അദ്വൈത ദർശനം

അദ്വൈത ദർശനം (Advaita Vedanta Philosophy)

ശങ്കരദർശനം അദ്വൈതം എന്ന പേരിലറിയപ്പെടുന്നു. ഉപനിഷത്തുകളാണ് അതിന്റെ അടിസ്ഥാനം. 'ബ്രഹ്മസത്യം ജഗന്മിഥ്യ' എന്നതാണ് അദ്വൈതത്തിന്റെ അടിസ്ഥാന തത്ത്വം. എന്നുവച്ചാൽ "ബ്രഹ്മമാണ് സത്യം; ജഗത്ത് മിഥ്യയാണ്" ഈ ലോകത്തിൽ ബ്രഹ്മമല്ലാതെ (പ്രപഞ്ചത്തിന്റെ ആത്മാവ് അഥവാ ദൈവം) ഒന്നും നിലനിൽക്കുന്നില്ല. നമ്മുടെ ചുറ്റും കാണുന്ന ലോകവും ഭൗതികവസ്തുക്കളുമെല്ലാം മിഥ്യയാണ്. അവ വെറും തോന്നലാണ് അഥവാ മായയാണ്. മായാവാദം അദ്വൈതദർശനത്തിന്റെ അടിസ്ഥാന ഘടകമാണ്.

അദ്വൈതം എന്ന പദത്തിന്റെ അർത്ഥം 'രണ്ടില്ലാത്തത്' അഥവാ 'ഒന്നേയുള്ളു' എന്നാണ്. ജീവാത്മാവും (മനുഷ്യന്റെ ആത്മാവ്) പരമാത്മാവും (പ്രപഞ്ചത്തിന്റെ ആത്മാവ്) രണ്ടല്ല, ഒന്നുതന്നെയാണ് എന്ന് ശങ്കരൻ സമർത്ഥിക്കുന്നു. ജീവാത്മാവ് പരമാത്മാവിന്റെ ഭാഗമാണ്. അഹം ബ്രഹ്മാസ്മി (ഞാൻ ബ്രഹ്മമാണ്), തത്ത്വമസി (നീയും അതുതന്നെ) എന്നിവ ഈ ആശയം സൂചിപ്പിക്കുന്ന പദങ്ങളാണ്. 

ശങ്കരാചാര്യർ ഹിന്ദുമതത്തെ പരിഷ്കരിക്കാൻ ശ്രമിച്ചു. ഹിന്ദുമതത്തെ ഇപ്പോഴുള്ള രൂപത്തിലേക്ക് സംഘടിപ്പിച്ചെടുത്തത് അദ്ദേഹമാണെന്ന് കരുതപ്പെടുന്നു. ദൈവികമതത്തിലെ ആചാരാനുഷ്ഠനങ്ങളെയും മീമാംസകരെയും അദ്ദേഹം നിശിതമായി വിമർശിച്ചു. ബുദ്ധമതത്തെ വിമർശിച്ചുവെങ്കിലും അതിൽ നിന്ന് പല ആശയങ്ങളും അദ്ദേഹം സ്വീകരിച്ചു. അതിനാൽ ശങ്കരനെ പലപ്പോഴും 'പ്രച്ഛന്നബുദ്ധൻ' എന്നു വിളിക്കാറുണ്ട്.

ശങ്കരാചാര്യർ ബുദ്ധമതത്തിൽ നിന്ന് 'സന്ന്യാസിമഠം' എന്ന ആശയം കടംകൊണ്ടു. ഇന്ത്യയുടെ നാലു ഭാഗങ്ങളിൽ അദ്ദേഹം നാലു മഠങ്ങൾ (Mutts) സ്ഥാപിച്ചു. അവ താഴെ കൊടുക്കുന്നു.

(1) ബദരിനാഥിലെ 'ജ്യോതിർമഠം'

(2) പുരിയിലെ 'ഗോവർദ്ധമഠം'

(3) ദ്വാരകയിലെ 'ശാരദാമഠം'

(4) ശൃംഗേരി മഠം (തുംഗഭദ്രയുടെ തീരത്ത്-കർണ്ണാടകം)

കേരളത്തിലെ തൃശ്ശൂരിൽ അദ്ദേഹം നാലു ചെറിയ മഠങ്ങൾ സ്ഥാപിക്കുകയുണ്ടായി. വടക്കേമഠം, തെക്കേമഠം, നടുവിൽമഠം, ഇടയിൽമഠം

ശങ്കരാചാര്യരുടെ പ്രബോധനങ്ങൾ ഹിന്ദുമതത്തിന് ബുദ്ധിപരമായ അടിസ്ഥാനം നൽകി. അദ്ദേഹം സ്ഥാപിച്ച ആശ്രമങ്ങളും മഠങ്ങളും ഹിന്ദുമതത്തിന് സുസംഘടിതമായ ഒരു സംഘടനാക്രമവും സംഭാവന ചെയ്തു.

ആത്മബോധം, ഉപദേശഹസ്രി, മോഹമുഗ്ധാരം, വിവേകചൂഢാമണി, ശിവാനന്ദലഹരി എന്നിവയാണ് ശങ്കരാചാര്യരുടെ പ്രധാന കൃതികൾ. കൂടാതെ ഭഗവത്ഗീതക്കും ബ്രഹ്മസൂത്രത്തിനും അദ്ദേഹം ഭാഷ്യങ്ങൾ രചിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post