ദേശീയ വരുമാനം

ദേശീയ വരുമാനം (National Income)

ഭൂമി, അധ്വാനം, മൂലധനം, സംഘാടനം എന്നിവയുടെ സംയോജനത്തിലൂടെയാണ് ഉല്പാദനം സാധ്യമാകുന്നത്. രാജ്യത്ത് അനേകം വസ്‌തുക്കളും സേവനങ്ങളും ഉല്പാദിപ്പിക്കുന്നു. കൂടുതൽ ഉല്പാദിപ്പിക്കുമ്പോൾ സാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത വർദ്ധിക്കുന്നു. ഒരു സാമ്പത്തിക വർഷത്തിൽ ഒരു രാജ്യത്ത് ഉല്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെത്തുക (പണത്തിന്റെ രൂപത്തിൽ) യാണ് ദേശീയ വരുമാനം. ഉല്പാദനം കൂടുമ്പോൾ ദേശീയ വരുമാനം കൂടും. കാർഷിക, വ്യവസായ, സേവന മേഖലകളിൽ നിന്നാണ് ദേശീയ വരുമാനം ലഭിക്കുന്നത്. ദേശീയ വരുമാനത്തിന്റെ വർദ്ധനവിനെയാണ് സാമ്പത്തിക വളർച്ചയെന്നു പറയുന്നത്. കൂടുതൽ ഉല്പാദനം സാമ്പത്തികവളർച്ചയ്ക്ക് കാരണമാകുന്നു.

ദേശീയ വരുമാനം കണക്കാക്കുന്നതിന്റെ ലക്ഷ്യങ്ങൾ:

■ സമ്പദ്ഘടനയിലെ വിവിധ മേഖലകളുടെ സംഭാവന വിലയിരുത്താൻ.

■ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുവാൻ 

■ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സർക്കാരിനെ സഹായിക്കുന്നതിന് 

■ ഉല്പാദനം, വിതരണം, ഉപഭോഗം തുടങ്ങിയ സാമ്പത്തിക പ്രവർത്തനങ്ങളുടെ പരിമിതികളും മേന്മകളും കണ്ടെത്തുന്നതിന് 

ദേശീയ വരുമാനത്തിലെ പ്രധാന ആശയങ്ങൾ

മൊത്ത ദേശീയ ഉൽപ്പന്നം (Gross National Product (GNP)): ഒരു രാജ്യത്ത് ഒരു സാമ്പത്തിക വർഷത്തിൽ ഉൽപാദിപ്പിച്ച എല്ലാ അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും അകെ പണാത്മക മൂല്യമാണ് മൊത്ത ദേശീയ ഉൽപ്പന്നം.

മൊത്ത ആഭ്യന്തര ഉൽപ്പന്നം (Gross Domestic Product (GDP)): ഒരു രാജ്യത്തിന്റെ ആഭ്യന്തര അതിർത്തിയ്ക്കുള്ളിൽ ഒരു സാമ്പത്തിക വർഷത്തിൽ ഉൽപാദിപ്പിച്ച അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും അകെ പണാത്മക മൂല്യമാണ് മൊത്ത ആഭ്യന്തര ഉൽപ്പന്നം. ഇന്ത്യയിൽ GDP കണക്കാക്കുമ്പോൾ വിദേശത്ത് ജോലി ചെയ്യുന്നവരുടെ വരുമാനം, വിദേശത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ സ്ഥാപനങ്ങൾ, സംരംഭങ്ങൾ എന്നിവയുടെ ലാഭം ഒഴിവാക്കും.

അറ്റ ദേശീയ ഉൽപ്പന്നം (Net National Product (NNP)): യന്ത്രസാമഗ്രഹികളുടെയും മറ്റ് സാധനങ്ങളുടെയും ഉപയോഗംമൂലമുണ്ടാകുന്ന പഴക്കംകൊണ്ട് സംഭവിക്കുന്ന തേയ്‌മാനം പരിഹരിക്കാൻ ആവശ്യമായ ചെലവാണ് തേയ്‌മാനചെലവ് (Depreciation charges). മൊത്ത ദേശീയ ഉൽപ്പന്നത്തിൽ നിന്ന് തേയ്‌മാന ചെലവ് കുറയ്ക്കുമ്പോൾ ലഭ്യമാകുന്നതാണ് അറ്റ ദേശീയ ഉൽപ്പന്നം. സാങ്കേതികമായി അറ്റ ദേശീയ ഉൽപ്പന്നമാണ് ദേശീയ വരുമാനമായി അറിയപ്പെടുന്നത്. 

അറ്റ ദേശീയ ഉൽപ്പന്നം = മൊത്ത ദേശീയ ഉൽപ്പന്നം - തേയ്‌മാന ചെലവ്

PSC ചോദ്യങ്ങൾ 

1. ഒരു സാമ്പത്തിക വർഷത്തിൽ ഒരു രാജ്യത്ത് ഉല്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെത്തുക - ദേശീയ വരുമാനം 

2. ഇന്ത്യയിൽ സാമ്പത്തിക വർഷം കണക്കാക്കുന്നത് - ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ 

3. ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ച എത്രത്തോളമെന്ന് കണ്ടെത്താനും രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി താരതമ്യം ചെയ്യുന്നതുമാണ് - ദേശീയ വരുമാനം 

4. ദേശീയ വരുമാനം ലഭിക്കുന്ന മേഖലകൾ - കാർഷിക, വ്യവസായ, സേവന മേഖലകൾ 

5. ഇന്ത്യയിലെ നികുതികൾ ജി.ഡി.പിയുടെ എത്ര ശതമാനമാണ് - 16.6%

6. ഇന്ത്യയിലെ ദേശീയ വരുമാനത്തെക്കുറിച്ചുള്ള കണക്കുകൾ ആദ്യമായി അവതരിപ്പിച്ചത് - ദാദാഭായ് നവ്‌റോജി

7. ഇന്ത്യയിലെ ദേശീയ വരുമാനം അളന്നു തിട്ടപ്പെടുത്തുന്ന ഔദ്യോഗിക ഏജൻസി - സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ

8. ഇന്ത്യയിൽ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയ വ്യക്തി - ദാദാഭായ് നവറോജി (1867 - 68)

9. ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം ശാസ്ത്രീയമായി കണക്കാക്കിയ വ്യക്തി - വി.കെ.ആർ.റാവു (1931)

10. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ദേശീയ വരുമാന കമ്മിറ്റി രൂപീകൃതമായത് - 1949 ഓഗസ്റ്റ് 4 

11. 1949ൽ സ്ഥാപിതമായ ദേശീയ വരുമാന കമ്മിറ്റിയിലെ അംഗങ്ങൾ - പ്രൊഫ.പി.സി.മഹലനോബിസ് (ചെയർമാൻ), പ്രൊഫ.ഡി.ആർ.ഗാഡ്ഗിൽ, പ്രൊഫ.വി.കെ.ആർ.വി.റാവു

12. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത് - പി.സി.മഹലനോബിസ് 

13. കൊൽക്കത്തയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് - പി.സി.മഹലനോബിസ് 

14. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിച്ചത് - 1931 ഡിസംബർ 17 

15. ഇന്ത്യൻ ബജറ്റിന്റെ പിതാവ് - പി.സി.മഹലനോബിസ് 

16. മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം - സംഖ്യ 

17. പ്രഥമ പ്രൊഫ.പി.സി.മഹലനോബിസ് നാഷണൽ അവാർഡ് ഇൻ ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിക്‌സ് 2020ന് അർഹനായത് - സി.രംഗരാജൻ (ആർ.ബി.ഐ മുൻ ഗവർണർ)

Post a Comment

Previous Post Next Post