സെറി കൾച്ചർ

സെറി കൾച്ചർ (Sericulture)

സെറി എന്നാൽ ഗ്രീക്കുഭാഷയിൽ സിൽക്ക് എന്നാണർഥം. സിൽക്ക് നാരുകൾ ഉൽപാദിപ്പിക്കുന്ന പുഴുക്കളെ വളർത്തുന്ന കൃഷി രീതിയാണ് സെറികൾച്ചർ. തുണിത്തരങ്ങളിലെ രാജ്ഞിയായ പട്ടിനുവേണ്ടിയുള്ള ഈ കൃഷിരീതി ഏതാണ്ട് 4500 വർഷങ്ങൾക്കു മുമ്പേ മനുഷ്യൻ കണ്ടെത്തിയിരുന്നു. ഈ വേറിട്ട കൃഷിരീതി ചൈനയിൽ ആരംഭിച്ച് പിന്നീട് ലോകമെങ്ങും വ്യാപിച്ചു. വാസ്തവത്തിൽ പുഴുക്കളാണ് നൂൽനൂൽക്കുന്നത്. ശലഭമാകുന്നതിനു മുമ്പുള്ള സമാധിഘട്ടത്തിൽ പുഴുക്കൾക്കു കഴിയാൻ വേണ്ടി അവയുണ്ടാക്കുന്ന കൂടാണ് കൊക്കൂൺ. മൾബെറിയുടെ ഇലകൾ ഭക്ഷണമാക്കിയ സിൽക്ക് വേം എന്നയിനം ശലഭപ്പുഴുക്കൾ കൊക്കൂൺ ഉണ്ടാക്കാനായി പ്രത്യേകതരം സ്രവങ്ങൾ ഉൽപാദിപ്പിക്കുന്നു. വായുസമ്പർക്കമേൽക്കുന്നതോടെ ഈ ജൈവനാരുകൾ ഉറച്ച് കട്ടിയാകുന്നു. ഇതാണ് പട്ടുനൂൽ. പട്ടുനൂലുകൾ യഥാർഥത്തിൽ സങ്കീർണമായ ജൈവപ്രക്രിയയിലൂടെയാണ് ഉണ്ടാകുന്നത്. മൾബെറിയില ഭക്ഷിച്ചു വളരുന്ന സിൽക്ക് വേം എന്ന ശലഭപ്പുഴുവിന്റെ രണ്ടു ഗ്രന്ഥികളിൽ നിന്നും പുറത്തുവരുന്ന പ്രകൃതിദത്ത മാംസ്യനാരുക്കൾ വായുസമ്പർക്കത്താൽ ഉറച്ച് കട്ടിയാകുന്നു. ഒരു പുഴുവിന് 300 മീറ്ററോളം നീളമുള്ള നൂലുകൾ ഉണ്ടാക്കാനാകുമത്രേ. സെറിസിൻ, ഫൈബ്രോയിൻ എന്നീ രണ്ടു പ്രോട്ടീനുകൾ ചേർന്നതാണ് പട്ടുനൂൽ. ഇവയെക്കൂടാതെ Glyline, അമിനോ ആസിഡുകൾ എന്നിവയും പ്രകൃതിദത്ത പട്ടിലെ ഘടകങ്ങളാണ്. ഒരു ഗ്രാമവ്യവസായമായും കൃഷിയായും ഇന്ന് സെറികൾച്ചർ കർണാടകയിലും പശ്ചിമബംഗാളിലും കശ്മീരിലും മാറിക്കഴിഞ്ഞു. സിൽക്ക് ബോർഡിന്റേയും സെറിഫെഡിന്റേയും സഹകരണത്തോടെ കേരളത്തിലെ പട്ടുനൂൽക്കൃഷിയും പുരോഗമനത്തിന്റെ പാതയിലാണ്.

പട്ടിന്റെ ഉപയോഗം 

തുണികളുടെ രാജ്ഞിയായ പട്ടിന് വിവിധ സംസ്കാരങ്ങളും ആചാരങ്ങളുമായും അടുത്ത ബന്ധമുണ്ട്. ഒരുകാലത്ത് രാജകീയവസ്ത്രമായി പേരെടുത്ത പട്ട് പിൽക്കാലത്ത് വിശേഷാവസരങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി. പട്ടുറുമാൽ, സാരി, തൊപ്പി, ഷോൾ എന്നുതുടങ്ങി ഒട്ടേറെ ഉപയോഗങ്ങൾ ഇന്ന് അതിനുണ്ട്. ചെമ്പട്ടുചുറ്റിയ ദേവബിംബങ്ങൾ, പട്ടുകുട, കൊടി എന്നിങ്ങനെ ആചാരങ്ങളിലും പട്ട് കടന്നുവരുന്നു. കശ്മീരിപ്പട്ട്, കാഞ്ചീപുരം പട്ട് എന്നിവ പ്രശസ്തമാണെങ്കിലും ചൈനപ്പട്ടാണ് ഇന്നും മേന്മയിൽ മുന്നിൽ. ചില പ്രോട്ടീനുകൾ നീക്കം ചെയ്‌ത പട്ടുനാരുകൾ കൊണ്ടുണ്ടാക്കുന്ന തുണികൾ ശസ്ത്രക്രിയകൾക്കായും മുറിവു കെട്ടുന്നതിനായും ഉപയോഗിക്കാറുണ്ട്.

മോറികൾച്ചർ - ചെറിയ മരമായി വളരുന്ന സസ്യമാണ് മൾബെറി. മൾബെറിച്ചെടികളെ ശാസ്ത്രീയമായി വളർത്തുന്ന കൃഷിരീതി 'മോറികൾച്ചർ' എന്നറിയപ്പെടുന്നു. മൊറാസിയേ കുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ Morus alba, Morus indica എന്നീ രണ്ടിനം സ്പീഷീസുകളെയാണ് പട്ടുനൂൽപ്പുഴുക്കളുടെ തീറ്റയ്ക്കായി കൃഷി  ചെയ്യുന്നത്. ബി.സി 280 മുതൽ ഹിമാലയത്തിൽ മൾബെറിക്കൃഷി ചെയ്തുവരുന്നതായി കരുതപ്പെടുന്നു. ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന മൾബെറിച്ചെടികൾ എക്കൽ മണ്ണിലാണ് ഏറ്റവും നന്നായി വളരുക.

PSC ചോദ്യങ്ങൾ 

1. പട്ടുനൂൽക്കൃഷി അറിയപ്പെടുന്നത് - സെറി കൾച്ചർ

2. പട്ടുനൂൽക്കൃഷിയിൽ കൊക്കൂൺ നിർമിച്ച് അവ ശേഖരിച്ച് നീരാവിയിൽ വച്ച് ഉള്ളിലെ പ്യൂപ്പയെ നശിപ്പിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് - സ്‌റ്റൈഫ്ളിംഗ്

Post a Comment

Previous Post Next Post