നോബൽ സമ്മാനം നേടിയ ഇന്ത്യക്കാർ

നോബൽ സമ്മാനം നേടിയ ഇന്ത്യക്കാർ (Nobel Prize Winners of India)

1. രബീന്ദ്രനാഥ് ടാഗോർ (സാഹിത്യം, 1913): 1913ൽ നോബൽ സമ്മാനത്തിനർഹനായ ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ് ടാഗോർ. ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷ മുൻനിർത്തിയാണ് ടാഗോറിന് സാഹിത്യത്തിൽ നോബൽ നൽകിയത്. ടാഗോർ ഇംഗ്ലീഷിൽ എഴുതിയ ആദ്യ കൃതി കൂടിയാണ് ഗീതാഞ്ജലി പരിഭാഷ. ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പതിപ്പ് ഇംഗ്ലണ്ടിലും അമേരിക്കയിലുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടു. വിശ്വവിഖ്യാത എഴുത്തുകാരായ യേറ്റ്സ്, എസ്രാ പൗണ്ട്, എച്ച്.ജി.വെൽസ്, ബർട്രൻഡ് റസ്സൽ, ബർണാഡ് ഷാ തുടങ്ങിയവരുടെയൊക്കെ ശ്രദ്ധ നേടാൻ ഗീതാഞ്ജലി പരിഭാഷയ്ക്ക് കഴിഞ്ഞു. 'മാനവരാശിയുടെ ഐക്യം' എന്ന മഹത്തായ സന്ദേശം വിളിച്ചോതുന്ന കൃതിയായാണ് പാശ്ചാത്യലോകം ഗീതാഞ്ജലിയെ കണ്ടത്. ടാഗോറിന്റെ ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് അവതാരിക എഴുതിയത് 1923ലെ നോബൽ ജേതാവായ വില്യം ബട്ട്ലർ യേറ്റ്സാണ്.

2. സി.വി രാമൻ (ഭൗതികശാസ്ത്രം, 1930): 1930ൽ ഭൗതികശാസ്ത്രത്തിന് നോബൽ സമ്മാനത്തിനർഹനായി. ശാസ്ത്രവിഷയത്തിൽ നോബൽ നേടിയ ആദ്യ ഏഷ്യക്കാരനാണ് സി.വി.രാമൻ. ആഴക്കടലിന്റെ നീലനിറത്തിന് കാരണമെന്താണെന്ന് കണ്ടുപിടിക്കാൻ വേണ്ടി തുടങ്ങിയ ഗവേഷണം വലിയ വലിയ വിഷയങ്ങളിലേക്കെത്തി. അവസാനം പ്രകാശം ചിതറിത്തെറിക്കുന്നതിനെ സംബന്ധിച്ച സുപ്രധാനമായ ഒരു കണ്ടെത്തലിലേക്ക് അതെത്തിച്ചേർന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം 1928 ഫെബ്രുവരി 28ന് നടത്തി. 'രാമൻ ഇഫക്റ്റ്' എന്നാണ് പിന്നീട് ഈ നേട്ടം അറിയപ്പെട്ടത്. ശിഷ്യനായ കെ.എസ്.കൃഷ്ണൻ അദ്ദേഹത്തെ സഹായിക്കാനുണ്ടായിരുന്നു. ഇതേത്തുടർന്നാണ് 1930ൽ ഭൗതികശാസ്ത്ര നോബൽ അദ്ദേഹത്തിന് ലഭിച്ചത്. രാമൻ ഇഫക്റ്റിനെക്കുറിച്ചുള്ള പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ദിവസമായ ഫെബ്രുവരി 28 ആണ് ഇന്ത്യയിൽ ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത്.

3. ഹർഗോവിന്ദ് ഖുരാന (വൈദ്യശാസ്ത്രം, 1968): ഇന്ത്യൻ നോബൽ ജേതാക്കളിലെ ആദ്യ 'വിദേശി' ആണ് ഹർഗോവിന്ദ് ഖുരാന. ഇന്ത്യയിൽ ജനിച്ച് പിന്നീട് അമേരിക്കൻ പൗരനായ ഇദ്ദേഹം 1968ൽ വൈദ്യശാസ്ത്ര നോബൽ നേടിക്കൊണ്ട് ഇന്ത്യയുടെ അഭിമാനമായി. ജീൻ പഠനത്തിലും ബയോടെക്‌നോളജിയുടെ വളർച്ചയിലും വലിയ പങ്കുവഹിച്ചയാളാണ് ബയോകെമിസ്ട്രി ഗവേഷകനായിരുന്ന ഹർഗോവിന്ദ് ഖുരാന. ജീനുകളെക്കുറിച്ചും പ്രോട്ടീൻ നിർമാണത്തിൽ അവയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹവും മറ്റ് രണ്ടുശാസ്ത്രജ്ഞരും ചേർന്നു നടത്തിയ കണ്ടെത്തലുകളാണ് നോബലിന് അർഹമായത്. ലോകത്താദ്യമായി കൃതിമ ജീൻ നിർമിച്ചത് ഹർഗോവിന്ദ് ഖുരാനയാണ്.

4. മദർ തെരേസ (സമാധാനം, 1979): നോബൽ സമ്മാനം നേടിയ ഏക ഇന്ത്യൻ വനിതയാണവർ. 1979ൽ സമാധാന നോബലിനർഹയായ ആദ്യ ഇന്ത്യക്കാരിയായ വിദേശവംശജയാണ് മദർ തെരേസ. വിദേശത്ത് ജനിച്ചെങ്കിലും മദർ തെരേസ ഇന്ത്യയിലാണ് ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചത്. ഇന്ത്യൻ പൗരത്വം നേടിയ അവർ കൊൽക്കത്തയിലെയും മറ്റും ചേരികളിൽ പാവപ്പെട്ടവരെ സഹായിച്ചും രോഗികളെ ശുശ്രൂഷിച്ചും ജീവിച്ചു. അരനൂറ്റാണ്ടിലധികം കാലം മദർ തെരേസ തെരുവിൽ സേവനം ചെയ്തു. ലോകം 'പാവങ്ങളുടെ അമ്മ' എന്ന് സ്നേഹത്തോടെ വിളിച്ച അവരെത്തേടി നോബൽ സമ്മാനമടക്കം പല പുരസ്കാരങ്ങളുമെത്തി. തെരുവിലെ ആളുകൾക്കായുള്ള 'നിർമൽ ഹൃദയ്', അനാഥക്കുട്ടികൾക്കു വേണ്ടിയുള്ള 'നിർമൽ ഹൃദയ് ശിശുഭവൻ', കുഷ്ഠരോഗികൾക്കുള്ള 'ഗാന്ധിജി പ്രാൺ നിവാസ്' എന്നിവ മദർ തുടങ്ങിയ സ്ഥാപനങ്ങളാണ്.

5. സുബ്രഹ്മണ്യൻ ചന്ദ്രശേഖർ (ഭൗതികശാസ്ത്രം, 1983): ഭൗതികശാസ്ത്രത്തിൽ നോബൽ നേടിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് എസ്.ചന്ദ്രശേഖർ. നക്ഷത്രങ്ങളുടെ ഘടനയും പരിണാമവുമായി ബന്ധപ്പെട്ട പഠനത്തിനാണ് ചന്ദ്രശേഖർക്ക് 1983ൽ നോബൽ സമ്മാനം ലഭിച്ചത്. അദ്ദേഹത്തോടൊപ്പം വില്യം എ.ഫൗളർ എന്ന ശാസ്ത്രജ്ഞനും അവാർഡ് പങ്കിട്ടു. ബ്ലാക്ക് ഹോളുകളെക്കുറിച്ചും മറ്റുമുള്ള പഠനത്തിന് ചന്ദ്രശേഖറുടെ കണ്ടെത്തലുകൾ സഹായിച്ചിട്ടുണ്ട്. സ്വയം ജ്വലിക്കുന്ന പല നക്ഷത്രങ്ങളും അവയുടെ പരിണാമത്തിന്റെ അവസാനമെത്തുമ്പോൾ വെള്ളക്കുള്ളൻമാർ ആയി മാറുന്നു. വളരെ കൂടിയ പിണ്ഡവും വ്യാപ്തവുമുള്ള ഇവയെക്കുറിച്ചായിരുന്നു ചന്ദ്രശേഖറുടെ പ്രധാന പഠനം. അമേരിക്കൻ പൗരത്വമുള്ള വ്യക്തിയായ ഇദ്ദേഹം സി.വി.രാമന്റെ അനന്തരവനാണ്.

6. അമർത്യാസെൻ (സാമ്പത്തികശാസ്ത്രം, 1998): സാമ്പത്തികശാസ്ത്രത്തിലെ മികവിന് 1998ൽ നോബൽ സമ്മാനം ലഭിച്ചു. എഴുപതുകളുടെ പകുതിയോടെയാണ് അദ്ദേഹം ദാരിദ്ര്യത്തെക്കുറിച്ചും ക്ഷാമത്തെക്കുറിച്ചുമുള്ള ഗവേഷണം ആരംഭിക്കുന്നത്. സാമ്പത്തിക അസമത്വവും ദാരിദ്ര്യവുമൊക്കെ വിഷയമാക്കിയുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ സാമ്പത്തികശാസ്ത്രരംഗത്ത് അമർത്യാസെന്നിനെ പ്രശസ്തനാക്കി. ഈ പഠനങ്ങളാണ് അദ്ദേഹത്തിന് നോബൽ പുരസ്‌കാരം നേടിക്കൊടുത്തത്. 1943ലെ ബംഗാൾ ക്ഷാമം അദ്ദേഹത്തിന്റെ പഠനങ്ങളിൽ ഏറെ സ്വാധീനം ചെലുത്തിയുട്ടുണ്ട്. സാമ്പത്തികശാസ്ത്രത്തിൽ നോബൽ നേടിയ ആദ്യ ഏഷ്യക്കാരനാണ് അമർത്യാസെൻ. അമർത്യാസെന്നിന് പേരുനൽകിയത് മറ്റൊരു നോബൽ സമ്മാന ജേതാവായ രബീന്ദ്രനാഥ് ടാഗോറാണ്. 

7. വെങ്കിട്ടരാമൻ രാമകൃഷ്ണൻ (രസതന്ത്രം, 2009): രസതന്ത്രത്തിൽ ആദ്യമായി നോബൽ നേടിയ ഇന്ത്യൻ വംശജൻ. ഇന്ത്യയിൽ ജനിച്ചുവളർന്ന്, അമേരിക്കൻ, ബ്രിട്ടീഷ് പൗരത്വം നേടിയ ശാസ്ത്രജ്ഞനാണ് വെങ്കിട്ടരാമൻ രാമകൃഷ്ണൻ. ഇദ്ദേഹം 2009ലെ രസതന്ത്ര നോബൽ, തോമസ് എ.സ്‌റ്റെയിറ്റ്സ്, അദ യോനാത്ത് എന്നിവരുമായി പങ്കുവച്ചു. കോശങ്ങളിലെ റൈബോസോമിന്റെ ഘടനയെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള പഠനങ്ങളാണ് അദ്ദേഹത്തെ ഈ പുരസ്‌കാരത്തിന് അർഹനാക്കിയത്. ലണ്ടനിലെ റോയൽ സൊസൈറ്റിയുടെ പ്രസിഡന്റായ അദ്ദേഹം 1952ൽ തമിഴ്‌നാട്ടിലെ ചിദംബരത്ത് ജനിച്ചു. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച് നോബൽ സമ്മാനം നേടിയ ആദ്യ വ്യക്തികൂടിയാണ് വെങ്കിട്ടരാമൻ.

8. കൈലാഷ് സത്യാർത്ഥി (സമാധാനം, 2014): സമാധാനത്തിന് നോബൽ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് കൈലാഷ് സത്യാർത്ഥി. 2014ൽ സമാധാനത്തിനുള്ള നോബൽ, പാക്കിസ്ഥാന്റെ മലാല യൂസഫ്സായ്‌ക്കൊപ്പം പങ്കിട്ടു. കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് അദ്ദേഹത്തിന് പുരസ്‌കാരം നേടികൊടുത്തത്. മികച്ച ശമ്പളമുള്ള അധ്യാപകജോലി വേണ്ടെന്നുവച്ച് ബാലവേലയിലേക്ക് വലിച്ചെറിയപ്പെട്ട പതിനായിരക്കണക്കിന് കുട്ടികളെ സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഈ മധ്യപ്രദേശുകാരന്റെ കഥ ലോകത്തിനു മുഴുവൻ മാതൃകയാണ്.  ‘ബച്പൻ ബചാവോ ആന്ദോളൻ’ എന്ന സംഘടനയുടെ സ്ഥാപകനാണ് സത്യാർത്ഥി.

9. അഭിജിത്ത് ബാനർജി (സാമ്പത്തികശാസ്ത്രം, 2019): നോബൽ സമ്മാനം നേടുന്ന ഒമ്പതാമത്തെ ഇന്ത്യക്കാരനാണ് കൊൽക്കത്തക്കാരനായ അഭിജിത്ത് ബാനർജി. 2019ൽ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ എസ്തര്‍ ഡഫ്‌ലോ (ഫ്രാൻസ്), മൈക്കല്‍ ക്രെമര്‍ (യു.എസ്) എന്നിവരുമായി പങ്കിട്ടു. അഭിജിത്ത് ബാനർജിയുടെ ഭാര്യയാണ് എസ്തര്‍ ഡഫ്‌ലോ. ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. സാമ്പത്തികശാസ്ത്രത്തിൽ നോബൽ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അഭിജിത്ത് ബാനർജി.

ഇന്ത്യയുമായി ബന്ധമുള്ള നോബൽ ജേതാക്കൾ 

1. സർ.റൊണാൾഡ്‌ റോസ്സ് (വൈദ്യശാസ്ത്രം, 1902): ജനിച്ചത് ഇന്ത്യയിലാണെങ്കിലും ഇന്ത്യക്കാരനല്ലാത്ത നോബൽ ജേതാക്കളിൽ ഒരാളാണ് സർ.റൊണാൾഡ്‌ റോസ്സ്. ഹിമാലയൻ താഴ്വരയിലുള്ള അൽമോറയിൽ 1857 ലാണ് ജനനം. ബ്രിട്ടീഷുകാരനായ അദ്ദേഹത്തിന്റെ പിതാവ് ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ ജനറലായിരുന്നു. വിദ്യാഭ്യാസം ഇംഗ്ലണ്ടിലായിരുന്നു. ഇംഗ്ലണ്ടിൽനിന്നും ഡോക്ടറേറ്റ് നേടി തിരിച്ചെത്തിയ അദ്ദേഹം 1897ൽ ഇന്ത്യയിൽ വ്യാപകമായിരുന്ന മലേറിയ പരത്തുന്നത് അനോഫിലിസ് കൊതുകുകളാണെന്ന് കണ്ടെത്തി. ഈ കണ്ടുപിടിത്തം റൊണാൾഡ്‌ റോസ്സിനെ 1902ലെ വൈദ്യശാസ്ത്ര നോബലിന് അർഹനാക്കി.

2. റഡ്യാർഡ് കിപ്ലിങ് (സാഹിത്യം, 1907): സാഹിത്യ നോബൽ നേടിയ ആദ്യ ഇംഗ്ലീഷ് എഴുത്തുകാരനാണ് റഡ്യാർഡ് കിപ്ലിങ്. 1865ൽ മുംബൈയിലാണ് ബ്രിട്ടീഷുകാരനായ റഡ്യാർഡ് കിപ്ലിങ് ജനിച്ചത്. ലോകപ്രശസ്തമായ 'ജംഗിൾ ബുക്ക്' എന്ന ബാലസാഹിത്യകൃതിയുടെ സ്രഷ്ടാവാണ് റഡ്യാർഡ് കിപ്ലിങ്. 'ക്യാപ്റ്റൻസ് കറേജിയസ്', 'കിം', 'ദ ലൈറ്റ് ദാറ്റ് ഫെയിൽഡ്' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രശസ്‌ത കൃതികൾ. 1907ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം കിപ്ലിങ്ങിനെ തേടിയെത്തി.

3. അബ്ദുസ് സലാം (ഭൗതികശാസ്ത്രം, 1979): ഷെൽഡൺ ഗ്ലാഷോ, സ്റ്റീവൻ വെയിൻ ബെർഗ് എന്നിവർക്കൊപ്പം 1979ലെ  ഭൗതികശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരം പങ്കുവച്ച പാക്കിസ്ഥാനി ശാസ്ത്രജ്ഞനാണ് അബ്ദുസ് സലാം. ശാസ്ത്രത്തിൽ നോബൽ നേടിയ ആദ്യ പാക്കിസ്ഥാൻകാരനാണ് അദ്ദേഹം. 1926ൽ ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിൽ ജനിച്ച അബ്ദുസ് സലാം 1996ൽ ബ്രിട്ടനിൽ വച്ച് അന്തരിച്ചു.

4. വി.എസ്.നെയ്‌പോൾ (സാഹിത്യം, 2001): ഇന്ത്യയിൽ ജനിക്കാത്ത, ഇന്ത്യൻ വംശജനായ നോബൽ ജേതാവാണ് വി.എസ്.നെയ്‌പോൾ. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിൽനിന്ന് തെക്കേ അമേരിക്കയിലെ ട്രിനിഡാഡിലേക്ക് കുടിയേറിയവരാണ് നെയ്‌പോളിന്റെ പൂർവികർ. 2001ൽ അദ്ദേഹത്തിന് സാഹിത്യ നോബൽ ലഭിച്ചു. നോബൽ സമ്മാനവും ബുക്കർ പ്രൈസും നേടിയ എഴുത്തുകാരനാണ് അദ്ദേഹം.

5. മുഹമ്മദ് യൂനുസ് (സമാധാനം, 2006): സാധാരണക്കാർക്കായി 'ഗ്രാമീൺ ബാങ്ക്' സ്ഥാപിച്ച ബംഗ്ലാദേശി സാമ്പത്തികശാസ്ത്രജ്ഞനും സംരംഭകനുമാണ് മുഹമ്മദ് യൂനുസ്. ഈ സംഭാവനകൾക്ക് 2006ലെ സമാധാന നോബൽ ഇദ്ദേഹത്തിന് ലഭിച്ചു. 1940ൽ ബ്രിട്ടീഷ് ഇന്ത്യയിലെ ചിറ്റഗോങ്ങിലാണ് യൂനുസ് ജനിച്ചത്.

Post a Comment

Previous Post Next Post