എം.എസ്. സുബ്ബലക്ഷ്മി

എം.എസ്. സുബ്ബലക്ഷ്മി (MS Subbulakshmi in Malayalam)

ജനനം: 1916 സെപ്റ്റംബർ 16

മരണം: 2004 ഡിസംബർ 11


സുപ്രസിദ്ധ ഇന്ത്യൻ സംഗീതജ്ഞയായ എം.എസ്.സുബ്ബലക്ഷ്മി തമിഴ്‌നാട്ടിൽ ജനിച്ചു. കർണാടകസംഗീതത്തിലും വീണാവാദനത്തിലും പ്രാവീണ്യം നേടി. മാതാവ് ഷൺമുഖവടിവാണ്‌ ആദ്യഗുരു. സുബ്ബലക്ഷ്മിയുടെ മീരാഭജനും ഹിന്ദി ഭക്തിഗാനങ്ങളും വലിയ പ്രചാരം നേടി. ലോകവ്യാപകമായി സംഗീതക്കച്ചേരികളിൽ പങ്കെടുത്തിട്ടുണ്ട്. ഭർത്താവ് നടത്തുന്ന ദേശീയ വാരികയായ കല്ക്കിയുടെ ധനശേഖരണാർത്ഥം 1941-ൽ 'സാവിത്രി' എന്ന ചലച്ചിത്രത്തിൽ സുബ്ബലക്ഷ്മി നാരദന്റെ ഭാഗം അഭിനയിച്ചു. 1947-ൽ 'മീരാഭായി' എന്ന സിനിമയിൽ പ്രധാനഭാഗം അഭിനയിക്കുകയുണ്ടായി. ഇത് അവർക്ക് ദേശീയ അംഗീകാരം നേടിക്കൊടുത്തു. 'സംഗീത കലാനിധി' പദവി ലഭിച്ച ആദ്യ ഇന്ത്യൻ വനിത സുബ്ബലക്ഷ്മിയാണ്. പ്രശസ്തസംഗീതജ്ഞനായ ബാദേ ഗുലാം അലിഖാൻ വിശേഷിപ്പിച്ചത് 'സ്വരലക്ഷ്മി സുബ്ബലക്ഷ്മി' എന്നാണ്. സംഗീതക്കച്ചേരികളിൽനിന്നു ലഭിക്കുന്ന പ്രതിഫലം അവർ ദാനധർമ്മാദികൾക്കാണ് വിനിയോഗിച്ചത്.


എം.എസ്.സുബ്ബലക്ഷ്മി ജീവചരിത്രം


1916 സെപ്റ്റംബർ 16 ന് തമിഴ്‌നാട്ടിലെ മധുരയിലാണ് മധുരൈ ഷൺമുഖ വടിവു സുബ്ബലക്ഷ്മി അഥവാ എം.എസ്.സുബ്ബലക്ഷ്മി ജനിച്ചത്. പ്രശസ്ത വീണ വിദുഷിയായ ഷണ്മുഖവടിവുവിന്റേയും വക്കീലായിരുന്ന സുബ്രഹ്മണ്യ അയ്യരുടേയും പുത്രിയായി ജനിച്ച സുബ്ബലക്ഷ്മി വളർന്ന്‌ വന്നത് തീർത്തും സംഗീത സാന്ദ്രമായൊരന്തരീക്ഷത്തിലായിരുന്നു. അമ്മയിൽ നിന്നും ബാല്യത്തിൽ തന്നെ സംഗീതം പഠിച്ചുതുടങ്ങിയ സുബ്ബലക്ഷ്മി മധുര ശ്രീനിവാസയ്യങ്കാരുടെ കീഴിൽ പഠനം തുടങ്ങി കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഗുരു അന്തരിച്ചു. തുടർന്ന് സ്വന്തമായി പരിശീലനം നടത്തിത്തുടങ്ങിയ അവർ അഞ്ചാം ക്ലാസ് വരെ എത്തിയപ്പോഴേക്കും സ്‌കൂൾ പഠനം അവസാനിപ്പിച്ച് മുഴുവൻ സമയവും സംഗീതത്തിലേക്ക് ലയിക്കാൻ തീരുമാനിച്ചു. ദിവസംതോറും മണിക്കൂറുകൾ അവർ സാധകം ചെയ്യുമായിരുന്നു. അമ്മയിൽ നിന്ന് വീണയും, സഹോദരൻ ശക്തിവേലിൽ നിന്ന് മൃദംഗവും, പണ്ഡിറ്റ് നാരായണറാവുവിൽ നിന്ന് ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചു. പത്താംവയസ്സിൽ ആദ്യമായി ഗ്രാമഫോൺ റെക്കോർഡിനുവേണ്ടി പാടി. അമ്മയുടെ വീണക്കച്ചേരിയിൽ പാട്ടുകാരിയായാണ് ആദ്യമാദ്യം വേദിയിലെത്തിയത്. തുടർന്ന് ഒറ്റയ്ക്ക് കച്ചേരി പാടാൻ ആരംഭിച്ചു.1934 ആയപ്പോഴേക്കും മദ്രാസ് മ്യൂസിക് അക്കാദമിയിലെ ഉയർന്ന റാങ്കുകാരായ ചെന്നൈ വൈദ്യനാഥ ഭാഗവതർ, ടൈഗർ വരദാചാര്യർ, കാരായ്മകുടി സാംബവിസ അയ്യർ തുടങ്ങിയവർക്കൊപ്പം സുബ്ബലക്ഷ്മിയുടേയും പേര് എഴുതിച്ചേർക്കപ്പെട്ടു.


1940-ൽ സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവർത്തകനുമായ ത്യാഗരാജൻ സദാശിവവുമായി വിവാഹിതയായി. 1941-ൽ ഭർത്താവ് നടത്തുന്ന ദേശീയവാരികയായ 'കല്ക്കി'യുടെ ധനശേഖരണാർത്ഥം 'സാവിത്രി' എന്ന സിനിമയിൽ നാരദന്റെ വേഷം അഭിനയിച്ചു. 1945-ൽ മീര എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. തുടർന്ന് 1947-ൽ ഈ ചിത്രം 'മീരാഭായി' എന്ന പേരിൽ ഹിന്ദിയിൽ പുനർനിർമ്മിച്ചു. ചിത്രത്തിലെ അഭിനയത്തിന് അവർക്ക് ദേശീയ അംഗീകാരം നേടിക്കൊടുത്തു. മീരാഭായിയുടെ അഭിനയത്തോടെ അവർ സിനിമ അഭിനയം നിർത്തി. ഗാന്ധിജിയ്ക്കുവേണ്ടി അവർ ഒരിക്കൽ ഭജനകൾ ആലപിച്ചു. ഗാന്ധിജിയുടെ മരണം പ്രഖ്യാപിച്ച ശേഷം ആകാശവാണി പ്രക്ഷേപണം ചെയ്തത് സുബ്ബലക്ഷ്മി ഗാന്ധിജിയ്ക്കു വേണ്ടി പാടിയ 'ഹരി തുമ ഹരോ' എന്ന ഭജൻ ആയിരുന്നു.


തെക്കേ ഇന്ത്യയിലെ ദേശീയ വ്യക്തിത്വമായി ഉയർന്ന സുബ്ബലക്ഷ്മി 1998-ൽ ആദ്യമായി ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് 'ഭാരതരത്ന' അവാർഡ് നേടുന്ന സംഗീതജ്ഞയായി. ഇതുകൂടാതെ കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ്, പത്മഭൂഷൺ, രബീന്ദ്രഭാരതി, ഡൽഹി, ബനാറസ്, ഹിന്ദു ശ്രീവെങ്കിടേശ്വര സർവ്വകലാശാലകളുടെ ഡി.ലിറ്റ്, മാഗ്‌സാസെ അവാർഡ്, പത്മവിഭൂഷൺ, കാളിദാസസമ്മാനം, ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്ക്കാരം, ദേശീയോത്തമ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ അവർക്ക് ലഭിച്ചു. 1997-ൽ ഭർത്താവ് മരിച്ചതോടെ അവർ കച്ചേരികൾ അവസാനിപ്പിച്ചു. 2004 ഡിസംബർ 11-ന് തന്റെ 88-ാം വയസ്സിൽ സുബലക്ഷ്മി അന്തരിച്ചു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ഐക്യരാഷ്ട്രസഭയിൽ കച്ചേരി നടത്തിയ ഇന്ത്യൻ സംഗീതജ്ഞ - എം.എസ്. സുബ്ബുലക്ഷ്മി


2. കർണാടക സംഗീതത്തിന്റെ വാനമ്പാടി എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെ - എം.എസ്. സുബ്ബുലക്ഷ്മി


3. എ ലൈഫ് ഇൻ മ്യൂസിക് ആരുടെ ജീവചരിത്രമാണ് - എം.എസ്.സുബ്ബലക്ഷ്മി


4. ഭാരതരത്നം നേടിയ ആദ്യ സംഗീതജ്ഞ - എം. എസ്‌. സുബ്ബലക്ഷ്മി (1998)


5. ഐക്യരാഷ്ട്രസഭയുടെ രജത ജൂബിലി ആഘോഷത്തില്‍ പാടാന്‍ അനുമതി ലഭിച്ച ഇന്ത്യന്‍ സംഗീതജ്ഞ - എം എസ്‌ സുബ്ബലക്ഷ്മി


6. കർണാടകസംഗീതത്തിന് ഭാരതരത്ന അവാർഡ് ലഭിച്ച ആദ്യ വനിതയാര്? - എം.എസ്.സുബ്ബലക്ഷ്മി

0 Comments