ദാദ്ര, നഗർ ഹവേലി & ദാമൻ, ദിയു

ദാദ്ര, നഗർ ഹവേലി ആൻഡ് ദാമൻ, ദിയു (Dadra and Nagar Haveli and Daman and Diu)

2020 ജനുവരി 26ന് ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ സംയോജിച്ച് ഒരു ഒറ്റ കേന്ദ്രഭരണപ്രദേശമായി ഔദ്യോഗികമായി നിലവിൽ വന്നു. ദാമനാണ് ദാദ്ര, നഗർ ഹവേലി & ദാമൻ, ദിയുവിന്റെ തലസ്ഥാനം. ഇപ്പോൾ ദാദ്ര, നഗർ ഹവേലി & ദാമൻ, ദിയുവിന്റെ ഭരണം നിർവഹിക്കുന്നത് അഡ്മിനിസ്ട്രേറ്ററാണ്.

ദാദ്ര, നഗർ ഹവേലി : ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടെയും സമീപം പശ്ചിമതീരത്താണ് ദാദ്ര, നഗർ ഹവേലി. ബൈലി, ബൈലോഡി, ഗുജറാത്തി, ഹിന്ദി എന്നിവയാണ് ഇവിടുത്തെ പ്രധാന ഭാഷകൾ. മറാത്താ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശങ്ങൾ 1779ൽ പോർച്ചുഗീസിനു കൈമാറി. 1954 ഓഗസ്റ്റ് 2 വരെ ദാദ്ര, നഗർ ഹവേലി പോർച്ചുഗീസുകാരുടെ കൈവശമായിരുന്നു. പിന്നീട് ഈ പ്രദേശത്തിന്റെ ഭരണം അഡ്മിനിസ്ട്രേറ്ററുടെ ചുമതലയായി. എന്നാൽ അപ്പോഴും ഈ പ്രദേശങ്ങൾ ഇന്ത്യൻ യൂണിയനിൽ ചേർന്നിരുന്നില്ല. ജനങ്ങൾ തന്നെ ഭരണം നടത്തുന്ന ഒരു പ്രത്യേകത ഭൂപ്രദേശമായി തുടർന്നു. ജനങ്ങൾ തന്നെയാണ് അഡ്മിനിസ്ട്രേറ്ററെ തിരഞ്ഞെടുത്തിരുന്നത്. എട്ടു വർഷം ഈ സ്ഥിതി തുടർന്നു. 1961 ഓഗസ്റ്റ് 11ന് ദാദ്ര, നഗർ ഹവേലി ഇന്ത്യൻ യൂണിയന്റെ ഭാഗമായി. ഇവിടുത്തെ 79 ശതമാനം പേരും ആദിവാസികളാണ്. കൃഷിയാണ് ഇവരുടെ പ്രധാന തൊഴിൽ. ചോളം, റാഗി, പഴവർഗങ്ങൾ എന്നിവയാണ് ദാദ്ര, നഗർ ഹവേലിയിലെ പ്രധാന കാർഷികോല്പന്നങ്ങൾ. ഗോതമ്പ്, പച്ചക്കറികൾ, കരിമ്പ് എന്നിവയും ചെറിയ തോതിൽ കൃഷി ചെയ്യുന്നു. കൂടാതെ തുണി, പ്ലാസ്റ്റിക്, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയുണ്ടാക്കുന്ന വ്യവസായ സ്ഥാപനങ്ങളും ഇവിടെയുണ്ട്. 

ദാമൻ, ദിയു : 1987 വരെ ഗോവ കേന്ദ്രഭരണപ്രദേശമായിരുന്നു. അപ്പോൾ അതിന്റെ ഭാഗമായിരുന്നു ദാമനും ദിയുവും. ഗോവ സംസ്ഥാനമായപ്പോൾ ദാമനും ദിയുവും കേന്ദ്രഭരണപ്രദേശമായിത്തുടർന്നു. ഗുജറാത്തിയും മറാത്തിയുമാണ് ഇവിടുത്തെ ഭാഷകൾ. ദാമൻ പ്രദേശം ഗുജറാത്ത് തീരത്താണ്. വടക്കുഭാഗത്ത് ഭഗ്‌വൻ നദിയാണ്. തെക്കു ഭാഗത്ത് കാലെം നദിയും. കിഴക്ക് ഗുജറാത്ത്. പടിഞ്ഞാറ് അറബിക്കടൽ. ദിയു കത്യവാർ മുനമ്പിന്റെ തെക്കുഭാഗത്തുള്ള ഒരു ചെറുദ്വീപാണ്. പോർച്ചുഗീസുകാരായിരുന്നു ദാമൻ, ദിയുവിന്റെ ഭരണകർത്താക്കൾ. ദിയു ആണ് ആദ്യം പോർച്ചുഗീസുകാർ കൈവശപ്പെടുത്തിയത്; 1534ൽ. 1559ൽ ദാമനും പോർച്ചുഗീസ് നിയന്ത്രണത്തിലായി. സ്വാതന്ത്ര്യത്തിനു ശേഷവും ദാമനും ദിയുവും പോർച്ചുഗീസുകാരുടെ കൈയിലായിരുന്നു. 1961ൽ ബലം പ്രയോഗിച്ച് ഇന്ത്യാ ഗവൺമെന്റ് ഈ പ്രദേശങ്ങൾ മോചിപ്പിച്ചു. ഭരണഘടനയുടെ 57 ആം ഭേദഗതി പ്രകാരമാണ് ദാമനും ദിയുവും ഗോവയിൽ നിന്നും വേർപെടുത്തിയത്. മത്സ്യബന്ധനമാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗം. ചിലർ കൃഷിയും ചെയ്യുന്നു. നെല്ല്, ഗോതമ്പ്, തേങ്ങ, കരിമ്പ് തുടങ്ങിയവയാണ് പ്രധാന വിളകൾ. ധാരാളം ചരിത്ര സ്മാരകങ്ങൾ ദാമൻ ദിയുവിലുണ്ട്. ഇവിടുത്തെ കടലോരങ്ങളും സഞ്ചാരികളെ ആകർഷിക്കുന്നു.

PSC ചോദ്യങ്ങൾ

1. ദാദ്ര, നഗർ ഹവേലി & ദാമൻ, ദിയു സംയോജന ബിൽ 2019 ലോക്സഭ പാസാക്കിയത് - 27 നവംബർ 2019 

2. ദാദ്ര, നഗർ ഹവേലി & ദാമൻ, ദിയു സംയോജന ബിൽ 2019 രാജ്യസഭ പാസാക്കിയത് - 3 ഡിസംബർ 2019 

3. ദാദ്ര, നഗർ ഹവേലി & ദാമൻ, ദിയു സംയോജന ബിൽ 2019 രാഷ്‌ട്രപതി ഒപ്പുവച്ചത് - 9 ഡിസംബർ 2019

4. ദാദ്ര, നഗർ ഹവേലി & ദാമൻ, ദിയു ഔദ്യോഗികമായി നിലവിൽ വന്നത് - 2020 ജനുവരി 26 

5. ദാദ്ര, നഗർ ഹവേലി & ദാമൻ, ദിയുവിന്റെ തലസ്ഥാനം - ദാമൻ

6. സാംബ ഗേറ്റ് വേ, ഗംഗേശ്വർ ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം - ദാദ്ര, നഗർ ഹവേലി & ദാമൻ, ദിയു

7. ദാമൻ & ദിയുവിന് അടുത്തായി സ്ഥിതിചെയ്യുന്ന സംസ്ഥാനം - ഗുജറാത്ത് 

8. ദാദ്ര & നഗർ ഹവേലിയുടെ അതിർത്തി നിർണ്ണയം നടത്തി പോർച്ചുഗീസുകാർക്ക് കൈമാറിയത് - മറാത്താ ഗവൺമെന്റ് (1779)

9. പോർച്ചുഗീസുകാരുടെ മേധാവിത്വം അവസാനിപ്പിക്കുകയും ദാദ്ര & നഗർ ഹവേലിയെ ഇന്ത്യൻ യൂണിയന്റെ ഭാഗമാക്കുകയും ചെയ്‌ത വർഷം - 1961 

10. ദാദ്ര & നഗർ ഹവേലി പ്രദേശത്തുകൂടി ഒഴുകുന്ന പ്രധാന നദി - ദാമൻ ഗംഗ 

11. ഗുജറാത്തിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന കേന്ദ്രഭരണ പ്രദേശം - ദാദ്രാ 

12. ഗുജറാത്ത് - മഹാരാഷ്ട്ര അതിർത്തിയിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശ ഭാഗം - നഗർ ഹവേലി

13. ദാദ്ര & നഗർ ഹവേലിയിലെ പ്രസിദ്ധവും ഏറ്റവും കൂടുതൽ ജനശ്രദ്ധ ആകർഷിക്കുന്നതുമായ ഫോക് ഡാൻസ് - തർപ 

14. ദാമൻ & ദിയുവിലെ പ്രധാന ആഘോഷം - നാരിയൽ പൂർണിമ 

15. ദാമൻ & ദിയുവിൽ ആധിപത്യം ഉറപ്പിച്ചിരുന്ന വിദേശികൾ - പോർച്ചുഗീസുകാർ 

16. ഗോവയേയും ദാമൻ & ദിയുവിനേയും ഇന്ത്യൻ യൂണിയനിൽ ചേർക്കാൻ നടത്തിയ സൈനിക നടപടി അറിയപ്പെടുന്നത് - ഓപ്പറേഷൻ വിജയ് (1961)

17. ദാമൻ & ദിയുവിനെ ഗോവയിൽ നിന്ന് വേർപ്പെടുത്തിയ വർഷം - 1987 

18. ദിയു കോട്ട നിർമ്മിച്ച യൂറോപ്യൻ ശക്തികൾ - പോർച്ചുഗീസുകാർ 

19. ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തെ 'ചിറാപുഞ്ചി' എന്നറിയപ്പെടുന്ന കേന്ദ്രഭരണ പ്രദേശ ഭാഗം - ദാദ്ര & നഗർ ഹവേലി

20. ദാദ്ര, നഗർ ഹവേലി & ദാമൻ, ദിയു ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ഉൾപ്പെടുന്നത് - ബോംബെ ഹൈക്കോടതി 

21. ദാദ്ര & നഗർ ഹവേലിയിലെ പ്രധാന ഗോത്ര വർഗക്കാർ - വാർലി, കോലി, ധോർ, കത്തോടി, ദുബ്ല

22. ദാദ്ര & നഗർ ഹവേലിയിലെ പ്രധാന തടാകങ്ങൾ - വാൻഗംഗ, ധുത്നി

Post a Comment

Previous Post Next Post