ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം

ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Great Revolution in England)

ആധുനിക കാലത്തെ ആദ്യകാല വിപ്ലവങ്ങളിലൊന്നാണ് 1688ൽ ഇംഗ്ലണ്ടിൽ നടന്ന മഹത്തായ വിപ്ലവം. രക്തരഹിത വിപ്ലവമെന്നും ഇതറിയപ്പെടുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഇംഗ്ലണ്ടിൽ ഭരണം നടത്തിയിരുന്ന രാജവംശമായിരുന്നു ട്യൂഡർ രാജവംശം. ഇംഗ്ലണ്ടിൽ ട്യൂഡർ രാജവംശത്തിന് തുടക്കം കുറിച്ചത് ഹെൻറി ഏഴാമനായിരുന്നു. ഫ്യൂഡൽ പ്രഭുക്കന്മാരുടെ അധികാരങ്ങളെ നിയന്ത്രിച്ച ട്യൂഡർ രാജാക്കന്മാർ പാർലമെന്റുമായി സഹകരിച്ചാണ് ഭരണം നടത്തിയിരുന്നത്. 1485 മുതൽ 1603 വരെ ഭരണം നടത്തിയ ട്യൂഡർ രാജവംശത്തിന് ശേഷം 1603ൽ സ്റ്റുവർട്ട് രാജവംശം ഭരണത്തിലേറി (1714 വരെ ഭരണം നടത്തിയ സ്റ്റുവർട്ട് രാജവംശത്തിന് ശേഷം 1714ൽ ഹാനോവേറിയൻ രാജവംശം ഭരണം തുടർന്നു). ട്യൂഡർ രാജാക്കന്മാരുടെയും തുടർന്നുവന്ന സ്റ്റുവർട്ട് രാജാക്കന്മാരുടെയും അടിത്തറ പുതുതായി ഉയർന്നുവന്ന വ്യാപാരികൾ ആയിരുന്നു. സ്റ്റുവർട്ട് രാജാക്കന്മാർ ഫ്യൂഡൽ ആശയങ്ങളുടെ വക്താക്കളും പ്രതിനിധികളും ആയിരുന്നു. രാജാവിന്റെ അധികാരങ്ങൾ ദൈവദത്തമാണെന്ന് ഇവർ ശഠിച്ചിരുന്നു. കൂടാതെ ഇവർ ഇംഗ്ലീഷ് പാർലമെന്റിനെ വകവയ്ക്കാതെ പാർലമെന്റിന് മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചു.

എന്നാൽ ഇതേ സമയം, വ്യാപാര രംഗത്ത് ഇംഗ്ലണ്ട് കൈവരിച്ച മുന്നേറ്റങ്ങളുടെ ഫലമായി അവിടെ ഒരു മധ്യവർഗം ഉയർന്നുവന്നിരുന്നു. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന കമ്പനികൾ വിദൂരദേശങ്ങളുമായി വ്യാപാര ബന്ധം സ്ഥാപിച്ചു. ഉൽപ്പാദനത്തെയും വിതരണത്തെയും ഗതാഗതത്തെയും നിയന്ത്രിച്ചിരുന്ന ഈ വ്യാപാരികൾക്ക് അനുകൂലമായാണ് ഇംഗ്ലണ്ട് പാർലമെന്റ് നിയമങ്ങൾ പാസ്സാക്കിയത്. സമ്പന്നരായ ഭൂവുടമകളും വ്യാപാരികളും വിദ്യാസമ്പന്നരായ അഭിഭാഷകരും ഡോക്ടർമാരും ഉയർന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന മധ്യവർഗത്തിന്റെ താല്പര്യങ്ങളാണ് പാർലമെന്റ് സംരക്ഷിച്ചിരുന്നത്. പാർലമെന്റ് പാസാക്കിയ പുതിയ നിയമങ്ങൾ രാജാവും പാർലമെന്റും തമ്മിൽ ദീർഘനാൾ നിലനിന്ന ഭരണഘടനാപരമായ തർക്കങ്ങൾക്ക് കാരണമായി. ഫ്യൂഡൽ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന രാജാവാണോ മധ്യവർഗ താല്പര്യങ്ങൾ സംരക്ഷിക്കുന്ന പാർലമെന്റാണോ ഇംഗ്ലണ്ടിലെ പരമാധികാരി എന്നതായിരുന്നു തർക്കത്തിന്റെ അടിസ്ഥാന പ്രശ്നം. രാജാവും പാർലമെന്റും തമ്മിലുള്ള തർക്കത്തിൽ ഇംഗ്ലണ്ടിൽ നിലനിന്നിരുന്ന ആംഗ്ലിക്കൻ സഭയും പ്യൂരിട്ടൻ സഭയും ഇരുപക്ഷത്തായി നിലയുറപ്പിച്ചു. സ്റ്റുവർട്ട് രാജാക്കന്മാർ പൊതുവെ കത്തോലിക്കാ വിശ്വാസികളായിരുന്നെങ്കിലും, ആംഗ്ലിക്കൻ സഭ രാജാധികാരത്തോടൊപ്പം ചേർന്നു നിന്നു. പ്യൂരിട്ടൻ സഭ പാർലമെന്റിന്റെയും ഇംഗ്ലണ്ടിലെ മധ്യവർഗ്ഗത്തിന്റെയും നിലപാടുകളോട് താല്പര്യം കാണിച്ചു. പാർലമെന്റിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായി രാജാക്കന്മാർ പലതരത്തിലുള്ള നികുതികൾ ഏർപ്പെടുത്തുകയും, ഇത് രാജാവും പാർലമെന്റും തമ്മിലുള്ള തർക്കങ്ങളെ മൂർച്ഛിപ്പിക്കുകയും ചെയ്തു. 

ഈ സമയത്താണ് 1628ൽ, അക്കാലത്തെ രാജാവായിരുന്ന ചാൾസ് ഒന്നാമനെക്കൊണ്ട് പെറ്റീഷൻ ഓഫ് റൈറ്റ്സ് എന്ന നിയമം പാർലമെന്റ് പാസ്സാക്കിയെടുത്തത്. എന്നാൽ അദ്ദേഹം ഇത് ലംഘിക്കുകയും പാർലമെന്റ് പിരിച്ചുവിട്ട് പതിനൊന്ന് വർഷം (1629 - 1640) സ്വേച്ഛാധികാരിയായി ഇംഗ്ലണ്ടിൽ ഭരണം നടത്തുകയും ചെയ്‌തു. എന്നാൽ സ്കോട്ട്ലാൻഡുമായുള്ള യുദ്ധം മൂലം ചാൾസ് ഒന്നാമന് പണത്തിന്റെ ആവശ്യം നേരിടുകയും പുതിയ നികുതി നിർദ്ദേശങ്ങൾ അംഗീകരിക്കാനായി അദ്ദേഹം 1640ൽ പാർലമെന്റ് വിളിച്ച് ചേർക്കുകയും ചെയ്‌തു. രാജാവിന്റെ ആധിപത്യത്തിനെതിരായി അനേകം നിയമങ്ങൾ നിർമ്മിച്ച ഈ പാർലമെന്റ് 1660 വരെ തുടർന്നു. ഇതാണ് നീണ്ട പാർലമെന്റ് എന്നറിയപ്പെടുന്നത്. കാലക്രമത്തിൽ പാർലമെന്റും രാജാവും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയും അത് ഇംഗ്ലണ്ടിനെ ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്‌തു. ഈ സമരത്തിൽ രാജാവിന്റെ സൈന്യത്തെ പരാജയപ്പെടുത്തികൊണ്ട് പാർലമെന്റ് വിഭാഗം വിജയം നേടി. ഇതേ തുടർന്ന് ഒലിവർ ക്രോംവെൽ അധികാരത്തിൽ വന്നു. തന്നെ എതിർത്ത മെമ്പർമാരെ ഒലിവർ ക്രോംവെൽ പാർലമെൻറിൽ നിന്ന് പുറത്താക്കി. അദേഹത്തിന്റെ അനുയായികൾ മാത്രമാണ് പിന്നീട് പാർലമെന്റിലുണ്ടായിരുന്നത്. ഈ പാർലമെന്റ് റംപ് പാർലമെന്റ് (അവശിഷ്ട പാർലമെന്റ്) എന്നാണ് അറിയപ്പെട്ടത്. ചാൾസ് ഒന്നാമനെ വിചാരണ ചെയ്‌ത്‌ വധശിക്ഷയ്ക്ക് വിധേയനാക്കിയതും റംപ് പാർലമെന്റായിരുന്നു.

ഒലിവർ ക്രോംവെല്ലിന്റെ നേതൃത്വത്തിലുള്ള ഭരണം കോമൺവെൽത്ത് കാലഘട്ടം (1649 - 1658) എന്നാണറിപ്പെട്ടത്. സൈനിക സ്വേച്ഛാധിപത്യത്തിന്റെ കാലഘട്ടമായിരുന്നു ഇത്. പാർലമെന്റിന് മേൽ ആധിപത്യം സ്ഥാപിച്ചുകൊണ്ടാണ് ക്രോംവെൽ ഭരണം നടത്തിയത്. എന്നാൽ സൈനിക സ്വേച്ഛാധിപത്യം അംഗീകരിക്കാത്ത ജനങ്ങൾ കിരീടം ധരിച്ച് രാജവാഴ്ച പുനഃസ്ഥാപിക്കാൻ ക്രോംവെല്ലിനോട് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം അത് നിരാകരിച്ചു. ഒലിവർ ക്രോംവെല്ലിന്റെ കാലത്തിനുശേഷം ചാൾസ് രണ്ടാമൻ രാജാധികാരത്തിലെത്തി. ചാൾസ് രണ്ടാമന്റെ കാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ രാജവാഴ്ച പുനഃസ്ഥാപിക്കപ്പെട്ടു. തുടർന്ന് രാജാവിന്റെ സ്വേച്ഛാധിപത്യം ശക്തിയാർജിച്ചു. ചാൾസ് രണ്ടാമനെ തുടർന്ന് ജയിംസ് രണ്ടാമൻ അധികാരത്തിൽ വന്നു. ജയിംസ് രണ്ടാമൻ കൈകൊണ്ട സ്വേച്ഛാപരമായ നടപടികൾ രാജാവും പാർലമെന്റുമായി വീണ്ടും തർക്കങ്ങൾക്കിടയാക്കി. ഇത് 1688ൽ ജയിംസ് രണ്ടാമനെ ഫ്രാൻസിൽ അഭയം തേടുന്നതിലെത്തിക്കുകയും ചെയ്‌തു. തുടർന്ന് ജയിംസ് രണ്ടാമന്റെ മകളായ മേരി II നേയും ഭർത്താവ് ഓറഞ്ചിലെ വില്യം III നേയും ഇംഗ്ലണ്ടിലെ ഭരണാധികാരികളായി പാർലമെന്റ് പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിൽ രാജാവിന്റെ സ്വേച്ഛാധിപത്യം അവസാനിപ്പിച്ച് പാർലമെന്റിന്റെ നിയന്ത്രണത്തിലുള്ള രാജവാഴ്ചയ്ക്ക് ഇത് തുടക്കം കുറിച്ചു. തുടർന്ന് പാർലമെന്റിന് കൂടുതൽ അധികാരം നൽകുന്ന അവകാശനിയമം 1689ൽ പാസാക്കി. ഈ അധികാരകൈമാറ്റം രക്തരഹിത വിപ്ലവം അഥവാ മഹത്തായ വിപ്ലവം എന്നാണറിയപ്പെടുന്നത്. ഇതോടെ ഇംഗ്ലണ്ടിൽ ഫ്യൂഡൽ വ്യവസ്ഥ ദുർബലമാവുകയും രാജാധികാരം പാർലമെന്റിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമാകുകയും ചെയ്‌തു. തുടർന്ന് ഇംഗ്ലണ്ടിൽ മതസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ അനുവദിക്കപ്പെട്ടു. എന്നാൽ ആംഗ്ലിക്കൻ മതവിശ്വാസികൾക്ക് മാത്രമേ കിരീടാവകാശി ആകാൻ കഴിയുമായിരുന്നുള്ളൂ. ഈ നടപടികൾ കൊണ്ട് ഇംഗ്ലണ്ടിൽ ജനാധിപത്യ ഭരണക്രമം നടപ്പിലായില്ലെങ്കിലും ജനങ്ങൾക്ക് സ്വാതന്ത്ര്യവും പാർലമെന്റിന് പരമാധികാരവും ലഭിച്ചു. അതുകൊണ്ടാണ് ഇംഗ്ലണ്ടിൽ രാജഭരണം നിലനിൽക്കുന്നുവെങ്കിലും രാജാവ് ഭരിക്കുന്നില്ല എന്ന് പറയുന്നത്.

Post a Comment

Previous Post Next Post