ആദ്യകാല സംസ്‌കൃത കൃതികൾ

ആദ്യകാല സംസ്‌കൃത കൃതികൾ (Ancient Sanskrit Works)

വൈശേഷിക സൂത്രം - പ്രാചീന ഭാരതീയ ദർശനങ്ങളിലൊന്നായ വൈശേഷികം അണുസിദ്ധാന്തം എന്ന തത്ത്വചിന്തയായാണ്‌ അറിയപ്പെടുന്നത്. കണാദനാണ് വൈശേഷിക സൂത്രത്തിന്റെ രചയിതാവ്. ഈ പ്രപഞ്ചത്തിലെ എല്ലാം നിർമിച്ചിട്ടുള്ളത് അതിസൂക്ഷ്മകണങ്ങൾ കൊണ്ടാണെന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് ഭാരതത്തിൽ ജീവിച്ചിരുന്ന കണാദ മുനിയാണ്. അതും ബി.സി.ആറാം നൂറ്റാണ്ടിൽ! ദ്രവ്യത്തെ വിഭജിച്ചുകൊണ്ടേയിരുന്നാൽ ഒടുവിൽ വിഭജിക്കാൻ കഴിയാത്ത ഒരു ഘട്ടമെത്തുമെന്നും അതാണ് പരമാണു എന്നും കണാദന്റെ അണുസിദ്ധാന്തത്തിൽ പറയുന്നു.

ലീലാവതി - മുപ്പത്താറാം വയസിൽ ഭാസ്കരാചാര്യൻ 'സിദ്ധാന്തശിരോമണി' എന്ന കൃതി രചിച്ചു. സിദ്ധാന്തശിരോമണിയിൽ നാലു ഭാഗങ്ങളാണുള്ളത്. ആദ്യഭാഗത്തിൽ അങ്കഗണിതത്തെപ്പറ്റി പറയുന്നു. ലീലാവതി എന്നാണ് അതിന് പേരിട്ടിരിക്കുന്നത്. ലീലാവതി കൂടാതെ ബീജഗണിതം, ഗ്രഹഗണിതം, ഗോളാധ്യായം എന്നീ ഭാഗങ്ങളുമുണ്ട് സിദ്ധാന്തശിരോമണിയിൽ. 'ലീലാവതി' ഒരു പ്രത്യേകഗ്രന്ഥമായും പരിഗണിക്കപ്പെടുന്നു. ഭാസ്കരാചാര്യന്റെ കൃതികളിൽ ഏറ്റവും പ്രശസ്തവും ഇത് തന്നെ. ലീലാവതി എന്ന സുന്ദരിയെ ഗണിതസിദ്ധാന്തങ്ങൾ പഠിപ്പിക്കുന്ന രീതിയിലാണ് അതിലെ അവതരണം. ലീലാവതി ഭാസ്കരാചാര്യന്റെ മകളാണെന്നും കരുതപ്പെടുന്നു. ഗണിതക്രിയകൾ രസകരമായി പ്രതിപാദിച്ചിരിക്കുന്ന ലീലാവതിയിൽ പതിമൂന്ന് അധ്യായങ്ങളുണ്ട്. കൂട്ടലിലും കുറയ്ക്കലിലും തുടങ്ങി സങ്കീർണമായ ഗണിതപ്രശ്നങ്ങളിൽ ചെന്നെത്തുന്നു. ഗണിത സിദ്ധാന്തങ്ങൾ രസകരമായ ഉദാഹരണങ്ങളിലൂടെയാണ് അതിൽ വിശദീകരിക്കുന്നത്.

ബുദ്ധചരിതം - എ.ഡി 80 - 150 കാലഘട്ടത്തിൽ ജീവിച്ചിരുന്ന അശ്വഘോഷനാണ് ബുദ്ധചരിതം രചിച്ചത്. സംസ്കൃത ഭാഷയിലെ ആദ്യകാല മഹാകാവ്യങ്ങളിൽ ഒന്നായ ഈ കൃതിയുടെ പകുതി അധ്യായങ്ങൾ നഷ്ടപ്പെട്ടുപോയി. ഈ ഭാഗങ്ങൾ പിൽക്കാലത്ത് അമൃതാനന്ദ എന്ന നേപ്പാളി കവി എഴുതിച്ചേർത്തു. അഞ്ചാം നൂറ്റാണ്ടിൽ ബുദ്ധചരിതം ചൈനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഏഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ ടിബറ്റൻ വിവർത്തനവുമുണ്ടായി. ഈ രണ്ട് വിവർത്തനങ്ങളിലും യഥാർഥ കൃതിയിലെ 28 അധ്യായങ്ങളും ഉണ്ട്.

സ്വപ്നവാസവദത്തം - ഭാസന്റെ 'മാസ്റ്റർപീസ്' ആയി കരുതുന്ന നാടകമാണ് സ്വപ്നവാസവദത്തം. പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന ഉദയനൻ എന്ന രാജാവിന്റെയും വാസവദത്ത എന്ന അദ്ദേഹത്തിന്റെ ഭാര്യയുടെയും കഥയാണ് സ്വപ്നവാസവദത്തം. എന്നെന്നേക്കുമായി നഷ്ടമായി എന്ന് വിചാരിച്ചിരുന്ന ഈ കൃതിയുടെ ഒരു കയ്യെഴുത്തുപ്രതി ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കേരളത്തിൽ നിന്നാണ് കണ്ടെടുത്തത്. അധികം താമസിയാതെ തന്നെ, 'കേരളപാണിനി' എന്നറിയപ്പെടുന്ന എ.ആർ.രാജരാജവർമ്മ സ്വപ്നവാസവദത്തത്തിന് മലയാളം വിവർത്തനം ഉണ്ടാക്കുകയും ചെയ്തു.

ഊരുഭംഗം - പുരാതന സംസ്കൃതനാടകങ്ങളിലെ ദുരന്തനാടകങ്ങളിൽ ഒന്നാണ് ഭാസൻ രചിച്ച ഊരുഭംഗം. ഭീമനുമായി ഗദായുദ്ധത്തിൽ ഏർപ്പെട്ട് മരിക്കാറായി കിടക്കുന്ന ദുര്യോധനനാണ് ഊരുഭംഗത്തിലെ നായകൻ.

കർണഭാരം - ഊരുഭംഗത്തിനു പുറമേ ഭാസൻ രചിച്ച മറ്റൊരു പുരാതന സംസ്കൃത ദുരന്തനാടകമാണ് കർണഭാരം. കുരുക്ഷേത്രയുദ്ധത്തിനു മുൻപുള്ള കർണന്റെ മാനസിക സംഘർഷങ്ങളാണ് 'കർണഭാരം' എന്ന ഏകാംഗനാടകത്തിന്റെ വിഷയം.

മൃച്ഛകടികം - മഹാപണ്ഡിതനായ ശൂദ്രകൻ എന്ന രാജാവാണ് മൃച്ഛകടികം രചിച്ചത് എന്നാണ് ഈ കൃതിയുടെ ആരംഭത്തിൽ പറയുന്നത്. എങ്കിലും, ശൂദ്രകൻ എന്നു പേരുള്ള ഒരു രാജാവിനെ ഇതുവരെ ചരിത്രത്തിൽ കണ്ടെത്താനായിട്ടില്ല. ശൂദ്രകൻ ദക്ഷിണേന്ത്യക്കാരനായിരുന്നു എന്നൊരു വാദമുണ്ട്. ദക്ഷിണേന്ത്യൻ ജാതികളെ കുറിച്ച് മൃച്ഛകടികത്തിൽ ഉള്ള പരാമർശമാണ് ഈ വാദത്തിന്റെ അടിസ്ഥാനം. മൃച്ഛകടികം എന്ന വാക്കിന്റെ അർഥം 'ചെറു കളിമൺവണ്ടി' എന്നാണ്. ചാരുദത്തൻ, വസന്തസേന എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.

ഹർഷചരിതം - ഹർഷവർദ്ധനന്റെ ആസ്ഥാന കവിയായിരുന്നു ബാണഭട്ടൻ. ഹർഷവർദ്ധനനെക്കുറിച്ച് ബാണഭട്ടൻ രചിച്ച സംസ്കൃത കൃതിയാണ് 'ഹർഷചരിതം'.

കാദംബരി - ലോകത്തിലെ തന്നെ ആദ്യ നോവലുകളിൽ ഒന്നായി കരുതുന്ന കൃതിയാണ് ബാണഭട്ടൻ രചിച്ച 'കാദംബരി'. ഗുണാഢ്യന്റെ 'ബൃഹദ്കഥ'യിലെ സുമനസ്സ് എന്ന രാജാവിന്റെ കഥ അടിസ്ഥാനമാക്കിയാണ് ബാണഭട്ടൻ കാദംബരി രചിച്ചതെന്ന് പറയപ്പെടുന്നു. കാദംബരിയുടെ ആദ്യഭാഗം മാത്രമാണ് ബാണഭട്ടൻ എഴുതിയത് എന്നും ബാക്കി അദ്ദേഹത്തിന്റെ മകൻ ഭൂഷണഭട്ടനാണ് പൂർത്തിയാക്കിയതെന്നും പറയപ്പെടുന്നു. 

യന്ത്രസർവസ്വം - യന്ത്രങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് ശാസ്ത്രീയമായി വിശദീകരിക്കുന്ന ഒരു പുരാതന ഭാരതീയ ഗ്രന്ഥമുണ്ട്. അതാണ് യന്ത്രസർവസ്വം. ഭരദ്വാജ മഹർഷിയാണ് ഈ സംസ്കൃതഗ്രന്ഥം രചിച്ചതെന്നു കരുതപ്പെടുന്നു. യന്ത്രങ്ങളെക്കുറിച്ച് സകല വിവരങ്ങളും എന്നാണ് യന്ത്രസർവസ്വം എന്നതിന്റെ അർഥം. വിമാനങ്ങളുടെ നിർമാണം, പ്രവർത്തനം എന്നിവയൊക്കെ വിശദീകരിക്കുന്ന 'വൈമാനിക പ്രകരണം' എന്നൊരു അധ്യായവും ഈ ഗ്രന്ഥത്തിലുണ്ട്.

അമരകോശം - സംസ്കൃതഭാഷയിൽ ഏറ്റവും പ്രചാരം കിട്ടിയ നിഘണ്ടുവാണ് അമരകോശം. അമരസിംഹനാണ് ഈ ഗ്രന്ഥം എഴുതിയത്. 'നാമലിംഗാനുശാസനം' എന്നാണ് ഗ്രന്ഥത്തിന് അമരസിംഹൻ കൊടുത്ത പേര്. നാമരൂപങ്ങളെയും അവയുടെ ലിംഗഭേദങ്ങളെയും കുറിച്ച് വിവരിക്കുന്നതിനാലാണ് ഈ പേരു നൽകിയത്. സ്വരാദികാണ്ഡം, ഭൂമ്യാദികാണ്ഡം, സാമാന്യകാണ്ഡം എന്നിങ്ങനെ മൂന്നു കാണ്ഡങ്ങൾ ഉണ്ടിതിൽ. ഇരുപത്തിയേഴ് വർഗങ്ങളിൽ പെടുന്ന 13,000 പദങ്ങൾ അമരകോശത്തിലുണ്ട്.

കഥാസരിത്‌സാഗരം - സംസ്കൃതത്തിലെ പ്രശസ്തമായ ഒരു കഥാസമാഹാരമാണ് കഥാസരിത്‌സാഗരം. പന്ത്രണ്ടാം നൂറ്റാണ്ടിൽ കശ്മീരദേശത്തു ജീവിച്ചിരുന്ന സോമദേവഭട്ടനാണ് ഇതിന്റെ രചയിതാവ്. ഗുണാഢ്യന്റെ 'ബൃഹൽകഥ' എന്ന ഗ്രന്ഥം പദ്യരൂപത്തിലേക്ക് മാറ്റിയതാണിത്. നിരവധി വിദേശഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മഹാകവി വള്ളത്തോളിന്റെ ചിത്രയോഗം കഥാസരിത്‌സാഗരത്തിൽ നിന്നും എടുത്തതാണ്.

മാതംഗലീല - ആനയെക്കുറിച്ചുള്ള വിവരങ്ങളും ഗജചികിത്സാ ക്രമങ്ങളുമൊക്കെ അടങ്ങിയ സംസ്കൃത ഗ്രന്ഥമാണ് മാതംഗലീല. തിരുമംഗലത്ത് നീലകണ്ഠൻ മൂസ്സ് ആണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. 'ഗജലക്ഷണശാസ്ത്രം' എന്ന പ്രാചീന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് മൂസ്സ് ഇത് എഴുതിയത്. ഇതിന്റെ മലയാളം വ്യാഖ്യാനമാണ് 'മാതംഗലീല ഗജലക്ഷണശാസ്ത്രം'. ചെറുവള്ളി നാരായണൻ നമ്പൂതിരിയാണ് ഈ ഗ്രന്ഥം തയ്യാറാക്കിയത്.

ഹസ്ത്യായുർവേദം - പാലകാപ്യമുനി രചിച്ചു എന്ന് കരുതുന്ന ആനഗ്രന്ഥമാണ് ഹസ്ത്യായുർവേദം. പാലകാപ്യം എന്നും ഇതറിയപ്പെടുന്നു. ആന ചികിത്സയെക്കുറിച്ച് വിവരിക്കുന്ന ഈ ഗ്രന്ഥം വൈദ്യമഠം ചെറിയനാരായണൻ നമ്പൂതിരിയാണ് സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തത്‌. ആവണപറമ്പ് നാരായണൻ നമ്പൂതിരിപ്പാട്, പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്, വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി എന്നിവരെല്ലാം ഇത് പഠിച്ച് ആനചികിത്സ നടത്തിയവരാണ്. 'അറ്റം താമര പോലെ വിടർന്ന്, നിലത്ത് രണ്ട് ചുറ്റ് ചുറ്റാൻ പാകത്തിലുള്ള തുമ്പിക്കൈ, തേൻനിറമുള്ള കണ്ണുകൾ, നിലം തൊടാത്ത നിവർന്ന വാൽ, ആകെ 20 അല്ലെങ്കിൽ 18 വെളുത്ത നഖങ്ങൾ, വശങ്ങളിലേക്ക് ഉയർന്ന കൊമ്പുകൾ' - ആനകളുടെ ലക്ഷണങ്ങളായി ഹസ്ത്യായുർവേദം പറയുന്ന ചില കാര്യങ്ങളാണിത്.

വൃക്ഷായുർവേദം - പതിമൂന്നാം നൂറ്റാണ്ടിൽ ശാർങ്ധരാചാര്യൻ രചിച്ചതെന്ന് കരുതുന്ന ഗ്രന്ഥമാണ് 'വൃക്ഷായുർവേദം'. ഇതിൽ വിവിധ മരങ്ങളെ പറ്റിയാണ് പരാമർശിച്ചിരിക്കുന്നത്. ഏതു മരത്തിന്റെ പൂവും കായുമാണോ നമുക്ക് അനുഭവിക്കാൻ കൊള്ളരുതാത്തത്, ആ വൃക്ഷങ്ങൾ വീടിനടുത്ത് വളരുന്നത് നന്നല്ല. അടർന്നു വീഴുന്ന കമ്പുകളുള്ള മരങ്ങളും വീടിനടുത്ത് നടരുത്. പഴമുൺപാല, വാഴ, മുന്തിരി, മുൾ മരം, പ്ലാവ് ഇവ നട്ടുവളർത്തിയാൽ ഏഴു ജന്മം ദുഃഖം അനുഭവിക്കേണ്ടി വരില്ല എന്ന് വൃക്ഷായുർവേദം പറയുന്നു. ചില വൃക്ഷങ്ങളുടെ വിത്ത് നടാനും പ്രത്യേക രീതിയുണ്ട്. പ്ലാവ്, ഞാവൽ, മാവ്, ചരളം, ആഞ്ഞിലി എന്നിവയുടെ വിത്തുകൾ പാലിൽ നനച്ച് ഉണക്കിയശേഷം ചാണകപ്പൊടി, വിഴാലരിപ്പൊടി ഇവ നെയ്യിൽ കുഴച്ച് പുരട്ടണം. കുളിച്ച് ശുദ്ധവസ്ത്രം ധരിച്ച് ദേവന്മാർ, ഗുരുക്കന്മാർ എന്നിവരെ മനസ്സിൽ ധ്യാനിച്ച് ഇത് നടണം.

Post a Comment

Previous Post Next Post