പണ്ടാരപ്പാട്ട വിളംബരം

പണ്ടാരപ്പാട്ട വിളംബരം (Pandarapatta Vilambaram)

തിരുവിതാംകൂറിൽ രണ്ടിനം വസ്തുക്കൾ ഉണ്ടായിരുന്നു - ജന്മിവകയെന്നും പണ്ടാരപ്പാട്ടമെന്നും. ഇതിൽ ജന്മിവക വസ്തുക്കൾ ജന്മിമാരുടെ (വലിയ ഭൂസ്വത്തുടമസ്ഥന്മാർ) വകയും പണ്ടാരപ്പാട്ടം വസ്തുക്കൾ സർക്കാരിന്റെ വകയും ആയിരുന്നു. ബഹുഭൂരിഭാഗം ഭൂമിയും പണ്ടാരവകയായിരുന്നു. പണ്ടാരം വക ഭൂമിയിൽ കൃഷിചെയ്ത് ആദായം എടുക്കാമെന്നല്ലാതെ ഭാഗംവയ്ക്കാനോ, വില്‍ക്കാനോ ആർക്കും അനുവാദം ഇല്ലായിരുന്നു. സർക്കാരിന് ഇഷ്ടമുള്ളപ്പോൾ അവരെ വസ്തുവിൽ നിന്നും ഒഴിപ്പിക്കാം.  എന്നാല്‍ 1865ല്‍ ആയില്യം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് ദിവാന്‍ സര്‍. ടി. മാധവറാവു, സര്‍ക്കാര്‍ വക (പണ്ടാര വക) ഭൂമിയിലെ കുടിയാന്മാർക്ക് അവർ കൃഷിചെയ്യുന്ന ഭൂമി സ്വന്തമായി നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഇത് പണ്ടാരപ്പാട്ട വിളംബരം എന്ന് അറിയപ്പെട്ടു. വിളംബരപ്രകാരം കുടിയാനിൽ നിന്നും നിശ്ചിതതുക ഈടാക്കി പാട്ടവസ്തുക്കളുടെ ഉടമസ്ഥാവകാശം നല്‍കി. ഇതോടെ കുടിയാന് സർക്കാർ വക പാട്ടവസ്തുക്കളുടെ മേൽ അവകാശം ലഭിച്ചു. പണ്ടാരപ്പാട്ട വസ്തുക്കൾ വിൽക്കുകയും നന്നാക്കുകയും ചെയ്യാമെന്നും ഗവൺമെന്റിലേക്കുള്ള കരം കൊടുത്താൽ മതിയെന്നു തീർച്ചപ്പെട്ടു.

ജന്മി കുടിയാൻ വിളംബരം

1867ലെ ജന്മി-കുടിയാൻ വിളംബരം ജന്മി വസ്തുവിൽ കുടിയാനുള്ള അവകാശത്തിന് സ്ഥിരത നൽകി. ഈ വിളംബരത്തിന് മുമ്പ് ജന്മിമാർക്ക് കുടിയാന്മാരെ ഇഷ്ടമുള്ളപ്പോൾ വസ്തുവിൽ നിന്നും ഒഴിപ്പിക്കാമായിരുന്നു. ജന്മി കുടിയാൻ വിളംബരം അനുസരിച്ച് കുടിയാന്മാർ ജന്മിമാർക്ക് മിച്ചവാരം ശരിയായി കൊടുത്താൽ അവർക്ക് ആ വസ്തു അനുഭവിക്കാമെന്നു വരുത്തി. പണ്ടാരപ്പാട്ട വിളംബരംകൊണ്ടു സർക്കാർ വക ഭൂമി അനുഭവിക്കുന്നവരുടെ അവസ്ഥകൾ നീക്കം ചെയ്‌തു. അതുപോലെ ജന്മി കുടിയാൻ വിളംബരം കൊണ്ടു ജന്മിവക വസ്തുക്കൾ അനുഭവിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിച്ചു. കൃഷിക്കാർക്ക് ഈ രണ്ട് വിളംബരങ്ങളും വലിയ അനുഗ്രഹങ്ങളായിത്തീർന്നു. അതിന്റെ ഫലമായി നമ്മുടെ നാട്ടിലെ കൃഷി വളരെ അഭിവൃദ്ധി പ്രാപിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. തിരുവിതാംകൂറിൽ പണ്ടാരവക അഥവാ സർക്കാർ വക ഭൂമിയിലെ കുടിയാൻമാർക്ക് അവർ കൃഷിചെയ്യുന്ന ഭൂമി സ്വന്തമായി നൽകാൻ കാരണമായ നിയമമേത് - പണ്ടാരപ്പാട്ട വിളംബരം

2. കുടിയാന് സർക്കാർ വക പാട്ടവസ്തുക്കളുടെ മേൽ അവകാശം സ്ഥിരപ്പെടുത്തിക്കൊടുത്ത വിളംബരം - പണ്ടാരപ്പാട്ട വിളംബരം

3. പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവ് - ആയില്യം തിരുനാൾ 

4. "തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട" എന്നറിയപ്പെടുന്നത് - പണ്ടാരപ്പാട്ട വിളംബരം 

5. തിരുവിതാംകൂറിൽ പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച വർഷമേത് - 1865 

6. പണ്ടാരം വിളംബര ഉത്തരവ് പുറപ്പെടുവിച്ച ദിവാന്‍ - സര്‍. ടി. മാധവറാവു

7. തിരുവിതാംകൂറിൽ നിലനിന്നിരുന്ന ഒരു ഭൂവുടമ സമ്പ്രദായം - ജന്മി സമ്പ്രദായം 

8. ജന്മി തന്റെ ഉടമസ്ഥതയിലുള്ള ഭൂമി കുടിയാന് കൃഷി ചെയ്യാൻ കൊടുക്കുകയും അവർ ആദായത്തിന്റെ ഒരംശം ജന്മിയ്ക്ക് പാട്ടമായി നൽകുകയും ചെയ്യുന്ന സമ്പ്രദായം - ജന്മി സമ്പ്രദായം

9. ജന്മി-കുടിയാൻ വിളംബരം പുറപ്പെടുവിച്ച വർഷമേത് - 1867

10. 1867ൽ 'ജന്മി-കുടിയാൻ വിളംബരം' പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി - ആയില്യം തിരുനാൾ 

11. ജന്മികുടിയാൻ വിളംബരം അറിയപ്പെടുന്ന മറ്റൊരു പേര് - കാണപ്പാട്ട വിളംബരം

Post a Comment

Previous Post Next Post