ഒ എൻ വി കുറുപ്പ്

ഒ എൻ വി കുറുപ്പ് ജീവചരിത്രം (ONV Kurup in Malayalam)

ജനനം: 1931 മെയ് 27

മരണം: 2016 ഫെബ്രുവരി 13

കൊല്ലം ജില്ലയിലെ ചവറയിൽ സംസ്കൃത പണ്ഡിതനും ആയുർവേദ വൈദ്യനുമായ ഒറ്റപ്ലാക്കൽ വീട്ടിൽ ഒ.എൻ കൃഷ്ണക്കുറുപ്പിന്റെയും ലക്ഷ്മിയമ്മയുടെയും മകനായി 1931 മേയ് 27ന് ഒ എൻ വി കുറുപ്പ് ജനിച്ചു. പരമേശ്വരൻ എന്ന അപ്പു എന്നായിരുന്നു ബാല്യകാല നാമം. പരമേശ്വരനെ സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛൻ വേലുക്കുറുപ്പിന്റെ പേര് നൽകി. അങ്ങനെയാണ് അദ്ദേഹത്തിന്റെ പേര് ഒ.എൻ. വേലുക്കുറുപ്പ് അഥവാ ഒ.എൻ.വി എന്നായത്. സ്വരാജ്യം, ശ്രീവാഴുംകാട് എന്നിങ്ങനെ രണ്ടു പത്രങ്ങളുടെ പത്രാധിപരായിരുന്നു ഒ.എൻ.വിയുടെ അച്ഛൻ. അദ്ദേഹത്തിൽനിന്ന് സംസ്കൃതം പഠിച്ച ഒ.എൻ.വി കാളിദാസകാവ്യങ്ങളും മറ്റും പരിചയിച്ചു. ഒ.എൻ.വിയുടെ എട്ടാം വയസിൽ അച്ഛൻ രോഗം ബാധിച്ച് മരിച്ചതോടെ അമ്മയും മക്കളും ചവറയിലേക്കു താമസം മാറ്റി. ചവറയിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, കൊല്ലം എസ്.എൻ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായി മലയാളം എം.എ വരെ പൂർത്തിയാക്കി. അതിനുശേഷം 1957 ൽ എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായി പ്രവേശിച്ചു. പല സ്ഥലങ്ങളിൽ അധ്യാപകനായ അദ്ദേഹം 1986 - മെയ് 31 നാണ് ജോലിയിൽനിന്ന് വിരമിച്ചത്. കവി എന്ന നിലയിൽ മാത്രമല്ല ചലച്ചിത്രഗാന രചയിതാവ് എന്ന നിലയിലും ഒ.എൻ.വി ശ്രദ്ധേയനാണ്. ആദ്യകാലത്ത് നിരവധി നാടകങ്ങൾക്ക് അദ്ദേഹം ഗാനങ്ങൾ എഴുതി. മലയാളത്തിൽ അർഥസമ്പുഷ്ടവും താളാത്മകവുമായ കവിതകളും ഇമ്പമേറിയ ഒട്ടേറെ ഗാനങ്ങളും രചിച്ച ഒ.എൻ.വി കുറുപ്പിന് ജ്ഞാനപീഠവും (2007) പത്മശ്രീയും (1998), പത്മവിഭൂഷണും (2011) ലഭിച്ചു. 2007 ൽ കേരള സർവകലാശാല ഡോക്ടറേറ്റ് നൽകി. മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള ദേശീയ അവാർഡ് ഒരു തവണയും സംസ്ഥാന അവാർഡ് പതിമൂന്നു തവണയും അദ്ദേഹത്തിന് ലഭിച്ചു. കേരള കലാമണ്ഡലം ചെയർമാൻ, ഇന്ത്യൻ പ്രോഗ്രസീവ് റൈറ്റേഴ്‌സ് ദേശീയ അദ്ധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലൊക്കെ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2016 ഫെബ്രുവരി പതിമൂന്നിന് 86-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

പ്രശസ്തമായ വരികൾ

"ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം" (മോഹം)

"ഇനിയും മരിക്കാത്ത ഭൂമി / നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി / ഇതു നിന്റെ (എന്റെയും) / ചരമശുശ്രൂഷയ്ക്ക് / ഹൃദയത്തിലിന്നേകുറിച്ച ഗീതം" (ഭൂമിക്കൊരു ചരമഗീതം)

"നീയെന്റെ രസനയിൽ വയമ്പും / നറു തേനുമായ് വന്നൊരാദ്യാനുഭൂതി" (ഭൂമിക്കൊരു ചരമഗീതം)

"ഉണ്ണീ മറക്കായ്ക പക്ഷേ ഒരമ്മതൻ / നെഞ്ഞിൽ നിന്നുണ്ട മധുരമൊരിക്കലും" (ചോറൂണ്)

"വെട്ടുക, മുറിയ്ക്കുക, പങ്കുവെയ്ക്കുക ഗ്രാമം, / പത്തനം, ജനപഥമൊക്കെയും കൊന്നും തിന്നും / വാഴുക, പുലികളായ്, സിംഹങ്ങളായും മർത്യാരാവുക മാത്രം വയ്യ: ജന്തുത ജയിക്കുന്നു" (ഭൂമിക്കൊരു ചരമഗീതം)

പ്രധാന കൃതികൾ

■ പൊരുതുന്ന സൗന്ദര്യം 

■ സമരത്തിന്റെ സന്തതികൾ 

■ ഞാൻ നിന്നെ സ്നേഹിക്കുന്നു 

■ മാറ്റുവിൻ ചട്ടങ്ങളെ 

■ ദാഹിക്കുന്ന പാനപാത്രം 

■ ഒരു ദേവതയും രണ്ടു ചക്രവർത്തിമാരും 

■ മയിൽ‌പ്പീലി 

■ ഒരു തുള്ളി വെളിച്ചം 

■ അഗ്നിശലഭങ്ങൾ 

■ അക്ഷരം

■ കറുത്തപക്ഷിയുടെ പാട്ട് 

■ ഉപ്പ് 

■ ഭൂമിക്കൊരു ചരമഗീതം 

■ ശാർങ്ഗക പക്ഷികൾ

■ തോന്ന്യാക്ഷരങ്ങൾ 

■ മൃഗയ 

■ ആദ്യകാല കവിതകൾ 

■ അപരാഹ്നം

■ വെറുതെ 

■ ഭൈരവന്റെ തുടി 

■ ഈ പുരാതന കിന്നാരം 

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ബാലമുരളി എന്ന തൂലികാനാമത്തിൽ ആദ്യകാലത്ത് കവിതകൾ എഴുതിയിരുന്നത് - ഒ.എൻ.വി 

2. ഒ.എൻ.വിയ്ക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി - ഉപ്പ് 

3. കാളിദാസനെ നായകനാക്കി ഒ.എന്‍.വി. രചിച്ച കാവ്യം - ഉജ്ജയിനി

4. മലയാളത്തിൽ ഭാരതീയ ഭാഷ പരിഷത്ത് അവാർഡ് നേടിയ ജ്ഞാനപീഠ ജേതാവ് - ഒ.എൻ.വി

5. തെലുങ്കു മഹാകവി ഗുറം ജോഷ്വായുടെ പേരിലുള്ള ആദ്യത്തെ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് - ഒ.എൻ.വി 

6. ഒ.എൻ.വിയ്ക്ക് ആശാൻ സമ്മാനം നേടിക്കൊടുത്ത കൃതി ഏത് - അപരാഹ്നം

7. കേന്ദ്രസാഹിത്യ അക്കാദമി അവാർഡിനർഹമായ അക്ഷരം എന്ന കൃതി രചിച്ചതാര് - ഒ.എൻ.വി 

8. ഭൂമിക്ക് ഒരു ചരമഗീതം എന്ന കൃതി ആരുടേതാണ് - ഒ.എൻ.വി 

9. ഒ.എൻ.വിയ്ക്ക് ജ്ഞാനപീഠം ലഭിച്ച വർഷം - 2007

10. ജ്ഞാനപീഠം പുരസ്കാരത്തിനർഹനായ അഞ്ചാമത്തെ മലയാളി - ഒ.എൻ.വി 

11. ജ്ഞാനപീഠം പുരസ്കാരത്തിനർഹനായ രണ്ടാമത്തെ മലയാള കവി - ഒ.എൻ.വി

12. ഒ.എൻ.വിയുടെ ആത്മകഥ - പോക്കുവെയിൽ മണ്ണിലെഴുതിയത്

13. ഒ.എൻ.വി രചിച്ച ബാലസാഹിത്യം - വളപ്പൊട്ടുകൾ

14. ഒ.എൻ.വി രചിച്ച കഥാകാവ്യം - മരുഭൂമി

15. ഒ.എൻ.വി രചിച്ച ഖണ്ഡകാവ്യം - നീലക്കണ്ണുകൾ

16. ഒ.എൻ.വി രചിച്ച കാവ്യാഖ്യായികൾ - ഉജ്ജയിനി, സ്വയംവരം

17. ഒ.എൻ.വി രചിച്ച ജീവചരിത്രകൃതി - എഴുത്തച്ഛൻ

18. ഒ.എൻ.വി രചിച്ച ഗദ്യരചനകൾ - താമരപ്പൊയ്‌ക, കവിതയിലെ പ്രതിസന്ധി, കവിതയിലെ സമാന്തരരേഖകൾ, പാഥേയം, കാല്പനികം

19. ഒ.എൻ.വിയ്ക്ക് മികച്ച ഗാനരചനയ്ക്കായുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം - വൈശാലി (1989)

Post a Comment

Previous Post Next Post