ഉത്തരേന്ത്യൻ ഭക്തി പ്രസ്ഥാനം

ഉത്തരേന്ത്യൻ ഭക്തി പ്രസ്ഥാനം (Bhakthi Movement in North India)

ദൈവഭക്തിയെ അടിസ്ഥാനമാക്കി മധ്യകാലഘട്ടത്തിൽ ഉയർന്നുവന്ന ആശയങ്ങളെയും പ്രവർത്തനങ്ങളെയും പൊതുവെ ഭക്തി പ്രസ്ഥാനം എന്നു പറയുന്നു. ഒരു ജനകീയ പ്രസ്ഥാനമായി ഭക്തി ആദ്യം വളർന്നുവന്നത് ദക്ഷിണേന്ത്യയിലാണ്. തമിഴ്‌നാട്ടിൽ ആരംഭിച്ച ഭക്തി പ്രസ്ഥാനം പിൽക്കാലത്ത് ഉത്തരേന്ത്യയിലേക്കു വ്യാപിച്ചു. ഭക്തിപ്രസ്ഥാനത്തിന്റെ പ്രധാന സവിശേഷതയായി ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നത് അതിലെ സജീവ സ്ത്രീ സാന്നിധ്യമാണ്. കബീർ, ഗുരുനാനാക്, മീരാഭായി (രാജസ്ഥാൻ), ലാൽദേദ് (കാശ്മീർ) തുടങ്ങിയവർ ഉത്തരേന്ത്യയിലെ ഭക്തി പ്രസ്ഥാനത്തിന്റെ പ്രമുഖ പ്രചാരകരാണ്.

ഭക്തിപ്രസ്ഥാനത്തിന്റെ ഫലങ്ങൾ 

◆ ജാതി വിവേചനത്തിനെതിരായ സാമൂഹിക സമത്വം എന്ന ചിന്ത ഭക്തിപ്രസ്ഥാനം മൂലം ശക്തിപ്പെട്ടു.

◆ സ്ത്രീ - പുരുഷ സമത്വം എന്ന ആശയം രൂപപ്പെടാൻ തുടങ്ങി.

◆ ജാതിയിൽ പിന്നാക്കക്കാരായ കബീറും ലാൽദേദും ഭക്തിപ്രസ്ഥാനത്തെ നയിച്ചപ്പോൾ സാമൂഹിക സമത്വമെന്ന ആശയത്തിൽ പ്രചാരം ലഭിച്ചു.

◆ പ്രാദേശിക ഭാഷകൾ വികസിച്ചു.

◆ അനാചാരങ്ങൾ ചോദ്യം ചെയ്യപ്പെട്ടു.

◆ യാഥാസ്ഥിതിക ബ്രാഹ്മണ പാരമ്പര്യങ്ങളെ വെല്ലുവിളിച്ചു.

◆ സ്ത്രീകൾക്കും കീഴ്‌ജാതിക്കാർ എന്നു മാറ്റിനിർത്തപ്പെട്ടവർക്കും പ്രാതിനിധ്യം നൽകി.

◆ സാഹിത്യത്തിലും സംഗീതത്തിലും സംഭാവനകൾ നൽകി.

കബീർ : ഭക്തിപ്രസ്ഥാനത്തിലെ ഒരു കവിയെന്നതിന് പുറമേ ജനങ്ങളിൽ വ്യാപകമായ സ്വാധീനം ചെലുത്തിയ ഒരു സമൂഹോദ്ധാരകൻ കൂടിയായിരുന്നു അദ്ദേഹം. അദൃശ്യനായ ബ്രഹ്മസ്വരൂപമാണ് ദൈവമെന്ന് കബീർ വിശ്വസിച്ചു. ചാതുർവർണ്യത്തിന്റെ ദുരന്തഫലങ്ങൾ കണ്ട് ആകുലനായ കബീർ, ഹിന്ദു സമുദായത്തിൽ നിലനിന്നിരുന്ന പ്രാകൃതമായ അനീതികൾ തന്റെ കവിതകളിലൂടെ അനാവരണം ചെയ്തു. ഉയർന്ന വിദ്യാഭ്യാസം നേടുവാനായില്ലെങ്കിലും അക്കാലത്ത് നൂതനമെന്ന് കരുതപ്പെടുന്ന ആശയങ്ങൾ രൂപപ്പെടുത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും കബീറിന് സാധിച്ചു. എല്ലാ മനുഷ്യർക്കും സ്വീകാര്യമായ ഒരു പുതിയ മതം 'സന്ത്‌മതം' അദ്ദേഹം സ്ഥാപിച്ചു. മനുഷ്യസാഹോദര്യവും ഈശ്വരമാഹാത്മ്യബോധവുമാണ് സന്ത്‌മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ. വിവിധ ജാതിമതസ്ഥരായ സാധാരണക്കാർ അദ്ദേഹത്തിന്റെ അനുയായികളായി. രാജ്യം മുഴുവൻ സഞ്ചരിച്ച് അദ്ദേഹം തന്റെ സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചു. സന്യാസം സ്വീകരിക്കുന്നതിനായി ഗാർഹിക ജീവിതം ഉപേഷിക്കുന്നതിനെ അദ്ദേഹം എതിർത്തു.

ഗുരുനാനാക് : വളരെ ചെറുപ്പത്തിൽ തന്നെ പഞ്ചാബി, സംസ്കൃതം, ഹിന്ദി, പാർസി എന്നീ ഭാഷകളിൽ പ്രാവിണ്യം നേടി. ഏകദൈവ വിശ്വാസത്തിൽ ഊന്നൽ നൽകിയ അദ്ദേഹം ഹിന്ദു, ഇസ്ലാം മതങ്ങളിലെ തത്വങ്ങളെ ഏകീകരിക്കാൻ ശ്രമിച്ചു. മതസഹിഷ്ണുത, സാർവത്രിക സാഹോദര്യം എന്നീ ആശയങ്ങളുടെ വക്താവായിരുന്നു അദ്ദേഹം. ഹിന്ദു-ഇസ്ലാം മതങ്ങളിലെ ബാഹ്യാനുഷ്ഠാനങ്ങളെയും വിഗ്രഹാരാധന, തീർത്ഥാടനം തുടങ്ങിയവയെയും അദ്ദേഹം എതിർത്തു. ഗൃഹസ്ഥന്റെ ചുമതലകൾ ആത്മീയ ജീവിതത്തോടൊപ്പം കൊണ്ടുപോകുന്ന മധ്യമാർഗം പ്രോത്സാഹിപ്പിച്ചു. ഗുരു നാനാക്കിന്റെ സംഭാവനയായ പ്രാർത്ഥന ഗീതങ്ങൾ ഷാബാദ് എന്നറിയപ്പെടുന്നു. തന്റെ അനുയായികൾ ഒരു പൊതു അടുക്കള (ലംഗർ) യിൽ നിന്ന് ഭക്ഷണം കഴിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം നിർദേശിച്ചു. നാനാക്കിന്റെ ആശയങ്ങൾ പിൽക്കാലത്ത് സിഖ് മതത്തിന്റെ ഉത്ഭവത്തിന് വഴിതെളിച്ചു.

മീരാഭായി : ഉത്തരേന്ത്യൻ ഭക്തി പ്രസ്ഥാനത്തിലെ ഏറ്റവും അറിയപ്പെടുന്ന പേരുകളിലൊന്നാണ് മീരാഭായിയുടേത്. രാജാസ്ഥാനിലെ മാർവാറിലെ മേർട്ട എന്ന നാട്ടുരാജ്യത്തിലെ രജപുത്ര രാജകുമാരിയായിരുന്നു മീര. രാജസ്ഥാനിലെ ചിത്തോറിലെ റാണാ സംഗയുടെ മകൻ ഭോജനുമായി മീരയുടെ വിവാഹം നടത്തി. പക്ഷേ വിവാഹജീവിതത്തിൽ താല്പര്യമില്ലാതിരുന്ന മീര, കൊട്ടാരം ഉപേക്ഷിച്ച് സംഗീതവുമായി നാട്ടിലെങ്ങും സഞ്ചരിച്ചു. കൃഷ്ണനെ ഭജിക്കുന്ന മീരയുടെ ഭക്തിഗാനങ്ങൾ 'ഭജനുകൾ' എന്ന് അറിയപ്പെടുന്നു. കൃഷ്ണനെ സംബോധന ചെയ്തുകൊണ്ടുള്ള ധാരാളം ഭജനകൾ മീരാഭായ് രചിച്ചു. തുകൽപണിക്കാരനായ റയിദാസിനെ മീര ഗുരുവായി സ്വീകരിച്ചു. ജാതിവ്യവസ്ഥയ്‌ക്കെതിരെയുള്ള പ്രതിഷേധമായിരുന്നു അത്. ജനങ്ങൾ മീരയെ 'ഭക്തമീര' എന്നാണ് വിളിച്ചിരുന്നത്. 

Post a Comment

Previous Post Next Post