ഈജിപ്ഷ്യൻ സംസ്കാരം

ഈജിപ്ഷ്യൻ സംസ്കാരം (Egyptian Civilization in Malayalam)
ലോകത്തിലെ തന്നെ ഏറ്റവും പഴയതും കൂടുതൽ കാലം നീണ്ടുനിന്നതുമായ സംസ്‌കാരങ്ങളിലൊന്നാണ് പ്രാചീന ഈജിപ്തിലേത്. ഏഴായിരത്തോളം വർഷങ്ങൾക്കുമുമ്പ് നൈൽ നദിക്കരയിൽ ഉദ്ഭവിച്ച് ഈ സംസ്‌കാരം ഏതാണ്ട് 3000 വർഷം നിലനിന്നു. നൈൽ നദിക്കരയിലെ ഫലഭൂയിഷ്ഠമായ മണ്ണിൽ പ്രാചീനകാലം തൊട്ടേ പല ദിക്കിൽ നിന്നും ആളുകൾ കുടിയേറിപ്പാർത്തിരുന്നു. വടക്ക് മധ്യധരണ്യാഴി, തെക്കുഭാഗത്ത് വമ്പൻ വെള്ളച്ചാട്ടങ്ങൾ, കിഴക്കും പടിഞ്ഞാറും മരുഭൂമി, അതിനപ്പുറം കൊടുങ്കാട്. ഇത്രയും അതിരുകളാൽ സംരക്ഷിക്കപ്പെടുന്ന നൈൽ നദിക്കരയിൽ പുറത്തുനിന്നുള്ള ആക്രമണങ്ങളെ പേടിക്കുകയേ വേണ്ട. ആദ്യകാലത്ത് അപ്പർ ഈജിപ്‍തെന്നും ലോവർ ഈജിപ്‍തെന്നും അറിയപ്പെട്ട രണ്ട് രാജ്യങ്ങളായി ചിതറിക്കിടക്കുകയായിരുന്നു ഈജിപ്ത്. ബി.സി 3000 നോടടുത്ത് മെനസ് എന്ന ശക്തനായ രാജാവ് ഈ രണ്ടു രാജ്യങ്ങളെയും ഒന്നിച്ചുചേർത്ത്, മെംഫിസ് തലസ്ഥാനമാക്കി ഒരു സാമ്രാജ്യത്തിനു രൂപം നൽകി. ഇതായിരുന്നു പ്രാചീന ഈജിപ്തിലെ ആദ്യത്തെ രാജവംശത്തിന്റെ തുടക്കം. ദൈവത്തിന്റെ പ്രതിനിധിയെന്ന നിലയിൽ രാജ്യം ഭരിച്ചവർ ഫറവോ എന്ന പേരിലറിയപ്പെട്ടു. മനുഷ്യവംശത്തിലെ തന്നെ ആദ്യത്തെ മഹാസാമ്രാജ്യം ഈജിപ്തിൽ രൂപപ്പെടുന്നത് ഫറവോമാർക്കു കീഴിലാണ്. ഈജിപ്തിലെ ഫറവോമാരുടെ ശവകുടീരങ്ങളാണ് പിരമിഡുകൾ. ജ്യാമിതിക്ക് തുടക്കമിട്ട ഈജിപ്തുകാരുടെ വാസ്തുവിദ്യാവൈഭവത്തിനുള്ള ഏറ്റവും വലിയ തെളിവാണ് പിരമിഡുകൾ. ലോകത്തിലെ ആദ്യത്തെ പഞ്ചാംഗം നിർമിച്ചത് ഈജിപ്തുകാരാണ്. മുപ്പതു ദിവസങ്ങളുള്ള 12 മാസവും അഞ്ചു ദിവസവും ചേർത്ത് 365 ദിവസമായിരുന്നു ഈ പഞ്ചാംഗത്തിൽ. മനുഷ്യൻ ഉപയോഗിച്ച ആദ്യത്തെ ലോഹമായ ചെമ്പ് ആദ്യമായി ഉപയോഗിച്ചത് ഈജിപ്തിലും പശ്ചിമേഷ്യയിലുമാണ്. ഏകദേശം ആറായിരം വർഷങ്ങൾക്കു മുമ്പ്.

പ്രധാന വസ്തുതകൾ

■ നൈലിന്റെ ദാനം എന്നാണ്‌ ഈജിപ്പ്‌ അറിയപ്പെടുന്നത്‌. ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹെറോഡൊട്ടസാണ് ഇങ്ങനെ വിശേഷിപ്പിച്ചത്.

■ പ്രാചീന ഈജിപ്തിലെ രാജാവ്‌ ഫറവോ എന്നാണറിയപ്പെട്ടത്‌. ഈജിപ്തിലെ ജനങ്ങൾ ഫറവോയെ ദൈവമായി ആരാധിച്ചിരുന്നു.

■ പ്രാചീന ഈജിപ്തിലെ പ്രധാന ദേവൻ സൂര്യനായിരുന്നു.

■ ഈജിപ്തിലെ ജനങ്ങൾ സുഗന്ധദ്രവ്യങ്ങൾ പൂശി പൊതിഞ്ഞു സൂക്ഷിച്ചിരുന്ന മൃതശരീരങ്ങളെയാണ് മമ്മികൾ എന്ന് വിളിക്കുന്നത്.

■ ഫറവോമാരുടെ ശവകുടീരങ്ങളെ പിരമിഡുകൾ എന്ന് വിളിക്കുന്നു.

■ ഈജിപ്തിന്റെ തലസ്ഥാന നഗരമായ കെയ്റോക്കടുത്തുള്ള ഗിസയിലുളളതാണ്‌ ലോകത്തിലെ ഏറ്റവും വലിയ പിരമിഡ്‌. ബി.സി.2650ല്‍ ഫറവോയായിരുന്ന ഖുഫു നിര്‍മിച്ചതാണ്‌ ഗിസയിലെ പിരമിഡ്‌.

■ മൂന്നുലക്ഷം ആളുകൾ 20 വർഷം പണിയെടുത്താണ് ഗിസയിലെ പിരമിഡ്‌ നിര്‍മിച്ചത്.

■ ഈജിപ്തിലെ ഗിസയിലുളള ഭീമാകാര ശില്‍പ്പമാണ്‌ സ്ഫിങ്ക്‌സ്‌(Sphinx). സിംഹത്തിന്റെ ഉടലും സ്ത്രീയുടെ മുഖവുമാണ്‌ ഈ ശില്‍പ്പത്തിന്‌.

■ ഈജിപ്തിലെ ജനങ്ങൾ വികസിപ്പിച്ചെടുത്ത എഴുത്തുവിദ്യയാണ്‌ ഹൈറോഗ്ലിഫിക്ക്‌ ലിപി.

■ പാപ്പിറസ്‌ ചെടിയുടെ ഇലകളിലാണ് ഈജിപ്തുകാർ എഴുതിയിരുന്നത്‌.

■ ദശാംശ സമ്പ്രദായത്തിലുള്ള ഗണനരീതി ആദ്യമായി അവതരിപ്പിച്ചത് ഈജിപ്തുകാർ.

■ സൂര്യനെ അടിസ്ഥാനമാക്കി കലണ്ടർ സംവിധാനം ആദ്യമായി അവതരിപ്പിച്ചത് ഈജിപ്തുകാർ.

PSC ചോദ്യങ്ങൾ

1. നൈലിന്റെ ദാനം എന്നറിയപ്പെടുന്നത് - ഈജിപ്ത്

2. സൗരപഞ്ചാംഗം ആദ്യമായി വികസിപ്പിച്ചത് - ഈജിപ്തുകാർ

3. സ്ഫിൻക്സ് ഏതു രാജ്യത്താണ് - ഈജിപ്ത്

4. ഏതു രാജ്യത്തെ ലിപിയായിരുന്നു ഹീറോഗ്ലിഫിക്സ് - ഈജിപ്ത്

5. ഈജിപ്തിലുണ്ടായിരുന്ന ഹീറോഗ്ലിഫിക്സ് ലിപിയിലെ അടിസ്ഥാന ചിഹ്നങ്ങളുടെ എണ്ണം - 24

6. പിരമിഡുകളുടെ രാജ്യം എന്നറിയപ്പെടുന്ന രാജ്യം - ഈജിപ്ത്

7. ഏതു രാജ്യത്തെ സംസ്കാരമാണ് പൂച്ചയെ ആരാധിച്ചിരുന്നത് - ഈജിപ്ഷ്യൻ സംസ്കാരം

8. പ്രാചീന ഈജിപ്തുകാർ ഏതു പിരമിഡിന്റെ നിഴൽ നോക്കിയാണ് ഋതുക്കൾ നിശ്ചയിച്ചിരുന്നത് - ഗിസയിലെ പിരമിഡ്

9. ടുട്ടൻഖാമന്റെ ശവകുടീരം ഏത് രാജ്യത്താണ് - ഈജിപ്ത്

10. ഈജിപ്റ്റിൻ അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണം - 24

Post a Comment

Previous Post Next Post