ലാറ്റിൻ അമേരിക്കൻ വിപ്ലവം

ലാറ്റിനമേരിക്കന്‍ വിപ്ലവം (Latin American Revolution)

തെക്കേ അമേരിക്കയും മധ്യ അമേരിക്കയും ഉൾപ്പെടുന്ന പ്രദേശങ്ങളാണ് ലാറ്റിൻ അമേരിക്ക. ലാറ്റിൻ ഭാഷയുമായി ബന്ധമുള്ള പോർച്ചുഗീസ്, സ്പാനിഷ് ഭാഷകൾ സംസാരിക്കുന്നവർ ഇവിടങ്ങളിൽ കുടിയേറി സ്ഥിര താമസമാക്കിയതുകൊണ്ടാണ് ഈ പ്രദേശം ലാറ്റിൻ അമേരിക്ക എന്നറിയപ്പെടുന്നത്. സ്പാനിഷുകാരും പോർച്ചുഗീസുകാരും ലാറ്റിനമേരിക്കയിൽ കോളനികൾ സ്ഥാപിച്ച് ഭരണം ഏർപ്പെടുത്തി. തുടർന്ന് സ്പാനിഷുകാരും പോർച്ചുഗീസുകാരും തങ്ങളുടെ ഭാഷയും മതവും ആചാരവും അവിടെ പ്രചരിപ്പിച്ചു. സ്പാനിഷ് ശൈലിയിൽ വീടുകളും ദേവാലയങ്ങളും നിർമ്മിക്കുകയും വിദ്യാലയങ്ങൾ സ്ഥാപിക്കുകയും ചെയ്‌തു. സ്പാനിഷ് കൃഷി രീതികളും കാർഷിക വിളകളും കോളനികളിൽ നടപ്പിലാക്കി. പെറുവിലേയും മെക്സിക്കോവിലേയും സ്വർണ - വെള്ളി ഖനികളുടെ നിയന്ത്രണം സ്‌പെയിൻ കൈയടക്കി. സ്പെയിനുകാരെ പിന്തുടർന്നെത്തിയ പോർച്ചുഗീസുകാർ മധ്യകിഴക്കൻ ബ്രസീലിലെ മിനാർ ഗെറായിസ് പ്രവിശ്യയിൽ സ്വർണം കണ്ടെത്തി. സ്വർണവും മറ്റ് വിഭവങ്ങളോ തേടിയുള്ള ഈ അധിനിവേശങ്ങൾ തദ്ദേശീയ ജനതയെ നശിപ്പിക്കുകയും പകരം ഒരു സങ്കരജന വിഭാഗമായ മെസ്റ്റിസോസ് ഇവിടത്തെ ഭൂരിപക്ഷ ജനതയായി മാറുകയും ചെയ്‌തു. 

വംശീയ വിവേചനം, സമ്പത്തും വിഭവങ്ങളും കൊള്ളയടിക്കൽ, അടിമ പണി തുടങ്ങിയ ഭരണരീതികൾ കോളനി ജനതയെ പൊറുതിമുട്ടിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ തെക്കേ അമേരിക്കൻ ജനത അധിനിവേശ ശക്തികൾക്കെതിരെ കലാപം ഉയർത്തി. 1804ൽ ഫ്രഞ്ചുകാരിൽ നിന്നും ഹെയ്‌തി സ്വാതന്ത്രമായതോടെ വിദേശീയരിൽ നിന്നും സ്വാതന്ത്രമാകുന്ന ആദ്യത്തെ തെക്കേ അമേരിക്കൻ രാജ്യമായി ഹെയ്‌തി മാറി. 1822ൽ ബ്രസീൽ, മെക്‌സിക്കോ എന്നിവയും സ്വതന്ത്രമായി. പോർട്ടോറിക്കോയും ക്യൂബയുമൊഴിച്ചുള്ള ഈ മേഖലയിലെ മുഴുവൻ രാജ്യങ്ങളും 1825 ഓടെ സ്വാതന്ത്ര്യം നേടി. ജോസെ ഡി സാൻമാർട്ടിൻ, ഫ്രാൻസിസ്‌കോ മിരാഡാ, സൈമൺ ബോളിവർ എന്നിവരാണ് ലാറ്റിൻ അമേരിക്കൻ വിപ്ലവത്തിന് നേതൃത്വം നൽകിയത്.

PSC ചോദ്യങ്ങൾ

1. പതിനാറ്, പതിനേഴ് നൂറ്റണ്ടുകളിൽ തുടങ്ങിയ സ്പാനിഷുകാരുടെയും പോർച്ചുഗീസുകാരുടെയും കടന്നുകയറ്റത്തിനെതിരെ നടന്ന വിപ്ലവം - ലാറ്റിനമേരിക്കന്‍ വിപ്ലവം 

2. ലാറ്റിനമേരിക്കയിൽ കോളനികൾ സ്ഥാപിച്ചത് - സ്പാനിഷുകാർ, പോർച്ചുഗീസുകാർ 

3. 1804ൽ ഫ്രഞ്ചുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയ തെക്കേ അമേരിക്കയിലെ ആദ്യ സ്വതന്ത്ര രാജ്യം - ഹെയ്‌തി

4. ലാറ്റിനമേരിക്കന്‍ വിപ്ലവത്തിന് നേതൃത്വം നൽകിയവർ - ജോസെ ഡി സാൻമാർട്ടിൻ, ഫ്രാൻസിസ്‌കോ മിരാഡാ, സൈമൺ ബൊളിവർ

5. സൈമൺ ബൊളിവർ ജനിച്ച രാജ്യം - വെനസ്വേല

6. വെനസ്വേല, കൊളംബിയ, ഇക്വേഡോർ, പെറു തുടങ്ങിയ രാജ്യങ്ങളെ വിദേശാധിപത്യത്തിൽ നിന്നും മോചിപ്പിച്ച നേതാവ് - സൈമൺ ബൊളിവർ

7. വിമോചകൻ, തെക്കേ അമേരിക്കയുടെ ജോർജ്ജ് വാഷിങ്ടൺ എന്നെല്ലാം അറിയപ്പെടുന്ന വ്യക്തി - സൈമൺ ബൊളിവർ 

8. അർജന്റീന, ചിലി തുടങ്ങിയ രാജ്യങ്ങളെ വിദേശാധിപത്യത്തിൽ നിന്നും മോചിപ്പിക്കുവാൻ നേതൃത്വം നൽകിയ നേതാവ് - ജോസെ ഡി സാൻമാർട്ടിൻ

9. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്ന വ്യക്തി - ജോസെ ഡി സാൻമാർട്ടിൻ

Post a Comment

Previous Post Next Post