ചൈനീസ് വിപ്ലവം

ചൈനീസ് വിപ്ലവം (Chinese Revolution)

ചൈനയിൽ വിദേശാധിപത്യത്തിനും രാജവാഴ്ചയ്ക്കും അന്ത്യം കുറിച്ച് റിപ്പബ്ലിക്കൻ ഭരണത്തിന് തുടക്കം കുറിച്ച വിപ്ലവമാണ് ചൈനീസ് വിപ്ലവം. ചൈന ഭരിച്ചിരുന്ന മഞ്ചു രാജവംശം വിദേശ ഇടപെടലിനും ആധിപത്യത്തിനും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പട്ട്, തേയില, മൺപാത്രങ്ങൾ തുടങ്ങിയവ ചൈന യൂറോപ്പിലേക്ക് കയറ്റുമതി ചെയ്തു. എന്നാൽ ഇംഗ്ലീഷ് വ്യാപാരികൾ ചൈനയിലേക്ക് ലഹരിപദാർത്ഥമായ കറുപ്പ് വൻതോതിൽ ഇറക്കുമതി ചെയ്‌തു. ഇത് ചൈനയുടെ വ്യാപാരത്തെയും ഇതിന്റെ ഉപയോഗം ചൈനീസ് ജനതയുടെ മാനസികനിലയെയും പ്രതികൂലമായി ബാധിച്ചു. ഇതിനെത്തുടർന്ന് ചൈനയും ബ്രിട്ടണും തമ്മിൽ നടന്ന യുദ്ധങ്ങളാണ് കറുപ്പു യുദ്ധം. 1839 - 1842 കാലഘട്ടത്തിൽ ഒന്നാം കറുപ്പ് യുദ്ധവും 1856 - 1860 കാലഘട്ടത്തിൽ രണ്ടാം കറുപ്പ് യുദ്ധവും നടന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിൽ ചൈനയിൽ നിരവധി യൂറോപ്യൻ രാജ്യങ്ങൾ വ്യാപാരാനുകൂല്യങ്ങൾ കരസ്ഥമാക്കിയപ്പോൾ അമേരിക്കയ്ക്ക് ഈ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല. തുടർന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ ഹേയ് പ്രഖ്യാപിച്ച നയമാണ് തുറന്ന വാതിൽ നയം. അമേരിക്കയ്ക്ക് ചൈനയിൽ ഇടപെടാൻ അവസരം ഒരുക്കുക എന്നതായിരുന്നു ഈ നയത്തിന്റെ ലക്ഷ്യം. ഈ നയമനുസരിച്ച് ചൈനയുടെ കമ്പോളങ്ങളിൽ എല്ലാ രാജ്യങ്ങൾക്കും തുല്യ അവകാശവും അവസരവും ഉണ്ടെന്ന് അമേരിക്ക വാദിച്ചു. ഇങ്ങനെ ചൈന വിവിധ രാജ്യങ്ങളുടെ സ്വാധീനമേഖലകളായി വിഭജിക്കപ്പെട്ടു. ഇത്തരത്തിലുള്ള ചൂഷണത്തിനെതിരെ ചൈനയിൽ പ്രവർത്തിച്ചിരുന്ന ചില രഹസ്യസംഘടനകൾ 1900ൽ കലാപം സംഘടിപ്പിച്ചു. ബോക്സർമാരുടെ മുഷ്ടിയായിരുന്നു അവരുടെ മുദ്ര. ഇത് ബോക്‌സർ കലാപം എന്നറിയപ്പെട്ടു. ബോക്‌സർ കലാപം പരാജയപ്പെട്ടുവെങ്കിലും പിൽക്കാല വിപ്ലവങ്ങൾക്ക് ശക്തി പകർന്നു. ബോക്‌സർ വിപ്ലവത്തിന്റെ ആവേശത്തിലാണ് 1911ൽ ഡോ.സൻയാത് സെന്നിന്റെ നേതൃത്വത്തിൽ മഞ്ചു രാജഭരണത്തിനെതിരായി ചൈനയിൽ വിപ്ലവം നടന്നത്. ഇത് ചൈനയിൽ രാജവാഴ്ചയ്ക്ക് അന്ത്യം കുറിച്ചു. തുടർന്ന് ദക്ഷിണ ചൈനയിൽ സൻയാത് സെന്നിന്റെ നേതൃത്വത്തിൽ കുമിന്താങ് പാർട്ടി ഒരു റിപ്പബ്ലിക്കൻ ഭരണം സ്ഥാപിച്ചു. സൻയാത് സെൻ ദേശീയത, ജനാധിപത്യം, സോഷ്യലിസം എന്നീ മൂന്ന് ആശയങ്ങൾക്ക് പ്രാധാന്യം നൽകി. പടിഞ്ഞാറൻ രാഷ്ട്രങ്ങളുമായി സമത്വം വേണമെന്നാവശ്യപ്പെട്ട സൻയാത് സെൻ ചൈനയുമായി വിദേശികൾ ഒപ്പിട്ട അന്യായമായ ഉടമ്പടികൾ റദ്ദാക്കാൻ തീരുമാനിച്ചു. റഷ്യയുടെ സഹായം വിവിധ മേഖലകളിൽ ചൈനയ്ക്ക് ലഭിക്കുകയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമാവുകയും ചെയ്തു.

ആദ്യകാലങ്ങളിൽ കുമിന്താങ്ങുകളും കമ്മ്യൂണിസ്റ്റുകളും തമ്മിൽ സഹകരിച്ചാണ് മുന്നോട്ട് പോയത്. എന്നാൽ സൻയാത് സെന്നിന്റെ മരണത്തെത്തുടർന്ന് ചിയാങ് കൈഷക് ചൈനയിൽ സൈനിക ഏകാധിപത്യ ഭരണത്തിനു തുടക്കംകുറിച്ചു. കമ്മ്യൂണിസ്റ്റുകളുമായുള്ള സഹകരണം ഉപേക്ഷിച്ച് ചിയാങ് കൈഷക് അമേരിക്കയടക്കമുള്ള വിദേശ ശക്തികൾക്ക് ചൈനയിൽ യഥേഷ്ടം ഇടപെടാൻ അവസരമൊരുക്കി. ചൈനയുടെ കൽക്കരി, ഇരുമ്പുവ്യവസായങ്ങൾ, ബാങ്കിങ്, വിദേശ വ്യാപാരം തുടങ്ങിയ മേഖലകളെല്ലാം നിയന്ത്രിച്ചിരുന്നത് വിദേശ രാജ്യങ്ങളായിരുന്നു. ചിയാങ് കൈഷക്കിന്റെ നയങ്ങളെ കമ്മ്യൂണിസ്റ്റുകൾ എതിർത്തതിനെ തുടർന്ന് അവരെ ക്രൂരമായി നേരിട്ടു. ഈ സമയം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായി മാവോ സെ തുങ് ഉയർന്നുവന്നു. കർഷകരാണ് ചൈനയിലെ മുഖ്യ വിപ്ലവ ശക്തി എന്ന് വിശ്വസിച്ച മാവോ സെ തുങ് അവരെ സംഘടിപ്പിച്ച് കുമിന്താങ്ങ് ദുർഭരണത്തിനെതിരെ പോരാട്ടം നടത്തി. ഇതിനായി അദ്ദേഹം രൂപീകരിച്ച സൈന്യമാണ് ചുവപ്പുസേന. 1934ൽ കമ്മ്യൂണിസ്റ്റുകൾ മാവോയുടെ നേതൃത്വത്തിൽ തെക്കൻ ചൈനയിലെ കിയാങ്സിയിൽനിന്ന് ഒരു യാത്രയാരംഭിച്ചു. യാത്രയിലുടനീളം ധാരാളം കൃഷിഭൂമിയും അനേകം ഗ്രാമങ്ങളും പ്രഭുക്കന്മാരിൽ നിന്ന് പിടിച്ചെടുത്ത് കർഷകർക്ക് നൽകി. ഏകദേശം 12000 കിലോമീറ്റർ സഞ്ചരിച്ച യാത്ര ലോങ് മാർച്ച് എന്നറിയപ്പെടുന്നു. എന്നാൽ 1937ൽ ജപ്പാൻ ചൈനയെ ആക്രമിച്ചപ്പോൾ കമ്മ്യൂണിസ്റ്റുകാരും കുമിന്താങ്ങും ഭിന്നത മറന്ന് പൊതുശത്രുവിനെതിരെ പോരാടി. 1945ൽ ജപ്പാൻ പരാജയപ്പെട്ടതോടെ കമ്മ്യൂണിസ്റ്റുകാരും കുമിന്താങ്ങുകളും തമ്മിലുള്ള ആഭ്യന്തരയുദ്ധം വീണ്ടും ആരംഭിച്ചു. കമ്മ്യൂണിസ്റ്റുകാർക്കെതിരെ ആളും പണവും ആയുധങ്ങളും നൽകി കുമിന്താങ്ങുകളെ അമേരിക്ക സഹായിച്ചു. എന്നാൽ ചുവപ്പുസേനയുടെ നേതൃത്വത്തിലുള്ള ജനകീയ സൈന്യം ഗറില്ലാ യുദ്ധതന്ത്രങ്ങളിലൂടെ കുമിന്താങ്ങുകൾക്കെതിരെ ആഞ്ഞടിച്ചു. 1949 ഏപ്രിൽ 23ന് കുമിന്താങ്ങ് ഗവൺമെന്റിന്റെ ആസ്ഥാനമായ നാങ്കിങ് ജനകീയ സൈന്യം പിടിച്ചെടുത്തു. ഭരണം കമ്മ്യൂണിസ്റ്റുകൾ നേടിയപ്പോൾ ചിയാങ് കൈഷക് തയ്‌വാനിൽ അഭയം തേടി. 1949 ഒക്ടോബർ ഒന്നിന് ചൈന മാവോ സെ തുങ്ങിന്റെ നേതൃത്വത്തിൽ ജനകീയ ചൈന റിപ്പബ്ലിക്കായി (People's Republic of China).

Post a Comment

Previous Post Next Post