ ചിത്രവുമായി 2009 ജനുവരി 21 ന് ഭാരതീയ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കി.

പ്രധാന കൃതികൾ

■ ചിരിക്കുന്ന മരപ്പാവ

■ ധർമരാജ്യം

■ വിശപ്പ്

■ അനർഘനിമിഷം

■ ബാല്യകാലസഖി

■ ഭൂമിയുടെ അവകാശികൾ

■ പാവപ്പെട്ടവരുടെ വേശ്യ

■ നീലവെളിച്ചം

■ പ്രേമലേഖനം

■ വിശ്വവിഖ്യാതമായ മൂക്ക്

■ മതിലുകൾ

■ സ്ഥലത്തെ പ്രധാന ദിവ്യൻ

■ പാത്തുമ്മയുടെ ആട്

■ മുച്ചീട്ടു കളിക്കാരന്റെ മകൾ

■ ജീവിതനിഴൽപ്പാടുകൾ

■ ശിങ്കിടിമുങ്കൻ

■ ആനപ്പൂട

■ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്

■ ആനവാരിയും പൊൻകുരിശും

■ പൂവൻപഴം

■ ഭാർഗവീനിലയം

കഥാപാത്രങ്ങളും കൃതികളും

■ വട്ടനടിമ - ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്

■ സുഹ്‌റ - ബാല്യകാലസഖി

■ നാരായണി - മതിലുകൾ

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ബഷീറിന്റെ ആദ്യ നോവൽ - പ്രേമലേഖനം

2. ആനവാരി രാമൻ നായർ ആരുടെ കഥാപാത്രം - ബഷീർ

3. നാരായണി എന്ന കഥാപാത്രമുള്ള ബഷീർ നോവൽ - മതിലുകൾ

4. 'ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി ബല്യ ഒന്ന്' ഈ പരാമർശം ഏതു കൃതിയിൽ? - ബാല്യകാലസഖി (ബഷീർ)

5. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലുകളുടെ സവിശേഷത എന്ത്? - ആത്മാംശം കലർന്ന ഇതിവൃത്തം

6. എം.പി.പോൾ 'ബാല്യകാലസഖി' എന്ന നോവലിനെ വിശേഷിപ്പിച്ചതെങ്ങനെ? - ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരേടാണ് ബാല്യകാലസഖി

7. ബാല്യകാലസഖി എന്ന നോവലിലെ നായിക ആര്? - സുഹ്റ

8. കുടുംബത്തിനും അതിലെ പ്രശ്നങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് വൈക്കം മുഹമ്മദ്ബഷീർ രചിച്ച നോവൽ ഏത്? - പാത്തുമ്മയുടെ ആട്

9. മുസ്ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രതിപാദിക്കുന്ന ബഷീർ കൃതി ഏത്? - ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്

10. കഥാബീജം എന്ന നാടകം എഴുതിയത് ഒരു പ്രമുഖ നോവലിസ്റ്റാണ്. ആരാണ് അദ്ദേഹം? - ബഷീർ

11. മലയാള കഥാസാഹിത്യത്തിലെ പ്രശ്ന പുരുഷന്മാർ എന്ന് വിശേഷിപ്പിക്കുന്ന കഥാകാരന്മാർ ആരെല്ലാം? - കേശവദേവ്, തകഴി, ബഷീർ

12. 'ഇമ്മിണി ബല്യ ഒന്ന്' എന്ന പ്രയോഗം കേൾക്കുമ്പോൾ മലയാളികൾ ആദ്യം ഓർക്കുന്ന കഥാകാരൻ ആര്? - വൈക്കം മുഹമ്മദ് ബഷീർ

13. വൈക്കം മുഹമ്മദ് ബഷീറിന്റെ അപ്രകാശിക രചനകളുടെ സമാഹാരം ഏത്? - യാ ഇലാഹി

14. "ബേപ്പൂർ സുൽത്താൻ" എന്നറിയപെട്ട സാഹിത്യകാരൻ ആരാണ് - വൈക്കം മുഹമ്മദ് ബഷീർ

15. മതിലുകൾ എന്ന നോവൽ രചിച്ചത് - ബഷീർ

16. വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മകഥ ഏതാണ് - ഓർമയുടെ അറകൾ

17. ആദ്യത്തെ ബഷീർ പുരസ്‌കാരത്തിന് അർഹനായത് - കോവിലൻ

18. ഭാർഗവീനിലയം എന്ന സിനിമയ്ക്ക് ആധാരമായ നീലവെളിച്ചം എന്ന കഥ എഴുതിയതാര് - വൈക്കം മുഹമ്മദ് ബഷീർ

19. മണ്ടൻ മുത്തപ്പ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ് - ബഷീർ

20. ന്റുപ്പൂപ്പായ്ക്ക് ഒരാനേണ്ടാർന്നു എന്ന കഥ എഴുതിയതാര് - ബഷീർ

21. എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര് - ബഷീർ

22. ഏകാന്തവീഥിയിലെ അവധൂതൻ എന്നു വിശേഷിപ്പിക്കപ്പെട്ട എഴുത്തുകാരൻ - വൈക്കം മുഹമ്മദ് ബഷീർ

23. ഏതു സാഹിത്യകാരൻ രചിച്ച ഒരേയൊരു നാടകമാണ് കഥാബീജം - ബഷീർ

24. ഏത് മലയാളസാഹിത്യകാരന്റെ അനുഭവങ്ങളാണ് ഡോ.എം.എൻ.വിജയൻ പഠനം നടത്തിയത് - ബഷീർ

25. ഏത് മലയാളസാഹിത്യകാരന്റെ കൃതികളാണ് ഡോ.ആഷർ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ആഗോളതലത്തിൽ ശ്രദ്ധേയമാക്കിയത് - ബഷീർ

26. ഏത് മലയാളസാഹിത്യകാരന്റെ ജന്മശതാബ്ദിയാണ് 2008-ൽ ആഘോഷിച്ചത് - ബഷീർ

27. വൈക്കത്തിനടുത്ത് തലയോലപ്പറമ്പിൽ ജനിച്ച മലയാള സാഹിത്യകാരൻ - ബഷീർ

28. വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഏക നാടകം - കഥാബീജം

29. വൈക്കം മുഹമ്മദ് ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച കൃതി - യാ ഇലാഹി

30. വൈക്കം മുഹമ്മദ് ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച നോവൽ - പ്രേംപാറ്റ

31. വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഏക ബാലസാഹിത്യ കൃതി ഏതാണ് - സർപ്പയജ്ഞം

32. വൈക്കം മുഹമ്മദ് ബഷീറിന്റെ തൂലികാനാമം - പ്രഭ

Post a Comment

Previous Post Next Post