അലങ്കാരം (മലയാളം)

അലങ്കാരം (മലയാളം)

കാവ്യാസ്വാദകന്മാരുടെ ഹൃദയത്തെ ആഹ്ലാദപൂരിതരാക്കുന്ന കവിതാ ധർമ്മത്തിന് ചമത്ക്കാരം എന്നു പറയുന്നു. ചമത്കാരത്തിന്‌ ആശ്രയമായ വാക്യഘടനയ്ക്ക്‌ അലങ്കാരം എന്നു പറയുന്നു.


1. ഉപമ


"ഒന്നിനൊന്നോടു സാദൃശ്യം

ചൊന്നാലന്നാലുപമയാമത്‌"


ഒരു വസ്തുവിനെ മറ്റൊരു വസ്തുവിനോട്‌ സാമ്യം/സാദൃശ്യം പറയുന്നതാണ്‌ ഉപമ എന്ന അലങ്കാരം.


ഉദാ: മന്നവേന്ദ്രാ! വിളങ്ങുന്നു

ചന്ദ്രനെപ്പോലെ നിന്‍മുഖം


2. ഉല്‍പ്രേക്ഷ


“മറ്റൊന്നിന്‍ ധര്‍മ്മയോഗത്താ-

ലതുതാനല്ലയോയിത്‌

എന്നു വര്‍ണ്ണ്യത്തിലാശങ്ക

ഉല്‍പ്രേക്ഷാഖ്യാലംകൃതി"


വര്‍ണ്യത്തെ അവര്‍ണ്യമായി സംശയിക്കുന്നു. ഉല്‍പ്രേക്ഷാലങ്കാരത്തില്‍ ഉപമേയത്തിനാണ്‌ പ്രസിദ്ധി. ഉല്‍പ്രേക്ഷയില്‍ ഉപമാനം കവി സങ്കല്പിതമായിരിക്കും.


3. രൂപകം


"അവര്‍ണ്യത്തോടു വര്‍ണ്യത്തി- .

ന്നഭേദം ചൊല്കരൂപകം”


വര്‍ണ്യ (ഉപമേയം) ത്തിന്‌ അവര്‍ണ്യത്തോട്‌ (ഉപമാനം) അഭേദം (ഭേദമില്ല) എന്നു പറയുന്നിടത്താണ്‌ രൂപകാലങ്കാരം.

സാമ്യാധികൃത്താല്‍ വര്‍ണ്യവും അവര്‍ണ്യവും ഒന്നുതന്നെയെന്ന്‌ കല്‍പിക്കുന്നു. ആകുന്നു എന്നതാണ്‌ ഈ അലങ്കാരത്തിലെ കവി വാചകം. മുഖമാകുന്ന ചന്ദ്രന്‍, കാലമാകുന്ന പാമ്പ്‌ (കാലാഹി) ഇവ ഉദാഹരണങ്ങളാണ്‌.


ഉദാ: “ആയിരം മിഴിപ്പൂക്കള്‍ കൊണ്ടു ഞാനാസൗന്ദര്യ-

മാസ്വദിക്കുമ്പോളെന്നില്‍ രോമാഞ്ചം പൊതിയുമ്പോള്‍"


മിഴികളാകുന്ന പൂക്കള്‍, മിഴികള്‍ക്കും പൂക്കള്‍ക്കും അഭേദം കല്‍പിച്ചിരിക്കുന്നു.


4. അപ്രസ്തുത പ്രശംസ


“അപ്രസ്തുത പ്രശംസാഖ്യ

മപ്രസ്തുതമുരയ്ക്ക താന്‍"


പ്രസ്തുതം (വര്‍ണ്യം) വൃത്താന്തത്തിനു പ്രതീതി വരത്തക്കവിധം അപ്രസ്തുത (അവർണ്യം) വൃത്താന്തത്തെ വർണിക്കുന്നതാണ്‌ അപ്രസ്തുത പ്രശംസ. അതായത് പ്രസ്തുതത്തെ മറുവെച്ചിട്ട് അപ്രസ്തുതത്തെ വർണിക്കുന്നത്.


ഉദാ: നന്മുല്ലതന്നുടെ തേനുണ്ട കാർവണ്ട്

നാമുല്ല തീണ്ടുമോ നാരിമാരെ


5. ദീപകം


"അനേകമേകധർമ്മത്തി

ലന്വയിപ്പതു ദീപകം"


അവര്‍ണ്യമായിട്ടുള്ള അനേകം വൃത്താന്തങ്ങൾ വര്‍ണ്യമായിട്ടുള്ള ഒരു വൃത്താന്തത്തില്‍ അന്വയിപ്പിക്കുകയാണെങ്കില്‍ അത്‌ ദീപകം.


ഉദാ: വിഷ്ണു രമയ്ക്ക്‌, നിശയ്ക്കു ശശാങ്കന്‍, 

ഉമയ്ക്കു ഹരന്‍ നളനോര്‍ക്കില്‍ നിനക്കും.


6. ഉല്ലേഖം


“ഉല്ലേഖമൊന്നിനെത്തന്നെ

പലതായി നിനയ്ക്കുകില്‍"


പല ഗുണങ്ങളുള്ള ഒരു വസ്തുവിലെ ഓരോ ഗുണത്തെയും ഓരോരുത്തര്‍ ഓരോന്നായി (പലതായി) കല്‍പിക്കുന്നതാണ്‌ ഉല്ലേഖാലങ്കാരം.


ഉദാ: കാമനെന്നിവനെ സ്ത്രീകൾ

കാലനെന്നോര്‍ത്തു വൈരികള്‍


7. സ്വഭാവോക്തി


“സൂക്ഷ്മസ്വഭാവം വര്‍ണ്ണിച്ചാല്‍

സ്വഭാവോക്തിയതായത്‌"


വസ്തുക്കളുടെ സുക്ഷ്മ സ്വഭാവം വര്‍ണ്ണിച്ചാല്‍ സ്വഭാവോക്തി അലങ്കാരം.


ഉദാ: മാണ്‍പെഴുന്നോന്‍ ചില മാന്‍പേടകളെല്ലാം

ചാമ്പിമയങ്ങിന കണ്‍മിഴിയും

ഒട്ടൊട്ടു ചിമ്മിക്കൊണ്ടിഷ്ടത്തിലമ്പോടു

വട്ടത്തിൽ മേവീതെ പെട്ടെന്നപ്പോൾ

0 Comments