സസ്യ വൈവിധ്യം

സസ്യ വൈവിധ്യം

കടലിലും മരുഭൂമിയിലും ധ്രുവപ്രദേശത്തും എന്നുവേണ്ട ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും സസ്യങ്ങളുണ്ട്. പായലും പുല്ലും വള്ളിയും കുറ്റിച്ചെടിയും മരവുമൊക്കെയടങ്ങുന്ന സസ്യലോകത്ത് മൂന്നരലക്ഷത്തോളം സ്പീഷിസുണ്ടെന്ന് കരുതുന്നു. സസ്യങ്ങളെ അവയുടെ വലുപ്പം, നിറം, പരിണാമപരമായ പ്രത്യേകതകൾ തുടങ്ങിയവ അടിസ്ഥാനമാക്കി പൊതുവേ അഞ്ചായി തരംതിരിക്കാം. ഏറെ പ്രത്യേകതകളുള്ള ആൽഗകളാണ് ഇതിൽ ആദ്യവിഭാഗം. ബ്രയോഫൈറ്റുകൾ, ടെറിഡോഫൈറ്റുകൾ, ജിംനോസ്‌പേമുകൾ, ആൻജിയോസ്‌പേമുകൾ എന്നിവയാണ് മറ്റ് നാലു വിഭാഗങ്ങൾ. ഇവയിൽ ആദ്യ രണ്ടു വിഭാഗങ്ങളെ അപുഷ്പികളിലും (പുഷ്പിക്കാത്ത സസ്യങ്ങൾ) അവസാനത്തെ രണ്ട് വിഭാഗങ്ങളെ സപുഷ്പികളിലും (പുഷ്പിക്കുന്ന സസ്യങ്ങൾ) ഉൾപ്പെടുത്താം. ആൽഗകളിൽ നിന്ന് ആൻജിയോസ്‌പേമുകളിലെത്തുമ്പോൾ സസ്യങ്ങളുടെ ഘടനയിൽ വലിയ മാറ്റമുണ്ടാകുന്നു. ഏകകോശം മാത്രമുള്ള 'ക്ലാമിഡോമോണസ്' ആൽഗയ്ക്കും, ഏറ്റവും വലിയ സസ്യമായ 'ജയന്റ് സെക്വയ' ജിംനോസ്‌പേമിനും ഉദാഹരണമാണ്.

ആൽഗകൾ: ഭൂമിയിലെ ആദ്യ സസ്യവിഭാഗമാണ് ആൽഗ എന്ന പായലുകൾ. നമുക്ക് കാണാനാവാത്ത സൂഷ്മസസ്യങ്ങൾ  മുതൽ 60 മീറ്ററോളം നീളത്തിൽ വളരുന്ന കെൽപുകൾ എന്ന വൻസസ്യങ്ങൾ വരെ ആൽഗകൾക്കിടയിലുണ്ട്. സസ്യങ്ങൾക്ക് പച്ചനിറം നൽകുന്ന ക്ലോറോഫിൽ കൂടാതെ മറ്റു പല വർണകങ്ങളും ആൽഗകൾക്കുണ്ട്. 

ബ്രയോഫൈറ്റുകൾ: സവിശേഷ സ്വഭാവമുള്ള ഒരുതരം സസ്യവിഭാഗമാണ് ബ്രയോഫൈറ്റുകൾ അഥവാ കരിം പായലുകൾ. ഏകദേശം 25000 സ്പീഷീസിലുള്ള ഇവ ഈർപ്പമുള്ള തണൽപ്രദേശങ്ങളിലാണ് പൊതുവെ കാണപ്പെടുന്നത്.

ടെറിഡോഫൈറ്റുകൾ: ഭൂമിയിലെ സസ്യസമ്പത്തിൽ എണ്ണത്തിലും ഇനത്തിലും അസംഖ്യം വരുന്നവയാണ് പന്നൽച്ചെടികൾ അഥവാ ടെറിഡോഫൈറ്റുകൾ. ജുറാസിക് കാലഘട്ടത്തിൽ തന്നെ സമൃദ്ധമായിരുന്ന ഈ സസ്യങ്ങളിൽ വൃക്ഷരൂപത്തിലുള്ളവ വരെയുണ്ടായിരുന്നു. അടിക്കാടുകളിലും ഈർപ്പമുള്ള പ്രദേശങ്ങളിലും ഈ സസ്യവിഭാഗം ഇന്നും തഴച്ചു വളരുന്നു. പുഷ്പങ്ങളില്ലെങ്കിലും ഈ സസ്യങ്ങളെ കാണാൻ നല്ല ഭംഗിയാണ്. അതിനാൽ അലങ്കാരസസ്യമായും ഇവയെ ഉപയോഗിക്കുന്നു.

ജിംനോസ്‌പേമുകൾ: വൻവൃക്ഷങ്ങളായും കുറ്റിച്ചെടികളായും തറയോട് പറ്റിച്ചേർന്ന് വളരുന്നവയായും കാണപ്പെടുന്ന സസ്യങ്ങളാണ് ജിംനോസ്‌പേമുകൾ. ലോകത്തിലെ ഏറ്റവും വലിയ മരമായ സെക്വയ, പൈനസ്, സൈക്കസ്, അരോക്കേറിയ, എഫിഡ്ര തുടങ്ങിയവ ജിംനോസ്‌പേം സസ്യങ്ങൾക്കുദാഹരണങ്ങളാണ്.

ആൻജിയോസ്‌പേമുകൾ: പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന സസ്യങ്ങളാണ് സസ്യലോകത്തെ അഞ്ചാമത്തെ വിഭാഗമായ ആൻജിയോസ്‌പേമുകൾ. ഇന്നത്തെ മനുഷ്യജീവിതം ഇത്രമാത്രം സുഖകരമാവാൻ കാരണം ഇവയാണ്. പ്ലാവ്, മാവ്, തെങ്ങ് തുടങ്ങി നമുക്കറിയാവുന്നതും അറിയാത്തതുമായ എല്ലാ ഫലവൃക്ഷങ്ങളും ആൻജിയോസ്‌പേമുകളുടെ കൂട്ടത്തിൽ പെടുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ആവശ്യാനുസരണം ജലം ലഭിക്കുന്നിടത്ത് വളരുന്ന സസ്യങ്ങൾ അറിയപ്പെടുന്നത് - മിസോഫൈറ്റുകൾ 

2. ജലത്തിൽ വളരുന്ന സസ്യങ്ങൾക്ക് ഉദാഹരണം - ആമ്പൽ, താമര 

3. ജലത്തിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്ന പേര് - ഹൈഡ്രോഫൈറ്റുകൾ

4. പൂർണമായും സൂര്യപ്രകാശത്തിൽ വളരുന്ന സസ്യങ്ങൾ അറിയപ്പെടുന്നത് - ഹീലിയോഫൈറ്റുകൾ 

5. മരുഭൂമിയിൽ വളരുന്ന സസ്യങ്ങൾ അറിയപ്പെടുന്നത് - സീറോഫൈറ്റുകൾ അഥവാ മരുരൂഹങ്ങൾ 

6. വർഷകാലത്ത് തഴച്ച് വളരുകയും വേനൽക്കാലത്ത് ഇല പൊഴിക്കുന്നതുമായ സസ്യങ്ങൾക്ക് പറയുന്ന പേര് - ട്രോപോഫൈറ്റുകൾ 

7. 'സസ്യങ്ങളിലെ ഉഭയജീവികൾ' എന്നറിയപ്പെടുന്നത് - ബ്രയോഫൈറ്റുകൾ 

8. തണൽ പ്രദേശത്ത് വളരുന്ന സസ്യങ്ങൾ - സീയോഫൈറ്റുകൾ 

9. മറ്റ് സസ്യങ്ങളിൽ വളരുന്ന സസ്യങ്ങൾ അറിയപ്പെടുന്നത് - എപ്പിഫൈറ്റുകൾ 

10. ഉപ്പ് വെള്ളത്തിൽ വളരുന്ന സസ്യങ്ങൾ - ഹാലോഫൈറ്റുകൾ 

11. മൃതശരീരങ്ങളെ ആഹാരമാക്കുന്ന സസ്യങ്ങൾ അറിയപ്പെടുന്നത് - സാപ്രോഫൈറ്റുകൾ 

12. വിത്തില്ലാത്ത സസ്യങ്ങൾ അറിയപ്പെടുന്നത് - ക്രിപ്റ്റോഗേമുകൾ

Post a Comment

Previous Post Next Post